Image

"പ്രത്യാനയനം' (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 06 November, 2017
"പ്രത്യാനയനം' (കവിത: മഞ്ജുള ശിവദാസ് റിയാദ്)
പരിദേവനങ്ങളല്ലിനിയുമീ ധരണിക്കു
പരിരക്ഷയല്ലയോ നല്‍കിടേണ്ടൂ.

പരിതാപ ഗീതങ്ങളല്ല നമുക്കിനി
പരിഹാര ഗീതങ്ങളാലപിക്കാം.

കേട്ടുമറന്നതാം പ്രകൃതിസംഗീതങ്ങ
ളിനിയുമൊഴുകേണം പ്രപഞ്ചമാകെ.

ശിഥില ബന്ധങ്ങള്‍ തന്‍ കഥകേട്ട
കര്‍ണ്ണങ്ങള്‍, ശാന്തിഗീതം ശ്രവിക്കട്ടെ.

പദമൂന്നിനില്‍ക്കാനിടം തന്ന മണ്ണിതില്‍
പക രുധിര നൃത്തമാടുന്നു.

ഇനി നമുക്കൊരു ശുദ്ധികലശമാകാം
നഷ്ടമെണ്ണിയെണ്ണിത്തപിക്കാതെ.

ആദിത്യദേവനില്‍ പഴിചുമത്താതെ,
പെയ്യാത്ത മേഘത്തെ കണ്ണുരുട്ടാതെ,

ധരണിതന്‍ ദയനീയ ചിത്രം പകര്‍ത്താതെ,
പൂര്‍വ പ്രതാപത്തെ വീണ്ടെടുക്കാം.

ദുരയൊടുങ്ങാത്തൊരീ നരനുവേണ്ടി
സ്വയം ബലിയാകുവാന്‍ ധരയൊരുങ്ങി നില്‍ക്കേ,

വരളുന്ന പുഴനോക്കി നയനനീര്‍ തൂകാതെ,
ഇടിയുന്ന കുന്നിന്‍റെ പൂര്‍വകഥ പാടാതെ,

കടയറ്റ തരു നോക്കി ശിലയായി നില്‍ക്കാതെ,
വംശനാശങ്ങളില്‍ നിശ്ശബ്ദരാകാതെ,

ഇനിയൊന്നു പ്രതികരിച്ചീടാം,
നമുക്കൊരുമയോടരുതായ്മ തടയാം.

നേര്‍വഴിക്കാദ്യം ഗമിക്കാം
ഉലകമെല്ലാര്‍ക്കുമായ് കാത്തുവയ്ക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക