Image

ഉത്തമവില്ലന്‍

Published on 28 October, 2017
 ഉത്തമവില്ലന്‍
`ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതു പോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തില്ല' വില്ലന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ മാത്യു മാഞ്ഞൂരാന്‍ പറയുന്ന വാചകമാണിത്‌. 

നായകന്‍ എങ്ങനെ വില്ലനാകുന്നു എന്നും അത്തരത്തില്‍ ഒരു മനോഭാവത്തിലേക്ക്‌ എപ്രകാരം ഒരു വ്യക്തി പരിണമിക്കുന്നു എന്നും വ്യക്തമായി കാട്ടിത്തരുന്ന ചിത്രമാണ്‌ ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത വില്ലന്‍ എന്ന ചിത്രം.

കേരളാ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ മാത്യു മാഞ്ഞൂരാന്‍ ഐ.പി.എസ്‌. തന്റെ വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന ഒരു വലിയ ദുരന്തം മാത്യുവിനെ അടിമുടി പിടിച്ചുലയ്‌ക്കുകയാണ്‌. തന്റെ സുന്ദരമായ കുടുംബജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ മാത്യുവിന്റെ ജീവിതം കടന്നു പോവുകയാണ്‌. 

നീണ്ട ആറുമാസത്തോളം മാത്യു തന്നിലേക്കു തന്നെ ഉള്‍വലിഞ്ഞും നഷ്‌ടപ്പെട്ട പ്രിയങ്കരമായ ബന്ധങ്ങളെ കുറിച്ചോര്‍ത്തും കഴിഞ്ഞു കൂടുന്നു. അതിനു ശേഷം മാത്യു വീണ്ടും ജോലിയില്‍ തിരികെ പ്രവേശിക്കുകയാണ്‌. ഇതാണ്‌ സിനിമയുടെ തുടക്കം. അന്നു തന്നെ സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹിച്ചുകൊണ്ടു വരുന്ന മാത്യുവിനു പക്ഷേ അതിനു കഴിയുന്നില്ല.

 അവിചാരിതമായി നടക്കുന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം വീണ്ടും മാത്യുവിനെ തന്നെ ഏല്‍പ്പിക്കുകയാണ്‌. പിന്നീടങ്ങോട്ട്‌ ഈ സീരിയല്‍ കില്ലറെ തേടിയുള്ള മാത്യുവിന്റെ അന്വേഷണവും അതിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. 

ത്രില്ലര്‍ സിനിമകളില്‍ പ്രേക്ഷകര്‍ക്കു അനുഭവിക്കാന്‍ കഴിയുന്ന ട്വിസ്റ്റുകളുടെ ചടുലതയും സസ്‌പെന്‍സും വില്ലനില്‍ കാണാനാകില്ല.പക്ഷേ മേക്കിങ്ങില്‍ മികച്ച കൈയ്യടക്കം സംവിധായകന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. 

സ്ഥിരം കുറ്റാന്വേഷണ സിനിമകളില്‍ കാണുന്ന വേഗവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ആക്ഷന്റെ ബഹളവുമൊന്നും തന്നെ വില്ലനില്‍ കാണാന്‍ കഴിയില്ല. പതിഞ്ഞ താളത്തിലാണ്‌ വില്ലന്റെ ചലനങ്ങള്‍. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ചലനങ്ങള്‍ പോലും ഇതേ പതിഞ്ഞ താളത്തില്‍ തന്നെയാണ്‌.

ബി.ഉണ്ണിക്കൃഷ്‌ണന്റെ പല സിനിമകളുടെയും സമന്വയമാണ്‌ വില്ലന്‍ എന്ന്‌ ചിലപ്പോഴെങ്കിലും തോന്നാം. പ്രത്യേകിച്ച്‌ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന സിനിമയുടെ പ്രമേയവുമായി ചില രംഗങ്ങളില്‍ താരതമ്യം തോന്നാം. എന്നാല്‍ അവസാന നിമിഷത്തേക്കു കാത്തു വയ്‌ക്കുന്ന ഒരു ഗംഭീര ക്‌ളൈമാക്‌സ്‌ ഈ ചിത്രത്തിന്‌ അവകാശപ്പെടാന്‍ കഴിയില്ല. 

ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ കൊലയാളിയായ വില്ലനെ അവസാനം മാത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്ന സംവിധായകന്‍ പക്ഷേ വില്ലനിലെത്തുമ്പോള്‍ ആ സസ്‌പെന്‍സ്‌ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതോ പിന്നാക്കം പോകുന്നതായോ കാണാം. സിനിമയുടെ ആസ്വാദനത്തിന്‌ കരുത്തു പകരുന്ന ഇത്തരം രംഗങ്ങളുടെ സൃഷ്‌ടിയില്‍ വലിയ പ്രാധാന്യം കൊടുത്തതായി കാണുന്നില്ല.

മാത്യുവായി വേഷമിടുന്ന മോഹന്‍ലാല്‍ തന്നെയാണ്‌ വില്ലന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഗെറ്റപ്പിലും അഭിനയത്തിലും നൂറില്‍ നൂറു മാര്‍ക്കും ലാലിനു നല്‍കാം. പ്രത്യേകിച്ച്‌ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കില്‍ എത്തുന്ന ലാലിന്റെ എന്‍ട്രി സീന്‍ തന്നെ ഗംഭീരം. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഒരു കഥാപാത്രം ലാല്‍ അവതരിപ്പിച്ചിട്ടില്ല.

 നോക്കിലും വാക്കിലും ചലനത്തിലും വേറിട്ടു നില്‍ക്കുന്ന പോലീസ്‌ ഓഫീസറായി മോഹന്‍ലാല്‍ കസറി. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ ചടുലമായ നീക്കങ്ങളല്ല, മറിച്ച്‌ അസാധാരണമാം വിധം ശാന്തനായി മുന്നോട്ടു നീങ്ങുന്ന പ്രകൃതമാണ്‌ മാത്യു എന്ന കഥാപാത്രത്തിന്‌. ഒരേ സമയം വില്ലന്റെയും നായകന്റെയും അതിസൂക്ഷ്‌മമായ ചലനങ്ങള്‍ മുഖത്തു മാറി മാറി പ്രതിഫലിപ്പിച്ചു കൊണ്ടാണ്‌ ലാല്‍ തന്റെ അഭിനയത്തികവു പുറത്തെടുക്കുന്നത്‌.

മോഹന്‍ലാലിനെ നായകനാക്കി ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത നാലാമത്തെ സിനിമയാണ്‌ വില്ലന്‍. പ്രതീകാര കഥയില്‍ ഉണ്ടായിരിക്കണമെന്‌ പ്രേക്ഷകര്‍ നിര്‍ബന്ധമായും പ്രതീക്ഷിക്കുന്ന ചില ഘടകങ്ങളുണ്ട്‌. പ്രത്യേകിച്ചും അത്തരം സിനിമകളില്‍ നായകന്റെ നാവില്‍ നിന്നും നീതി. നിയമം നിയമനിര്‍വഹണം എന്നിവയെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസോ സാരോപദേശങ്ങളോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല. 

ഈ ചിത്രത്തില്‍ നായകനെ പോയിന്റ്‌ ബ്‌ളാങ്കില്‍ നിര്‍ത്തി വെടിവയ്‌ക്കാന്‍ തോക്കു ചൂണ്ടുമ്പോഴും പ്രതിനായകന്‍ പറയുന്നത്‌ നീതിനിര്‍വഹണത്തിലെ അപര്യാപ്‌തതകളെ കുറിച്ചും അതിന്റെ ഗുരുതരമായ പിഴവുകളെ കുറിച്ചുമാണ്‌. ഒരു വെടിയുണ്ടയുടെ ഒച്ച കേള്‍ക്കാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഈ വക സാരോപദേശങ്ങള്‍ കുറച്ചെങ്കിലും മടുപ്പിക്കുന്നുണ്ടെന്നു പറയാതെ വയ്യ.

കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വമാണ്‌ മറ്റൊന്ന്‌. പശ്ചാത്തലത്തില്‍ ലാലിന്റേതായി ഈ സംഭാഷണങ്ങള്‍ കേള്‍ക്കാം. അച്ചടിച്ചു വച്ച ഭാഷയിലെന്ന പോലെയുള്ള വര്‍ത്തമാനം. 

മലയാള സിനിമയില്‍ കഥാപാത്രങ്ങള്‍ എത്രത്തോളം സ്വാഭാവികമായി സംസാരിക്കാന്‍ ശ്രമിക്കുന്ന കാലത്താണ്‌ ഇതുപോലെ അച്ചിലിട്ടു വാര്‍ത്ത പോലുള്ള സംഭാഷണങ്ങളുമായി ലാലിനെ അവതരിപ്പിക്കുന്നത്‌. ഏറ്റവും അകൃത്രിമമായി ദൃശ്യവല്‍ക്കിരിക്കേണ്ട നായകന്റെ കുടുംബജീവിതത്തില്‍ പോലും ഈ കൃത്രിമമായ രീതിയാണ്‌ മുഴങ്ങുന്നത്‌.

ലാലിന്റെ ഭാര്യയായി വേഷമിട്ട മഞ്‌ജു വാര്യര്‍ക്ക്‌ ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല. ഹന്‍സിക,രാശി ഖന്ന എന്നിവര്‍ ചിത്രത്തില്‍ മറുനാടന്‍ യുവതികളായി തന്നെ ചിത്രത്തില്‍ എത്തുന്നു. 

ശക്തിവേല്‍ പളനിസ്വാമി എന്ന എക്‌സന്‍ട്രിക്കായ ഡോക്‌ടര്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ വിശാല്‍ തന്റെ മലയളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി.

 നെഗറ്റീവ്‌ ടച്ചുള്ള കഥാപാത്രമായിരുന്നിട്ടും വിശാല്‍ ഈ കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായത്‌ നന്നായി. ലാലിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഗംഭീരവില്ലന്‍ തന്നെയാണ്‌ താനെന്ന്‌ വിശാല്‍ തെളിയിച്ചു. 

സിദ്ദിഖ്‌, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്‌, വിനോദ്‌ ജോസ്‌, ചെമ്പന്‍ വിനോദ്‌, എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനു ചേരുന്നതായി. 

ആക്ഷന്‍, കൊറിയോ ഗ്രാഫി, കൂടാതെ മനോജ്‌ പരമഹംസ, എം.കെ.ഏകാംബരന്‍ എന്നിവരുടെ ഛായാഗ്രഹണം എന്നിവയെല്ലാം മികച്ചു നിന്നു. ഷമീര്‍ മുഹമ്മദിന്റ എഡിറ്റിങ്ങും ഗംഭീരമായി. ഒരു ടിപ്പിക്കല്‍ ത്രില്ലര്‍ സിനിമയുടെ ഹരവും പ്രതീക്‌ഷിച്ചു പോകാതിരുന്നാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ്‌ വില്ലന്‍ അക്കാര്യത്തില്‍ സംശയമില്ല.

















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക