Image

ചില കല്യാണകാര്യങ്ങള്‍(പകല്‍ക്കിനാവ്- 74: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 26 October, 2017
ചില കല്യാണകാര്യങ്ങള്‍(പകല്‍ക്കിനാവ്- 74: ജോര്‍ജ് തുമ്പയില്‍)
വ്യത്യസ്തമായ വിവാഹത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്, ഇപ്പോഴും വന്നു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഈ വിവാഹം നടന്നത് കഴിഞ്ഞ ഒക്‌ടോബര്‍ 13-നാണ്. ഫ്രൈഡേ ദി 13, എന്ന ഹോളിവുഡ് ഹൊറര്‍ ചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് വിവാഹം നടന്നത്. ആഞ്‌ല, സ്റ്റീവന്‍ ബന്‍ഡര്‍ എന്നിവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചപ്പോഴെ വ്യത്യസ്തമായി നിലയില്‍ അതു ലോകമെങ്ങും അറിയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഹോക്കി മാസ്‌ക്ക് ധരിച്ച് വധുവിനെ വിവാഹപ്പന്തലിലേക്ക് എത്തിക്കുന്ന ജാസണ്‍ വൂര്‍സ് എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടത്. അത് സിനിമയില്‍ ഒക്‌ടോബര്‍ 13 എന്ന തീയതിയിലാണ് സംഭവിച്ചത്. അതു തന്നെ അതു പോലെ പുനഃസൃഷ്ടിച്ചാണ് ഈ വിവാഹവും ഇരുവരും നടത്തിയത്. ഊരിപിടിച്ച വാളില്‍ നിന്നും ഇറ്റിറ്റു വീഴുന്ന രക്തം, മുഖംമൂടി ധരിച്ച്, കൈയില്‍ ഗ്ലൗസ് അണിഞ്ഞ വികൃതരൂപം സുന്ദരിയായ വധുവിനെ വിവാഹസ്ഥലത്തേക്ക് ആനയിക്കുന്ന നിമിഷം ക്യാമറയില്‍ പകര്‍ത്താന്‍ നിരവധി പേര്‍ എത്തിയിരുന്നു. ബ്ലയര്‍‌സ്റ്റോണ്‍ മ്യൂസിയത്തില്‍ സിനിമയുടെ കഥാപാത്രത്തിന്റെ പ്രതിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതു കണ്ടതോടെയാണ് ഇരുവരും ഇത്തരമൊരു വ്യത്യസ്തയ്ക്ക് തയ്യാറായത്.

ഇതു പോലെ വ്യത്യസ്തമായ വിവാഹങ്ങള്‍ പലേടത്തും നടക്കുന്നുണ്ട്. അതിന്റേതായ കൗതുകം കൊണ്ട് ഞാന്‍ ശ്രദ്ധിക്കാനിടയായ ഈ സംഭവം നടന്നത് കേരളത്തിലാണ്. കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ' മണ്ഡപത്തില്‍ ' സ്ലോവേനിയക്കാരി യൂണിക്ക പ്രോഗാനിന്റേയും മഹാരാഷ്ടക്കാരനായ നിഖില്‍ പവാറിന്റെയും വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷം. ഇളക്കമില്ലാത്ത ജലാശയത്തിന്റെ അടിത്തട്ടില്‍ ഇത്തരം വിവാഹമൊക്കെ നടക്കാറുണ്ടെങ്കിലും ഇളകിമറിയുന്ന കടലിനടിയിലെ വിവാഹം രാജ്യത്തെ ആദ്യ സംഭവമായിരുന്നു. കോവളത്തെ ബോണ്ട് സവാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്ററാണ് ഈ വ്യത്യസ്ത വിവാഹത്തിനു നേതൃത്വം നല്‍കിയത്.  കല്യാണത്തിന് ദമ്പതികള്‍ വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം മുങ്ങല്‍ സ്യൂട്ടും ധരിച്ച് അനുബന്ധ ഉപകരണങ്ങളുമായി കടലിലേക്ക് പോയാണ് മിന്നു കെട്ടിയത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം ഒപ്പം മുങ്ങാനുള്ള അവസരമുണ്ടായിരുന്നു. കടലിനടിയില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ചടങ്ങുകള്‍ നടത്തിയത്.

എന്നാല്‍ മറ്റൊരു വാര്‍ത്ത അടുത്തിടെ കേട്ടത് ലോസ്ആഞ്ചല്‍സില്‍ നിന്നാണ്. ഇവിടെ നിന്നുള്ള വിവാഹം കഴിച്ചത് മനുഷ്യനെയോ മൃഗത്തെയോ ഒന്നുമില്ല. തന്റെ സ്മാര്‍ട് ഫോണിനെ തന്നെയാണ്. വാര്‍ത്ത ലോകമെങ്ങും അറിഞ്ഞു. ആരോണ്‍ ചെര്‍വെനാക് എന്ന യുവാവാണ് വ്യത്യസ്തയ്ക്കു വേണ്ടി ഇങ്ങനെ വിവാഹം കഴിച്ചത്. പള്ളിയില്‍ പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് വരന്‍ പള്ളിയില്‍ എത്തുമ്പോള്‍ സ്റ്റാന്‍ഡില്‍ അണിയിച്ചൊരുക്കിയ സ്മാര്‍ട് ഫോണ്‍ വധു കാത്തിരുപ്പുണ്ടായിരുന്നു. ആര്‍ഭാടമായി തന്നെയാണ് ലാസ് വേഗസിലെ ചാപ്പലില്‍ വിവാഹം നടന്നത്. ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ് വരനായ ആരോണ്‍. പ്രൊട്ടക്റ്റീവ് കേസിലായിരുന്നു വധുവായ സ്മാര്‍ട് ഫോണിന്റെ വരവ്. സ്മാര്‍ട് ഫോണിനോടുള്ള പ്രണയം മൂത്താണ് ആരോണ്‍ ഇത്തരമൊരു വിവാഹത്തിന് തയ്യാറായത്്. ചെറിയ ഹുക്ക് ഘടിപ്പിച്ച് മോതിര വിരലില്‍ കൊളുത്തിയാണ് ആരോണ്‍ തന്റെ വധുവിനെ ജീവിതത്തിലേക്ക് കൂട്ടിയത്.
വിവാഹം വ്യത്യസ്തമാക്കാനാണ് ഇന്നത്തെ യുവതി യുവാക്കളുടെ ശ്രമം. എന്നാല്‍ ഇത്തരം വ്യത്യസ്ത വിവാഹങ്ങള്‍ അതിര് കവിഞ്ഞാലോ? ഏറെ വ്യത്യസ്തമായ വിവാഹം അടുത്തിടെ ശ്രീലങ്കയില്‍ നടന്നു. സ്‌കൂളിലെ പ്രവൃത്തി ദിവസം ഒരു ശ്രീലങ്കന്‍ വിവാഹത്തിന് വേണ്ടി 250 സ്‌കൂള്‍ കുട്ടികളെ യൂണിഫോമണിഞ്ഞ് റോഡില്‍ ജാഥയായി നിരത്തി. സംഭവം വിവാദമായതോടെ ദമ്പതികള്‍ക്ക് വിവാഹം പുലിവാലായി. കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. വിവാഹത്തിന് വധു അണിഞ്ഞ 3.2 മീറ്റര്‍ നീളമുള്ള സാരിയുടെ തുമ്പു പിടിക്കാനാണ് സര്‍ക്കാര്‍ സ്‌കൂളിലെ 250 കുട്ടികളെ ഉപയോഗിച്ചത്. ബാക്കി കുട്ടികളെ വധുവിന്റെ ഫഌവര്‍ ഗേളായും നിയോഗിച്ചു. കാന്‍ഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ മൊത്തം കുട്ടികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൂടാതെ കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പു പിടിച്ച് കുട്ടികളെ പൊരിവെയിലത്ത് റോഡിലൂടെ നടത്തിക്കുകയും ചെയ്തു.സാരിയുടെ തുമ്പു പിടിച്ച് വരനേയും വധുവിനേയും അനുഗമിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റം തെളിഞ്ഞാല്‍ ദമ്പതികള്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാമെന്നും അധികൃതര്‍ പറയുന്നു.

വിവാഹം നടക്കാനും നടക്കാതിരിക്കാനും ഇന്നത്തെ കാലത്ത് കാരണങ്ങള്‍ ഒട്ടേറെയാണ്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വിവാഹം ഈയടുത്തിടെ നടന്നു. പൊന്നാനി സ്വദേശിയായ സന്തോഷും എടപ്പാള്‍ പോത്തനൂര്‍ സ്വദേശി റിന്‍സിയുമാണ് വ്യത്യസ്ത വിവാഹത്തിനാല്‍ സമൂഹത്തിന് മാതൃകയായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വിവാഹം നിശ്ചയം കഴിഞ്ഞതാണ് ഇരുവരുടെയും. എന്നാല്‍ റിന്‍സിക്ക് അടുത്തിടെയാണ് മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ജീവന്‍ തന്നെ നില നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നത്. റിന്‍സിക്ക് അധിക കാലം ജീവിതമില്ലെന്നറിഞ്ഞിട്ടും പക്ഷെ സന്തോഷ് അവളെ തന്നെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചത്. മരിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ മുതല്‍ പലരില്‍ നിന്നും വന്ന എതിര്‍പ്പുകളെല്ലാം സഹിച്ച് വിവാഹത്തില്‍ നിന്നും പിന്‍തിരിയാതെ സന്തോഷ് റിന്‍സിയെ താലി ചാര്‍ത്തി. ഈ മാസം 17നായിരുന്നു പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷിനേറെയും പോത്തന്നൂര്‍ കറുങ്കുളത്തില്‍ ശ്രീജ കൃഷ്ണന്റെ മകള്‍ റിന്‍സിയുടേയും സന്തോഷിന്റെയും വിവാഹം. പ്രതീക്ഷകള്‍ ഓരോന്നായി കൊഴിഞ്ഞു വീണെങ്കിലും സുമംഗലിയായി അവള്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. പക്ഷെ രോഗം കടുത്തതോടെ കഴിഞ്ഞ ദിവസം റിന്‍സി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതൊക്കെയും വിവാഹവാര്‍ത്തകളാണ്. എന്നാല്‍ വിവാഹം കഴിക്കാനായി സമരം നടത്തുന്ന ഒരു വാര്‍ത്ത കൂടി കേട്ടാലോ. സമരവീഥിയായ ഡല്‍ഹി ജന്തര്‍മന്തറില്‍ നിന്നാണ് വ്യത്യസ്തമായ ഈ വാര്‍ത്ത. വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന സമരവുമായി ജയ്പൂര്‍ സ്വദേശി ഓം ശാന്തി ശര്‍മ്മയാണ് രംഗത്ത്. അവരുടെ ആവശ്യം ചില്ലറയല്ല. തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മകളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിവാഹം കഴിക്കണമെന്നാണ് ആവശ്യം. ഭ്രാന്തെന്ന് മുദ്രകുത്തി തള്ളുന്നവര്‍ക്കുള്ള മറുപടിയും മുന്‍കൂട്ടി നല്‍കുന്നുണ്ട് ഈ നാല്‍പതുകാരി. ഗൗരവമേറിയ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന സമരവീഥിയായ ജന്തര്‍മന്തറിലെ ഒരു മൂലയില്‍ ഒറ്റക്കിരുന്നു സമരം നയിക്കുകയാണ് ജയ്പൂര്‍ സ്വദേശി ഓം ശാന്തി ശര്‍മ്മ.
ഇങ്ങനെ ലോകത്തില്‍ എന്തൊക്കെ തരം മനുഷ്യര്‍. വിവാഹവും വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുമൊക്കെ വാര്‍ത്തകളാക്കി മാറ്റാന്‍ പെടാപാടു പെടുന്നവര്‍. ഇവിടെ സൂചിപ്പിച്ചത് അടുത്തിടെ എന്റെ ശ്രദ്ധയില്‍ പെട്ട ചില വ്യത്യസ്തമായ വാര്‍ത്തകള്‍ മാത്രമാണ്. ന്യൂസിലന്‍ഡില്‍ പൂര്‍ണ്ണനഗ്നരായി വിവാഹപന്തലില്‍ എത്തി വിവാഹം കഴിച്ചവരുടെ വാര്‍ത്ത കേട്ടപ്പോള്‍ ഞടുങ്ങി പോയി. ലോകത്തിന്റെ ഒരു പോക്കേ... എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവും പൂര്‍ണ്ണ നഗ്നരായിരുന്നുവെന്നു കേട്ടപ്പോള്‍ തലയില്‍ കൈവച്ചു പോയി. ഇനി വ്യത്യസ്തയ്ക്കു വേണ്ടി എന്തൊക്കെ ട്രൈ ചെയ്യാന്‍ കിടക്കുന്നുവെന്തോ...

ചില കല്യാണകാര്യങ്ങള്‍(പകല്‍ക്കിനാവ്- 74: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക