Image

ബ്രിസ്‌ബേന്‍ മലയാളികള്‍ക്ക് അഭിമാനമായി നീന സണ്ണി

Published on 24 October, 2017
ബ്രിസ്‌ബേന്‍ മലയാളികള്‍ക്ക് അഭിമാനമായി നീന സണ്ണി
 
ബ്രിസ്‌ബേന്‍: ജീവകാരുണ്യ മേഖലയില്‍ മികച്ച മാതൃകയായി മാറുകയാണ് കോട്ടയം സ്വദേശിനിയും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ ബയോ മെഡിസിനില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ നീന സണ്ണി. 

പുതു തലമുറയുടെ ആധുനിക സങ്കല്‍പ്പങ്ങള്‍ക്ക് പിറകെ പോകാതെ സഹജീവി സ്‌നേഹത്തിന്റെയും കരുണയുടേയും പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാനുള്ള ശ്രമത്തിലാണ് നീന. ഇതിനായി നിര്‍ധന സമൂഹത്തിലെ രോഗികള്‍ക്ക് ചികിത്സക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് നീന കൈമാറിയത്. 

കളാന്‍ഡ്ര യൂണിറ്റി കോളജിലെ മികച്ച വിദ്യാര്‍ഥികളിലൊരാളായിരുന്ന നീന നാട്ടിലെ നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. വിശേഷാവസരങ്ങളില്‍ ബന്ധുക്കള്‍ സമ്മാനമായി നല്‍കിയ തുകയും രക്ഷിതാക്കള്‍ പോക്കറ്റ് മണി നല്‍കുന്നതും കളാന്‍ഡ്ര യൂണിറ്റി കോളജിലെ മികച്ച വിദ്യാര്‍ഥിയായ നീനക്ക് ലഭിച്ച അവാര്‍ഡ് തുകയുമൊക്കെ ചേര്‍ത്താണ് ധനസഹായം കൈമാറിയത്. പാര്‍ട്ട് ടൈം ജോലിയിലൂടെ ലഭിച്ച തുകയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയാണ് നീന രോഗികള്‍ക്ക് സഹായമായി നല്‍കിയത്.

ഓസ്‌ട്രേലിയയില്‍ ഏതൊരാളും 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം വിപുലമായാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ഭാഗഭാക്കാകാനുള്ള പൗരാവകാശം ലഭിക്കുമെന്നതാണ് ആഘോഷങ്ങള്‍ക്ക് കാരണം. പ്രവാസിയായാലും സ്വദേശിയായാലും പൗരവാകാശത്തിന് അര്‍ഹയാകുന്നത് ആഘോഷപൂര്‍വമായാണ് കൊണ്ടാടുന്നത്. ബ്രിസ്‌ബേനില്‍ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തില്‍ സണ്ണി ജോര്‍ജും ഭാര്യ െ്രെപസിയും സഹോദരന്‍ എറിക്കും നീനയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

സണ്‍ഷൈന്‍ കോസ്റ്റ് ഗോള്‍ഡന്‍ ബീച്ച് ഇന്‍ഡോര്‍ ബൗള്‍സ് ക്ലബ് ഹാളില്‍ നീനയുടെ ജന്മദിനമായ ഒക്ടോബര്‍ 22ന് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും നടനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ് കോട്ടയം സ്വദേശിയായ സെബാസ്റ്റ്യന്‍ തോമസും കൂട്ടുകാരും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തുക കൈമാറിയത്. ചടങ്ങില്‍ നീനയുടെ പിതാവ് സണ്ണി ജോര്‍ജ്, മാതാവ് െ്രെപസി സണ്ണി, നടന്‍ ജോബിഷ് എന്നിവര്‍ സംസാരിച്ചു. മോന്‍സി മാത്യു, രമേശ് പിട്ടാന്‍, ജോണ്‍ ജോസ്, ജോമ്‌സി ജോസ്, എബി ലൂക്കാസ്, ഷാന്‍ ചാക്കോ, ലിനി ഷാല്ലിന്‍, നിശാന്‍, ബോബി, തോംസണ്‍ സ്റ്റീഫന്‍, റോണി ആന്റണി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ശ്രീദേവി ജോയ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക