Image

വടക്കന്‍ ഇറ്റലിയും സ്വയംഭരണത്തിനായി ഹിതപരിശോധന നടത്തി.

ജോര്‍ജ് ജോണ്‍ Published on 24 October, 2017
വടക്കന്‍ ഇറ്റലിയും സ്വയംഭരണത്തിനായി ഹിതപരിശോധന നടത്തി.
ഫ്രാങ്ക്ഫര്‍ട്ട്-മിലാന്‍: സ്‌പെയിനില്‍നിന്നു വേര്‍പിരിയാനുള്ള കാറ്റലോണിയന്‍ നീക്കം യൂറോപ്പിലാകെ അസ്വസ്ഥത പരത്തുന്നതിനിടെ കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെട്ട് ഇറ്റലിയിലെ ലൊംബാര്‍ദിയും വെനീറ്റോയും ഹിതപരിശോധന നടത്തി.

കേന്ദ്രഭരണകൂടം അധിക നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമ്പന്ന മേഖലകളായ ലൊംബാര്‍ദിയിലെയും വെനീറ്റോയിലെയും ഭരണകക്ഷിയായ ലെഗാ നോര്‍ദ് പാര്‍ട്ടി ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. വെനീറ്റോയില്‍ 58 ശതമാനത്തോടടുത്തും ലൊംബാര്‍ദിയില്‍ 40ശതമാനത്തിനുമുകളിലും സ്വയംഭരത്തിനെ അനുകൂലിച്ച് ആളുകള്‍ വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. 95 ശതമാനം ജനങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തതായി ഇരുമേഖലകളിലെയും പ്രസിഡന്റുമാര്‍ വ്യക്തമാക്കി.

വോട്ടെടുപ്പ് ഫലം നടപ്പാക്കണമെന്ന നിബന്ധന ഇല്ലാത്തതുകൊണ്ട് ഇറ്റലിക്ക് തല്‍ക്കാലം വലിയ തലവേദനയാകില്ല. എന്നാലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് വന്‍ പ്രശ്‌നമായി മാറിയേക്കുമെന്നും നിരീക്ഷിക്കുന്നു. പ്രാദേശിക മേഖലകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഇറ്റാലിയന്‍ ഭരണഘടനയില്‍ വ്യവസ്ഥയുമുണ്ട്.  ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്താമെന്നാണ് ലെഗാ നോര്‍ദ് പ്രദേശത്തിന്റെ പ്രതീക്ഷ. ഇറ്റലിയുടെ സാമ്പത്തിക കേന്ദ്രമായ മിലാന്‍ ലൊംബാര്‍ദിയിലാണ്. ലോകപ്രസിദ്ധ വിനോദസഞ്ചാര സാംസ്‌കാരിക കേന്ദ്രമായ വെനീസം, വെനീറ്റോയും ഈ പ്രദേശത്താണ്. ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ലൊംബാര്‍ദിയുടെ വിഹിതം 20% വരും. വെനീറ്റോയുടേത് 10 ശതമാനവും.

ഇരു പ്രദേശങ്ങളിലും തൊഴില്‍ നിരക്കും ക്ഷേമപദ്ധതികളും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നനിലയിലാണ്. പരിസ്ഥിതി, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലയിലും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. നികുതി കൂടാതെ 54 ബില്യണ്‍ യൂറോയാണ് റോമിന്റെ പൊതുഫണ്ടിലേക്ക് ലൊംബാര്‍ദി നല്‍കുന്നത്. വെനീറ്റോ നല്‍കുന്നത് 15.5 ബില്യണ്‍ യൂറോയും. ഇങ്ങനെ യൂറോപ്യന്‍ രാജ്യങ്ങളിലെ പല പ്രദേശങ്ങളും സ്വയംഭരണത്തിനായി ശ്രമം ആരംഭിക്കുന്നത് യൂറോപ്യന്‍ യൂണിയനെ ആശങ്കപ്പെടുത്തുന്നു.

വടക്കന്‍ ഇറ്റലിയും സ്വയംഭരണത്തിനായി ഹിതപരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക