Image

കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് മെമ്പര്‍മാരുടെ അടിയന്തരയോഗം ന്യൂയോര്‍ക്കില്‍! (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 08 November, 2017
കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് മെമ്പര്‍മാരുടെ അടിയന്തരയോഗം ന്യൂയോര്‍ക്കില്‍! (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും മാസങ്ങളായി ടെക്‌സാസിലെ റോയിസ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ്(കെ.സി.എ.എച്ച്) എന്ന ലിമിറ്റഡ് കമ്പനിയെപ്പറ്റിയുള്ള ആരോപണങ്ങളും, പ്രത്യാരോപണങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ മലയാളം മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത കെ.സി.എ.എച്ചിന്റെ പ്രസിഡന്റ് വെരി.റവ.ഫാ.ഗീവര്‍ഗീസ് പൂത്തൂര്‍കുടിലില്‍ പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു.
ഏതായാലും മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് കെ.സി.എ.എച്ച് പാപ്പരത്വത്തില്‍ എത്തിയ വിവരം പ്രസ്തുത കമ്പനിയില്‍ പണം മുടക്കിയ മെമ്പര്‍മാര്‍ അറിയുന്നതുതന്നെ. കാരണം കുറെകാലമായി മെമ്പര്‍മാര്‍ക്ക് പ്രസ്തുത കമ്പനിയില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

2005 ല്‍ 150 മെമ്പര്‍മാരില്‍ നിന്നും ആളൊന്നുക്ക് 25,000 ഡോളര്‍ വച്ച് വാങ്ങി രൊക്കം പണം കൊടുത്ത് 430 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഓരോ മെമ്പര്‍മാര്‍ക്കും വീടുവയ്ക്കാനുള്ള സ്ഥലം മാറ്റിയിട്ടിരിക്കുമെന്നും, വേറെ ആവശ്യമുള്ളവര്‍ക്കു വീടുകള്‍ വച്ചു കൊടുക്കുമ്പോള്‍ കിട്ടുന്ന ലാഭം മെമ്പര്‍മാര്‍ക്ക് പങ്കുവയ്ക്കുന്നതായിരിക്കും എന്നും വലിയ വാഗ്ദാനങ്ങള്‍ കൊടുത്തിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും പ്രത്യക്ഷത്തില്‍ കാണാന്‍ കഴിഞ്ഞില്ല. എന്തിനേറെ പണം മുടുക്കിയവരെല്ലാം നിരാശയിലുമായി.

2005 ല്‍ പ്രസ്ഥാനം തുടങ്ങിയ ഏതാനും ചിലര്‍ 2015 ഓടുകൂടി അവിടെ വീടു പണിതു താമസവുമായി. ചുരുക്കത്തില്‍ വസ്തുവും, പണവുമെല്ലാം അവരുടെ കൈയില്‍ ആയിക്കഴിഞ്ഞു എന്നു വേണം ഊഹിക്കാന്‍.

ഏതായാലും, 2017 ജൂണ്‍ മാസത്തില്‍ രണ്ടു പണമിടപാടുകാരില്‍ നിന്നും വസ്തു ഈടു വച്ച് പലിശയ്ക്ക് പണം എടുത്തിരുന്നുവെന്നും, അവര്‍ക്ക് തവണ വ്യവസ്ഥ പ്രകാരം അടയ്ക്കാത്തതിന്റെ പേരില്‍ ലീഗല്‍ നടപടികള്‍ എടുക്കാന്‍ പോകുന്നു എന്നും കേട്ടു. പ്രസ്തുത കമ്പനിയില്‍ പണം മുടക്കിയിട്ടുള്ള ഈ ലേഖകന്‍ മുന്‍കൈ എടുത്ത് ഒരു പൊതുയോഗം വിളിച്ചുകൂട്ടാന്‍ കെ.സി.എ.എച്ച് പ്രസിഡന്റിനോടും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അങ്ങിനെ ഒടുവില്‍ ഓഗസ്റ്റ് 26 ന് പൊതുയോഗം വിളിച്ചുകൂട്ടി എങ്കിലും കമ്പനി നിയമപ്രകാരം കോറം തികഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ വക്കീലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുയോഗം പിരിച്ചുവിട്ടു.
ഏതായാലും സാവകാശം വാര്‍ത്ത മെമ്പര്‍മാരുടെ ചെവിയിലുമെത്തി. സെപ്തംബര്‍ 19ന് ഒരു ടെലികോണ്‍ഫറന്‍സിലൂടെ 26ഓളം മെമ്പര്‍മാര്‍ ചേര്‍ന്ന് 'കെ.സി.എ.എച്ച്. സംരക്ഷണ സമിതി' എന്ന പേരില്‍ ഒരു കമ്മറ്റി ഉണ്ടാക്കി. തോമസ് കൂവള്ളൂരിനെ പ്രസ്തുത കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു.

ഇതിനോടകം ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മെമ്പര്‍മാര്‍ ഉള്ളതെന്നും അക്കാരണത്താല്‍ ന്യൂയോര്‍ക്കില്‍ വച്ച് പൊതുയോഗം കൂടിയാല്‍ കോറം ഇല്ലെന്നുള്ള പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നും, എത്രയും വേഗം പൊതുയോഗം വിളിച്ചു കൂട്ടണമെന്നും കെ.സി.എ.എച്ചിന്റെ ഭാരവാഹികളോടും, പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ട് അവര്‍ അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒടുവില്‍ ഡിസംബര്‍ രണ്ടാം തീയതി രാവിലെ 10 മണിക്ക് ടെക്‌സസ്സിലെ റോയിസ് സിറ്റിയിലുള്ള കെ.സി.എ.എച്ചിന്റെ ചെറിയ ഓഫീസ് മുറിയില്‍ വച്ച് പൊതുയോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നു എന്നുള്ള സെക്രട്ടറിയുടെ ഒരുകത്ത് ഏതാനും ചില മെമ്പര്‍മാര്‍ക്കു കിട്ടി. പ്രസ്തുതകത്തില്‍ അജണ്ടപോലും ഉള്‍പ്പെടുത്തിയിട്ടില്ലതാനും.

ഏതാനും ചില വ്യക്തികളുടെ പിടിപ്പുകേടുകള്‍ മൂലം വഴിതെറ്റിപ്പോയ കെ.സി.എ.എച്ച്.എന്ന പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപം കൊടുത്ത 'സേവ് കെ.സി.എ.എച്ച്.എല്‍.എല്‍.സി.' ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെ ഒരു അടിയന്തിരയോഗം ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വക സ്ഥലമായ 54 യോങ്കേഴ്‌സ് ടെറസ്സില്‍ വച്ച് നവംബര്‍ 11 ന് ശനിയാഴ്ച 11 മണിക്ക് കൂടുവാന്‍ മെമ്പര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, െ്രെടസ്‌റ്റേറ്റ് ഏരിയായിലുള്ള മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നതിനും, പണം മുടക്കിയിരിക്കുന്ന മെമ്പര്‍മാരുടെ പണം നഷ്ടപ്പെട്ടു പോകാത്ത വിധത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കാനാവുമോ തുടങ്ങിയ കാര്യങ്ങള്‍ പ്രസ്തുത പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, തീരുമാനങ്ങള്‍ എടുക്കുന്നതുമായിരിക്കും.

മെമ്പര്‍മാരില്‍നിന്നും ആദ്യ ഗഡുവായി മൊത്തം 3.75 മില്ല്യന്‍ ഡോളര്‍ വാങ്ങിയാണ് സ്ഥലം വാങ്ങിയത്. അതിനുപുറമെ 2 മില്ല്യനിലധികം മെമ്പര്‍മാരില്‍ നിന്നും കടമായും വാങ്ങിയിരുന്നു എന്നറിയുന്നു. ഇവയ്ക്കുപുറമെയാണ് വസ്തു ഈടു വച്ച് രണ്ടു വ്യക്തികളില്‍നിന്നും 4.5 മില്ല്യന്‍ ഡോളറോളം വാങ്ങിയത്. വീടുവച്ച 15ല്‍ പരം വ്യക്തികളില്‍ നിന്നും എത്ര വാങ്ങിയെന്നുള്ളത് കണക്കുകള്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നിലവിലുള്ള ഡയറക്ടര്‍മാര്‍ ഇതെവരെ കണക്കുകള്‍ കാണിക്കാന്‍ തയ്യാറുമായിട്ടില്ല. ഈ സാഹചര്യത്തില്‍ മെമ്പര്‍മാര്‍ ഒറ്റക്കെട്ടായിനിന്നെങ്കില്‍ മാത്രമേ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂതാനും.

യാതൊരു വിധത്തിലും പ്രകോപനപരമാകാത്തവിധത്തില്‍ സൗമ്യതയോടുകൂടി, ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് പരാമവധി വില കല്‍പിച്ചുകൊണ്ട്, സാധിക്കുമെങ്കില്‍ സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ഭൂരിപക്ഷം മെമ്പര്‍മാരുടെയും അഭിപ്രായം.

സമൂഹത്തില്‍ അറിയപ്പെടുന്ന പല പ്രമുഖവ്യക്തികളും ഈ പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതായിരിക്കും. അവരില്‍ ചിലര്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡോ.ജോര്‍ജ് ജേക്കബ്, നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള തെരേസാ തെക്കേക്കണ്ടം, ബോസ്റ്റണില്‍ നിന്നുള്ള വര്‍ഗീസ് മത്തായി, ന്യൂയോര്‍ക്കില്‍ നിന്നുളല്‍റവ.ഫാ.രാജന്‍ പീറ്റര്‍, ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ബേബി തോട്ടുകടവില്‍ എന്നിവരാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, െ്രെടസ്‌റ്റേറ്റിലുള്ള മെമ്പര്‍മാര്‍ ഇതൊരറിയിപ്പായി കണക്കാക്കി പ്രസ്തുത പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
തോമസ് കൂവള്ളൂര്‍: 9144095772
രാജു എബ്രാഹം: 7184138113
ജോണ്‍സണ്‍ പൗലോസ്: 2019657516
ആനി എബ്രാഹം: 7186124742

'സേവ് കെ.സി.എ.എച്ച്' ആക്ഷന്‍ കമ്മറ്റിക്കുവേണ്ടി വാര്‍ത്ത അയയ്ക്കുന്നത്.
തോമസ് കൂവള്ളൂര്‍

കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് മെമ്പര്‍മാരുടെ അടിയന്തരയോഗം ന്യൂയോര്‍ക്കില്‍! (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക