Image

സ്റ്റീവനേജില്‍ ഇടയ സന്ദര്‍ശനവും പാരീഷ് ദിനാചരണവും തിരുനാളും 18 ന്

Published on 04 November, 2017
സ്റ്റീവനേജില്‍ ഇടയ സന്ദര്‍ശനവും പാരീഷ് ദിനാചരണവും തിരുനാളും 18 ന്

സ്റ്റീവനേജ് (ലണ്ടന്‍): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ അജപാലന സന്ദര്‍ശനവും പാരിഷ് ദിനാഘോഷവും തിരുനാളും നവംബര്‍ 18ന് സ്റ്റീവനേജില്‍ ആഘോഷിക്കുന്നു. സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകള്‍. 

പ്രഥമ അജപാലന സന്ദര്‍ശനാര്‍ഥം സ്റ്റീവനേജില്‍ എത്തുന്ന മാര്‍ സ്രാന്പിക്കലിനെ ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയങ്കണത്തില്‍ വച്ച് മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിക്കും. ഇടവകയെ പ്രതിനിധീകരിച്ച് ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കത്തിച്ച മെഴുതിരി നല്‍കി പിതാവിനെ സ്വീകരിക്കും. തുടര്‍ന്നു തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. 

ദേവാലയത്തില്‍ പിതാവിനെ പാരീഷ് കമ്യൂണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. സെബാസ്റ്റ്യനും സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ.മൈക്കിളും സെന്റ് ജോസഫ്‌സ് പാരീഷിനുവേണ്ടി ഫാ. ബ്രെയാനും ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മാര്‍ സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍ സഹകാര്‍മികനായിരിക്കും.

വൈകുന്നേരം അഞ്ചിന് സ്റ്റീവനേജ് സെന്റ് ജോര്‍ജ്ജസ് വേയിലുള്ള ഹോളിഡേ ഇന്നില്‍ നടക്കുന്ന പാരിഷ് ഡേ ആഘോഷത്തിലും മാര്‍ സ്രാന്പിക്കല്‍ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ചു ഇടവകയിലെ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും നടക്കും. 

പാരീഷ് ദിനാചരണവും പരിശുദ്ധ മാതാവിന്റെയും സകല വിശുദ്ധരുടെയും സംയുക്ത തിരുനാളും ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

വിവരങ്ങള്‍ക്ക്: അപ്പച്ചന്‍ കണ്ണഞ്ചിറ 07737956977, ജിമ്മി ജോര്‍ജ് 07533896656 

വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1 എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക