Image

ശിശു എന്ന വ്യക്തി (വെരി. റവ. ചെറിയാന്‍ നീലാങ്കല്‍)

Published on 30 October, 2017
ശിശു എന്ന വ്യക്തി (വെരി. റവ. ചെറിയാന്‍ നീലാങ്കല്‍)
ശൈശവത്തില്‍ ശിശുക്കള്‍ക്കുണ്ടാകുന്ന ശാരീരികവുംവൈകാരികവും ആയ വളര്‍ച്ചയെക്കുറിച്ച് മുന്‍ കാലങ്ങളെക്കാള്‍ വളരെ കൂടുതല്‍ അറിവുള്ള ഒരു കാലഘട്ടത്തിലാണ്‌നാം ഇന്നു ജീവിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് ശാസ്ത്രം നേടിയെടുത്തിട്ടുള്ള ഈ പുരോഗതിക്ക് ശേഷവും മാതൃത്വവും പിതൃത്വവും ഓരോ പരീക്ഷണഘട്ടങ്ങളായിത്തന്നെഅവശേഷിക്കുന്നു.ദമ്പതികള്‍ക്ക്ആദ്യമായി ഒരു കുട്ടി ജനിക്കുമ്പോള്‍ ആ ശിശുവിന്‍റെവളര്‍ച്ചയെക്കുറിച്ച് ഒരു പരീക്ഷണം നടത്തുവാന്‍ തന്നെയാണ് അവര്‍ ആരംഭിക്കുന്നത്.

ശൈശവകാലം, പ്രത്യേകിച്ച്, ഒരു ശിശുവിന്‍റെ ജീവിതത്തിലെ ആദ്യമാസങ്ങള്‍വളരെയധികം പ്രാധാന്യമേറിയവയാണെന്ന്ഇന്ന് ശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നു. പില്‍ക്കാലത്ത് വളര്‍ന്നു വികസിക്കേണ്ട വ്യക്തിത്വത്തിന്‍റെ അടിസ്ഥാനമിടുന്നതും ഇക്കാലത്തു തന്നെ. ആവശ്യത്തില്‍ കൂടുതലായി ശിശുക്കളെ നിയന്ത്രിക്കുവാന്‍ഒരുമ്പെടുന്ന മാതാപിതാക്കളെ നമുക്ക് ധാരാളമായി കാണാം. കുട്ടികള്‍ ഉണ്ടാവുക എന്നത് പ്രകൃതിയുടെ ഒരു നിയമമാണ്. പ്രകൃതിനിങ്ങള്‍ക്കു മാതാവിന്‍റെയും പിതാവിന്‍റെയും ജന്മവാസനകള്‍നല്‍കിയിരിക്കുന്നു. ശിശുവിന്‍റെ ദൈനന്ദിനവളര്‍ച്ചയോടുകൂടി ഈ വാസനകളും വികസിക്കുന്നു. ശിശു ഒരു മനുഷ്യനാണ്. അങ്ങേയറ്റംസുഖവും സ്‌നേഹവും ശ്രദ്ധയുംഅംഗീകാരവും അവന്‍ ന്യായമായി അര്‍ഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ ഉതകുന്ന ഒരു രീതി ശിശുപരിപാലനത്തില്‍ കണ്ടുപിടിക്കുകവിഷമമാണെന്ന് അല്പം ആലോചിച്ചാല്‍ മനസ്സിലാകും. കാരണംമനുഷ്യസ്വഭാവം ഭിന്നമാണ്. ഒരു ശിശു മറ്റൊരു ശിശുവില്‍ നിന്ന് വ്യത്യസ്ഥമാണ്. ശിശുപരിപാലനത്തിനുള്ള പരിചയം സഹായകരമാണ്. എന്നാല്‍ പരിചയമില്ലായ്മ ഒരു ന്യൂനതയായി ഗണിക്കേണ്ടതില്ല. ഭാഗ്യവശാല്‍ മാതാപിതാക്കള്‍ക്ക് പറ്റുന്ന തെറ്റുകള്‍ ഒരു നല്ല ശതമാനം കുഞ്ഞുങ്ങളെയുംബാധിക്കാറില്ല.

ശിശു ശാരീരികമായും വൈകാരികമായുംവളരേണ്ടതുണ്ട്. പ്രായോഗികമായിഇവ രണ്ടും ആരംഭിക്കുന്നത് ജനനത്തോടുകൂടിയാണ്.പരസ്പരം യോജിച്ചും ബന്ധപ്പെട്ടും ഇവ പ്രവര്‍ത്തിക്കുന്നു.

ശരീരവളര്‍ച്ചയില്‍താഴെ പറയുന്നവ ഉള്‍പ്പെടുന്നു. (1) കോശങ്ങളുടെയും ഞരമ്പുകളുടെയും യോജിപ്പും ക്രമീകരണവും (2) ചിന്താമണ്ടലത്തിന്‍റെയുംബുദ്ധിയുടെയും വികാസം. (3) മനുഷ്യരെയും വസ്തുക്കളെയും തിരിച്ചറിയുവാനുള്ള കഴിവ്.

വൈകാരികവളര്‍ച്ചയില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു. (1)അന്യസാധനങ്ങളെയുംമനുഷ്യരെയും ചുറ്റുപാടുകളെയും കുറിച്ചുള്ള പ്രതികരണങ്ങളും അനുഭൂതികളും. (2) അനുഭാവം, ആശ്രയത്വം, സ്വാതന്ത്ര്യ ബോധം, ഭയം, ഔത്സുക്യം തുടങ്ങിയവ (3) ആത്മവിശ്വാസവും പരസ്പര വിശ്വാസവും.

ശരീരമാണ് ആദ്യമായി വളര്‍ച്ചയെ വിളിച്ചറിയിക്കുന്നത്. ശിശുവിന് ഒന്നോ രണ്ടോ ഔണ്‍സ് തൂക്കം വര്‍ദ്ധിക്കുന്നു. അവന്‍റെ കൈകളും കാലുകളും വളരുന്നു. ശരീരത്തിന് ഓജസ്സ് വര്‍ദ്ധിക്കുന്നു. വളര്‍ച്ചയുടെ എല്ലാ സൂചനകളും നിങ്ങള്‍ക്കുസന്തോഷദായകങ്ങളാണ്. ഈഅവസരത്തില്‍ നിങ്ങളില്‍ പലരും ഒരു തെറ്റായ ധാരണ വെച്ചു പുലര്‍ത്താറുണ്ട്. എത്രയും വേഗം നിങ്ങളുടെ കുട്ടി വളര്‍ച്ച പ്രാപിക്കുന്നുവോ അത്രയും നല്ലതാണ് എന്നുള്ളതാണ് ആ ധാരണ. അയല്‍പക്കത്തെശിശുക്കളുടെവളര്‍ച്ചയെയുംതങ്ങളുടെ ശിശുവിന്‍റെ വളര്‍ച്ചയെയും തമ്മില്‍താരതമ്യപ്പെടുത്തിതീ തിന്നു ജീവിക്കുന്ന പലരും നിങ്ങളുടെ ഇടയിലുണ്ട്. തിടുക്കത്തില്‍ശിശുവിനെ വളര്‍ത്തിയെടുക്കുവാന്‍ ഇക്കൂട്ടര്‍ കിണഞ്ഞു പരിശ്രമിക്കുന്നതായിക്കാണാം. തങ്ങളുടെആശ സഫലീകരിക്കാതെ വരുമ്പോള്‍ഇവര്‍ മുറുമുറുത്തുകൊണ്ടു പിന്മാറുന്നു.

ശരീരപുഷ്ടി വളരെ ഗഹനമേറിയ ഒരു സംഗതിയാണ്. ഗണ്യമായ പരിശീലനം സിദ്ധിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ഓരോകുഞ്ഞിനും അവരവരുടെതായസമയവും സാവകാശവും അനുവദിച്ചുകൊടുത്തേ മതിയാകൂ! ചില പ്രത്യേക കാലഘട്ടങ്ങളില്‍ അവനു തൂക്കം കൂടുകയോ കുറയുകയോ ചെയ്‌തേക്കാം. എന്നാല്‍ഇതു രണ്ടും നല്ലതോ ചീത്തയോ ആയ അടയാളങ്ങളായി ധരിക്കേണ്ടതില്ല. മറ്റു ശരീര വികാസങ്ങള്‍ കൂടി കണക്കില്‍ പെടുത്തേണ്ടാതായിട്ടുണ്ട്.

ജനനശേഷമുള്ള ആദ്യ ആഴ്ചയില്‍ തന്നെ നിങ്ങളുടെ ശിശു വളരെയധികം കാര്യങ്ങള്‍ ഗ്രഹിക്കുന്നു. അവയവങ്ങള്‍നിയന്ത്രണാധീനങ്ങളല്ലെങ്കിലും സന്തോഷവും സുഖവും ആശ്വാസവും അംഗീകാരവും കൊടുക്കുന്ന സന്ദര്‍ഭങ്ങള്‍ അവന്‍ തിരിച്ചറിയുന്നു.ഭയവും മ്ലാനതയും ആശങ്കയും നിറഞ്ഞവയും അവനു ഗ്രാഹ്യമാണ്. അത്ഭുതാവഹമായ നിലയില്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ താന്‍ എത്ര മാത്രം മറ്റുള്ളവരുമായിബന്ധപ്പെട്ടവനാണ് എന്ന് അവന്‍ മനസ്സിലാക്കുന്നു.

മേല്പറഞ്ഞ ധാരണകള്‍ ജനനം മുതല്‍ക്കുതന്നെ ആരംഭിക്കുന്നവയാണ്. അടിസ്ഥാനപരവും പ്രാകൃതവുമായ ഈ മാതിരി വിചാരങ്ങള്‍ അവന്‍റെ ചുറ്റുപാടുമുള്ള ലോകവുമായി പലവിധത്തില്‍ ഏറ്റുമുട്ടുന്നു. പ്രസ്തുത ഏറ്റുമുട്ടലുകള്‍ പല തരത്തില്‍ അവനെ ഉത്തേജിപ്പിക്കുന്നു. നല്ലതോ ചീത്തയോ ആയ പ്രതികരണങ്ങള്‍ തന്മൂലം അവനില്‍ അങ്കുരിക്കുന്നു. ഏതുവിധത്തില്‍ നല്ല ഉത്തേജനങ്ങള്‍ ഉളവാക്കാമെന്ന് ഇന്നു ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വളര്‍ന്നു വികസിക്കുന്ന അവന്‍റെ ജീവിത ദര്‍ശനം ഈ മാതിരി ഉത്തേജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആദ്യ ആഴ്ചകളിലും മാസങ്ങളിലുംഒരു ശിശുവിന്‍റെ ലോകംഅവന്‍റെമാതാപിതാക്കളാണ്. അവരില്‍ കൂടിയാണ് അവന്‍ ആദ്യമായി ആ ലോകത്തെ രുചിച്ചറിയുന്നത്.

ശാരീരികമായ ആവശ്യങ്ങളാണ് ആദ്യമായി ശിശുക്കള്‍ക്കുണ്ടാകുന്നത്. ഭക്ഷണം, ചൂട്, വാത്സല്യം തുടങ്ങിയവ ഗര്‍ഭാശയത്തിലെജീവിതത്തില്‍ ഇവയെല്ലാംസ്വയമായി അവന് കിട്ടിയിരുന്നു. എന്നാല്‍ ജനനശേഷമാകട്ടെ ഇവയെല്ലാം തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ലോകത്തില്‍ നിന്നാണ് അവനു കിട്ടേണ്ടത്. യാന്ത്രികമായ രീതിയില്‍ സുഖിച്ചിരുന്നവന്‍ ഇപ്പോള്‍ അസുഖം ഭാവിക്കുന്നു.

പരിചയസമ്പന്നരല്ലാത്തപലരും ശിശുവിന്‍റെ മനോവികാരത്തെ അവിചാരിതമായിവ്രണപ്പെടുത്തിയെന്നു വരാം. ഈ പരിതസ്ഥിതിയിലുംശ്രദ്ധയും വാത്സല്യവും നിറഞ്ഞ പരിചരണങ്ങള്‍ വഴി അവന്‍റെ സ്‌നേഹ പ്രകടനങ്ങളെ നിങ്ങള്‍ക്ക് ഉത്തേജിപ്പിക്കാന്‍ കഴിയും. അവന്‍റെ ആവശ്യങ്ങളെ നിര്‍വഹിക്കുന്നതോടൊപ്പം നിങ്ങളുടെ മാതൃവാസനയും വികസിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹമെന്താണെന്ന്അവന്‍ മനസ്സിലാക്കുന്നതും ഈ സമയത്തു തന്നെ. അവന്‌സുരക്ഷിതത്വബോധവും ഇതു കൊണ്ടുണ്ടാകുന്നു. ശാരീരികമായി നിങ്ങള്‍ക്ക് അവനെ പരിരക്ഷിക്കാമെന്നിരുന്നാലും സ്‌നേഹവികാരങ്ങള്‍ അവനില്‍ അങ്കുരിക്കാതിരുന്നാല്‍ പൂര്‍ണ വളര്‍ച്ചയിലും ഉന്നതിയിലും അവന്‍ പിന്നോക്കം നില്‍ക്കുന്നതാണ്.ശരിയായ പരിപാലനം കിട്ടാത്ത ശിശുക്കളും ഈലോകത്തില്‍ ജീവിക്കുന്നു. എന്നാല്‍ മാതൃ പരിലാളനത്തില്‍ വളര്‍ന്നിട്ടുള്ള ശിശുക്കളേ ഉന്നതി പ്രാപിക്കൂ എന്നതിന് അനേകം തെളിവുകളുണ്ട്. മാതാപിതാക്കളുടെ മനോഭാവങ്ങള്‍ അവനില്‍ ഉളവാക്കുന്നമാനസികമായ ഉത്തേജനങ്ങള്‍ക്കുകണക്കില്ല. അതുകൊണ്ട്ഉത്തമമായമാതൃ പരിലാളനത്തിലെ ആദ്യത്തെപടി മാതാപിതാക്കള്‍ ഒരു സ്വയം പരിശോധന നടത്തുകഎന്നതാണ്.

മാതാപിതാക്കള്‍ എന്ന നിലയില്‍ ഈ പുതിയ ജോലിയെക്കുറിച്ച് പൂര്‍ണബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.എന്നാല്‍ ഒരുതൊണ്ണൂറു ശതമാനം മാതാപിതാക്കളിലും ഈ ബോദ്ധ്യം വെറും ബാലിശമായിട്ടാണ് കണ്ടുവരിക. ശിശുവിനെ പ്രസവിക്കുകയും അവനെ വളര്‍ത്തുകയും ചെയ്യുക എന്നത് പരിവര്‍ത്തനഘട്ടങ്ങളായി ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. പരിവര്‍ത്തനങ്ങളില്‍ പലപ്പോഴും മാനസികമായ ആഘാതങ്ങള്‍ ഉണ്ടാകാറുണ്ട്. അത്ഭുതവുംകൃതാര്‍ത്ഥതയുംഉളവാക്കുന്നഒരു വലിയ അനുഭവമാണ് ഇത്. എന്നാല്‍ ഈ ഘട്ടത്തില്‍ മതാപിതാക്കള്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും ആവശ്യമായ ഒന്നാണ് സമീകരണബോധം. ശിശു പരിപാലനം ഗൃഹ വൃത്തികളെപലപ്പോഴും തടസ്സപ്പെടുത്താറുണ്ട്. തുടക്കത്തില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ക്ഷീണം തോന്നാം. മാതൃലാളനയുടെപ്രത്യേക സുഖം അനുഭവിക്കണമെങ്കില്‍ ഈ പരിത:സ്ഥിതിയുമായിനിങ്ങള്‍ ഇണങ്ങിച്ചേരണം. അവന്‍റെ വ്യക്തിത്വം, സംരക്ഷണം, അവനുവേണ്ടി ചെലവാക്കുന്ന നിങ്ങളുടെ സമയം, എല്ലാത്തിലുമുപരിയായിനിങ്ങളുടെ ഭാവവിശേഷങ്ങള്‍ തുടങ്ങി പലതും നിങ്ങളുടെ പ്രത്യേക ശ്രദ്ധയില്‍പ്പെടേണ്ടവയാണ്. സ്വന്തമായ സുഖത്തിനുവേണ്ടി മാത്രം പരിശ്രമിച്ചുകൊണ്ടിരുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ശിശുവിന്‍റെ കൂടി സുഖത്തില്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. വ്യക്തിഗതവുംസാമൂഹികവും സാമ്പത്തികവുമായ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് ഇത് പരോക്ഷമായി കടിഞ്ഞാണിടുന്നു. നിങ്ങളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായേക്കും. എന്നാല്‍ അവന് നല്ല ജീവിതത്തിനുള്ള തുടക്കം ഒരുക്കുന്ന നിങ്ങള്‍ നിത്യസന്തോഷത്തിന്അര്‍ഹരായി ഭവിക്കുന്നു. ഒരുത്തമമാതാവാകണമെങ്കില്‍മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിച്ചേ മതിയാകൂ. മൃഗീയമായവികാരങ്ങള്‍ തങ്ങളെപ്പോലെ തന്നെ തങ്ങളുടെ ശിശുവിനും ഉണ്ടെന്നുള്ള ബോധം പലരിലും ഇല്ല തന്നെ. ഇത് മനസ്സിലാക്കിക്കൊണ്ട് വേണം പെരുമാറുന്നത്.

അസാദ്ധ്യമായ അഭിലാഷങ്ങള്‍ വച്ചു പുലര്‍ത്തിയാല്‍ ദു:ഖിക്കേണ്ടിവരും. കൂടാതെ തങ്ങളുടെ ശിശു മറ്റുള്ളവരെപ്പോലെ തന്നെപൂര്‍ണനായിരിക്കണമെന്ന് ശഠിക്കുന്നമാതാപിതാക്കള്‍ തെറ്റായ പാതയില്‍കൂടിയാണ് നീങ്ങുന്നത്. കാരണംശിശു എല്ലാം തികഞ്ഞവനായിരിക്കണമെന്ന്ഒരു നിര്‍ബന്ധവുമില്ല. അങ്ങനെകാണുന്നത്അസാധാരണമാണ്. അതിനാല്‍ ഒരു ശിശു അവന്‍റെ യഥാര്‍ത്ഥ സ്വഭാവത്തില്‍തന്നെ സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. ഇത് സുപ്രധാനവും അടിസ്ഥാനപരവുമായഒരു നടപടിയാണ്. ഇപ്രകാരമുള്ള ഒരു നടപടി സ്വീകരിക്കാത്തമാതാപിതാക്കള്‍തങ്ങളുടെശിശുവിന് അടിസ്ഥാനരഹിതവും നിരര്‍ത്ഥകവുമായ ഒരു ജീവിതമായിരിക്കും സംഭാവന ചെയ്യുക.

വെറുപ്പ്‌സ്‌നേഹം മൂലമുണ്ടാകുന്നു. സ്‌നേഹമില്ലാത്തിടത്ത്വെറുപ്പും ഇല്ല. എല്ലാ മനുഷ്യരും പല തരത്തിലുള്ള മാനസികവ്യവസ്ഥിതികള്‍ വച്ചു പുലര്‍ത്തുന്നവരാണ്. അക്കൂട്ടത്തില്‍സ്‌നേഹവും വെറുപ്പും ശക്തിയുള്ള രണ്ടു വികാരങ്ങളാണ്. അലക്ഷ്യമായി നിങ്ങള്‍ കണക്കാക്കുന്നവരോട്‌സ്‌നേഹമോ വെറുപ്പോ ഒന്നും നിങ്ങള്‍ക്കു തോന്നുകയില്ല. ഇവ രണ്ടും ഒരു വാളിന്‍റെ ഇരുതലയും പോലെ വ്യക്തമായ പ്രതിപക്ഷ വികാരങ്ങളാണ്. നിയന്ത്രണം കൊണ്ട് സമചിത്തത പാലിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ എല്ലാം മംഗളമായിത്തീരുന്നു.

അപൂര്‍വമായി ഉണ്ടാകുന്ന വെറുപ്പും വിദ്വേഷവും പ്രകൃതിദത്തമാണ്. ഇപ്രകാരം ചിന്തിക്കാത്തവര്‍ പ്രായോഗിക ജീവിതത്തില്‍ പരാജിതരാകുവാന്‍ ഇടയുണ്ട്. സ്‌നേഹവും വെറുപ്പും വിദ്വേഷവും പ്രകൃതിദത്തമാണ്. ഇപ്രകാരം ചിന്തിക്കാത്തവര്‍ പ്രായോഗിക ജീവിതത്തില്‍ പരാജിതരാകുവാന്‍ ഇടയുണ്ട്. സ്‌നേഹവും വെറുപ്പും എല്ലാവിധ മാനുഷിക ബന്ധങ്ങളിലും ഇട മുറിയാതെ പ്രവര്‍ത്തിക്കുന്നു. ഇതു ശരിക്കു മനസ്സിലാക്കിയാല്‍ പല വിധത്തിലുള്ള ആപല്‍ഘട്ടങ്ങളില്‍നിന്നും മുക്തി നേടാന്‍ സാധിക്കുന്നതാണ്.

ശിശുക്കളില്‍ നിന്നും ആവശ്യത്തില്‍ കൂടുതല്‍ ആഗ്രഹിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് അവരെ കൂടുതല്‍ ആസ്വദിക്കുവാന്‍ സാധിക്കും. ആദ്യമായി ശിശുവിനെ ഒരു മനുഷ്യനായി കാണുക. അവന്‌സ്വന്തമായഒരുവ്യക്തിത്വം ഉണ്ടെന്ന് അംഗീകരിക്കുക. മറ്റൊരു ശിശുവിനെപ്പോലെയോ നിങ്ങളെപ്പോലെയോ നിങ്ങളുടെ ശിശുവും വളരണമെന്ന് ഒരിക്കലും ആഗ്രഹിക്കരുത്. അതുല്യനായഒരു വ്യക്തിയായി അവനെ അംഗീകരിക്കുക. ഇത്തരുണത്തില്‍ നിങ്ങളുടെ പെരുമാറ്റ രീതിയെ അല്പമായിട്ടെങ്കിലുംക്രമീകരിക്കേണ്ടിവന്നേക്കാം. എന്നാല്‍മിക്കപ്പോഴും ഇത് സാമാന്യബുദ്ധിയുടെപരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.

ശിശു ഏതു തരക്കാരനായാലും ശരി അവനെ സ്‌നേഹിക്കുക. മികച്ചതോതില്‍ അവന്‍ നിങ്ങളെയും സ്‌നേഹിക്കും. മറ്റുള്ളവരെവ്യക്തികളായിഅംഗീകരിക്കുവാനുള്ള കഴിവിന്‍റെ ആരംഭമാണ്. ഇവിടെ നാം കാണുന്നത്. അവനെ സന്തോഷിപ്പിക്കുക, അവനില്‍ ആത്മവിശ്വാസമുളവാക്കുക. ഇപ്രകാരമുള്ള ഒരു പരിശീലനം കിട്ടിയാല്‍ ജീവിതത്തിന്‍റെ എല്ലാ തുറകളിലും നിങ്ങളുടെ ശിശു വിജയം കൈവരിക്കും. അവനെ ഒരു വ്യക്തിയായി അംഗീകരിക്കുകയും അതോടൊപ്പം അവന്‍റെ സ്വന്തമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ അവനെ അനുവദിക്കുകയും ചെയ്യുമ്പോള്‍ അവന്‍റെ ജീവിതം ഒരു വിജയമായി പരിണമിക്കാന്‍ നിങ്ങള്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

കുടുംബജീവിതാരംഭം

മാതാപിതാക്കള്‍ തമ്മിലുള്ള വികാരങ്ങളും ശിശുവിനെക്കുറിച്ചുള്ള അവരുടെ ചിന്താഗതിയും അവന്‍റെ മനസ്സിനെ സാരമായി ബാധിക്കുന്നവയാണ്. മാതാപിതാക്കള്‍ എല്ലായ്‌പോഴും സുസ്‌മേരവദനരായി കാണപ്പെടണമെന്നു ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. കുടുംബത്തില്‍ഇടക്കിടയ്ക്ക്ചില്ലറ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം. എന്നാല്‍ മാതാപിതാക്കള്‍ തമ്മിലുള്ള പരിശുദ്ധമായ സ്‌നേഹത്തിന്‍റെ അടിയൊഴുക്കാണ്ശരിയായി മനസ്സിലാക്കുന്നത്.അചഞ്ചലമായഈസ്‌നേഹമാണ് എന്നെന്നേക്കുമായി അവനെ തന്‍റെ കുടുംബവുമായി സംയോജിപ്പിക്കുന്നത്.

ലോകത്തെമനസ്സിലാക്കുവാന്‍ അവിശ്രാന്തം പരിശ്രമിക്കുന്ന ശിശുവിനെ നയിക്കുന്നത് ഐക്യവും ഭദ്രതയും നിറഞ്ഞ കുടുംബാന്തരീക്ഷമാണ്. ശിശുപരിപാലനത്തില്‍തന്നെ ഭിന്ന ചിന്താഗതിയുള്ളവരാണ് മാതാപിതാക്കന്മാര്‍. അതിനാല്‍ ഒരുവടം വലിക്ക് മുതിരാതെ ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ക്രമീകരണം അംഗീകരിക്കുകയാണ് വേണ്ടത്. ഈ സംരംഭത്തില്‍ നിങ്ങള്‍ പരാജയപ്പെടുന്നപക്ഷം ഒരു മനശ്ശാസ്ത്രജ്ഞനെയോ ഡോക്ടറെയോ സമീപിച്ച് ഉപദേശം തേടേണ്ടതാണ്.

ശിശുപരിപാലനത്തോടൊപ്പംതന്നെസ്വഭര്‍ത്താവിനോട് ഭാര്യക്കും, സ്വഭാര്യയോട് ഭര്‍ത്താവിനും ചില കടപ്പാടുകളുണ്ട്. ഇരുവരും ദൈനന്ദിന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം . വീട്ടു ജോലികള്‍ തീരാതെ ഉണ്ടെങ്കില്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുക. പക്ഷേ കൂടുതല്‍ ചെയ്ത് ക്ഷീണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭാര്യമാര്‍ അല്പം അണിഞ്ഞൊരുങ്ങി ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്നത് അഭികാമ്യമാണ്. പുതിയതായി നിങ്ങളുടെ ശിശുവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച്രസകരമായരീതിയില്‍ സംസാരിക്കുന്നതിന് ഇരുകൂട്ടരും പ്രത്യേകം ശ്രദ്ധിക്കണം. അഭിവൃദ്ധിയിലുംപ്രശ്‌നങ്ങളിലുംനിങ്ങള്‍ പങ്കാളികളായിരിക്കണം. ശിശുപരിപാലനംനിങ്ങളുടെ സ്വാതന്ത്ര്യത്തെ പല വിധത്തിലും ഹനിക്കുമെങ്കിലും ഭര്‍ത്താവിനോടൊത്ത് സല്ലാപം നടത്തുവാനോ, ഉല്ലാസയാത്രയ്ക്ക്‌പോകുവാനോ അപൂര്‍വമായെങ്കിലും അവസരം ഉണ്ടാക്കേണ്ടത് നിങ്ങള്‍ ഇരുവരുടെയും ബന്ധം സുദൃഢമാക്കാന്‍ പറ്റിയതാണ്.

വാക്കുകളില്ലാത്ത സംസാരം

പല മാതാപിതാക്കളും തങ്ങളുടെ ശിശു ഒന്നു സംസാരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച്, അവന്‍റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അവന്‍ കരയുന്നത് എന്തിനാണെന്നും അറിയുവാനുള്ളകഴിവ് ഇല്ലാതിരിക്കുമ്പോള്‍, ഏതുവിധത്തില്‍ സംസാരിച്ചാലും സംസാരം ശിശുക്കള്‍ക്ക് ദുര്‍ഗ്രാഹ്യമാണ്. ഈ അവസരത്തില്‍ മൂകമായ ഒരു സംസാരരീതി നിങ്ങള്‍ക്ക് അവലംബിക്കേണ്ടതായി വരുന്നു. ഈ ഭാഷ നിങ്ങളെ വളരെ കൂടുതല്‍ ശിശുവുമായി അടുപ്പിക്കുന്നു. നിങ്ങളുടെ വികാരവിചാരങ്ങളെ അറിയുവാന്‍ കഴിവുള്ളവരുമായി മൂകമായ ഒരു അന്തരീക്ഷത്തില്‍കഴിഞ്ഞുകൂടുന്നത് എത്രയോ ആനന്ദപ്രദമാണ്. ഇത് അത്ഭുതാവഹമായ രീതിയില്‍ അടുപ്പവും സ്‌നേഹവും സുരക്ഷിതത്വബോധവുംനിങ്ങളിലുളവാക്കും.
വിവേകപൂര്‍വമായ ഒരു പ്രവൃത്തിയും ശിശുവിന്ന്അറിഞ്ഞുകൂടാ. അവനില്‍ നിന്നും കിട്ടുന്ന അടയാളങ്ങള്‍ തെറ്റായിട്ടോ ശരിയായിട്ടോ നിങ്ങള്‍ മനസ്സിലാക്കിയേക്കാം. സഹായകരമായ അടയാളങ്ങള്‍ തരത്തക്ക രീതിയില്‍ അവന് ആവശ്യമായപേശീനിയന്ത്രണം ഇല്ല. അങ്ങേയറ്റം അവന് ചെയ്യാവുന്നത്കരയുക എന്നതാണ്. ആദ്യം ഒരു പരീക്ഷണം തന്നെ നടത്തിയാണ് അവന്‍റെ ആവശ്യം നിങ്ങള്‍ അറിയുന്നത്. അവന്‍റെ സ്വന്ത ഭാഷ മനസ്സിലാക്കിയെടുക്കാന്‍ അല്പം പരിചയം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ സമയത്തു തന്നെ വിവിധ രീതികള്‍ ഉപയോഗിച്ച് അവനെ ഗ്രഹിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ശ്രദ്ധയും വാത്സല്യവും എല്ലാം ഇവിടെ ഉപയോഗിക്കപ്പെടുന്നു.

ചിലപ്പോള്‍ നിങ്ങളുടെ പ്രവൃത്തികള്‍ എന്തു തന്നെ ആയിരുന്നാലും ശിശു കരച്ചില്‍ നിര്‍ത്തുകയോ സന്തോഷിക്കുകയോ ചെയ്തു എന്ന് വരികയില്ല. ഈ ഒരു സ്ഥിതിവിശേഷം മിക്കവാറും എല്ലാ ശിശുക്കളിലും കണ്ടു വരുന്നതാണ്.മന:ശാസ്ത്രജ്ഞന്മാര്‍ക്ക് പോലും പലപ്പോഴുംപരാജയം സംഭവിക്കാറുള്ള ഒരു പരിത:സ്ഥിതിയാണ് ഇത്. ആദ്യകാലങ്ങളിലെകരച്ചില്‍ പലപ്പോഴും അര്‍ത്ഥശൂന്യമാണ്. സ്ഥിരമായ ഒരു പെരുമാറ്റരീതിയും ഇക്കാലത്ത് ശിശുക്കളില്‍ കാണുകയില്ല. ദിവസം തോറും അവന്‍റെ പെരുമാറ്റ രീതിയും വ്യത്യാസപ്പെടുന്നു. ചില ശിശുക്കള്‍ കൂടുതലും ചിലര്‍ മിതമായ രീതിയിലും ഈ വ്യതിയാനങ്ങള്‍ കാണിക്കുന്നു.

വളരെ നേരം നീണ്ടു നില്‍ക്കുന്ന കരച്ചില്‍ പോലും അപായകരമല്ല. എങ്കിലുംഈ പരിത:സ്ഥിതിയില്‍ അതിന്‍റെ കാരണം കണ്ടുപിടിക്കുവാന്‍ ഒരു ഡോക്ടറുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം. അധികമായി കരയുന്നത് അവന്‍റെവളര്‍ച്ചക്ക് ഹാനികരമാണ്.

കരച്ചില്‍ കൂടാതെ മറ്റു പല രീതികളിലും ശിശു അവന്‍റെ ഭാവചേഷ്ടകളെവെളിപ്പെടുത്തുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ അവനില്‍ മുളയ്ക്കുന്നു. സ്‌നാനം, വസ്ത്രധാരണം, ഭക്ഷണംമുതലായ പലതിലും അവന്‍ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ശരിക്കു പ്രകടിപ്പിക്കുന്നു. അവന് ഇഷ്ടമായവ എന്തൊക്കെയാണെന്ന്‌നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. ഇഷ്ടാനിഷ്ടങ്ങളെ പ്രകടിപ്പിക്കുവാന്‍ ആരംഭിക്കുന്ന ഒരു ശിശു വൈകാരികമായ വളര്‍ച്ചയില്‍ ഒരു പടി കൂടി കടന്നിരിക്കുന്നു എന്നര്‍ത്ഥം.
അവസാനമായി നിങ്ങളുടെ ശിശു അവന്‍റെസ്വന്തമായ ഒരു മൂകഭാഷ വാര്‍ത്തെടുക്കുന്നു.നിര്‍മ്മലമായ മന്ദഹാസം, പൂപ്പുഞ്ചിരി, സന്തോഷത്തിന്‍റെ കളകളനാദം, തുടങ്ങിയവയെല്ലാംതന്‍റെ ഭാഷയായി അവന്‍ അംഗീകരിക്കുന്നു. ഇത് നിങ്ങള്‍ക്കും ശിശുവിനും ഒരുപോലെ പ്രയോജനകരമായ ഒരു ഭാഷയാകുന്നു.

ശിശുക്കള്‍ എന്തു മനസിലാക്കുന്നു

ശിശുക്കള്‍ ആംഗ്യഭാഷ ശരിക്കും മനസ്സിലാക്കുന്നുണ്ട്. അവനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നാണ് അവന്‍ ഉചിതമായവ സ്വീകരിക്കുന്നത്. സന്തോഷവും അസന്തോഷവും ഉളവാക്കുന്ന സന്ദര്‍ഭങ്ങളെ അവന്‍ വേഗത്തില്‍ തിരിച്ചറിയുന്നു. എന്നാല്‍ നിങ്ങളില്‍ പലരും പ്രത്യേക കാരണമൊന്നുമില്ലാതെതന്നെ പലപ്പോഴും മനസ്സില്‍ വിഷമിക്കാറുണ്ട്. നിങ്ങളുടെ മാനസികാഘാതങ്ങളും വിഷമങ്ങളും വേവലാതികളും അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
തന്‍റെ ശാരീരികാവശ്യങ്ങളില്‍ മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുഎന്ന് പ്രത്യേകം കണ്ടുപിടിക്കാന്‍ ഒരു ശിശുവിന് പ്രാപ്തിയുണ്ട്. യാന്ത്രികമായോ അലക്ഷ്യമായോ പെരുമാറുന്നത് അവന്‍ തിരിച്ചറിയുന്നു. തന്‍റെ ആവശ്യങ്ങള്‍ നിറവേറുന്നതോടൊപ്പം തന്നെ നിങ്ങളുടെ പരിപൂര്‍ണ്ണ ശ്രദ്ധയും അവന് ആവശ്യമാണ്. ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായിട്ടുള്ളപ്പോള്‍ ഇത് അല്പം പ്രയാസമായിരിക്കാമെന്നു വരികിലും അവന് ആഹാരം കൊടുക്കുകയോ കുളിപ്പിക്കുകയോ വസ്ത്രം ധരിപ്പിക്കുകയോ കളിപ്പിക്കുകയോ ചെയ്യുമ്പോഴെല്ലാം മറ്റു സംഗതികളില്‍ നിന്നും മനസ്സ് പിന്‍വലിച്ചു സ്വന്തം ശിശുവില്‍ ശ്രദ്ധയെ പരിപൂര്‍ണമായി കേന്ദ്രീകരിക്കേണ്ടതുണ്ട്. വിഷമിപ്പിക്കുന്ന ചിന്തകള്‍ മനസ്സിലുണ്ടെങ്കില്‍അവയെക്കുറിച്ച് വിശദമായി അവനോടു വാത്സല്യപൂര്‍വ്വം പറയാം. ഉദാഹരണമായി"മോനേ നിന്നെ കുളിപ്പിച്ച് കിടത്തിയിട്ടൂ വേണം അമ്മയ്ക്ക് ആ കഞ്ഞി ഒന്ന് വാര്‍ക്കാന്‍." വിസ്തരിച്ചു പറയേണ്ട സന്ദര്‍ഭങ്ങളില്‍ അവന്‍ കൂടുതലായി ആനന്ദിക്കുന്നത് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എന്ത് പറയുന്നു എന്ന് അവന് ദുര്‍ഗ്രാഹ്യമായതിനാല്‍ ചുണ്ടിന്‍റെ ചലനം കൊണ്ടും തന്മൂലം ഉണ്ടാകുന്ന ശബ്ടംകൊണ്ടും അമ്മയുടെ ശ്രദ്ധ മുഴുവന്‍ തനിക്കു കിട്ടുന്നു എന്ന് അവന്‍ ധരിക്കുന്നു. കൂടാതെ ഇത് അവനില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയെ കൂടുതല്‍ കൂടുതലായി കവര്‍ന്നെടുക്കുന്നു. ശിശുവിന് ആനന്ദദായകമായപ്രവൃത്തികള്‍ഇന്നതാണെന്നു കണ്ടുപിടിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കുവാന്‍ മാതാപിതാക്കള്‍ക്ക്ഒരുവാസന പ്രത്യേകമായി കാണുന്നുണ്ട്. ഉദാഹരണമായി അവന്റെ ചുണ്ടിലും കവിളിണകളിലും ഇക്കിളിയിടുന്നത്മിക്കവാറുംഎല്ലാ മാതാപിതാക്കളും ആവര്‍ത്തിച്ചുചെയ്യുന്നവയാണല്ലോ. പരിപൂര്‍ണമായിശ്രദ്ധ അവനില്‍ കേന്ദ്രീകരിപ്പിക്കുവാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളുംവിരളമല്ല. അപ്പോഴെല്ലാം അവനെ മറ്റ് ആരെയെങ്കിലും കുറച്ചു നേരത്തേക്ക് ഏല്പിക്കുന്നത് നല്ലതാണ്. അല്പസമയത്തിനുള്ളില്‍നിങ്ങളുടെ മാതൃവാസന സുശക്തമാകുകയുംഅവനു കിട്ടേണ്ടതായ പരിപൂര്‍ണശ്രദ്ധപ്രദാനം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കുകയും ചെയ്യും. അല്പംമാനസികാസ്വാസ്ഥ്യം തോന്നുമ്പോഴെല്ലാം കുഞ്ഞിനെ പിരിഞ്ഞിരിക്കണമെന്ന്ഇതിനര്‍ത്ഥമില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമേ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന്ഒരുമ്പെടാവൂ. കൂടാതെ നിങ്ങള്‍ക്കുണ്ടാകുന്ന അപൂര്‍വമായ മനസികാസ്വാസ്ഥ്യങ്ങള്‍അവനില്‍കരിയപ്പെടാത്ത മുറിവുണ്ടാക്കുമെന്നു ഭയപ്പെടേണ്ടതില്ല. അപൂര്‍വമായി ഉണ്ടായേക്കാവുന്ന മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷങ്ങള്‍ ഒരു ശിശുവില്‍ സ്ഥായിയായ ഒരു വ്യത്യാസവും ഉണ്ടാക്കുകയില്ല. പക്ഷേ എപ്പോഴും ഇത് ആവര്‍ത്തിച്ചാല്‍ അവന്‍റെ മനസ്സില്‍ ക്ഷതമേറ്റു എന്നു വരാം.

വിശപ്പ്

വിശക്കുകഎന്നത് സുപ്രധാനമായ ഒരു ജന്മവാസനയാണ്.ഇതില്‍ രണ്ടു വിഭാഗങ്ങളുണ്ട് എന്നുള്ളത് പലര്‍ക്കും അജ്ഞാതമാണ്. ആഹാരത്തിനുള്ള വിശപ്പു പോലെ തന്നെ സ്‌നേഹത്തിനും ഭദ്രതയ്ക്കുംവേണ്ടിയും ഒരു ശിശുവിനു വിശപ്പുണ്ട്. ആദ്യമായി അവന് ആഹാരം കൊടുക്കുമ്പോള്‍ മേല്പറഞ്ഞ രണ്ടു തരത്തിലുള്ള വിശപ്പുകളും നിങ്ങള്‍ക്കുതൃപ്തിപ്പെടുത്താന്‍ സാധിക്കുന്നു. മുലപ്പാല്‍ പ്രകൃതി ഒരുക്കിയ വിഭവമാണ്. എന്നാല്‍ മുലക്കുപ്പി ഉപയോഗിച്ചും പാല്‍ കൊടുക്കുന്നതില്‍ തെറ്റില്ല. പരിഷ്കൃത രാജ്യങ്ങളില്‍ ശിശുക്കള്‍ക്ക് മുല കൊടുക്കുന്നത് വളരെ വിരളമാണ്. മാതാവിന്‍റെ മുലപ്പാലിനോട്‌സമമായരീതിയിലും ചിലപ്പോള്‍ അല്പം മെച്ചപ്പെട്ട രീതിയിലും പോഷകാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദ്രാവക പദാര്‍ത്ഥങ്ങള്‍ സുലഭ്യമായി കാണുന്നുണ്ട് ഈ രാജ്യങ്ങളില്‍. പൊതുവെ സ്ത്രീകള്‍ ശിശുക്കള്‍ക്ക് മുല കൊടുക്കുവാന്‍ ഇഷ്ടപ്പെടാറില്ല. കാരണം മുല കൊടുക്കുന്നതുകൊണ്ട് മാറിടത്തിന്‍റെസൌന്ദര്യം നഷ്ടപ്പെടുകയില്ലേ എന്നുള്ള ഭയമാണ്. ജനനത്തിനു ശേഷം ശിശുക്കളില്‍ ആദ്യമായി കണ്ടുവരുന്ന ഒരു വാസനയാണ് ഈമ്പിക്കുടിക്കുക എന്നത്. സ്തനം നുകരുമ്പോള്‍ അവന്‍ ഒരു ജന്മവാസനയെ തൃപ്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ മാതൃത്വത്തിന്‍റെ വികാരങ്ങളും തൃപ്തിയടയുന്നു.

ശാസ്ത്രീയമായ രീതിയില്‍ ശരീരപോഷണത്തില്‍നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ശിശുവിന്‍റെആഹാരാവശ്യങ്ങള്‍ നിറവേറ്റുന്നത് സുഗമവും സന്തോഷപ്രദവും ആയിത്തീരുന്നു. വിശപ്പുള്ള ഒരു ചെറിയ വ്യക്തിയായി അവനെ അംഗീകരിക്കണം. ആഹാരം കൊടുക്കുന്ന സമയം അവനെ തിരക്കുകൂട്ടി അസ്വസ്ഥനാക്കരുത്. അവന്അവശ്യം വേണ്ട ഭദ്രതയും അവന്‍റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും ഈ സന്ദര്‍ഭത്തില്‍ കൊടുത്തേ തീരൂ. സ്‌നേഹപ്രകടനങ്ങള്‍ കൊണ്ട് അവനെ ആനന്ദിപ്പിക്കുക.
നിയന്ത്രിതമായആഹാരരീതിയുംഅവന്വിശക്കുമ്പോള്‍ മാത്രം കൊടുക്കുക എന്ന രീതിയും രണ്ടും നല്ലതാണ്. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വംആഹാരം കൊടുക്കുന്നത് തികച്ചും തെറ്റായ നടപടിയാണ്. ഇതുമൂലം അവന്‍ ഭക്ഷണത്തെ വെറുക്കുവാന്‍ ഇടയാകുന്നു. അവന്‍റെ സന്തോഷത്തിന് ഹാനി തട്ടുന്നു. മിക്ക ശിശുക്കളും വളരെ വേഗത്തില്‍ തങ്ങളുടെ സ്വന്തമായ ഒരു ആഹാരക്രമീകരണം സ്വീകരിക്കാറുണ്ട്. ഒരു തവണ കുറച്ചും മറ്റൊരു തവണ കൂടുതലും കഴിച്ചേക്കാമെങ്കിലും സ്വന്തമായ ഒരു സമയക്രമീകരണം അവര്‍ക്കു സാധിക്കുന്നു.

ഘനപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുക എന്നത് വളര്‍ച്ചയുടെ ഒരു മാനദണ്ഡമായി കണക്കാക്കേണ്ടതില്ല. എപ്പോഴാണ് ഘനപദാര്‍ത്ഥങ്ങള്‍ കൊടുക്കേണ്ടത് എന്നും അത് എങ്ങനെയെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശീലനം സിദ്ധിച്ച ഡോക്ടറാണ് നിശ്ചയിക്കേണ്ടത്.

നിങ്ങളുടെ കുഞ്ഞിനു എപ്പോഴാണ് വിശക്കുന്നത് എന്നു കണ്ടുപിടിക്കാന്‍ വളരെ വേഗത്തില്‍ നിങ്ങള്‍ പഠിക്കുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും അവന് ആഹാരം കൊടുക്കേണ്ട ആവശ്യമില്ല. ചിലപ്പോള്‍ ഈമ്പുന്നതിനുള്ള അവന്‍റെ വാസനയുടെ സംതൃപ്തിക്കുവേണ്ടിമാത്രമായിരിക്കും.ആദ്യ മാസങ്ങളില്‍ അവന്‍റെ സുഖത്തിന്‍റെപകുതി ഇങ്ങനെ നുണയുന്നതില്‍ നിന്നാണ് കിട്ടുന്നത്. പലപ്പോഴും ഭക്ഷണത്തിനു വേണ്ടിയുള്ള അവന്‍റെ ആവശ്യത്തെക്കാള്‍ കൂടുതലായി ഈ ആസക്തിയായിരിക്കും കാണുക.

ഈമ്പിക്കുടിക്കുക എന്നത് ശാരീരികമായും വൈകാരികമായും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആഹാരം കഴിക്കുന്നതോടൊപ്പം തന്നെ ഇത് മുഖത്തെ മാംസപേശികളെ ദൃഢതരമാക്കുകയും നാവിനെ മയപ്പെടുത്തി സംസാരത്തിന് ഒരുക്കുകയും ചെയ്യുന്നു. കുറെയേറെ കാലത്തേക്ക് അവന്‍റെ വായ് ഒരു പരീക്ഷണ ശാല പോലെ പ്രവര്‍ത്തിക്കുന്നു. എന്തു സാധനം കിട്ടിയാലും അത് ഉടനെതന്നെ വായിലേക്ക് കൊണ്ടുവരാന്‍ അവന്‍ മടിക്കുകയില്ല.ഇത് വിശപ്പുകൊണ്ടാണെന്നു തെറ്റിദ്ധരിക്കേണ്ട. പിന്നെയോ തന്‍റെ പരിസരപ്രദേശത്തെ സാധനങ്ങളെവായിലെ സ്പര്‍ശനത്തില്‍ കൂടി തിരിച്ചറിയുവാന്‍ അവന്‍ പരിശ്രമിക്കുകയാണ് ഇവിടെ. ഈ പ്രവണത പ്രോത്സാഹിപ്പിക്കുന്നത് വളരെ സൂക്ഷിച്ചുവേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ശിശു കരയുന്നത് എന്തിനാണെന്നു എളുപ്പത്തില്‍ പറയുക പ്രയാസമാണ്. മുലക്കുപ്പി കുടിക്കുന്നതില്‍ അവന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ വെറുതെ ഈമ്പുക എന്നതായിരിക്കും അവന്‍റെ ആവശ്യം. അതിനാല്‍ ഒരു നിപ്പിള്‍ കൊടുക്കുന്നത് ഉത്തമമായിരിക്കും. കൈകളില്‍ പൊക്കിയെടുത്ത് ലാളിക്കുകഎന്നതായിരിക്കും ചിലപ്പോള്‍ അവന്‍റെ ആവശ്യം. അനുഭവപരിചയം കൊണ്ട് ഇവയെല്ലാം നിങ്ങള്‍ക്ക് ക്ഷിപ്രസാധ്യമായിതീരുന്നതാണ്.

വിരല്‍ കുടിക്കുന്ന കുട്ടി

എല്ലാ ശിശുക്കളിലും കണ്ടുവരുന്ന ഒരു സ്വഭാവമാണ് വിരല്‍ ഈമ്പുക എന്നത്. ഒരു ജന്മവാസനയുടെ പ്രേരണ മാത്രമാണത്. ഓരോ ശിശുവിലും ഈ വാസന വ്യത്യസ്തമായ അളവില്‍ കണ്ടുവരുന്നു. അവന്‍ വളര്‍ച്ച പ്രാപിക്കുന്തോറും പക്വതയേറിയ സ്വഭാവ വിശേഷങ്ങള്‍ ഈ വാസനയെ പിടിച്ചമര്‍ത്തുന്നു.

ഈ സ്വഭാവം മൂലം ശിശുവിന്‍റെ പല്ലുകള്‍ക്ക് സാരമായ തകരാറുണ്ടാകുമെന്നു കുണ്‍ഠിതപ്പെടുന്ന മാതാപിതാക്കള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് ആദ്യവര്‍ഷത്തില്‍ ഒട്ടും തന്നെ സംഭവിക്കുന്നില്ല. പാരമ്പര്യവും പോഷകപദാര്‍ത്ഥങ്ങളും ആണ് ഇവിടെ കൂടുതലായി സഹായിക്കുന്നത്. സാരമായ ഒരു കാരണവും കൂടാതെ ഇങ്ങനെ വിഷമിക്കേണ്ട ആവശ്യമില്ല തന്നെ.
ശിശുവിന്‍റെ ഈമ്പുന്നതിനുള്ള ഈ വാസനയെ ശക്തിപൂര്‍വ്വം നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ അത് അവന്‍റെ വ്യക്തിത്വത്തെ സാരമായി ബാധിച്ചു എന്നു വരാം. കാരണം ജന്മവാസനകളെ തടസ്സപ്പെടുത്തുകയാണിവിടെ. അവന്‍ മനുഷ്യവിദ്വേഷിയും കഠിനഹൃദയനും ആകാന്‍ തന്നെ തരമുണ്ട്. നിയന്ത്രണവുംതടസ്സപ്പെടുത്തലും ഈ സ്വഭാവത്തെ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ പോന്നവയാണ്. ശല്യപ്പെടുത്താതെയിരുന്നാല്‍തന്‍റെചുറ്റുപാടുകളില്‍ അവനു താല്പര്യം വര്‍ദ്ധിക്കുന്നതോടൊപ്പംഈ സ്വഭാവവും അപ്രത്യക്ഷമാകുന്നതാണ്.

നിങ്ങള്‍ക്കിഷ്ടമുള്ളഒരു ഡോക്ടറെ കൊണ്ട് ശിശുവിനെ ക്രമമായി പരിശോധിപ്പിക്കുന്നത് ശൈശവകാലത്ത് സാധാരണയായി ഉണ്ടാകാറുള്ള രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനു വളരെ അധികം സഹായിക്കും. സാധാരണയായിഅസുഖം ഉണ്ടാകാറുള്ളപ്പോള്‍ മാത്രമേ നാം ഡോക്ടറെ കാണാറുള്ളു. എന്നാല്‍ രോഗം വരുന്നതിനു മുമ്പാണല്ലോ അതു തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കുന്നത്. പരിഷ്കൃത രാജ്യങ്ങളില്‍ രോഗങ്ങളില്‍ നിന്നു വിമുക്തി നേടാന്‍ ആവശ്യമായ മരുന്നുകള്‍ ആദ്യവര്‍ഷത്തില്‍ തന്നെ കുത്തിവെക്കുന്നു. രോഗാണുക്കളുമായി മല്ലിടുന്നതിനുള്ള ശരീരശക്തിയെ ഇത് അനേക മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പില്‍ക്കാലത്ത് വന്നു പോയേക്കാവുന്ന പലതരം ശാരീരികബലഹീനതകളെ വിദഗ്ദ്ധമായ രീതിയില്‍ ഡോക്ടര്‍ക്ക് കണ്ടുപിടിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു.മൊത്തമായസന്തുഷ്ടി ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ചും അവന്‍റെ വൈകാരികവും വ്യക്തിപരവുമായ വളര്‍ച്ചയ്ക്ക്. കഠിനമായ ദുഃഖം വളര്‍ച്ചയെ സാരമായി തടസ്സപ്പെടുത്തുന്നതാണ്. ഒരു പരിധി വരെ അവന്‍നിങ്ങളെ മാതൃകയാക്കി സ്വീകരിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ സമീപിക്കുന്ന ഡോക്ടറോമന:ശാസ്ത്രജ്ഞനോനിങ്ങളുടെ കുടുംബജീവിതത്തെക്കുറിച്ചു പലതും അറിയേണ്ടതായി വരുന്നു. മതിയായ ഉത്തരം അവര്‍ക്കു കൊടുക്കുവാന്‍ നിങ്ങള്‍ക്കു കടമയുണ്ട്.

വ്യക്തിത്വത്തെപ്പറ്റി

അനായാസേനലോകത്തെ അഭിമുഖീകരിക്കുന്ന ശിശുക്കള്‍ പല രീതിയിലും മെച്ചപ്പെട്ട വ്യക്തിത്വം വെച്ചുപുലര്‍ത്തുന്നവരാണ്. സ്വഭാവദൂഷ്യം ഉണ്ടാക്കിയേക്കാവുന്ന പല തരത്തിലുള്ള മാനസിക സംഘട്ടനങ്ങളെയും ആഘാതങ്ങളെയും മറികടന്നു പ്രവര്‍ത്തിക്കുവാനുള്ള തന്റേടം ഉണ്ടാകണമെങ്കില്‍ശിശു അവന്‍റെ സ്വന്തമായ രീതിയില്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം. മാതാപിതാക്കളില്‍ സാധാരണയായി കണ്ടുവരാറുള്ള ഒരു പ്രവണതയുണ്ട്. ശിശുവില്‍ സമ്മര്‍ദ്ദം ചെലുത്തി തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍പെരുമാറാന്‍ പഠിപ്പിക്കുക എന്നതാണ് ഇത്. അവന്‌സ്വന്തമായ ഒരു വ്യക്തിത്വമുണ്ടെന്നും പരിചയസമ്പത്ത് ഇല്ലാത്തതുകൊണ്ടാണ്‌പെരുമാറ്റത്തില്‍അപാകത വന്നു പോകുന്നതെന്നും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അവനു സ്വന്തമായ ഒരു രീതിയുണ്ടെന്നും അംഗീകരിക്കുന്ന മാതാപിതാക്കള്‍ നല്ല ഭാവി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നവരാണ്. നിയന്ത്രണം ആവശ്യമില്ല എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് തങ്ങള്‍ ഒരുമാതൃകയായിരിക്കുകയും ജീവിതത്തില്‍ അവര്‍ക്ക് മാര്‍ഗ്ഗദര്‍ശികളായിപെരുമാറുകയും ചെയ്യുക എന്നതാണ്ഉത്തമ മാതാപിതാക്കളുടെ പ്രധാന കര്‍ത്തവ്യം. ശക്തി ഉപയോഗിച്ച് ശിശുവിന്‍റെ പിഞ്ചുഹൃദയത്തെഭയവിഹ്വലമാക്കിഅവനില്‍ നിന്നും അനുസരണം പ്രതീക്ഷിക്കുന്നത് തികച്ചും തെറ്റായ ഒരു നടപടിയാണ്. ശിശുവിന് വീര്‍പ്പുമുട്ടല്‍ ഉണ്ടാകത്തക്ക രീതിയിലും അവന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരു വിലങ്ങുതടിയായിരിക്കുന്ന രീതിയിലും അവനെ സ്‌നേഹിക്കുന്നതു തെറ്റാണ്. പൂര്‍ണമായി അവനെ സ്‌നേഹിക്കുക. ആവശ്യമുള്ളസ്വാതന്ത്ര്യംകൊടുക്കുക. സുരക്ഷിതത്വബോധം അവനില്‍ ഉളവാക്കുക. ആവശ്യം വന്നാല്‍ അവന് ആശ്രയം കൊടുക്കുക.
നിങ്ങളുടെ ശിശുവിന് കൊടുക്കാവുന്ന സുപ്രധാനങ്ങളായ നാലു കാര്യങ്ങളുണ്ട്. (1) സംരക്ഷണം(2) ഹൃദയം നിറഞ്ഞ സ്‌നേഹം (3) വ്യക്തിത്വത്തിനുള്ള അംഗീകാരം. (4)ആവശ്യമായ നിര്‍ദ്ദേശങ്ങള്‍. ഈ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അപ്പോഴപ്പോള്‍ ഉണ്ടാകുന്ന സംശയങ്ങളുടെ നിവാരണത്തിന് ഒരു ഡോക്ടറെയോ മന:ശാസ്ത്രജ്ഞനെയോ സമീപിക്കേണ്ടതാണ്.

********

വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ Retired New York State Clinical Psychologist
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുന്നു

(സമ്പാദകന്‍: വിനോയ് (ബിനോയ്) തെന്നശ്ശേരില്‍ പിറവം)
ശിശു എന്ന വ്യക്തി (വെരി. റവ. ചെറിയാന്‍ നീലാങ്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക