Image

ആടുജീവിതത്തില്‍ കുടുങ്ങിയ എഞ്ചിനീയര്‍ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി

Published on 04 November, 2017
ആടുജീവിതത്തില്‍ കുടുങ്ങിയ  എഞ്ചിനീയര്‍ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി
അല്‍ഹസ്സ: മെക്കാനിക്കല്‍ എഞ്ചിനീയര്‍ ജോലിയ്ക്കായി കൊണ്ടുവന്ന് മരുഭൂമിയിലെ ഡ്രൈവറാക്കി മാറ്റിയ മലയാളി യുവാവ്, നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം സ്വദേശിയായ സന്തോഷാണ് പ്രവാസത്തിന്റെ ദുരിതങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പാണ് സന്തോഷ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിസയില്‍ ജോലിയ്ക്കായി സൗദിയില്‍ എത്തിയത്. ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ 3500 റിയാല്‍ ശമ്പളവും ആനുകൂല്യങ്ങളും ആയിരുന്നു നാട്ടില്‍ ഏജന്റ് വാഗ്ദാനം ചെയ്തത്. സര്‍വ്വീസ് ചാര്‍ജ്ജായി ഒരു വലിയ തുക ഏജന്റിന് കൊടുക്കേണ്ടിയും വന്നു. എന്നാല്‍ സൗദിയില്‍ എത്തിയപ്പോള്‍, സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സന്തോഷിനെ അല്‍ഹസ്സയില്‍ നിന്നും ഏറെ അകലെയുള്ള ഒരു മരുഭൂമിയിലെ മണല്‍ക്വാറിയിലോട്ടാണ് കൂട്ടികൊണ്ടു പോയത്. അവിടെ മണല്‍ കയറ്റിക്കൊണ്ടു പോകുന്ന ലോറി ഓടിയ്ക്കുന്ന പണിയാണ് സന്തോഷിന് നല്‍കിയത്. ആദ്യം പ്രതിഷേധിച്ചെങ്കിലും, നാട്ടിലെ സാമ്പത്തികപരാധീനതകള്‍ കാരണം സന്തോഷിന് ആ ജോലിയില്‍ തുടരേണ്ടി വന്നു. സ്‌പോണ്‍സര്‍ ഇക്കാമയോ ലൈസന്‍സോ എടുത്തു നല്‍കിയില്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നു. ശമ്പളം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളൂ. ആഹാരമോ, മതിയായ ചികിത്സ സൗകര്യങ്ങളോ കിട്ടാതെ ഏറെ ബുദ്ധിമുട്ട് സന്തോഷിനു സഹിയ്‌ക്കേണ്ടി വന്നു.

രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തപ്പോഴെയേയ്ക്കും ഒന്‍പതു മാസത്തെ ശമ്പളം കുടിശ്ശികയായി. മാത്രമല്ല നാട്ടിലേയ്ക്ക് വെക്കേഷന് വിടാനും സ്‌പോണ്‍സര്‍ തയ്യാറായില്ല. നാട്ടിലെ ബന്ധുക്കള്‍ വഴി പല പ്രവാസിസംഘടനക്കാരെയും സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ജീവിതം സഹികെട്ടപ്പോള്‍, ഒരു ദിവസം വൈകിട്ട് സന്തോഷ് മണല്‍ കയറ്റിക്കൊണ്ടു പോകുന്ന വഴി, ഹൈവേയില്‍ എത്തുകയും, ലോറി നിര്‍ത്തിയിട്ട് മറ്റൊരു വാഹനത്തിന് കൈകാണിച്ചു, അതില്‍ അല്‍ഹസ്സയിലെ ലേബര്‍ കോര്‍ട്ടില്‍ എത്തുകയും ചെയ്തു. രാത്രി കോടതിവളപ്പില്‍ ഉറങ്ങിയ അയാള്‍ രാവിലെ കോടതി തുടങ്ങിയപ്പോള്‍ അവിടെപ്പോയി ഒരു ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. ആ ഉദ്യോഗസ്ഥന്‍ നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പളിയുടെ മൊബൈല്‍ നമ്പര്‍ നല്‍കി ബന്ധപ്പെടാന്‍ ഉപദേശിച്ചു. അതനുസരിച്ചു അബ്ദുള്‍ലത്തീഫിനെ ബന്ധപ്പെട്ട സന്തോഷ്, തന്റെ എല്ലാ ദുരിതങ്ങളും അദ്ദേഹത്തെ അറിയിച്ചു. അബ്ദുള്‍ ലത്തീഫ് ഉടനെ കോടതിയില്‍ എത്തുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ സന്തോഷ് സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

നവയുഗം ജീവകാരുണ്യവിഭാഗം സന്തോഷിന് താമസസൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തു. കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ രണ്ടു പ്രാവശ്യവും സ്‌പോണ്‍സര്‍ ഹാജരായില്ല. തുടര്‍ന്ന് സ്‌പോണ്‌സര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചപ്പോള്‍, മൂന്നാമത്തെ സിറ്റിങ്ങില്‍ അയാള്‍ ഹാജരായി. സന്തോഷിനു വേണ്ടി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡവും, അബ്ദുള്‍ലത്തീഫുമാണ് വാദിച്ചത്. വാദങ്ങള്‍ക്ക് ഒടുവില്‍ സന്തോഷിന് ഫൈനല്‍ എക്സ്റ്റിറ്റും, വിമാനടിക്കറ്റും, ആറുമാസത്തെ കുടിശ്ശികശമ്പളവും നല്‍കാന്‍ കോടതി വിധിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞു സന്തോഷ് നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സന്തോഷിനു (മധ്യത്തില്‍) മണി മാര്‍ത്താണ്ഡവും അബ്ദുള്‍ ലത്തീഫും ചേര്‍ന്ന് യാത്രരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക