Image

പശ്ചാത്തപിക്കുന്ന പാപിയെ ആണ് ദൈവം ആഗ്രഹിക്കുന്നത്: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

Published on 26 October, 2017
പശ്ചാത്തപിക്കുന്ന പാപിയെ ആണ് ദൈവം ആഗ്രഹിക്കുന്നത്: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍
 
 
കേംബ്രിഡ്ജ്: പശ്ചാത്തപിക്കുന്ന പാപികളുടെ തിരിച്ചുവരവിലാണ് ദൈവം ഏറ്റവും കൂടുതലായി സന്തോഷിക്കുന്നതെന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ കേംബ്രിഡ്ജ് റീജണില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ് കുരിശില്‍ മരിച്ചതെന്ന് വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കുമാണ് നിത്യജീവന് അര്‍ഹത കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നോര്‍വിച്ച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ രാവിലെ 9.30നാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ജപമാല, ആരാധന, ആത്മീയ പ്രഭാഷണങ്ങള്‍, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ വിശ്വാസികള്‍ക്ക് പുത്തന്‍ ഉണര്‍വേകി. 

ദൈവത്തിന്റെ മുഖം കാണുന്നത് ഈശോയിലാണെന്നും വിശുദ്ധ കുര്‍ബാനയില്‍ ഈ മുഖം കൂടുതല്‍ വ്യക്തമായി ദര്‍ശിക്കാനാവുമെന്നും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ വിശ്വാസികളെ ഉദ്‌ബോദിപ്പിച്ചു. കുരിശിലെ സഹനത്തിലൂടെ ഈശോ കാണിച്ചുതന്ന സ്‌നേഹമാണ് യഥാര്‍ഥ സ്‌നേഹം. ഓരാള്‍ക്ക് ഈലോക ജീവിതത്തില്‍ സ്വന്തമാക്കാവുന്ന ഏറ്റവും മനോഹരവും വിലയുള്ളതുമായ കാര്യം യേശുക്രിസ്തുവാണെന്നും മാര്‍ സ്രാന്പിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. 

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ കോട്ടൂര്‍, ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍, ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. കേംബ്രിഡ്ജ് റീജണ്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളാണ് കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ നടത്തിയത്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ശുശ്രൂഷകളും ഒരുക്കിയിരുന്നു. 

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ അഞ്ചാം ദിനം ഒക്ടോബര്‍ 26ന് കവന്‍ട്രിയിലെ New Beingly Hall, I Hockley Cirus, Birmingham, B18 5PP ല്‍ നടക്കും. ഫാ. ജയ്‌സണ്‍ കരിപ്പായുടെ നേതൃത്വത്തിലാണ് കമ്മിറ്റിയാണ് ഇവിടെ ഒരുക്കങ്ങള്‍ നടത്തുന്നത്. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക