Image

ഐഎസ്‌സി എന്‍എംസി യൂത്ത് ഫെസ്റ്റിവല്‍ 26നു ആരംഭിക്കും

Published on 21 October, 2017
ഐഎസ്‌സി എന്‍എംസി യൂത്ത് ഫെസ്റ്റിവല്‍ 26നു ആരംഭിക്കും
 
അബുദാബി: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഐഎസ്‌സി എന്‍എംസി യൂത്ത് ഫെസ്റ്റിവലിന് 26നു തുടക്കം. 21 ഇനങ്ങളില്‍ അറുനൂറിലേറെ കുട്ടികള്‍ ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കല്‍ നൃത്തം, കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, സിനിമാഗാനം, കരോക്കെ, ഉപകരണ സംഗീതം , മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും. കിഡ്‌സ് ( പ്രായം 3, 6 ) , സബ് ജൂനിയര്‍ (6 ,9 ), ജൂനിയര്‍ (9, 12 ), സീനിയര്‍ (12, 15 ), സൂപ്പര്‍ സീനിയര്‍ (15, 18) എന്നീ വിഭാഗങ്ങളിലാകും മല്‍സരങ്ങള്‍.

ഏറ്റവും അധികം പോയിന്റുകള്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസ്സി പ്രതിഭ , ഐഎസ് സി തിലകം പട്ടങ്ങള്‍ സമ്മാനിക്കും . ഏറ്റവും അധികം പോയിന്റുകള്‍ നേടുന്ന സ്‌കൂളിനും ഇക്കുറി ട്രോഫി സമ്മാനിക്കുമെന്ന് ഐഎസ്സി ആക്ടിംഗ് പ്രസിഡന്ററ് ജയചന്ദ്രന്‍ നായര്‍ അറിയിച്ചു. ഐ എസ്സി വെബ്‌സൈറ്റിലൂടെയും നേരിട്ടും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

അഞ്ചു വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിധി നിര്‍ണയത്തിനായി ഇന്ത്യയില്‍ നിന്നും കലാരംഗത്തെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. എന്‍എംസി , ഭവന്‍സ് പ്രൈവറ്റ് സ്‌കൂള്‍, ഗ്ലോബല്‍ ഹെറിറ്റേജ് കമ്പനി മാനേജ്‌മെന്റ് എന്നിവരാണ് മുഖ്യ പ്രായോജകര്‍.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക