Image

ഫോമാ കംപ്ലയന്‍സ് കമ്മിറ്റി നിലവില്‍: രാജു വര്‍ഗീസ് ചെയര്‍മാന്‍

Published on 25 October, 2017
ഫോമാ കംപ്ലയന്‍സ് കമ്മിറ്റി നിലവില്‍: രാജു വര്‍ഗീസ് ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം രൂപംകൊടുത്ത കംപ്ലയന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായി രാജു വര്‍ഗീസിനേയും, വൈസ് ചെയര്‍മാനായി തോമസ് കോശിയേയും, സെക്രട്ടറിയായി ഗോപിനാഥ കുറുപ്പിനേയും തെരഞ്ഞെടുത്തു.

ശശിധരന്‍ നായര്‍, സണ്ണി പൗലോസ് എന്നിവരാണ് അംഗങ്ങള്‍.

കഴിഞ്ഞ ശനിയാഴ്ച ടൈസന്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗമാണ് കംപ്ലയന്‍സ് കമ്മിറ്റി രൂപീകരിക്കാന്‍ ഭാരണഘടനാ ഭേദഗതി പാസാക്കിയത്. തുടര്‍ന്നു5 പേരെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവര്‍ പിന്നീട് യോഗം ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നു.

നാലു വര്‍ഷമാണ് കാലാവധി. എക്‌സിക്യൂട്ടീവ് ഇലക്ഷനില്ലാത്ത വര്‍ഷത്തെ ജനറല്‍ ബോഡിയാണ് തെരഞ്ഞെടുപ്പ് നടത്തുക. 

നോണ്‍ പ്രോഫിറ്റ് സംഘടന എന്ന നിലയില്‍ പ്രതിവര്‍ഷം പാലിക്കേണ്ട ടാക്‌സ് ഫയല്‍ ചെയ്യുക, പ്രസിഡന്റ് വരുന്ന സ്റ്റേറ്റില്‍ കോര്‍പറേറ്റ് രജിസ്‌ട്രേഷന്‍ നടത്തുക, മിനിറ്റ്‌സ് ബുക്കും റിക്കാര്‍ഡുകളും സൂക്ഷിക്കുക, ഫോമയുടെ ബൗദ്ധികവും അല്ലാത്തതുമായ വസ്തുക്കള്‍ സംരക്ഷിക്കുക, പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറുമ്പോള്‍ കൃത്യമായ രേഖകളും മറ്റും നല്‍കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ചുമതലകള്‍. എന്നാല്‍ ദൈനംദിന കാര്യങ്ങളിലൊന്നും ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ല.

കമ്മിറ്റി അംഗങ്ങള്‍ മറ്റു സമിതികളില്‍ അംഗങ്ങളായിരിക്കരുത്. ഫോമ ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചവരും അക്കൗണ്ടിംഗ്, ലീഗല്‍, മാനേജ്‌മെന്റ്  രംഗത്തെ വിദഗ്ധരുമാണ് അംഗങ്ങളാകാന്‍ അര്‍ഹര്‍. 

നിലവിലുള്ള എക്‌സിക്യൂട്ടീവ് ടാക്‌സ് ഫയലിംഗിലും റിക്കാര്‍ഡ് സൂക്ഷിക്കലിലും മറ്റും വീഴ്ചവരുത്തിയാല്‍ അക്കാര്യം ജനറല്‍ ബോഡിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജനറല്‍ ബോഡിയോടാണ് കൗണ്‍സിലിന് ഉത്തരവാദിത്വം.

കംപ്ലയന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഏഴംഗ ബൈലോ കമ്മിറ്റിയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിക്കും. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ ഈ കമ്മിറ്റി ജനറല്‍ ബോഡിക്ക് സമര്‍പ്പിക്കും. 

ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ രാജു വര്‍ഗീസ് ഫൊക്കന ട്രസ്റ്റി ബോര്‍ഡ് അംഗവും, സെക്രട്ടറിയുമായിരുന്നു. ഇന്ത്യന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യൂക്കേഷന്‍ ട്രഷററായി 15 വര്‍ഷം പ്രവര്‍ത്തിച്ചു. ഫിലഡല്‍ഫിയ കേന്ദ്രമായ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഒര്‍ഗനൈസേഷന്‍ (സി.ഐ.ഒ) സ്ഥാപകാംഗവും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.

ഫോമ തുടങ്ങിയപ്പോള്‍ ഭരണഘടന തയാറാക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായി. പിന്നീട് നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്.

ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായ തോമസ് കോശി ഫോമയുടെ ആദ്യത്തെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. പ്രമുഖ ബിസിനസുകാരനായ തോമസ് കോശി പതിനഞ്ചു വര്‍ഷമായി വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണറാണ്.

ഫൊക്കാനയിലും ഫോമയിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ഗോപിനാഥന്‍ നായര്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സാരഥിയായിട്ടും പ്രവര്‍ത്തിച്ചു.
ഫോമാ കംപ്ലയന്‍സ് കമ്മിറ്റി നിലവില്‍: രാജു വര്‍ഗീസ് ചെയര്‍മാന്‍ഫോമാ കംപ്ലയന്‍സ് കമ്മിറ്റി നിലവില്‍: രാജു വര്‍ഗീസ് ചെയര്‍മാന്‍ഫോമാ കംപ്ലയന്‍സ് കമ്മിറ്റി നിലവില്‍: രാജു വര്‍ഗീസ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക