Image

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളുമുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌

Published on 09 March, 2012
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളുമുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌
ദുബായ്‌: കഴിഞ്ഞ ദിവസം സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ യു.എ.ഇ എണ്ണ ടാങ്കര്‍ `എം.ടി റോയല്‍ ഗ്രേസി'ല്‍ മലയാളി ജീവനക്കാരുള്ളതായി സൂചന. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള എട്ടോളം ജീവനക്കാരാണ്‌ ഇതില്‍ ജോലിചെയ്യുന്നതെന്നാണ്‌ വിവരം. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നൈജീരിയയിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ കഴിഞ്ഞ മാസാവസാനം ഷാര്‍ജ ഖാലിദ്‌ പോര്‍ട്ടിലെത്തിയ കപ്പലിലെ മലയാളി ജീവനക്കാരെ ഇതിന്‌ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റ്‌ ജീവനക്കാര്‍ പരിചയപ്പെടുകയും ഫോട്ടോ കൈമാറുകയും ചെയ്‌തിരുന്നു. കഴിഞ്ഞ മാസം 27ന്‌ കപ്പലിലേക്ക്‌ ആവശ്യമായ മല്‍സ്യവും കോഴിയിറച്ചിയും അടക്കമുള്ള ഭക്ഷ്യവസ്‌തുക്കളും ഇവരാണ്‌ വിതരണം ചെയ്‌തിരുന്നത്‌.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന്‌ പരിശീലനം കഴിഞ്ഞ്‌ അടുത്തിടെയാണ്‌ ജീവനക്കാരില്‍ ചിലര്‍ റോയല്‍ ഗ്രേസില്‍ ട്രെയിനികളായി കയറിയതത്രെ. ഇതില്‍ രണ്ട്‌ പേര്‍ കാഡറ്റുകളും മറ്റുള്ളവര്‍ പൊതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാണ്‌.

ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `ഒയിസ്റ്റര്‍ കാര്‍ഗോ ആന്‍റ്‌ ഷിപ്പിങ്‌ കമ്പനി'ക്ക്‌ വേണ്ടി സര്‍വീസ്‌ നടത്തിയിരുന്ന കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച്‌ സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയത്‌. ഈ കപ്പല്‍ അടുത്തയിടെ നൈജീരിയന്‍ കമ്പനി വാങ്ങിയതായും അവിടേക്കുള്ള ആദ്യ യാത്രക്കിടെയാണ്‌ കൊള്ളക്കാരുടെ കൈകളില്‍ അകപ്പെട്ടതെന്നും സൂചനയുണ്ട്‌. കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇവര്‍ തയാറായിട്ടില്ല. ഇന്ത്യക്കാര്‍ക്ക്‌ പുറമെ നൈജീരിയ, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 22 ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. ക്യാപ്‌റ്റന്‍ ഒറീസ സ്വദേശിയും ചീഫ്‌ എന്‍ജിനീയര്‍ പാകിസ്‌താനിയുമാണ്‌.

വെള്ളിയാഴ്‌ച ഉച്ചയോടെ മാരകായുധങ്ങളുമായെത്തിയ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വളയുകയായിരുന്നു. ഞായറാഴ്‌ച ഉച്ച വരെ ഉടമകള്‍ക്ക്‌ കപ്പലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‌ ശേഷമാണ്‌ കപ്പല്‍ റാഞ്ചിയെന്നും കൊള്ളക്കാരുടെ നിര്‍ദേശ പ്രകാരം സോമാലിയന്‍ തീരത്തേക്ക്‌ നീങ്ങുകയാണെന്നുമുള്ള ക്യാപ്‌റ്റന്‍െറ ഇമെയില്‍ സന്ദേശം കമ്പനിക്ക്‌ ലഭിച്ചത്‌. റോയല്‍ ഗ്രേസ്‌ അടക്കം 21 കപ്പലുകളാണ്‌ സോമാലിയന്‍ കൊള്ളക്കാരുടെ കസ്റ്റഡിയിലുള്ളത്‌. ഇതിലെ 289 ജീവനക്കാരും ബന്ദികളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക