Image

മഞ്ഞു കാലത്തൊരു യാത്ര (ലൗഡ് സ്പീക്കര്‍ 7: ജോര്‍ജ് തുമ്പയില്‍)

Published on 23 October, 2017
മഞ്ഞു കാലത്തൊരു യാത്ര (ലൗഡ് സ്പീക്കര്‍ 7: ജോര്‍ജ് തുമ്പയില്‍)
തണുപ്പുകാലത്ത് മൂടിപുതച്ചു വീടിനകത്ത് ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ അമേരിക്കക്കാര്‍ അങ്ങനെയല്ലെന്നാണ് പുതിയ സര്‍വ്വേ വ്യക്തമാക്കുന്നത്. യാത്രയെ സ്‌നേഹിക്കുന്ന 28 ശതമാനം പേരും മഞ്ഞുകാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവത്രേ. ലേബര്‍ ഡേയ്ക്കും താങ്ക്‌സ് ഗീവിങ് ഡേയ്ക്കും ഇടയ്ക്ക് യാത്രയ്‌ക്കൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍. ബഹളങ്ങളില്ല, തിരക്കുകളില്ല, ഹോട്ടലുകളിലെ മികച്ച നിരക്കുകള്‍ ഇതൊക്കെയാണ് ഈ ഓഫ് സീസണുകളെ ഇപ്പോള്‍ ബ്രൈറ്റ് സീസണാക്കി മാറ്റുന്നത്. പലരും റോഡ് ട്രിപ്പുകളാണ് ഈ സമയത്ത് ഇഷ്ടപ്പെടുന്നത്. ഒര്‍ലാന്‍ഡോ, ഫ്‌ളോറിഡ, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സിറ്റി, പിന്നെ ലാസ് വേഗാസും. എന്നാല്‍ മറ്റു ചിലര്‍ ഈ സമയം അന്താരാഷ്ട്ര ട്രിപ്പുകളെയും ആശ്രയിക്കാറുണ്ടത്രേ. റോം, ലണ്ടന്‍, ഡബ്ലിന്‍, കന്‍കൂണ്‍ എന്നിവയാണ് അവരുടെ പ്രിയ ഡെസ്റ്റിനേഷന്‍. യാത്ര ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ സമയങ്ങള്‍. ഓരോ കാരണങ്ങള്‍. യാത്രകളെ പൊതുവേ ഇഷ്ടപ്പെടുന്നവ അമേരിക്കക്കാരുടെ മാത്രം കണക്കുകളാണിത്. അതില്‍ മലയാളികള്‍ക്ക് വല്ല പങ്കുമുണ്ടോയെന്നു ചോദിച്ചാല്‍ പൊന്നുരൂക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യമെന്നാണ് മറുചൊല്ല്.

** ** **
സെപ്തംബര്‍ 11 അമേരിക്കയ്ക്ക് മറക്കാനാവില്ല. നെഞ്ചിലേക്ക് കുത്തിയിറക്കിയ ഒരു കത്തിമുന പോലെ അതു ഇപ്പോഴും നീറുന്നു. എന്നാല്‍ ലോവര്‍ മാന്‍ഹാട്ടനില്‍ ട്വിന്‍ ടവര്‍ ഇരുന്നിടത്ത് വര്‍ഷം തോറും നടത്തി വരുന്ന അനുസ്മരണത്തോടനുബന്ധിച്ചുള്ള ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ ദേശാടനപക്ഷികളെ ആകര്‍ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണ്ടെത്തല്‍ പ്രകാരം ഏതാണ്ട് പത്തു ലക്ഷത്തോളം ദേശാടനപക്ഷികളെ ലൈറ്റ് ബീമുകള്‍ ആകര്‍ഷിക്കുന്നുണ്ടത്രേ. ദേശാടനപക്ഷികളുടെ യാത്രാപഥം തെറ്റിക്കുന്ന ഈ ബീം ലൈറ്റുകള്‍ ഉണ്ടാക്കുന്നത് വലിയൊരു പരിസ്ഥിതി പ്രശ്‌നമാണെന്നും ഇങ്ങനെയെത്തുന്ന പക്ഷികള്‍ പലപ്പോഴും മരണപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒന്നു ചീയുമ്പോള്‍ മറ്റൊന്നിന് വളമാകുമെന്നത് ഇവിടെ ശരിയാകുമോ?

** **
ചില ഹോളിവുഡ് സിനിമയില്‍ കാണുന്നതു പോലെയായിരുന്നു കാലിഫോര്‍ണിയയിലെ അഗ്നിബാധ. അനിയന്ത്രിതമായി ആളി പടര്‍ന്ന കാട്ടുതീയില്‍ കാലിഫോര്‍ണിയായില്‍ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുന്നൂറിലധികം പേരെ കാണാനില്ല. ഇന്ത്യന്‍ വംശജരുടെ പതിനഞ്ചോളം വീടുകള്‍ കത്തിചാമ്പലായി. ഫൗണ്ടന്‍ ഗ്രോവിലാണ് കൂടുതല്‍ വീടുകള്‍ അഗ്‌നിക്കിരയായത്. ഇന്ത്യന്‍ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ട് കൗണ്ടികളിലെ 2000 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹൈവെ 12 സമീപമുള്ള റസ്‌റ്റോറന്റുകള്‍ എല്ലാം അടച്ചുപൂട്ടി. നിരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കി. പ്രകൃതിക്ഷോഭങ്ങള്‍ ഇത്തവണ കാര്യമായി വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍, അഗ്നിബാധ പോലെയുള്ള കാര്യങ്ങളില്‍ നാം ഇനിയുമേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രസാങ്കേതിക വിദ്യ ഇവിടെയും കുതിച്ചു കയറേണ്ടതുണ്ട്.

** **
അധ്യാപകര്‍ അമേരിക്ക വിടേണ്ടി വരുമെന്ന വാര്‍ത്ത ആശങ്കയോടെ കേള്‍ക്കേണ്ടി വരുന്ന ഒട്ടനവധി മലയാളികളുണ്ട്. ഡിഫോര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് ഘട്ടം ഘട്ടമായി അവസാനിക്കുമ്പോള്‍ നാട് വിടേണ്ടി വരുന്നവരില്‍ 20000 അധ്യാപകരും പെടുമത്രേ. കുട്ടികളായിരിക്കുമ്പോള്‍ അനധികൃതമായി അമേരിക്കയില്‍ കൊണ്ടുവന്നവരില്‍ എത്രപേര്‍ വളര്‍ന്നപ്പോള്‍ അധ്യാപനം തൊഴിലായി സ്വീകരിച്ചു എന്ന് കൃത്യമായ കണക്കില്ല, എങ്കിലും മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് 20500 പേരുണ്ട്. ഇതിലെത്ര മലയാളികളുണ്ടെന്നതും വ്യക്തമല്ല. ഡാക-യ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്. 2012 ല്‍ പ്രസിഡന്റ് ഒബാമ 16 വയസ്സിന്ന മുന്‍പ് നിയമ വിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ നാട് കടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ വീണ്ടും ഡാക ശക്തമായി. ഇതിനു പകരം നിയമം ഉണ്ടായാല്‍ അനിശ്ചിതത്വം മാറിയേക്കാം. അതിന് മുന്‍കൈ എടുക്കേണ്ടത് സെനറ്റും ജനപ്രതിനിധി സഭയുമാണ്. എന്നാല്‍ പൂച്ചയ്ക്ക് ആര് മണികെട്ടുമെന്ന തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ കഴിയുന്നത് , രാജ്യം വിടേണ്ടി വരുമോയെന്ന ആശങ്കയില്‍ കഴിയുന്ന നമ്മുടെ മലയാളികളാണ്.

** **
ഒരു സമയത്ത് ലാവ്‌ലിന്‍ ആയിരുന്നു കേരളരാഷ്ട്രീയത്തിന്റെ കാതല്‍. എന്നാല്‍ ഇന്നത് സോളാര്‍ കേസിലേക്ക് മാറി. അതോടെ സംഭവം ഒന്നു കൂടി ഉഷാറായി. 6.5 കോടി ആകെ സാമ്പത്തിക തട്ടിപ്പുള്ള കേസ് ഒടുവില്‍ മാനഭംഗം, അഴിമതി, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വിവിധ മാനങ്ങളിലേക്ക് കത്തിക്കയറിയതോടെ കോണ്‍ഗ്രസ്സുകാര്‍ മുഴുവനും ഓടിയൊളിക്കേണ്ട സ്ഥിതിയായി. 6.5 കോടിയുടെ കേസിന്റെ നിജസ്ഥിതി അറിയാന്‍ വെച്ച കമ്മീഷനു ചെലവായത് ഏഴു കോടി എന്നൊരു കണക്കും കേട്ടു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മൂക്കത്ത് വിരല്‍ വച്ചു പോവുകയാണ്. കേരളമല്ലേ, ഇതും ഇതിലപ്പുറവും നടക്കും. അതിനിടയ്ക്ക് നമ്മുടെ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ പൊങ്ങച്ചം പറച്ചില്‍ ട്രോളുകാര്‍ ചാകര പോലെ ആഘോഷിക്കുന്നുണ്ട്. അവരുടെ റിലാക്‌സേഷന്‍ എന്ന പദം ഇപ്പോള്‍ പാട്ടായും വൈറലായി പടര്‍ന്നു കൊണ്ടിരിക്കുന്നു. ജിമിക്കി കമ്മലിനു ശേഷം പിന്നെയും ഒരു വൈറല്‍ കേരളത്തില്‍ നിന്ന്. വാസ്തവത്തില്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ശരിക്കും ആകെയൊരു റിലാക്‌സേഷന്‍ !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക