Image

ദൈവവചനത്തിന് ചെവി കൊടുക്കുന്‌പോഴേ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ: മാര്‍ സ്രാന്പിക്കല്‍

Published on 25 October, 2017
ദൈവവചനത്തിന് ചെവി കൊടുക്കുന്‌പോഴേ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകൂ: മാര്‍ സ്രാന്പിക്കല്‍
 മാഞ്ചസ്റ്റര്‍: മര്‍ത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുന്‌പോഴല്ല, മറിച്ച് മറിയത്തേപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുന്‌പോഴാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍. മാഞ്ചസ്റ്ററില്‍ നടന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിര്‍പ്പിക്കാന്‍ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശോയുടെ തിരുവചനം കേള്‍ക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

മാര്‍ സ്രാന്പിക്കലിന്റെ നേതൃത്വത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച മാഞ്ചസ്റ്ററിലെ ഷെറിഡിയന്‍ സ്യൂട്ടില്‍ നടന്ന ഏകദിന കണ്‍വന്‍ഷന്‍ ആയിരങ്ങള്‍ക്ക് ഉണര്‍വ് പകര്‍ന്നു. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയില്‍ ദൈവത്തിന്റെ മക്കള്‍ക്ക് ചേരുന്ന രീതിയില്‍ ജീവിക്കണമെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഉദ്‌ബോദിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കല്‍ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാം എല്ലാവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാഞ്ചസ്റ്റര്‍ റീജണിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍നിന്ന് രാവിലെ ഒന്പതിന് കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരവധി വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്. റീജണ്‍ ഡയറക്ടര്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടേയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒരുക്കിയ കണ്‍വന്‍ഷന്‍ വേദിയില്‍ ഫാ. സാംസണ്‍ കോട്ടൂരും ദൈവവചനം പങ്കുവച്ചു. 

അഭിഷേകാഗ്‌നിയുടെ നാലാം ദിനം 25ന് (ബുധന്‍) കേംബ്രിഡ്ജില്‍ നടക്കും. രാവിലെ ഒന്പത് മുതല്‍ Catherdal of St. John the Baptist, Cathedral House, Unthank Road, Norwich, NR2 2PA ല്‍ ശുശ്രൂഷകള്‍. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക