Image

നോട്ടു നിരോധനത്തിനു പിന്നിലെ രഹസ്യം (ശിവകുമാര്‍)

ശിവകുമാര്‍ Published on 02 November, 2017
നോട്ടു നിരോധനത്തിനു പിന്നിലെ രഹസ്യം (ശിവകുമാര്‍)
സാമ്പത്തിക അടിയന്തരാവസ്ഥ എന്നറിയപ്പെട്ട നോട്ടു നിരോധന പ്രക്രിയ നടന്നിട്ട് വര്‍ഷം ഒന്നു തികയാറായി. പക്ഷേ ഇതുവരെയും നോട്ടു നിരോധനത്തിന് പിന്നിലെ രഹസ്യം അഥവാ യഥാര്‍ത്ഥ കാരണം, രാജ്യത്തെ ജനങ്ങള്‍ക്കോ, ഭരിക്കുന്ന കക്ഷിയുടെ നേതാക്കന്‍മാര്‍ക്കോ, പ്രതിപക്ഷ കക്ഷികള്‍ക്കോ മനസ്സിലാക്കാനായിട്ടില്ല.
പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുപോലും റിസര്‍വ്വ് ബാങ്കോ, ഗവണ്‍മെന്റോ ഒന്നും തന്നെ വിട്ടു പറഞ്ഞിട്ടുമില്ല. സുഭാഷ് ചന്ദബോസിന്റ ദുരൂഹമായ തീരോധാനത്തിന് ശേഷം, ഇന്ത്യന്‍ ജനതയ്ക്ക് കിട്ടിയ, മറ്റൊരു ദുരൂഹതയാണ് നോട്ടു നിരോധനത്തിന് പിന്നിലെ രഹസ്യം എന്ന വാദത്തില്‍ കഴമ്പില്ലാതില്ല.
ജനങ്ങള്‍ക്കറിയേണ്ടത് നോട്ടു നിരോധനത്തിന്റെ യഥാര്‍ത്ഥ കാരണമാണ്. ഒപ്പം ജനകീയ സര്‍ക്കാര്‍ എന്തുകൊണ്ട് വിവരം പുറത്തുവിടുന്നില്ല എന്നതിന്റെ പുറകിലെ രഹസ്യവും.
ഈ പറഞ്ഞ രണ്ടു കാര്യങ്ങളാണ്, സാധാരണക്കാര്‍ക്ക് വേണ്ടി, ലളിതമായ ഭാഷയില്‍ സാങ്കേതികത്വം ഒട്ടുമില്ലാതെ വെളിപ്പെടുത്തുന്നത്. ഒപ്പം നോട്ടു നിരോധനം പാളിപ്പോകാനുണ്ടായ ചില കാരണങ്ങളും.

ആദ്യമേ പറയട്ടെ, ഇതില്‍ പൊളിറ്റിക്‌സ് ഇല്ല, ഇക്കോണമിക്‌സ് മാത്രമേയുള്ളു. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ പിന്നില്‍ അക്കാദമിക് താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. 2016 നവംബര്‍ 18ന് ഒരു പരിപാടിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മറ്റു സുഹൃത്തുക്കള്‍ക്കായി പങ്കുവെയ്ക്കുന്നത്. പണ്ഠിതന്മാര്‍ക്കോ ശാസ്ത്രജ്ഞന്‍മാര്‍ക്കോ വേണ്ടിയുള്ളതല്ല, മറിച്ച് സാധാരണക്കായ സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാനുള്ളതാണ്.
ആദ്യം തന്നെ ഒരു ചെറിയ കഥ ഓര്‍മ്മിപ്പിക്കാം. ഒരു കാര്‍ സ്റ്റാര്‍ട്ടാവാതെ വഴിയില്‍ കിടക്കുന്നു, ആദ്യം അതിലേ വന്ന എന്‍ജിനീയര്‍ പറഞ്ഞു, ബാറ്ററി കേടായതാവാം എന്ന്. രണ്ടാമത് വന്ന എന്‍ജിനീയര്‍ പറഞ്ഞു, സെല്‍ഫ് മോട്ടോര്‍ പ്രശ്‌നമാണെന്ന്. മൂന്നാമത്തെ ആള്‍ പറഞ്ഞത് എന്‍ജിന്‍ കപ്ലെയിന്റ് ആണെന്നാണ്. അങ്ങിനെ പലരും പലതും പറഞ്ഞുവെങ്കിലും അവസാനം അതുവഴി വന്ന െ്രെഡവര്‍ ചോദിച്ചു, പെട്രോള്‍ ഉണ്ടോയെന്ന്. വാസ്തവത്തില്‍ ഇന്ധനമില്ലാത്തത് തന്നെയായിരുന്നു പ്രശ്‌നം. ഇതുപോലെയാണ് സാമ്പത്തിക പണ്ഠിതന്‍മാരുടെ കാര്യവും. യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് അവര്‍ നോക്കുക പോലുമില്ല.
നോട്ടു നിരോധനത്തിന്റെ കാരണങ്ങള്‍

ഒന്നാമത്തെ കാരണം

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജനെ ആ സ്ഥാനത്ത് കൊണ്ടു വരുമ്പോള്‍, ധാരാളം പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും, കാര്യമായ ചലനം ഒന്നുമുണ്ടാക്കാന്‍ അദ്ധേഹത്തിനായില്ല എന്നു നമ്മുക്കറിയാം. അദ്ധേഹം സ്ഥാനത്ത് വന്നപ്പോള്‍ മുതല്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന കാര്യമായിരുന്നു, തൊമ്മനും ചാണ്ടിയും തമ്മിലുള്ള കളിയില്‍ അദ്ധേഹത്തിന്റെ നിലപാട് എന്തായിരിക്കും എന്നത്.
അതായത് സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പ നിരക്കും എങ്ങിനെ ഒരേ സമയം മാനേജ് ചെയ്യുക എന്നതായിരുന്നു അദ്ധേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടാവാന്‍, കൃഷി, വ്യാവസായിക, സേവന മേഖലകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണലഭ്യത ഉണ്ടാവണം. വലിയ പലിശ കൊടുത്ത് വ്യവസായം നടത്തിയാല്‍ നഷ്ടമാകും എന്നത് കൊണ്ട് വ്യാവസായിക മേഖലയില്‍ നിന്നും എന്നും ആവശ്യപ്പെടുന്ന കാര്യമാണ് പലിശ നിരക്ക് കുറക്കണമെന്നത്. സര്‍ക്കാരിന്റെ ആഗ്രഹവും അതു തന്നെയാണ്.
പക്ഷേ, അങ്ങിനെ പലിശ നിരക്ക് കുറച്ചാല്‍, ജനങ്ങള്‍ക്ക് ബാങ്കില്‍ പണം സൂക്ഷിക്കുന്നത് ആകര്‍ഷകമല്ലാതാവും. പണം മാര്‍ക്കറ്റിലേക്കൊഴുകുകയും തന്മൂലം പണപ്പെരുപ്പം ഉണ്ടാവുകയും ചെയ്യും.
അതായത്, പലിശ കുറച്ചാല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകും. പക്ഷേ പണപ്പെരുപ്പം കൂടുതലാവും. പലിശ കൂട്ടിയാല്‍ പണം ബാങ്കുകളിലെത്തുകയും പണപ്പെരുപ്പം കുറയുകയും ചെയ്യും. എന്നാലോ കൂടിയ പലിശ കാരണം ഏഉജ അധിഷ്ടിതമായ മേഖല തളരും. അതാണ് പറഞ്ഞത്, തൊമ്മന്‍ അയഞ്ഞാല്‍ ചാണ്ടി മുറുകും, ചാണ്ടി അയഞ്ഞാല്‍ തൊമ്മന്‍ മുറുകും എന്നതാണ് അവസ്ഥ.
പലിശ കുറച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തണോ അതോ പലിശ കുറയ്ക്കാതെ( കൂട്ടിയോ) നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്തണോ? രഘുറാം രാജന്‍ രണ്ടാമത്തെ കാര്യമാണ് ചെയ്തത്.
ഇനിയാണ് പ്രധാന കാര്യം വരുന്നത്.
ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കണമെങ്കില്‍, പലിശ നിരക്ക് കൂട്ടാതെ തന്നെ ജനങ്ങളുടെ കയ്യിലുള്ള പണം മാര്‍ക്കറ്റില്‍ നിന്നും ബാങ്കുകളിലെത്തണം. അപ്പോള്‍ നാണ്യപ്പെരുപ്പം കൂടുകയില്ല എന്നു മാത്രമല്ല, വ്യവസായങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കാന്‍ കൂടുതല്‍ പണം ബാങ്കുകളില്‍ ഉണ്ടാവുകയും ചെയ്യും.
നോട്ടു നിരോധിച്ചപ്പോള്‍ എന്തു സംഭവിച്ചു എന്നോര്‍ക്കുക. പലിശ കൂട്ടാതെ, നിക്ഷേപ സമാഹരണം നടത്താതെ, ജനത്തിന്റെ കയ്യിലുള്ള പണം മുഴുവന്‍ ബാങ്കുകളിലെത്തി. (പക്ഷേ പ്രതീക്ഷിച്ച പോലെ പലിശ കുറയ്ക്കാനായില്ല. കാരണം വേറെയുണ്ട്)

രണ്ടാമത്തെ കാരണം.

സുബ്രമണ്യന്‍ സ്വാമി, പലപ്പോഴും രഘുറാം രാജന്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു ടൈംബോംബ് വച്ചിട്ടുണ്ടെന്നും അത് 2016 ഡിസംബര്‍ 31 ന് പൊട്ടും എന്ന് പറഞ്ഞ് നടന്നിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാവും. അതായത്, 2013 ല്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ വന്‍ തകര്‍ച്ച നേരിട്ട സമയത്ത്, അതിനെ പ്രതിരോധിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്നും 2,40,000 കോടി രൂപ ഡോളറില്‍ സമാഹരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അങ്ങിനെയാണ് അന്ന് ഇന്ത്യന്‍ രൂപ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടതും.
പക്ഷേ, ആ നിക്ഷേപങ്ങളുടെ ലോക്ക് ഇന്‍ പിരീഡ് 3 വര്‍ഷമായതിനാല്‍ 2016ല്‍ തിരിച്ച് കൊടുക്കണം. അത്രയും പണം തിരിച്ചു നല്‍കുന്നത് ബാങ്കുകളുടെ സാമ്പത്തിക ക്രമീകരണത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും തകര്‍ച്ച ഉണ്ടാക്കും എന്നതായിരുന്നു, സ്വാമിയുടെ വാദം. എന്നാല്‍ സാധാരണ ഗതിയില്‍ ബാങ്കുകള്‍ക്ക് അത്ര പ്രശ്‌നമില്ലാത്ത കാര്യമാണ് ഈ തിരിച്ചടവ്.
പക്ഷേ ജടആ എന്നറിയപ്പെടുന്ന പബ്‌ളിക് സെക്ടര്‍ ബാങ്കുകളുടെ സ്ഥിതി വളരെ പരുങ്ങലിലായിരുന്നു എന്നത് സാഹചര്യം നേരിടല്‍ ദുഷ്‌ക്കരമാക്കി. അഥവാ തിരിച്ചടവ് ഏറെക്കുറെ അസാദ്ധ്യമാക്കി എന്നു പറയാം. കാരണം ഫണ്ട് വേണം. അതിനും ജനങ്ങളുടെ കയ്യിലിരിക്കുന്ന പണം, അധിക പലിശ നല്‍കാതെ തന്നെ ബാങ്കുകളില്‍ എത്തണമായിരുന്നു.
ബാങ്കുകളുടെ സ്ഥിതി പരുങ്ങലിലാക്കിയ സാഹചര്യമാണ് നിരോധനം പോലെയുള്ള കടുത്ത തീരുമാനമെടുക്കാനുള്ള അടുത്ത കാരണം.

മൂന്നാമത്തെ കാരണം.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിലുള്ള ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനയാണ് പ്രധാന കാരണം. ആദ്യം ആസ്തിയും ബാധ്യതയും എന്താണെന്ന് അറിയാന്‍ ശ്രമിക്കാം.
വരുമാനമുണ്ടാക്കിത്തരുന്നത് എന്താണോ അതാണ് ആസ്തി. അതായത് നമ്മുക്ക് വായ്പ തരുന്നതിലൂടെ ബാങ്കിന്, പലിശ എന്ന വരുമാനം കിട്ടുന്നു. അപ്പോള്‍ നമ്മുക്ക് തരുന്ന വായ്പകള്‍ ബാങ്കിന്റെ ആസ്തിയാണ്. എന്നാല്‍ നമ്മള്‍ പണം നിക്ഷേപിക്കുമ്പോള്‍, ബാങ്കിന് നമ്മുക്ക് പലിശ നല്‍കേണ്ടതായി വരും. നമ്മുടെ നിക്ഷേപങ്ങള്‍ ബാങ്കിന് ബാധ്യതയാണെന്നര്‍ത്ഥം.
ഇനി, ബാങ്കില്‍ നിന്നും എടുത്ത വായ്പ നമ്മള്‍ തിരിച്ചടക്കുന്നില്ലെങ്കിലോ? ബാങ്കിന്റെ കണക്കില്‍ നമ്മുടെ വായ്പ, ആസ്തിയാണെങ്കിലും ഫലത്തില്‍ പ്രയോജനമില്ല. ഇങ്ങിനെയുള്ള കിട്ടാക്കടത്തിനെയാണ് നിഷ്‌ക്രിയ ആസ്തി എന്നു വിളിക്കുന്നത്.
ദേശസാല്‍കൃത ബാങ്കുകള്‍ മല്ലയ്യമാരെപ്പോലെയുള്ളവര്‍ക്ക് വാരിക്കോരി ലോണ്‍ കൊടുക്കും. പലപ്പോഴും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയുള്ള പ്രൊജക്ട് റിപ്പോര്‍ട്ടുമായി വരുന്ന കടലാസ് കമ്പനികള്‍ക്കാണ് ഏറെയും കൊടുക്കുന്നത്. തിരിച്ച് കിട്ടുകയില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ലോണ്‍ കൊടുക്കുന്നത്. പലപ്പോഴും വന്‍കിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് സ്വാധീനം ഉപയോഗിച്ച് ഇങ്ങിനെ പണം അടിച്ചു മാറ്റുന്നത്. ഇത്തരം പരിപാടികള്‍ സ്ഥിരമാക്കിയ ആളുകള്‍ ഇഹഹ, എഹഇഇഹ തുടങ്ങിയവയില്‍ ധാരാളമുണ്ട്.
അതായത് നമ്മള്‍ നിക്ഷേപിക്കുന്ന പണം എടുത്ത്, പലര്‍ക്കും വെറുതെ കൊടുക്കുന്നു എന്നര്‍ത്ഥം. വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍, സാങ്കേതികമായി ചെറിയ തിരിച്ചടവ് കാണിച്ച് നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടം കുറച്ചു കാണിക്കുകയാണ് ബാങ്കുകള്‍ കാലങ്ങളായി ചെയ്തു കൊണ്ടിരുന്നത്.
രഘുറാം രാജന്‍, 2016 ജനുവരി മുതല്‍ ബാങ്കുകളുടെ ആസ്തിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ (അഝഞ അഥവാ അലൈ േഝൗമഹശ്യേ ഞല്ശലം)തുടങ്ങിയപ്പോഴാണ് കള്ളത്തരം മുഴുവന്‍ പൊളിഞ്ഞത്.
ആറര ലക്ഷത്തില്‍ പരം കോടി രൂപയായിരുന്നു, 2016 ജൂണിലെ കണക്ക് പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പ്രതിസന്ധി അതോടെ ഏറെക്കുറെ വ്യക്തമായി. പക്ഷേ ഈ കണക്കുകളും സത്യമല്ലെന്നും യഥാര്‍ത്ഥ അപകടത്തിന്റെ സ്ഥിതി പുറത്ത് വിടാത്തതാണെന്നും വാര്‍ത്തയുണ്ട്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിക്കപ്പെടുന്ന ടആക തന്നെയാണ് 1,88,000 കോടിയുടെ കിട്ടാക്കടവുമായ് പ്രതിസന്ധിയിലും മുന്നില്‍. ടആക തകര്‍ച്ചയുടെ വക്കിലായിട്ട് കാലം കുറച്ചായെങ്കിലും വ്യാപ്തി വെളിപ്പെട്ടത് ഇപ്പോഴായിരുന്നു.
കെടുകാര്യസ്ഥത മൂലം നശിപ്പിച്ച, ടആഹ തകരാതിരിക്കാനായി കണ്ടെത്തിയ വഴി, അസോസിയേറ്റ് ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്കുകളെ ലയിപ്പിച്ച് അവരുടെ പണം കൊണ്ട് രക്ഷപ്പെടുക എന്നതായിരുന്നു. 2016 ജൂണ്‍ പതിനഞ്ചിന് ലയനത്തിന് യൂണിയന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയ വാര്‍ത്ത, ബാങ്കു ജോലിക്കാര്‍ മാത്രമേ ശ്രദ്ധിച്ചു കാണുകയുള്ളു.

സ്‌റ്റേറ്റ് ബാങ്കുകള്‍ പൊതുവെ ഇത്തരം കളികളില്‍ നിന്നും ഒഴിഞ്ഞു നിന്നിരുന്നത് കൊണ്ട്, സാമാന്യം സാമ്പത്തിക ഭദ്രതയുമുണ്ടായിരുന്നു.
ഗവണ്‍മെന്റിന് എതിര്‍പ്പുകള്‍ക്ക് മുന്നിലും ഇത്തരമൊരു തീരുമാനമെടുത്തേ മതിയാകുമായിരുന്നുള്ളു. ടആഹ എന്ന നെടുംതൂണ്‍ തകര്‍ന്നാല്‍, ഒപ്പം മറ്റു ബാങ്കുകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും തകര്‍ന്നടിയും. നിക്ഷേപകര്‍ക്ക് മടക്കി നല്‍കാന്‍ പണമില്ലാത്ത ബാങ്കുകള്‍ പൊളിയാന്‍ ദിവസങ്ങള്‍ വേണ്ടി വരില്ല.
മുന്‍ സര്‍ക്കാരുകളുടെ കാലം മുതല്‍ക്കുള്ള കെടുകാര്യസ്ഥത കൊണ്ടാണെങ്കിലും, സമ്പദ് വ്യവസ്ഥ തകര്‍ന്ന്, തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായാല്‍ പഴി മുഴുവന്‍ ഭരിക്കുന്ന സര്‍ക്കാരിനായിരിക്കും എന്നതില്‍ തര്‍ക്കമില്ലല്ലോ. ലോകം മുഴുവന്‍ സൃഷ്ടിച്ച ഇമേജ് മാത്രമല്ല തകരുന്നത്, ഭരിക്കുന്ന പാര്‍ട്ടിയുടെ വിശ്വാസ്യത കൂടിയാണ്. പിന്നീട് ചിലപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കയറാന്‍ പാസെടുക്കേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല.

പക്ഷേ ലയനം എന്നത് മാസങ്ങള്‍ നീളുന്ന പ്രക്രിയയാണ്. ഫലമുണ്ടാവാന്‍ ഒരു വര്‍ഷമെങ്കിലുമെടുത്തേക്കാം. മാത്രവുമല്ല, അതൊരു ഇടക്കാല ആശ്വാസം മാത്രമാണ്.
ജനങ്ങളുടെ കയ്യിലിരിക്കുന്ന പണം, ബാങ്കുകളിലെത്തിയാല്‍ മേല്‍ പറഞ്ഞ മൂന്ന് പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി.
ഒരു വെടിക്ക് മൂന്ന് പക്ഷി.!
നോട്ടു നിരോധനത്തിലൂടെ രക്ഷപ്പെട്ടത്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാത്രമല്ല, സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും കൂടിയാണ്.
ഇത് തന്നെയാണ്, നോട്ടു നിരോധനത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം.

അപ്പോഴൊരു ചോദ്യം വരാം, എങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തുന്നില്ല. പ്രത്യേകിച്ചും പ്രതിസന്ധി ഉണ്ടായതില്‍, അവരുടെ പങ്ക് വളരെ കുറവാണല്ലോ എന്ന്.
ഇന്ത്യന്‍ ജനതയെ മൊത്തം ബാധിക്കുന്ന ഒരു സാമ്പത്തിക പ്രക്രിയയുടെ സാങ്കേതിക കാരണം മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിയും? ആണവ കരാറിന്റെ പേരില്‍, പിന്തുണ പിന്‍വലിച്ച ശേഷമാണ് സി പി എമ്മിന്, ബോധ്യമായത്, അണികള്‍ക്കും നേതാക്കന്‍മാര്‍ക്ക് പോലും ഒന്നും മനസ്സിലായിട്ടില്ലെന്ന്.
അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്ന നോട്ടു നിരോധനത്തില്‍, സാങ്കേതിക കാരണങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് പോകാനാവില്ലല്ലോ?
അങ്ങിനെയാണ് കള്ളപ്പണ വേട്ട എന്ന, ജനപിന്തുണ കിട്ടുന്ന ആശയത്തില്‍ നിരോധനം അവതരിപ്പിച്ചത്. പക്ഷേ, പ്രധാനമന്ത്രിയുടെ ശരീരഭാഷയില്‍ നിന്നും കള്ളപ്പണം പിടിക്കാന്‍ കഴിയും എന്നദ്ധേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നത് പോലെ തോന്നിയിരുന്നു. കള്ളപ്പണത്തെക്കുറിച്ച് തെറ്റിദ്ധരിച്ചതാവാം, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചതാവാം.

കള്ളപ്പണം എന്താണെന്ന് നോക്കാം

1 വ്യാജ നോട്ടുകള്‍.
ഉപയോഗത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍.
2 ബ്ലാക്ക് മണി.
കണക്കില്‍പ്പെടാത്ത, നികുതി വെട്ടിച്ച, ഉറവിടം കാണിക്കാനാകാത്ത പണം
3 ഷാഡോ ഇക്കോണമി
ബാങ്കില്‍ നിന്നും ഇറക്കിയതിന് ശേഷം ബാങ്കിംഗ് സിസ്റ്റത്തിലേക്ക് വരാതെ ജനങ്ങളുടെ കയ്യില്‍ നിന്നും മറ്റുള്ളവരുടെ കയ്യിലേക്ക് പോകുന്ന പണം.
ഒന്നു കൂടെ മനസ്സിലാക്കാന്‍, ഒരു സാഹചര്യം നോക്കാം. ഒരു ഗ്രാമത്തില്‍ സൂര്യന്‍ എന്നയാള്‍ ചന്ദ്രന്‍ എന്നയാളില്‍ നിന്നും പത്ത് സെന്റ് സ്ഥലം 5 ലക്ഷം രൂപ കൊടുത്ത് വാങ്ങുന്നു. പക്ഷേ, നികുതി ലാഭിക്കാന്‍, കണക്കില്‍ ഒരു ലക്ഷമേ കാണിക്കുന്നുള്ളു. അപ്പോള്‍ ചന്ദ്രന്റെ കയ്യിലുള്ള നാലു ലക്ഷം കണക്കില്‍ പെടാത്ത കള്ളപ്പണമാണ്.
സൂര്യന്‍, വാങ്ങിയ സ്ഥലത്ത് ചെറിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി തുടങ്ങുന്നു. 5 ലക്ഷം ബാങ്ക് ലോണ്‍ കൊണ്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിര്‍മ്മാണ ചിലവില്‍ സിമന്റ് കമ്പി പൈപ്പ് തുടങ്ങിയവക്ക് ബില്ല് ഉള്ളത് കൊണ്ട് 4 ലക്ഷം ബാങ്കിലേക്ക് മടങ്ങിയെത്തുന്നു. പക്ഷേ കൂലിയായി കൊടുത്ത ഒരു ലക്ഷം രൂപ പണിക്കാരില്‍, നിന്നും പലചരക്ക് കടയിലേക്കും, പാല്‍ക്കാരനിലേക്കും ഒക്കെയായി കൈമാറി ക്കൊണ്ടിരിക്കുന്നു. ബാങ്കിലേക്ക് തിരിച്ചെത്തുന്നതേയില്ല. ഈ ഒരു ലക്ഷം രൂപയാണ് ഷാഡോ ഇക്കോണമിയുടെ കണക്കില്‍ വരുന്നത്. കണക്കുകള്‍ പ്രകാരം, ഏകദേശം 3 ലക്ഷം കോടി രൂപയാണ് ഷാഡോ ഇക്കോണമിയില്‍ ഉള്ളത്. തീര്‍ച്ചയായും ഇത് നോട്ട് നിരോധിച്ചാല്‍ ബാങ്കില്‍ തിരിച്ചെത്തും. പക്ഷേ അത് കള്ളപ്പണമല്ല.
നാലു ലക്ഷം കള്ളപ്പണമുള്ള ചന്ദ്രന്‍, കയ്യിലുള്ള പണത്തില്‍ ഭൂരിഭാഗവും പല കാര്യങ്ങള്‍ക്കുമായി ചിലവഴിക്കും. അങ്ങിനെ ആ പണം ഷാഡോ ഇക്കോണമിയില്‍ എത്തുകയും ചെയ്യും. ബാക്കി പണം കൊണ്ട് സ്ഥലമോ വസ്തുക്കളോ വാങ്ങുകയും കുറച്ച് പണം പണമായിത്തന്നെ സൂക്ഷിക്കുകയും ചെയ്യും. ഈ ചെറിയ ഭാഗമാണ് യഥാര്‍ത്ഥ കള്ളപ്പണം.
ബാങ്കിംഗ് മേഖലയിലേക്ക് വരാത്ത നാലര ലക്ഷം കോടിയില്‍ ഒന്നര ലക്ഷം കോടി ആവാം കള്ളപ്പണക്കാരുടെ കയ്യില്‍ പണമായി ഉണ്ടായിരുന്നിരിക്കുക.
സര്‍ക്കാരിനെ ഞെട്ടിച്ചു കൊണ്ട്, ഇത് വളരെ എളുപ്പത്തില്‍ത്തന്നെ തിരിച്ചെത്തി. നിരോധനത്തിന്റെ ആദ്യ ആഴ്ചയില്‍ 1 കോടി രൂപയുടെ പഴയ നോട്ടുകള്‍ കൊടുത്താല്‍, 20 ലക്ഷത്തിന്റെ പുതിയ നോട്ടാണ് കിട്ടിയതെങ്കില്‍ പിന്നീട് 60 ഉം 70 ഉം ലക്ഷം വരെയായി ഉയര്‍ന്നിരുന്നു. എളുപ്പത്തില്‍ മാറ്റാം എന്നതായിരുന്നു കാരണം.
പഴയ നോട്ട് സ്വീകരിക്കാന്‍ അനുവാദമുള്ള, ഇന്ത്യയിലെ 54,000 പെട്രോള്‍ പമ്പുകള്‍ ദിവസം ശരാശരി രണ്ടു ലക്ഷം രൂപ വീതം പഴയ നോട്ട് ബാങ്കിലടച്ചാല്‍ ഒന്നര ലക്ഷം കോടി ആവാന്‍ എത്ര ദിവസം വേണ്ടിവരും എന്നാലോചിച്ച് നോക്കുക. പഴയ നോട്ടുകള്‍ വെളുപ്പിക്കാനായി 30,000ല്‍ കൂടുതല്‍ വരുന്ന സ്വകാര്യ ആശുപത്രികള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും റയില്‍വേയും വരെയുള്ള അവസരങ്ങള്‍ ഏറെയുണ്ടായിരുന്നു.
വ്യാജ നോട്ടുകളും തിരക്കിന്റെയും ബഹളത്തിന്റെയും മറവില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ഇങ്ങിനെയാണ് മുഴുവന്‍ നോട്ടുകളും വെളുത്ത് കിട്ടിയത് എന്ന് മാത്രമല്ല, റിസര്‍വ്വ് ബാങ്ക് ഇറക്കിയതിനെക്കാളും പണം തിരിച്ചെത്തിയത്.
ഇത്രയൊക്കെ ചെയ്തത് കൊണ്ട് ഡിസംബര്‍ 31 ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫണ്ടുണ്ടായിരുന്നെങ്കിലും, പണം പെട്ടന്ന് തന്നെ മാര്‍ക്കറ്റിലേക്ക് വീണ്ടും ഒഴുകിത്തുടങ്ങി. സര്‍ക്കാര്‍ പഠിച്ച പണി നടത്തിയിട്ടും രക്ഷയില്ല. ഇനിയിപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് മാത്രമല്ല, വലിയ പൊതുമേഖലാ ബാങ്കുകളും ലയിപ്പിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ പലിശ നിരക്ക് കുറച്ച് സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കാനുള്ള ഉദ്യമം വിജയിച്ചില്ല.
നോട്ടു നിരോധനത്തെപ്പറ്റി ഒരല്‍പം കാര്യം.
കാര്യങ്ങള്‍ കൈവിട്ടു പോയത്, നോട്ടു നിരോധനത്തിന് തീരുമാനമെടുത്തതിന് ശേഷമാണ്. ഇന്ത്യയെന്ന, 130 കോടി ജനങ്ങള്‍ ജീവിക്കുന്ന മഹാരാജ്യത്തിന്റെ വ്യാപ്തിയും സങ്കീര്‍ണ്ണതകളും മനസ്സിലാക്കാനാവാതെ പോയതാണ് ആദ്യ പിഴവ്. അതു കൊണ്ട് തന്നെ കൃത്യമായ ഒരു നിര്‍വ്വഹണ പദ്ധതി വിഭാവനം ചെയ്തിരുന്നില്ല.
സര്‍ക്കാര്‍ സംവിധാനത്തിന് പദ്ധതി നിര്‍വ്വഹണം എന്നത് പൊതുവേ ശീലമില്ലാത്ത കാര്യമാണ്. സ്വകാര്യ പങ്കാളിത്തമില്ലാതെ ഒരു റോഡ് പോലും പണിയാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതു കൊണ്ട് തന്നെ തുടക്കം മുതല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി. ആവശ്യത്തിനുള്ള നോട്ടുകള്‍ അച്ചടിക്കാതെ, വിതരണം ചെയ്യാന്‍ സംവിധാനമില്ലാതെ, കാര്യങ്ങള്‍ വിലയിരുത്താനും നിയന്ത്രിക്കാനും സിസ്റ്റമില്ലാതെ, നടപ്പിലാക്കിയതാണ് ജനങ്ങളെ ഏറെ കഷ്ടത്തിലാക്കിയത്.
ഇത്രയൊക്കെ ചെയ്‌തെങ്കിലും സാമ്പത്തിക വളര്‍ച്ച മന്‍മോഹന്‍ സിംഗ് പറഞ്ഞത് പോലെ താഴോട്ടാണ് പോയത്. നമ്മുടെ കഥയിലെ സൂര്യന് ഒരു കെട്ടിടം കൂടെ പണിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ടാക്‌സ് പ്രശ്‌നങ്ങള്‍ കാരണം അത് ഒഴിവാക്കി. അതോടെ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. അങ്ങിനെ കടകളിലെ കച്ചവടം കുറഞ്ഞു. അതോടെ കച്ചവടക്കാര്‍ക്ക് തൊഴിലാളികളെ വേണ്ടാതായി. അവരുടെ കയ്യിലും പണമില്ലാതായതോടെ വീണ്ടും ഗ്രാമത്തില്‍ ബിസിനസ്സ് കുറഞ്ഞു. പതിയെ ഗ്രാമത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടായി. ഇതൊരു ചാക്രിക പ്രവര്‍ത്തനമാണ്.
സൂചിപ്പിച്ച ഗ്രാമം ഇന്ത്യയാണെന്ന് സങ്കല്‍പ്പിച്ചാല്‍, സാമ്പത്തിക തളര്‍ച്ചയുടെ കാര്യങ്ങള്‍ വ്യക്തമാകും.
അവസാനമായി, സുപ്രീം കോടതിയോട് പോലും എന്തുകൊണ്ട് സത്യം പറഞ്ഞില്ല എന്നതിന്റെ കാരണം, രാജ്യത്തോട് നടത്തിയ പ്രഖ്യാപനം മാറ്റിപ്പറയാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ്.
നോട്ടു നിരോധനത്തിന്റെ വാര്‍ഷികത്തില്‍ നിങ്ങളുടെ അറിവിലേക്കായി പങ്കുവെയ്ക്കുന്നു.

നോട്ടു നിരോധനത്തിനു പിന്നിലെ രഹസ്യം (ശിവകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക