Image

ബദല്‍ രാഷ്ട്രീയത്തിന് കുറുക്കുവഴികളില്ല: പി.എ. മുഹമ്മദ് റിയാസ്

Published on 29 October, 2017
ബദല്‍ രാഷ്ട്രീയത്തിന് കുറുക്കുവഴികളില്ല: പി.എ. മുഹമ്മദ് റിയാസ്
 
കുവൈത്ത് സിറ്റി: ബിജെപിക്കെതിരായ ബദല്‍ രാഷ്ട്രീയം കെട്ടിപ്പെടുക്കുന്നതിനു കുറുക്കു വഴികളില്ലെന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്. കല കുവൈത്ത് സംഘടിപ്പിച്ച ഒക്ടോബര്‍ അനുസ്മരണത്തില്‍ പങ്കെടുത്ത്, ന്ധസമകാലിക ഇന്ത്യ..വെല്ലുവിളികളും..പ്രതിരോധവും..’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങും ബിജെപിക്കെതിരായ ജനവികാരം ഉയര്‍ന്നു വരികയാണ്. പക്ഷെ ബിജെപിക്കെതിരായ ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്ന നവ ഉദാരവത്കരണ നയങ്ങളില്‍ മാറ്റം വരുത്താതെയും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും, അതിനെതിരെ സമര പരിപാടികള്‍ നടത്താനും തയാറാവാതെയും ഒരു ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല. കേവലം തിരഞ്ഞെടുപ്പ് മുന്നണികള്‍ക്കപ്പുറം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന് ഒരു സമര മുന്നണിയായി മാറാന്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണം. കോണ്‍ഗ്രസ് പിന്നിട്ട വഴികളിലെ തെറ്റു തിരുത്തി, വിശ്വാസ്യത വീണ്ടെടുക്കണം. ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതോടൊപ്പം, അവരുടെ സാന്പത്തിക നയങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും, ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നാളെ ബിജെപി നേതാക്കളായ് മാറുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ മാസത്തില്‍ അന്തരിച്ച ജോസഫ് മുണ്ടശേരി, വയലാര്‍ രാമവര്‍മ്മ, ചെറുകാട്, കെ.എന്‍.എഴുത്തച്ഛന്‍ എന്നിവരുടെ അനുസ്മരണക്കുറിപ്പ് കേന്ദ്ര കമ്മിറ്റി അംഗം രംഗന്‍ അവതരിപ്പിച്ചു. കല കുവൈത്ത് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്കുമാര്‍, വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോര്‍ജുകുട്ടി, സത്താര്‍ കുന്നില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന എന്റെ കൃഷി കാര്‍ഷിക മത്സരത്തിന്റെ ലോഗോ മുഖ്യാതിഥി, കല കുവൈറ്റ് ട്രഷറര്‍ രമേശ് കണ്ണപുരത്തിനു നല്‍കി പ്രകാശനം ചെയ്തു. സാല്‍മിയ മേഖല ആക്റ്റിങ് സെക്രട്ടറി വി.അനില്‍കുമാര്‍ പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി. കല കുവൈത്ത് വൈസ് പ്രസിഡന്റ് കെ.വി.നിസാര്‍, ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്നു കല കുവൈത്ത് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കി, ദിലിപ് നടേരി രചനയും, സുരേഷ് തോലന്പ്ര സംവിധാനവും നിര്‍വഹിച്ച നാടകം ഭൂപടങ്ങളിലെ വരകള്‍ അരങ്ങേറി. കല കുവൈറ്റ് പ്രവര്‍ത്തകര്‍, കുവൈത്തിലെ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക