Image

രാവു പോയതറിയാതെ... പാവമൊരു പാതിരാപ്പൂ... (ഭാഗം-1: ഡോ. എം.വി.പിള്ള)

Published on 03 November, 2017
രാവു പോയതറിയാതെ... പാവമൊരു പാതിരാപ്പൂ... (ഭാഗം-1: ഡോ. എം.വി.പിള്ള)
നവംബര്‍ 5 പുലരാന്‍ നാഴികകള്‍ ബാക്കി നില്‍ക്കെ, രാത്രി 2 മണിക്കു, അരിസോണയും ഹവായിയും ഒഴിച്ചുള്ള 48 സംസ്ഥാനങ്ങളില്‍ ഘടികാരങ്ങളിലെ സമയം അല്പമൊന്നു മലര്‍ന്നു വീഴും. ഡേ ലൈറ്റ് സേവിംഗ് തല്‍ക്കാലം വിടപറയുന്നു.... ഇനി നീണ്ട രാത്രികള്‍ക്കു സ്വാഗതം.

രാത്രി, രാത്രി യുഗാരംഭ ശില്പി തന്‍ മാനസ
പുത്രി മദാലസ ഗാത്രി
മനോഹര ഗാത്രി രാത്രി
രാത്രി കൃപാവര്‍ഷ വാഹിനി വത്സല
ധാത്രി ധനാമൃത ദാത്രി...(വയലാര്‍)

മനുഷ്യ മനസ്സുകളില്‍ മറക്കാനാവാത്ത സുഖങ്ങളുടെയും ദുഃഖങ്ങളെയും ഓര്‍മ്മകള്‍ നിരന്തരം നിക്ഷേപിക്കുന്ന നിശീഥിനി.

ഉറക്കച്ചടവില്‍ നിന്നും പ്രഭാതങ്ങളില്‍ ഊര്‍ജ്ജസ്വലതയോടെ ഉണര്‍ന്നെണീക്കുന്ന മനുഷ്യന്‍ സായാഹ്നങ്ങളില്‍ 'വൈകീട്ടെന്താ പരിപാടിയെന്നു' ആലസ്യത്തോടെ ആരായുന്നു.

 'അഴിച്ചിട്ട കബരീഭാരവുമായി' നിദ്രയുടെ രാഗവിലോലയാമങ്ങളിലേക്കു വീണ്ടും രാത്രി കൂട്ടിക്കൊണ്ടുപോകുന്നതുവരെ സര്‍വ്വജീവജാലങ്ങളിലും ത്രസിക്കുന്ന ജൈവതാളം (Circadian Rhythm അപഗ്രഥിച്ചവര്‍ക്കാണ് 2017 ലെ മെഡിസിനുള്ള നോബല്‍ െ്രെപസ്.

ഓരോ ജൈവസൃഷ്ടിയുടെയും ഉള്ളിലുള്ള ഈ ബയൊളജിക്കല്‍ ക്ലോക്ക് ജീവിയുടെ ആഹാര നീഹാര നിദ്ര മൈഥുന ചോദനകളെ നിയന്ത്രിക്കുന്ന ആന്തരിക സംവിധാനമാണെങ്കിലും പുറംലോകത്തെ വ്യതിയാനങ്ങള്‍ക്കു വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്നു. ജറ്റ്‌ലാഗ് മുതല്‍ 'കന്നിയില്‍ നായ് പെടും പാടു' വരെ ഈ ജൈവതാളത്തിനൊത്തേ തുള്ളുകയുള്ളൂ.

വിഷാദം പരത്തുന്ന രാത്രി കവികളുടെ പ്രിയപ്പെട്ട ബിംബങ്ങളിലൊന്നാണ്.

'ആരുമറിയാതെ പൂവിരി മെത്തയില്‍
നീരവം കണ്ണുനീര്‍തുള്ളിയുതിര്‍ക്കുന്ന രാത്രി....' യെപ്പറ്റി പി.കുഞ്ഞിരാമന്‍ നായര്‍ വിലപിക്കുന്നു.

ഇരുട്ടില്‍ ഇരമ്പിപ്പെയ്യുന്ന 'രാത്രി മഴ...' ദീനാനുകമ്പയുടെ നിമിഷങ്ങള്‍ കവയത്രി സുഗതകുമാരിയുടെ തൂലികത്തുമ്പിലൂടെ ഉതിര്‍ന്നു വീഴുന്നു....

രാത്രിമഴ......ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും....
രാത്രിമഴ മന്ദമീയാശുപത്രിക്കുള്ളിലൊരു നീണ്ട തേങ്ങലായ്
ഒഴുകി വന്നെത്തി...
രാത്രിമഴ.... നോവിന്‍ ഞരക്കങ്ങള്‍.... ഞെട്ടലുകള്‍....
തീഷ്ണ സ്വരങ്ങള്‍....
പൊടുന്നനെയൊരമ്മതന്‍ ആര്‍ത്തനാദം....ഞാന്‍ നടുങ്ങി

നിശയുടെ ശ്യാമവര്‍ണ്ണത്തിനും മുഗ്ധഭാവങ്ങള്‍ക്കുമപ്പുറം ഭീതിയുടെയും ഉത്കണ്ഠയുടെയും നിസ്സഹായതയുടെയും ഘനീഭവിച്ച രൗദ്രഭാവങ്ങളിലേക്കാണ് രാത്രിമഴ നമ്മെ നയിക്കുന്നത്.

ഭൂതങ്ങളും പ്രേതങ്ങളും പിശാചുക്കളും പുറത്തിറങ്ങുന്ന സമയം. ദുര്‍മ്മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കുമൊത്ത സമയം. മലയാളിയുടെ ഭീതിമണ്ഡലങ്ങളില്‍ പാലപൂത്തപരിമണം പടര്‍ത്തി, കരിമ്പനച്ചോട്ടില്‍ ഇത്തിരി ചുണ്ണാമ്പു ചോദിച്ചു യക്ഷി ഇറങ്ങി നില്‍ക്കുന്ന സമയം....
'It is the witching time of night എന്ന കീറ്റ്‌സ് വിവരിച്ചത് അര്‍ദ്ധരാത്രി 12 മണിയെപ്പറ്റിയായിരുന്നു....

കാലക്കടലിന്റെ അക്കരെ അക്കരെ മരണത്തിന്‍
മൂകമാം താഴ് വരയിലേക്കു നീല വെളിച്ചം തെളിച്ചു ബഷീര്‍ മലയാളികളെ നയിച്ച സമയം....

ആത്മപീഢനത്തിന്റെ അസ്വസ്ഥചിന്തകള്‍ കോറിയിട്ടുകൊണ്ടാണ് പലപ്പോഴും ചങ്ങമ്പുഴ നമ്മെ അമ്പരിപ്പിക്കാറുള്ളത്.

പരുഷമാം രാത്രിയാണെന്തുകൊണ്ടോ
പകലിനേക്കാളെനിക്കേറെയിഷ്ടം.... എന്നു കുറിച്ചിട്ട കവി തന്നെയാണ്  
Stoicism    (നിഷ്ക്രിഷ്ടമായ ആത്മസംയമനം) എന്ന ഗ്രീക്ക് തത്വചിന്തയുടെ മലയാള മുദ്രകള്‍ നമ്മെ കാട്ടി തന്നതും.

'വേദന വേദന ലഹരിപിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ....
മുഴുകട്ടെ മമജീവനില്‍ നിന്നൊരു
മുരളീമൃദുരവമൊഴുകേട്ടെ....'

പരുഷമായ രാത്രിയില്‍ നിസ്സംഗതയോടെ വേദനയെ വാരിപ്പുണരുന്ന കവി മലയാളത്തിലെ അസാധാരണ ചിന്താപഥങ്ങളിലേക്കു വാതില്‍ തുറക്കുന്നു....
ഇരുട്ടിന്റെ കാണാക്കയങ്ങളില്‍ മനുഷ്യനു കാണാന്‍ കഴിയാത്ത ദൃശ്യങ്ങളും കേള്‍ക്കാന്‍ കഴിയാത്ത ശബ്ദങ്ങളും മൃഗങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?

മൂങ്ങായിരുന്നൊന്നു മൂളീ, പട്ടി
മോങാനുമങ്ങു തുടങ്ങീ....

ഇരുട്ടിന്റെ കാവല്‍പക്ഷി നല്‍കിയ സിഗ്‌നല്‍ കാണേണ്ടതു കാണാനുള്ള സുചനയായി രാത്രിയില്‍ പട്ടികള്‍ തിരിച്ചറിയുന്നുണ്ടാവണം.

അനന്തന്റെ പോമറേനിയന്‍ യാതൊരു പ്രകോപനവുമില്ലാതെ രാഗിണിയെ നോക്കി നിര്‍ത്താതെ കുരച്ചതാണ് ശ്രീനിയെ ഭയപ്പെടുത്തിയതും അവള്‍ രാക്ഷസീയതയുടെ ആള്‍രൂപമായ ദുര്‍ദേവതയാണെന്നു തോന്നിപ്പിച്ചതും (യക്ഷി: മലയാറ്റൂര്‍).

ഇരുട്ട്.... കൂരിരുട്ട്.... നിഗൂഢതകളുടെ നിക്ഷേപമായ നിശീഥിനി.... മനുഷ്യനെ നിസ്സഹായതയുടെ നിബിഢവനങ്ങളിലേക്കു നയിക്കുന്ന രാത്രികളില്‍ നിരവധി രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നതെന്തുകൊണ്ടാണ്?

ആധുനിക വൈദ്യശാസ്ത്രത്തെ അലട്ടുന്ന ഒരു പ്രശ്‌നമാണിത്. വേദനയും യാതനയും യാമിനിയുടെ തോഴിമാരാണോ? പനിയും, ചുമയും, ആസ്ത്മയും, സന്ധിവേദനകളും, മൈഗ്രേയിനും തുടങ്ങി അപ്പന്റിസൈറ്റിസും ഹാര്‍ട്ട് അറ്റാക്കും വരെ ഇരുട്ടിന്റെ മറപറ്റി വഷളാകാന്‍ കാത്തുനില്‍ക്കുന്നു...

ചെറിയ പനിയും ചുമയും ദേഹാസ്വാസ്ഥ്യവുമായി ജോലിക്കു പോകുന്നവര്‍ രാത്രി സര്‍വ്വരോഗ ലക്ഷണങ്ങളും മൂര്‍ച്ഛിച്ച് അവശരായി തീരുന്നതെന്തു കൊണ്ട്? ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ തിരക്കു കൂടുന്നതെന്തു കൊണ്ട്? ശാസ്ത്രീയ വിശദീകരണങ്ങള്‍ സുലഭമാണെങ്കിലും ആത്യന്തിക രഹസ്യം ഇന്നും അജ്ഞാതം.

ശരീരത്തിലെ നിരവധി ഹോര്‍മോണുകളില്‍ അഗ്രഗണ്യനായ കോര്‍ട്ടിസോണ്‍ പ്രതരോധ സേനയായ ശ്വതാണുക്കളെ നിലയ്ക്കു നിര്‍ത്താന്‍ കെല്പുള്ള ശക്തിയാണ്. പകല്‍ മുഴുവന്‍ ഉയര്‍ന്ന അളവില്‍ നിലനില്‍ക്കുന്ന കോര്‍ട്ടിസോണ്‍ രാത്രിയില്‍ കുറഞ്ഞുവരും. ശ്വേതാണുക്കള്‍ നിയന്ത്രണം കുറഞ്ഞ തക്കം നോക്കി രോഗം ബാധിച്ച സ്ഥലങ്ങളിലേക്കു ഇരച്ചുകയറി രോഗലക്ഷണങ്ങള്‍് കടുപ്പിക്കുന്നുവെന്നു ഒരു ധാരണ.

രാത്രികളില്‍ ദുസ്സഹമാകുന്ന പനി, ചുമ, അക്യൂട്ട് അപ്പന്റിസൈറ്റിസ്, ആര്‍െ്രെതറ്റിസ് തുടങ്ങിയവയൊക്കെ ശ്വേതാണുക്കളുടെ രാത്രിവേളയിലെ അതിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബ്രാഹ്മമൂര്‍ത്തത്തിലാണ് ഹാര്‍ട്ട് അറ്റാക്ക്, ഹാര്‍ട്ട് ഫെയിലുവര്‍ തുടങ്ങിയ നക്തഞ്ചരരുടെയും രംഗപ്രവേശം... ശരീരത്തിലെ ഹോര്‍മോണുകളുടെ വേലിയേറ്റവും വേലിയിറക്കവും നേരം പുലരാന്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഈ നക്തഞ്ചരര്‍ക്ക് വേദിയൊരുക്കുന്നതായി ശാസ്ത്രീയ നിരീക്ഷണങ്ങള്‍.

വസുധൈവ കുടുംബകം..... ഭൂമിയിലെ സര്‍വ്വജീവജാലങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ജീവിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അവരുടെ ജൈവഘടികാരവും ജൈവതാളവും വ്യത്യസ്ഥമായിരിക്കാമെന്നു മാത്രം.

മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയുന്നതും മാമ്പൂ കൊഴിയുന്ന മകരന ിലാവും മലയാള മനസ്സിലെ മൊഴിമുത്തുകളാണ്. പുലരാറാവുമ്പോള്‍ പൂങ്കോഴി കൂവുന്നതും ചന്ദ്രോദയത്തില്‍ രാഗാദ്ര മിഴികള്‍ തുറക്കുന്ന ആമ്പല്‍പൂക്കളം ജീവജാലങ്ങളിലെ ജൈവഘടികാരത്തിന്റെ താളക്രമം പാലിക്കുന്ന ഉദയസൂര്യന്‍ വിളിച്ചുണര്‍ത്തുന്ന താമരയും, സൂര്യദേവനെ പിന്‍തുടര്‍ന്ന് കിഴക്കുനിന്നും പടിഞ്ഞാറേയ്ക്ക് മിഴികള്‍ പായിക്കുന്ന സൂര്യകാന്തിയും, നാലു മണിക്കുണരുന്ന നാലു മണിപ്പൂക്കളും രാത്രിയുടെ സുഗന്ധം ചെപ്പിലൊതുക്കിയ നിശാഗന്ധിയും വ്യാഴവട്ടവേളകളില്‍ മൂന്നാറില്‍ വിരുന്നു വരുന്ന നീലകുറിഞ്ഞിയും ജൈവതാളത്തിന്റെ നൃത്തശാലയിലെ നടന വിസ്മയങ്ങള്‍!

(തുടരും....)
Join WhatsApp News
കോർടിസോൺ 2017-11-03 23:19:47
കോർടിസോണോ കോർടിസോളോ?
വിദ്യാധരൻ 2017-11-03 23:42:11
ലേഖനം വായിച്ചപ്പോൾ  വന്നെന്റെ മുന്നിൽനിന്നു
ചുടല നൃത്തമാടി തലയോടുകളേറെ 
അടുത്ത വീട്ടിൽ നിന്നും കേൾക്കുന്നു ശുനകന്റെ 
പ്രേതത്തെ കണ്ടപോലെ ഓലിയാനിട്ട കൂവൽ 
വായിച്ചിട്ടുണ്ടോ നിങ്ങൾ വയലാർ എഴുതിയ 
'തലയോടുകളുടെ കഥ'കൾ? - കേട്ടാൽ ഞെട്ടും.
വായിച്ചിട്ടില്ലേൽ നിങ്ങൾ വായിച്ചിടേണമത് 
പാതിരാ കോഴിക്കൂവി കൂമനും മൂളുംമുമ്പേ 


തലയോടുകളുടെ കഥ (വയലാർ )

ഇത്തിരി കസവിന്റെ കര പാകിയകോടി-
കൈത്തറി വസ്ത്രം നാട്ടിൽ നിവർത്തിട്ടതുപോലെ 
ഇന്നലെ നിലാവീറൻ  മാറാതെ മഴയത്ത് 
കന്നിപ്പുൽതഴപ്പായിലുറക്കമിളയ്ക്കുമ്പോൾ,
ചോരുമീ നാടിൻ മേൽപ്പൂര തല്ലിപ്പൊളി-
ച്ചൂരു ചുറ്റുവാനെത്തി പാതിരാ ചൂട്ടും വീശി 
പള്ളിയും പള്ളി പള്ളിക്കൂടവും ശ്മശാനവും
കള്ളുവില്പനാഷാപ്പും ഷാപ്പിലെ കത്രീനയും 
പൊളിഞ്ഞു കിടക്കുന്ന കാളീക്ഷേത്രവു-മാറു 
പൊതുസ്ഥാപനങ്ങാളാണുള്ളതിക്കുഗ്രാമത്തിൽ 
ഒച്ചയുമില്ലനക്കവുമില്ലവയൊന്നിലും; മോരോ 
നിശ്ശബ്ദനിമിഷവുമർദ്ധ നിദ്രയിലാണ്ടു 
പടിഞ്ഞാറെങ്ങോ നിന്നോ പഞ്ചമി തിങ്കൾക്കല 
പകുതി മറഞ്ഞുപോയി കാർമേഘപ്പാളികളാൽ 
പള്ളിയൾത്താരയ്‌ക്കുള്ളിൽ തവിട്ടുകുപ്പായങ്ങൾ 
തുള്ളുമ്പോൾ മറയുന്ന കർത്താവിൻ മുഖംപോലെ 
പാതിര, പണ്ടീനാട്ടിൽ പ്രേതങ്ങൾ വലംവയ്ക്കും 
പാതിരാ മഴക്കാറിൽ മഞ്ചലിൽ നടന്നപ്പോൾ 
തലയിൽ കള്ളും താങ്ങി-നിന്നെതിരേറ്റൂ കാറ്റി-
ലുലയും വിശറികൈ നീട്ടിയ കരിമ്പന
ഗ്രാമവീഥിയിലൊറ്റയ്ക്കാരേയും ഞെട്ടിക്കുന്ന 
ഭീമരൂപിയാം നിഴൽ നിവർത്തും കരിമ്പന 
ഒത്തിരി ശ്ശവംതീനി യക്ഷികൾ വിഹരിച്ച 
മുത്തശ്ശി കഥകളുണർത്തും നാടിൻനെഞ്ചിൽ 
നേരമിത്തിരി പുലർന്നെത്തുമ്പോൾ ഭയന്നോടി 
ക്കൂരിരുട്ടൊളിക്കുമാപ്പാഴ് കരിമ്പനയിന്മേൽ 
കെട്ടി നിറുത്തിയതാരീ തലയോടുകൾപോലും 
അവയിലൊരെണ്ണത്തിൻ കണക്കുഴി നിറഞ്ഞുപോയി 
അത് മറ്റൊന്നിൻ നേർക്കു തിരിഞ്ഞു പതുക്കനെ 
അവ്യക്താക്ഷരമൊന്നു ശബ്ദിച്ചു "മരിച്ചാലു
മല്ലൽ തീരുകയില്ലേ മനുഷ്യർക്കീ ജന്മത്തിൽ?"
തൊട്ടടുത്തൊരു കയർ ചുറ്റിന്മേൽ കുരുങ്ങിയ 
മറ്റൊരു തലയോടിൻ ഗദ്ഗദം വിങ്ങിപ്പൊട്ടി 
"മനസ്സാലാറിഞ്ഞൊരു പാപവും ഞാൻ ചെയ്തില്ല 
മതത്തിൻ കാവൽക്കാരെന്തിനെൻ കുഴി മാന്തി?"
"എന്തിനെന്നല്ലേ?" മറ്റൊന്നുത്തരം നൽകി -"ചില 
മന്ത്രിമാർ വരുന്നുണ്ടീ ഗ്രാമ വീഥിയിലൂടെ, 
അവരെ ജനങ്ങൾ വന്നെതിരേൽക്കുമ്പോൾ നമ്മ-
ളവാമാനിക്കാനുള്ള ശപ്തദുശ്ശകുനങ്ങൾ!
എന്നസ്ഥിമാടം വെട്ടി മാന്തിയ ചിലർ ചൊന്ന -
തിന്നു കേട്ടുഞാൻ നാളെ കല്ലേറുകൊള്ളും നമ്മൾ.."
മുകളിൽ പനങ്കൊമ്പത്തെങ്ങുന്നോ പറന്നെത്തി 
പകൽവെട്ടത്തെപ്പ്രാകും പുള്ളുകൾ നീട്ടിക്കൂവി 
അകലെപ്പള്ളിശ്ശവക്കൊട്ടയിലൊരേടത്തു-
ന്നവയ്ക്ക് മറുപടി കൊടുത്തു കാലൻ കോഴി 
തലയോടുകൾ വീണ്ടും തുടർന്നു "മുഖച്ഛായ 
തനിയെ മാറിപ്പോയി; തമ്മിൽ നാം അറിയില്ല 
അന്ത്യകൂദാശയ്ക്കച്ഛൻ വന്നപ്പോൾ സ്വർഗ്ഗത്തിന്റെ 
പൊൻതാക്കോൽ കിട്ടിപ്പോയെന്നാശിച്ചവർ നമ്മൾ.."
"ഞാനകലത്തെ  സ്‌കൂളിൽ ചരിത്രം പഠിപ്പിച്ച 
ജോണിയാ-ണൊരു പന്തീരാണ്ടു മുമ്പിഗ്രാമത്തിൽ"
തുടർന്നു സഗദ്ഗദമാ വൃദ്ധകപാലം; "ഞാ-
നൊടുക്കം നഞ്ചു തിന്നല്ലോ ചത്തു ..."
മറ്റൊന്നു ചൊല്ലി ; "ഞാനാണാപള്ളിപറമ്പിലെ 
മത്തായി; ജോണി സാറെൻ പാർപ്പിടം കണ്ടിട്ടില്ലേ ?"
ഇറങ്ങി കൊടുത്തു ഞാൻ കൈക്കാരനന്നെൻ വീട്ടു 
പറമ്പിൽ കക്കൂസിന് കല്ലിടാനൊരു മോഹം 
കന്യാശ്രി മഠത്തിലാണെന്മകൾ, അവൾക്കെന്നെ 
വന്നു കാണുവാനന്ത്യനീർ നൽകാൻ കഴിഞ്ഞില്ല 
പാഴ്ക്കയർ ചുറ്റിൽ കോർത്തുകിടക്കും തലയിടി-
ന്നാക്കഥ കേട്ടിട്ടുള്ളിൽ നൊമ്പരം നുരകുത്തി 
അപ്പാവം വിങ്ങിപ്പൊട്ടിക്കരഞ്ഞു, "ഞാൻ ..ഞാൻ ..ഞാനാ-
ണപ്പന്റെ മകൾ ..കന്യാസ്ത്രിയായ മേരിക്കുട്ടി "
അകലെ ദേവാലയ കുംഭഗോപുരത്തിന്നു 
മുകളിൽ , കൈയും നീട്ടി മലർന്ന മനസ്സുമായി 
നഗ്നമാമൊരു കുരിശാരായോ വരവേൽക്കാൻ 
നിൽക്കുന്നു താരാന്തര രാജവീഥിയും നോക്കി!
ഒരുനാൾ തിരിച്ചെത്തും 'ജീസസ്സിൻ' തിരുമുഖം 
മൊരുനോക്ക് ഒന്നുകൂടി കാണുവാനാവാം മോഹം!
 
 
(വായിച്ചു ഞെട്ടിയെങ്കിൽ ഖേദിക്കേണ്ടൊട്ടുംതന്നെ 
ലേഖൻ ഭിഷഗ്വരൻ മരുന്നും മന്ത്രോം നൽകും)

Dr. Know 2017-11-04 10:23:02

cortisone

noun  cor·ti·sone  \ ˈkȯr-tə-ˌsōn , -ˌzōn \

Cortisone, a glucocorticoid, and adrenaline are the main hormones released by the body as a reaction to stress. They elevate blood pressure and prepare the body for a fight or flight response.
Reader 2017-11-04 10:30:13
 "നീ തന്ന ജീവിതം 
നീ തന്ന മരണവും 
നീ കൊണ്ടുപോവുന്നു സന്ധ്യേ 
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ! (അയ്യപ്പപ്പണിക്കർ ) "
Biochemist 2017-11-04 12:58:55

Cortisol is also known as hydrocortisone. It is a steroid hormone which is released by the adrenal cortex. This is a “stress hormone” that gets released in order to show “fight or flight response” at stressful conditions.

Cortisone is also another steroidal hormone, a glucocorticoid to be specific which is released by adrenal glands. It also has the ability to act as an anti-inflammatory compound

What is the difference between Cortisol (hydrocortisone) and Cortisone?

• Cortisol and Cortisone are both steroids.

• Cortisol and cortisone are structurally different. Cortisol has an aldehyde group attached to the 17th carbon of the steroid core Carbon skeleton. Cortisone has a ketone group instead.

• Cortisol is the active form when it comes to glucocorticoid activity. Cortisone is a precursor that could be converted to cortisol upon hydrogenation of the ketone group at 17th position into an aldehyde group.

• Cortisol has a longer ejected half-life of 3 hours whereas cortisone only has ½ hour.

CID Moosa 2017-11-04 13:24:26
ലേഖനത്തെക്കുറിച്ച് എഴുതാതെ കോർടിസോൺ എന്നാ എന്ന് അറിയാൻ രോഗികൾ ഡോക്റ്ററെ നേരിട്ടു പോയികാണണം!  കൊല്ലക്കടവിലാ  ഓരോ അവന്മാര് സൂചി വിൽപ്പനയ്ക്ക് വന്നിരിക്കുന്നത് !  .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക