Image

ഒരു ചിത്രത്തിന്റെ വില (പകല്‍ക്കിനാവ്- 75: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 01 November, 2017
ഒരു ചിത്രത്തിന്റെ വില (പകല്‍ക്കിനാവ്- 75: ജോര്‍ജ് തുമ്പയില്‍ )
ലൊസാഞ്ചല്‍സില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തമാശയെന്നു തോന്നിയെങ്കിലും പിന്നീട് അതിന്റെ കാര്യമോര്‍ത്തപ്പോള്‍ മനസ്സിലായി, ഒന്നും കുട്ടിക്കളിയല്ലെന്ന്. സംഗതി ഇതാണ്-വെറും 'മുതലാളി' മാത്രമായിരുന്ന കാലത്തു ഡോണള്‍ഡ് ട്രംപ് ഒരു ചിത്രം വരച്ചു; പിന്നീടത് ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയതു 100 ഡോളറില്‍ താഴെ. അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ഈയിടെ വീണ്ടും ഈ ചിത്രം ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയതാവട്ടെ, 16,000 ഡോളര്‍. (ഏതാണ്ട് പത്തരലക്ഷം രൂപ). ട്രംപ് വരച്ച എംപയര്‍ സ്റ്റേറ്റ് മന്ദിരത്തിന്റെ വരയ്ക്കാണ് ഈ 'യോഗം.' വെറും മിനിറ്റുകള്‍ മാത്രമെടുത്തു കുത്തി വരച്ചയൊരു ചിത്രം മാത്രമായിരുന്നു ഇത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ കാര്യങ്ങള്‍. ലോകപ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗ് ജീവിച്ചിരുന്നപ്പോള്‍ വരച്ച ഒരൊറ്റ ചിത്രം പോലും അദ്ദേഹത്തിനു വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീടത് കോടിക്കണക്കിനു രൂപയ്ക്കാണ് വിറ്റു പോയത്. ഇപ്പോഴതൊക്കെയും തിരിച്ചു വാങ്ങി ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. മനസ്സിന്റെ ക്യാന്‍വാസില്‍ വിരിഞ്ഞ്, മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തിന് മറ്റൊരു ക്യാന്‍വാസിലേക്ക് പകര്‍ത്തപ്പെടുന്ന പെയിന്റിങ്ങുകള്‍ക്ക് എത്രയാണ് വില. ആയിരമോ പതിനായിരമോ, ലക്ഷമോ അതോ കോടിയോ? ചിത്രകാരന്റെ ഭാഷയിലാണെങ്കില്‍ വിലമതിക്കാനാവില്ല. പെയിന്റിങ്ങുകളെ പ്രണയിക്കുന്നവര്‍ വില നിര്‍ണയിക്കും. അത് ചിലപ്പോള്‍ കോടികള്‍ക്കൊണ്ടാവും. ഇത്രയും വില കൊടുത്ത് സ്വന്തമാക്കാന്‍ മാത്രം എന്തിരിക്കുന്നുവെന്ന് ചിന്തിച്ചെന്നുവരാം. അത് ചിത്രകാരനോടും അദ്ദേഹത്തിന്റെ രചനയോടും അതിലുപരി ഇഷ്ടപ്പെട്ടത് സ്വന്തമാക്കാനുള്ള തീവ്രമായ ആഗ്രഹത്താലും സംഭവിച്ചുപോകുന്ന ഒന്നാണ്.
പാബ്ലോ പിക്കാസോ, വിന്‍സന്റ് വാന്‍ഗോഗ്, മോദിഗ്ലിയാനി തുടങ്ങിയ വിലപിടിപ്പുള്ള ചിത്രകാരന്മാരുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഭാരതീയ ചിത്രകാരന്മാരുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇവരുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റഴിയുന്നു. വി.എസ്. ഗെയ്തൊണ്ടെ, ഗഗനേന്ദ്രനാഥ് ടഗോര്‍, നസ്രീന്‍ മൊഹമെദി, എം.എഫ്. ഹുസൈന്‍, എസ്.എച്ച്. റാസ, ഫ്രാന്‍സിസ് ന്യൂടണ്‍ സൂസ, അമൃത ഷെര്‍ ഗില്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അടുത്തിടെ ഭാരതീയ ചിത്രകാരന്‍ വി.എസ്. ഗെയ്തൊണ്ടെയുടെ ഒരു ചിത്രം ലേലത്തില്‍ വിറ്റഴിച്ചത് 29.3 കോടി രൂപയ്ക്കാണ്. മുഴുവന്‍ പേര് വസുദിയോ സന്തു ഗെയ്തൊണ്ടെ. 1924 ല്‍ ജയ്പൂരില്‍ ജനനം. 1948 ല്‍ സര്‍ ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ഡിപ്ലോമ നേടി. അബ്സ്ട്രാക്ട് ചിത്രരചനയിലായിരുന്നു താല്‍പര്യം. 1950 കളില്‍ ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ ഭാഗമായി. ആരേയും വിസ്മയിപ്പിക്കുന്നതായിരുന്നു പെയിന്റിങ്ങുകള്‍. താനൊരു അബ്സ്ട്രാക്ട് ചിത്രകാരന്‍ ആണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ചിത്രങ്ങള്‍ നോണ്‍ ഒബ്ജക്ടീവ് ശൈലിയിലാണെന്ന് വിശേപ്പിക്കാനായിരുന്നു ഇഷ്ടം. കൂടിയ വിലയ്ക്ക് പെയിന്റിങ്ങുകള്‍ വിറ്റുപോയ ഭാരതീയ ചിത്രകാരന്മാരില്‍ ഒരാളാണ് ഗെയ്തൊണ്ടെ. 1995 ല്‍ പൂര്‍ത്തിയാക്കിയ എണ്ണച്ചായ ചിത്രം 2015 ല്‍ മുംബൈയില്‍ നടന്ന ക്രിസ്റ്റീസിന്റെ ലേലത്തില്‍ വിറ്റുപോയത് 29.3 കോടി രൂപയ്ക്ക്. പെയിന്റിങ്ങിന് പേര് നല്‍കിയിട്ടില്ല. 2013 ല്‍ നടന്ന ലേലത്തിലും ഇദ്ദേഹത്തിന്റെ ചിത്രം നേടിയത് 23.7 കോടി രൂപ. 1979 ല്‍ വരച്ച ചിത്രവും എണ്ണച്ചായത്തിലുള്ളതാണ്. 1962 ല്‍ വരച്ച ദേവനാഗരി ഓണ്‍ റിവേഴ്സ് എന്ന എണ്ണച്ചായ ചിത്രം വിറ്റുപോയത് 15.3 കോടി രൂപയ്ക്ക്. 2001 ലാണ് ഗെയ്തൊണ്ടെ വരയുടെ ലോകത്തുനിന്ന് മറഞ്ഞത്.

എസ്.എച്ച്. റാസ എന്ന ചിത്രകാരന്റെ ഒരു ചിത്രം വിറ്റത് 18.61 കോടി രൂപയ്ക്കാണ്. ജ്യാമിതീയ അബ്സ്ട്രാക്ട് ചിത്രങ്ങള്‍ വേഗത്തില്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനായിരുന്നു എസ്. എച്ച്. റാസ. തത്വചിന്തയും പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇഴചേര്‍ന്നുനിന്നു. അദ്ദേഹത്തിന്റെ സൗരാഷ്ട്ര എന്ന ചിത്രം 2010 ല്‍ 16.42 കോടി രൂപയാണ് ലേലത്തില്‍ നേടിയത്. മാതൃരാജ്യത്തോടുള്ള ആദരസൂചകമായി 1983 ലാണ് റാസ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സൗരാഷ്ട്ര കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് അക്രലിക് മാധ്യമത്തിലാണ്. നിറങ്ങളുടെ സംയോജനം ആരിലും അത്ഭുതമുളവാക്കും. മനസ്സിനെയാണ് ബിന്ദുവിലൂടെ അനാവരണം ചെയ്തിരുന്നത്. താന്ത്രിക് ചിത്രരചനാശൈലിയോട് സാമ്യമുള്ളതായിരുന്നു റാസയുടെ പെയിന്റിങ്ങുകള്‍. മറ്റൊരു സൃഷ്ടിയായ ലാ ടെറ 2014 ല്‍ 18.61 കോടി രൂപയ്ക്കാണ് വിറ്റത്. 1972 ല്‍ വരച്ച തപോവന്‍ പെയിന്റിങ് 2006 ല്‍ 6.5 കോടി രൂപക്ക് വിറ്റു. ഇത്തരത്തില്‍ പത്തിലേറെ ചിത്രങ്ങളാണ് ലേലത്തിലൂടെ കോടികള്‍ വാരിക്കൂട്ടിയത്.

എഫ്.എന്‍.സൂസ ഗോവക്കാരനാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രം നേടിയത് 26.9 കോടി രൂപയാണ്. 1955 ല്‍ വരച്ച ബര്‍ത്ത്, ജനനം പോലെതന്നെ ഉദാത്തമാണ്. ഇത് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ്.എണ്ണച്ചായ ചിത്രമാണിത്. 2015 ല്‍ മുംബൈയില്‍ നടന്ന ക്രിസ്റ്റീസിന്റെ ലേലത്തില്‍ 26.9 കോടി രൂപയ്ക്കാണ് വിറ്റത്. 1957 ല്‍ വരച്ച വുമണ്‍ ആന്‍ഡ് മാന്‍ ലാഫിങ് വിറ്റുപോയത് 16.84 കോടി രൂപക്കും. ദ ബച്ചര്‍, ഇന്ത്യന്‍ ഫാമിലി, ലവേഴ്സ്, മാന്‍ വിത് ദ മോന്‍സ്ട്രന്‍സ്, റെഡ് കര്‍സ്, ആംസ്റ്റര്‍ഡാം ലാന്‍ഡ്സ്‌കേപ് എന്നീ പെയിന്റിങ്ങുകളും കോടികള്‍ മുടക്കിയാണ് ലേലത്തിലൂടെ ആസ്വാദകര്‍ സ്വന്തമാക്കിയത്.

എം.എഫ്. ഹുസൈന്‍ വരച്ച എണ്ണച്ചായ ചിത്രം ക്രിസ്റ്റീസിന്റെ ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് വിറ്റത്. 2015 ല്‍ നടന്ന ലേലത്തില്‍ ദ സിക്സ്ത് സീല്‍ എന്ന പെയിന്റിങ് ആരാധകന്‍ വാങ്ങിയത് 7.17 കോടി രൂപ കൊടുത്ത്. 1972 ല്‍ തീര്‍ത്ത ബാറ്റില്‍ ഓഫ് ഗംഗ ആന്‍ഡ് യമുന: മഹാഭാരത എന്ന ചിത്രം6.5 കോടി രൂപയാണ് ലേലത്തിലൂടെ നേടിയത്.
2.4 കോടി 2016 സപ്തംബര്‍ എട്ടിന് ന്യൂഡല്‍ഹിയില്‍ നടന്ന ലേലത്തില്‍ നസ്രീന്‍ മൊഹമെദിന്റെ ഓയില്‍ പെയിന്റിങ് 2.4 കോടി രൂപയ്ക്കാണ് വിറ്റത്. ജലച്ചായം കൊണ്ടും മഷികൊണ്ടും പേപ്പറില്‍ തീര്‍ത്ത ചിത്രവും അന്നേദിവസം 42 ലക്ഷം രൂപക്കാണ് വിറ്റുപോയത്.

രവീന്ദ്രനാഥ ടഗോര്‍ അമ്മാവനായിരുന്ന ഗഗനേന്ദ്രനാഥ് ടഗോറിന്റെ റൂബന്‍സ് സ്‌കെച്ച് ബുക്ക് ലേലത്തിലൂടെ നേടിയത് 1.8 കോടി രൂപ. ഇവര്‍ മാത്രമല്ല, പെയിന്റിങ്ങുകളിലൂടെ ലോകത്തിന്റെ ശ്രദ്ധനേടിയ ഭാരതീയര്‍ ഇനിയുമുണ്ട്. പ്രശസ്ത ചിത്രകാരന്‍ അക്ബര്‍ പദംസി 1960 ല്‍ വരച്ച 'ഗ്രീക്ക് ലാന്‍ഡ്സ്‌കേപ്' എന്ന ചിത്രം 19 കോടി രൂപയാണ് ലേലത്തില്‍ നേടിയത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ടാണ് അടുത്തിടെ ലേലം നടത്തിയത്.അമൃത ഷെര്‍ ഗില്ലിന്റെ സെല്‍ഫ് പോര്‍ട്രെയിറ്റ് ലേലത്തില്‍ പോയത് 18.28 കോടി രൂപയ്ക്കാണ്. തൈബ് മെഹ്തയുടെ മഹിഷാസുര ലേലത്തിലൂടെ നേടിയത് 19.78 കോടി രൂപ. ഇദ്ദേഹത്തിന്റെ തന്നെ ഫോളിങ് ബുള്‍ നേടിയതാവട്ടെ 17.54 കോടി. ഇതൊക്കെ അറിയുമ്പോള്‍ പെയിന്റിങ് നിസാര സംഗതിയല്ല എന്ന് തോന്നുന്നില്ലെ. ചിത്രകാരന്മാര്‍ അരങ്ങൊഴിഞ്ഞാലും അവരുടെ പ്രതിഭക്ക് എപ്പോഴും അംഗീകാരമുണ്ടാവും. ലോകമെമ്പാടുമുള്ള ചിത്രകാരന്മാരെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇന്ത്യന്‍ ചിത്രകാരന്മാരെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്തതിനാലാണ് ഇതു പറഞ്ഞതെന്നു മാത്രം. ഇതു പറയയിപ്പിക്കാന്‍ സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് വേണ്ടി വന്നു. അദ്ദേഹത്തിന്റെ നെടുകയും കുറുകയുമുള്ള ഒരു ചിത്രം വേണ്ടി വന്നു. ഇനി കാത്തിരിക്കേണ്ട, നിങ്ങളും വരച്ചു തുടങ്ങിക്കോളൂ. നമ്മുടെ എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ഒരു ചിത്രം എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിലയ്ക്ക് വാങ്ങിച്ചത് ഏതാണ്ട് മുപ്പതു ലക്ഷം രൂപയ്ക്കാണ്. അന്ന് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി പ്രതിരോധവകുപ്പു മന്ത്രിയായിരുന്നുവെന്നത് വേറെ കാര്യം. എന്നാലും എപ്പോഴാണ് ഒരാളുടെ രാശി തെളിയുന്നതെന്നു പറയാന്‍ വയ്യല്ലോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക