Image

യാത്രാ കുവൈറ്റ് ചികിത്സാ സഹായം നല്‍കി

Published on 06 November, 2017
യാത്രാ കുവൈറ്റ് ചികിത്സാ സഹായം നല്‍കി
 
കുവൈത്ത്: വാഹനാപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മലയാളിക്ക് യാത്രാ കുവൈറ്റ് ചികിത്സാസഹായം നല്‍കി. തൃശൂര്‍ പറപ്പൂക്കര സ്വദേശിയായ ജയേഷിനാണ് 2,36,741 രൂപയുടെ ധനസഹായം നല്‍കിയത്.

കുവൈറ്റ് ഫഹാഹീല്‍ എക്‌സ്പ്രസ് ഹൈവേ 30 ല്‍ മെഹബൂളയ്ക്ക് സമീപം നടന്ന വാഹനാപകടത്തില്‍ ജയേഷിന്റെ ഒരു കാലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ചികിത്സയില്‍ പൂര്‍ണമായും പരിക്കേറ്റ കാല്‍ നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടു മാസക്കാലമായി ആശുപത്രിയില്‍ ചികിത്സയില്‍തുടരുകയാണ്. ജയേഷ് കുവൈത്തില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. 

ജയേഷിന്റെ അവസ്ഥ മനസിലാക്കിയ കുവൈത്തിലെ ടാക്‌സി െ്രെഡവര്‍മാരുടെ കൂട്ടായ്മയായ യാത്രാ കുവൈറ്റും യാത്രക്കാരും അഭ്യുദയകാംക്ഷികളുമായ പ്രവാസികളും ചേര്‍ന്നു നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക കണ്ടെത്തിയത്. 

പ്രസിഡന്റ് മനോജ് മഠത്തില്‍, സ്ഥാപകന്‍ അനില്‍ ആനാട്, ഇലക്ഷന്‍ ജനറല്‍ കണ്‍വീനര്‍ കെ.കെ. ബഷീര്‍, സാല്‍മിയ പ്രസിഡന്റ് ഷെബീര്‍ മൊയ്തീന്‍, സാല്‍മിയ ട്രഷറര്‍ എം.ആര്‍. രാജേഷ്, ഫഹാഹീല്‍ സെക്രട്ടറി ജിസ്‌മോന്‍ ചാക്കോ, അബാസിയ കണ്‍വീനര്‍ ജീസണ്‍ എന്നിവര്‍ അഡാന്‍ ആശുപത്രിയിലെത്തി ജയേഷിന് തുക കൈമാറി. 

ജയേഷിന് ഭാര്യയും മൂന്നു വയസായ ഒരു കുഞ്ഞും നാട്ടിലുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക