Image

ഓവര്‍ടേക്ക്‌: മികച്ച ത്രില്ലര്‍ അനുഭവം

Published on 05 November, 2017
ഓവര്‍ടേക്ക്‌: മികച്ച ത്രില്ലര്‍ അനുഭവം


വിജയ്‌ ബാബു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓവര്‍ടേക്ക്‌ സമീപ കാലത്ത്‌ മലയാള സിനിമയില്‍ കണ്ടതില്‍ ഏറ്റവും മികച്ച ഒരു റോഡ്‌ മുവീയാണ്‌. ഇത്തരംശ്രേണിയില്‍ പെടുന്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന അതിനൂതന സാങ്കേതിക മികവും പെര്‍ഫെക്ഷനും നൂറു ശതമാനം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും മികച്ച രീതിയില്‍തന്നെ ഈ ചിത്രം സംവിധായകനായ ജോണ്‍ ജോസഫ്‌ ഒരുക്കിയിട്ടുണ്ട്‌.

മെല്ലെ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം കഥ മുന്നേറവേ ഒരു ത്രില്ലറായി തന്നെയാണ്‌ പരിണമിക്കുന്നത്‌. ആദ്യ പകുതിയില്‍ കഥാപാത്രങ്ങളെ മുഴുവന്‍ പരിചയപ്പെടുത്തുന്നതു പോലെയാണ്‌ കഥ പറയുന്നത്‌. ഒരു വലിയ ബിസിനസുകാരന്‍. അദ്ദേഹത്തിന്റെ കുടുംബം. പിറന്നാള്‍ ആഘോഷം. യാത്രകള്‍ അങ്ങനെ പലതും. ഇതിനിടയില്‍തന്നെ നായകന്‍ നന്ദനേയും (വിജയ്‌ ബാബു) കുടുംബത്തേയും പരിചയപ്പെടുത്തുന്നു. ബിസിനസ്‌ അവസാനിപ്പിച്ച്‌ നാട്ടിലേക്കു യാത്ര തിരിക്കുന്ന നന്ദനും കുടുംബവും യാത്രാ മധ്യേ അനുഭവിക്കേണ്ടി വരുന്ന ഭീതിദമായ പ്രതിസന്ധികളും അനുഭവങ്ങളുമാണ്‌ കഥയ്‌ക്ക്‌ ത്രില്ലര്‍ മൂഡു സമ്മാനിക്കുന്നത്‌. 

ചിത്രത്തില്‍ നായകനെതിരേ വില്ലനായി കടന്നു വരുന്നത്‌ ഒരു ട്രക്കാണ്‌. ആ ട്രക്കില്‍ ആരാണ്‌ എന്ന നായകന്റെയും ഭാര്യയുടെയും ഉത്‌കണ്‌ഠ പോലെ തന്നെ പ്രേക്ഷകരുടെ മനസിലും അതുണ്ടാകുന്നു. എന്നാല്‍ അത്‌ വെളിപ്പെടുന്നില്ല. നായകനും കുടുംബവും സഞ്ചരിക്കുന്ന കാറിനെതിരേ ആ ട്രക്ക്‌ വരുമ്പോഴെല്ലാം കഥാപാത്രങ്ങളും പ്രേക്ഷകരും അതാരാണ്‌ എന്നറിയാന്‍ വെമ്പല്‍ കൊള്ളുന്നു.

ബാംഗ്‌ളൂര്‍, കേരളം, ബെല്ലാരി, തിരുനല്‍വേലി എന്നിവിടങ്ങളിലാണ്‌ ഓവര്‍ ടേക്ക്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും സസ്‌പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ടു തന്നെ റേസിങ്ങ്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞത്‌ ചിത്രത്തിന്റെ മികവാണ്‌. ശബ്‌ദം കൊണ്ട്‌ ത്രില്ലിങ്ങ്‌ മൂഡ്‌ സമ്മാനിക്കുന്ന ചിത്രത്തിലെ വില്ലന്‍ ഗംഭീരമാണ്‌. എന്തിനാണ്‌ അവര്‍ നനന്ദന്റെ വാഹനത്തിനെതിരേ വരുന്നത്‌ എന്നത്‌ സസ്‌പെന്‍സാണ്‌.

വിജ്‌യ്‌ ബാബുവിനെ കൂടാതെ പാര്‍വതി നായര്‍, അഞ്‌ജലി നായര്‍, കൃഷ്‌ണ, ദീപക്‌ പറമ്പോല്‍, അജയ്‌ നടരാജന്‍ എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. വിജയ്‌ ബാബു പാര്‍വതി നായര്‍ ജോഡികളുടെ മകളായി എത്തുന്നത്‌ ബേബി ലയയാണ്‌. നെല്‍സണ്‍, കോട്ടയം പ്രദീപ്‌ എന്നിവരും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

 ജോസിന്റെ കഥയ്‌ക്ക്‌ അനില്‍ കുഞ്ഞപ്പനാണ്‌ തിരക്കഥ എഴുതിയിരിക്കുന്നത്‌. ദിനേശ്‌ നീലകണ്‌ഠന്റേതാണ്‌ സംഭാഷണം, ജോളി മാസ്റ്ററാണ്‌ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. വന്‍താരനിരയുടെ അകമ്പടിയില്ലെങ്കിലും ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു ത്രില്ലര്‍ മുവീയാണ്‌ ഓവര്‍ ടേക്ക്‌.




























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക