Image

ഹാബിറ്റാറ്റ് സ്‌കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടത്തി

Published on 28 October, 2017
ഹാബിറ്റാറ്റ് സ്‌കൂളില്‍  ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടത്തി
അജ്മാന്‍: സങ്കേതിക വിദ്യയിലൂടെ ആധുനിക ലോകത്തെ വെല്ലുവിളികള്‍  നേരിടാന്‍ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ ചെയ്യുന്നതെന്ന് എഛ് പി കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മൊറാദ് ഖുത്ഖുത്. അല്‍ ജര്‍ഫ് സ്‌കൂളില്‍ നടന്ന 'ഹാബിറ്റാറ്റ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍'  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ ഏതൊരാളുടെയും വിരല്‍ തുമ്പില്‍ എത്തിക്കഴിഞ്ഞ ഇക്കാലത്തു വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു ഫെസ്റ്റിവലിന് തയാറാവുകയും അത് പുറം ലോകത്തെ ടെക്‌നോളജിയുമായി മത്സരിക്കുകയ്യും ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പുകള്‍, ഗെയിംസ്, ടെക്‌നിക്കല്‍ പ്രെസന്റ്റേഷന്‍സ് എന്നീ മേഖലകളില്‍ കുട്ടികളുടെ അവതരണങ്ങളും  ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സിനിമയിലെയും സാഹിത്യത്തിലേയും  രസകരമായ വിവരങ്ങളും അടങ്ങിയതായിരുന്നു ഡിജിറ്റല്‍ ഫെസ്റ്റ്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ കോഡര്‍മാരായി പങ്കെടുത്തവരിലുണ്ടായിരുന്നു.  യു എ ഇ യില്‍ ആദ്യമായി ഹാബിറ്റാറ്റ് സ്‌കൂള്‍ തുടക്കമിട്ട സൈബര്‍ സ്‌ക്വയര്‍ പ്രോഗ്രാമിങ് പരിശീലന പദ്ധതിയുടെ ഭാഗമായിരുന്നു ഫെസ്റ്റിവല്‍. അല്‍ ജര്‍ഫ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും  അല്‍ത്തല്ല , ഉമ്മുല്‍ ഖുവൈന്‍ എന്നീ ഹാബിറ്റാറ്റ് സ്‌കൂളുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്കൊപ്പം മറ്റു സ്‌കൂളുകളില്‍ നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു.

'രാജ്യത്തു ഒരു ദശലക്ഷം കോഡര്‍മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതി യു എ ഇ സര്‍ക്കാര്‍ മുമ്പോട്ട് വെച്ചു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടക്കുന്നത് എന്നത് കൗതുകകരമാണ്. എലിമെന്ററി  സ്‌കൂള്‍ തലത്തില്‍ തന്നെ കോഡിങ് പഠിപ്പിക്കുന്ന ഹാബിറ്റാറ് സ്‌കൂളിന്  ഈ സാങ്കേതിക ദൗത്യത്തില്‍ യുഎഇ സര്‍ക്കാരിന്  പിന്തുണ നല്‍കാന്‍ കഴിഅഭിമാനകരമായിരിക്കും', സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ സി ടി ഷംസു സമാന്‍ പറഞ്ഞു.

 'പ്രകൃതിയെപ്പോലെ തന്നെ ഡിജിറ്റല്‍ ടെക്‌നോളജിയും ഹാബിറ്റാറ്റ് സ്‌കൂളിന്റെ അടിസ്ഥാനസങ്കല്പത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. മനുഷ്യരുടെ സങ്കല്പങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും  വളര്‍ച്ച നല്‍കുന്നതില്‍ ക്രിയാത്മകമായി ഡിജിറ്റല്‍ ടെക്‌നോളജിയെ എങ്ങിനെ ഉപയോഗിക്കാം എന്ന അന്വേഷണത്തിന്റെ കൂടി ഭാഗമാണിത്', സ്‌കൂള്‍ ഗ്രൂപ്പ് സി ഇ ഒ സി ടി ആദില്‍ പറഞ്ഞു.

കുട്ടികളുടെ പഠനരീതികളെതന്നെ ഗുണപരമായി സ്വാധീനിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രോഗ്രാമിങ്ങിനെ കണ്ടു തുടങ്ങണമെന്നും കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മുകളുടെ ഉപഭോക്താവ് എന്ന നിലയില്‍ നിന്നും നിര്‍മാതാവ് എന്ന നിലയിലേക്കുള്ള മാറ്റം ലാപ്‌ടോപ്പിനോടും കമ്പ്യൂട്ടര്‍ ഗെയിംസിനോടുമുള്ള അനാരോഗ്യകരമായ അടിമത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുമെന്നും പരിപാടിയുടെ ക്യൂറേറ്ററും സൈബര്‍ സ്‌ക്വയറിന്റെ സാങ്കേതിക ഉപജ്ഞാതാവുമായ എന്‍ പി മുഹമ്മദ് ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ ജര്‍ഫ് പ്രിന്‍സിപ്പലും ഡിജിറ്റല്‍ ഫെസ്റ്റിവല്‍ കണ്‍വീനറുമായ സന്‍ജീവ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഹാബിറ്റാറ്റ് സ്‌കൂളില്‍  ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക