Image

മലയാളിയായതില്‍ അഭിമാനം; ഇമിഗ്രേഷന്‍ രംഗത്തു സജീവം: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍

Published on 07 November, 2017
മലയാളിയായതില്‍ അഭിമാനം; ഇമിഗ്രേഷന്‍ രംഗത്തു സജീവം: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍
ന്യൂയോര്‍ക്ക്: കേരള സെന്റര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസിലെ ആദ്യ ഇന്ത്യന്‍ വനിതയും ആദ്യ മലയാളിയുമായ പ്രമീള ജയ്പാല്‍ നടത്തിയ പ്രഭാഷണത്തില്‍ മലയാളിയായിരിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ചു. എന്നാല്‍ ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് മലയാളം നന്നായി പറയാനോ, വായിക്കാനോ അറിയില്ല. മറ്റുള്ളവര്‍ പറയുന്നതെല്ലാം നന്നായി മനസിലാകും.

ഇന്ത്യയില്‍ വെച്ചേ കുടുംബവുമായി അടുത്ത സൗഹൃദമുള്ള ശ്രീധര്‍ മേനോന്‍ തനിക്ക് ഇലക്ഷന്‍ സമയത്ത് നല്‍കിയ സഹായങ്ങള്‍ക്കു നന്ദി പറഞ്ഞാണ് അവര്‍ പ്രസംഗം ആരംഭിച്ചത്. പതിനാറാം വയസ്സില്‍ താന്‍ തനിയെ അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുകയായിരുന്നു. മാതാപിതാക്കള്‍ സ്വരൂപിച്ചു വച്ചിരുന്ന 5000 ഡോളറായിരുന്നു ആകെയുള്ളത്.

വിദ്യാഭ്യാസത്തിന്റെ മഹത്വം തന്റെ കുടുംബത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. മക്കള്‍ ഡോക്ടറോ എന്‍ജിനീയറോ, ലോയറോ ആകണമെന്ന ഇന്ത്യന്‍ സ്വപ്നം തന്നെയായിരുന്നു അവര്‍ക്കും. പക്ഷെ താന്‍ അതു പാലിച്ചില്ല.പകരം ഇംഗ്ലീഷ് പഠിക്കുകയാണെന്നു പിതാവിനോടു പറഞ്ഞശേഷം ഫോണ്‍ ചെവിയില്‍ നിന്നു മാറ്റി പിടിച്ചു. ഇംഗ്ലീഷ് പഠിക്കാന്‍ അമേരിക്കക്കയ്ക്ക് പോകണോ എന്ന ശകാരവാക്ക് കേള്‍ക്കാന്‍ വയ്യായിരുന്നു. അതിനൊപ്പം ഇക്കണോമിക്‌സും പഠിച്ചു. പിന്നീട് വാള്‍ സ്ട്രീറ്റില്‍ പത്തുവര്‍ഷം ജോലി ചെയ്തു. അതിനുശേഷം ഇമ്മിഗ്രേഷന്‍പ്രശ്‌നങ്ങളിലേക്ക് ആക്ടിവിസ്റ്റ് ആയി ഇറങ്ങി. 9/11 കഴിഞ്ഞുണ്ടായ ഹെയ്റ്റ് ക്രൈമുകള്‍ക്കെതിരേ ഉണ്ടാക്കിയ സംഘടന 'വണ്‍ അമേരിക്ക' എന്നത് വലിയ ഇമിഗ്രേഷന്‍ സംഘടനയായി.

ഇമിഗ്രേഷന്‍ രംഗത്തെ പ്രവര്‍ത്തനത്തിനു പ്രസിഡന്റ് ഒബാമ ചെയ്ഞ്ച് അവാര്‍ഡ് നല്‍കി. അമേരിക്കയിലെ കുടിയേറ്റക്കാരൊക്കെ എവിടെ നിന്നെങ്കിലുമൊക്കെ വന്നവരാണ്. എല്ലാവരേയും സ്വാഗതം ചെയ്യുന്ന സംസ്‌കാരമാണ് തന്നെ അമേരിക്കയെപറ്റി അഭീമാനം കൊള്ളിക്കുന്നത്.

ഇന്ത്യക്കാര്‍ ധാരാളമുണ്ടെങ്കിലും നിയമ നിര്‍മ്മാണ സഭകളില്‍കാര്യമായ പ്രാതിനിധ്യമില്ലെന്ന തിരിച്ചറിവിലാണ് സിയാറ്റില്‍ പ്രാന്ത പ്രദേശത്തു നിന്ന് നിന്നു വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു മത്സരിച്ചതും വിജയിച്ചതും. ഒരിക്കല്‍ പോലും ഇത്തരമൊന്നു തന്റെ ചിന്തയിലുണ്ടായിരുന്നില്ല.

കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസ് സംഘത്തോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മോദിക്ക് മികച്ച സ്റ്റാഫും സൗകര്യങ്ങളുമുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം എത്ര പ്രാധാന്യം നല്‍കുന്നുവെന്നു ചര്‍ച്ചകളില്‍ മനസ്സിലായി. താന്‍ ചെന്നൈയില്‍ നിന്നാണെന്നു അറിഞ്ഞ അദ്ദേഹം തമിഴില്‍ സ്വാഗതം പറഞ്ഞു. പക്ഷെ താന്‍ മലയാളിയാണെന്നദ്ദേഹത്തോടു പറഞ്ഞു.

ഹെയ്റ്റ് ക്രൈമിനിതിരേ മറ്റു മൂന്നു ഇന്ത്യന്‍ കോണ്‍ഗ്രസ്മാന്‍മാര്‍ക്കൊപ്പം (സമൂസാ കോക്കസ്!) താന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ജുഡീഷ്യല്‍ കമ്മിറ്റി അംഗമെന്ന നിലയ്ക്ക് തനിക്ക് ഇമിഗ്രേഷന്‍ കാര്യങ്ങളില്‍ കൂടുതല്‍ അധികാരമുണ്ട്. ഇല്ലീഗലായി നില്‍ക്കുന്ന 12 മില്യനെ നിയമാനുസൃതമാക്കണം. ഇല്ലീഗലയാട്ടുള്ള സൗത്ത് ഏഷ്യന്‍സും ഏറെയാണ്.

ഇന്ത്യയില്‍ ചെന്നപ്പോള്‍ എച്ച്.1 വിസയുടെ കാര്യമാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതില്‍ മാറ്റമുണ്ടാക്കാന്‍ സമയമെടുക്കും.

രണ്ടാഴ്ചയ്ക്കു ശേഷം വാരണാസിയില്‍ പഠിക്കുന്ന പുത്രനെ കാണാന്‍ താന്‍ പോകുന്നുണ്ട്. ആയിരക്കണക്കിനു കത്തുകളും ഇമെയിലുകളും തനിക്ക് ലഭിക്കാറുണ്ട്. തങ്ങളെപ്പോലൊരാള്‍ കോണ്‍ഗ്രസ് അംഗമായി എന്നതിലെ സന്തോഷം പങ്കുവെച്ചാണത്.

പുതിയ ചെയര്‍മാന്റെ കീഴില്‍ വീണ്ടും ഇന്ത്യാ കോക്കസ് സജീവമാക്കാന്‍ പോകുകയാണ്. ഇന്ത്യക്കാര്‍ കൂടുതലായി ഹൃദ്രോഗത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഹാര്‍ട്ട് ഹെല്പ് എന്ന പേരിലൊരു ബില്‍ താന്‍ അവതരിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കനായ റെപ് ജോ വില്‍സണാണ് കോ- സ്‌പോണ്‍സര്‍ -അവര്‍ പറഞ്ഞു.

ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയുടെ പ്രസംഗത്തില്‍ മലയാളി സമൂഹം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുകയാണ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ടില്ലേഴ്‌സണ്‍ നടത്തിയ പ്രസംഗം അടുത്ത നൂറു വര്‍ഷം ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നു വരച്ചു കാട്ടുന്നതായിരുന്നു. ഭാവിയിലെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡയ്‌സി സ്റ്റീഫനായിരുന്നു എം.സി. ഡോ. തോമസ് ഏബ്രഹാം ചടങ്ങുകള്‍ നിയന്ത്രിച്ചു. കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളി കോണ്‍സല്‍ ജനറലിനെ പരിചയപ്പെടുത്തി. ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിനെ തേര്‍ഡ് വേള്‍ഡ് എയര്‍പോര്‍ട്ട് എന്നു വിശേഷിപ്പിച്ചത് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ കൊണ്ടു മാത്രമായിരിക്കില്ല. എയര്‍പോര്‍ട്ടില്‍ കൂടുതലും മറ്റു നാടുകളില്‍ നിന്നുള്ളവരും വിദ്യാര്‍ത്ഥികളുമൊക്കെയാണ്. ഫ്‌ളഷിംഗ് വഴി പോയാല്‍ അത് ഒന്നുകൂടി ഉറപ്പാകും.
അതേസമയം കുടിയേറ്റക്കാര്‍ വന്നു ന്യൂജേഴ്‌സിയിലെ എഡിസണില്‍ ആധിപത്യം സ്ഥാപിക്കുന്നതായി ആരോപിച്ച് അടുത്തയിടക്ക് ഇറങ്ങിയ ഫ്‌ളെയറും ആശങ്കകളുണര്‍ത്തുന്നു- തമ്പി തലപ്പിള്ളി പറഞ്ഞു.

കോണ്‍ഗ്രസ് വുമണ്‍ ജയ്പാലിനെ കേരള സെന്റര്‍ ഡയറക്ടര്‍ ഡോ. മധു ഭാസ്‌കര്‍ പരിചയപ്പെടുത്തി. കേരള സെന്ററിന്റെ രജതജൂബിലി പ്രമാണിച്ച് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയവരിലൊരാളായ ശ്രീധര്‍ മേനോന്‍, ഡോ. തോമസ് ഏബ്രഹാമിന്റെ സേവനങ്ങളെ മാനിച്ച് ഗോപിയോയ്ക്ക് 5000 ഡോളര്‍ സംഭാവന നല്‍കുമെന്നു പറഞ്ഞു.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിദ്യാഭ്യാസ വിചക്ഷണനും കാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ഏബ്രാഹാം ജോര്‍ജ് ബാംഗ്ലൂരിലെ ശാന്തിഭവന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെയാണ് അവിടെ താമസിപ്പിച്ച് പഠിപ്പിക്കുന്നത്. അവസരം കിട്ടിയാല്‍ അവരും ഉന്നതിയിലെത്തുമെന്നതാണ് അനുഭവം. മികച്ച നേട്ടങ്ങള്‍ കൈവരിച്ച മൂന്നു കുട്ടികളും തന്നോടൊപ്പം വന്നിട്ടുണ്ട്. അവരിലൊരാളിയ ശില്പ എഴുതിയ എലിഫെന്റ് ചേസേഴ്‌സ് ഡോട്ടര്‍ എന്ന പുസ്തകം എല്ലാവരും വായിക്കേണ്ടതാണ്. ഒരു ശാന്തിഭവന്‍ കൂടി സ്ഥാപിക്കുനതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നതായുംഅദ്ദേഹം പറഞ്ഞു.

കാല്‍ നൂറ്റാണ്ടു മുമ്പ് കേരളാ സെന്റര്‍ ഒരു പൊളിഞ്ഞ കെട്ടിടവും സ്വിമ്മിംഗ് പൂളും മാത്രമായിരുന്നെന്നു മറ്റൊരു അവാര്‍ഡ് ജേതാവ് ദിലീപ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഇന്നത് മനോഹരസൗധമായി. ഇ.എം. സ്റ്റീഫനും, ഡോ. തോമസ് ഏബ്രഹാമും ആണ് നെടുംതൂണുകള്‍. അതിന്റെ മേല്‍ക്കൂരയാകട്ടെ ശ്രീധര്‍ മേനോനും.

ദിലീപ് വര്‍ഗീസും പത്‌നി കുഞ്ഞുമോളും തുടക്കത്തില്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ ഇ.എം. സ്റ്റീഫനും അനുസ്മരിച്ചു. മറ്റൊരു അവാര്‍ഡ് ജേതാവ് കൊളംബിയ പ്രൊഫസര്‍ ഡോ. പി. സോമസുന്ദരനും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ അനുസ്മരിച്ചു.

വാര്‍ഷിക അവാര്‍ഡ് നേടിയ ഡോ. എന്‍.പി ഷീല കുറഞ്ഞുവരുന്ന മാനവീകതയും മൂല്യങ്ങളും ചൂണ്ടിക്കാട്ടി.സാഹിത്യത്തിനൊക്കെ പ്രാധാന്യം കുറയുന്നു. കാട്ടില്‍ കുയിലമ്മ പാടുന്നു. പക്ഷെ മറ്റു മൃഗങ്ങളുടെ ഗര്‍ജ്ജനത്തില്‍ അതു മുങ്ങിപ്പോകുന്നു. നിരാശയിലായ കുയിലമ്മയോട് കുറക്കന്‍ പാട്ട് തുടരാന്‍ പറയുന്നു. കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരും കുയിലിനു ചെവികൊടുത്തു. ഇതുപോലെ അര്‍പ്പണ ബോധമുള്ള മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ തമസിനെ അകറ്റും. ആ പ്രതീക്ഷയാണ് നമ്മെ ജീവിപ്പിക്കുന്നത്. ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്.

അറ്റോര്‍ണി അപ്പന്‍ മേനോന്‍, ഡോ. എ.കെ.ബി പിള്ള, ഷീല ശ്രീകുമാര്‍, ജിന്‍സ് മോന്‍ സഖറിയ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ലൈഫ് ടൈം അവാര്‍ഡ് നേടിയ ഡോ. മുഹമ്മദ് മജീദിനു പകരം ശങ്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ചടങ്ങില്‍ വച്ചു കേരള സെന്ററിന്റെ ജീവാത്മാവായ ഇ.എം. സ്റ്റീഫനെ പ്ലാക്ക് നല്‍കി ആദരിച്ചു. സ്റ്റീഫന്റേയും പത്‌നി ചിന്നമ്മയുടേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

ഈ അംഗീകാരം തന്റെ കണ്ണു നനയിക്കുന്നതായി സ്റ്റീഫന്‍ പറഞ്ഞു. ജാതി മത സംഘടനകള്‍ക്കൊക്കെ സംവിധനാങ്ങള്‍ ഉണ്ടായപ്പോള്‍മലയാളിക്ക് ഒരിടം എന്ന നിലയിലാണ് കേരള സെന്റര്‍ തുടങ്ങിയത്. ആര്‍ക്കും അതില്‍ അംഗമാകാം. യുവജനതയെ മുന്നിലെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സെന്ററിന്റെ യൂത്ത് ഗ്രൂപ്പ് നൃത്തങ്ങള്‍ അവതരിപ്പിച്ചു.
മലയാളിയായതില്‍ അഭിമാനം; ഇമിഗ്രേഷന്‍ രംഗത്തു സജീവം: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍മലയാളിയായതില്‍ അഭിമാനം; ഇമിഗ്രേഷന്‍ രംഗത്തു സജീവം: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍മലയാളിയായതില്‍ അഭിമാനം; ഇമിഗ്രേഷന്‍ രംഗത്തു സജീവം: കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയ്പാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക