Image

ഏറ്റവും വലിയ സ്‌നേഹം - ടിനി ടോം

മീട്ടു റഹ്മത്ത് കലാം Published on 08 November, 2017
ഏറ്റവും വലിയ സ്‌നേഹം - ടിനി ടോം
ബൈബിളില്‍ പറഞ്ഞിരിക്കുന്നത് സുഹൃത്തിനെ സ്‌നേഹിക്കുന്നതിലും വലിയൊരു സ്‌നേഹമില്ലെന്നാണ്. സൗഹൃദം എന്ന വാക്കിന് അത്രമാത്രം പവിത്രത കല്പിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിന്റെ മറുപാതിയായ ഭാര്യയോട് പോലും പങ്കുവയ്ക്കാന്‍ കഴിയാത്ത രഹസ്യങ്ങള്‍ സുഹൃത്തിനോട് വിശ്വസിച്ചു പറയാം. മനസ്സുകൊണ്ടൊരാള്‍ സുഹൃത്തായിക്കണ്ടുപോയാല്‍ അവസാന ശ്വാസം വരെ അങ്ങനെ തന്നെ കാണണമെന്നാണ് എന്റെ തിയറി. അവന്റെ ഭാഗത്തുനിന്ന് വരുന്ന വീഴ്ചകള്‍ കണ്ടില്ലെന്നുകരുതി ക്ഷമിക്കാന്‍ കഴിവുണ്ടെങ്കിലേ ആ ബന്ധത്തിന് അര്‍ത്ഥമുള്ളൂ. ഇടയ്ക്കുവച്ച് തുടങ്ങിയ സൗഹൃദങ്ങളെക്കാള്‍ മനസ്സിനോടെന്നും ചേര്‍ന്നു നില്‍ക്കുന്നത് കുഞ്ഞിലേയുള്ള കൂട്ടുകാരാണ്.
ചെറിയ പ്രായത്തില്‍ മനസ്സില്‍ പതിയുന്നത് മായില്ലെന്ന് പറയാറില്ലേ? സൗഹൃദത്തിന്റെ കാര്യത്തില്‍ ഇത് നൂറുശതമാനവും ശരിയാണ്. സ്കൂള്‍ കാലയളവിലെ കൂട്ടുകാരുടെ പേരുകള്‍ പണ്ട് ടീച്ചര്‍ ഹാജര്‍ വിളിച്ചിരുന്ന ക്രമത്തില്‍ ഇപ്പോഴും ഓര്‍മയുണ്ട്. ഇടയ്ക്കിടെ ഞങ്ങള്‍ ഒത്തുകൂടുന്നതുകൊണ്ടാകാം വളര്‍ന്നിട്ടും ആരെയും മറക്കാത്തത്. എന്തെങ്കിലും തിരക്കുകളില്‍പെട്ട് ഒരാളെക്കുറിച്ച് വിവരമൊന്നുമില്ലാതായാല്‍ ഞങ്ങളെല്ലാം കൂടി പിന്നെ അവനെക്കുറിച്ചായിരിക്കും ചര്‍ച്ച. കാര്യങ്ങള്‍ അറിഞ്ഞിട്ടേ പിന്നെ സമാധാനമാകൂ. ഇങ്ങനെ കോട്ടം തട്ടാതെ സുഹൃത്ബന്ധങ്ങള്‍ കൊണ്ടുപോകുന്ന എനിക്ക് ഒരേ ബെഞ്ചില്‍ എന്റെ അപ്പുറവുംന് ഇപ്പുറവും ഇരുന്ന കൂട്ടുകാരുമായി മാത്രം പല കാരണങ്ങള്‍കൊണ്ട് ടച്ച് വിട്ടുപോയി. അതില്‍ ഒരാളെ തിരിച്ചുകിട്ടിയത്തിന്റെ സന്തോഷത്തിലാണിപ്പോള്‍ ഞാന്‍.

എല്‍.കെ.ജിയു.കെ.ജി ഒരുമിച്ചെഴുതി പാസ്സായി ഡബിള്‍ പ്രമോഷനോടെ ഒന്നാം ക്ലാസ്സിലെത്തിയ എന്റെ ബെഞ്ച്‌മേറ്റ്‌സ് ആയിരുന്നു രജനീഷും നദീമും. സെന്‍റ് .ആന്റണീസിലെ അടക്കവും ഒതുക്കവുമുള്ള കുട്ടികളായിരുന്നപ്പോളും സെന്‍റ് അഗസ്റ്റിനില്‍ പോയി കുരുത്തക്കേടുകളുടെ ആദ്യാക്ഷരം കുറിച്ചപ്പോഴും കര്‍ത്താവിനെ കുരിശില്‍തറച്ചനേരത്ത് ഇടവും വലവും നിന്ന കള്ളന്മാരെപ്പോലെ ഒപ്പം എന്റെ ചങ്ങാതിമാരും ഉണ്ടായിരുന്നു.

ആദ്യം രജനീഷിനെക്കുറിച്ചു പറയാം. ഞങ്ങളുടെ അമ്മമാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ തുടര്‍ച്ച ഏറ്റെടുത്തതുകൊണ്ട് സ്കൂള്‍ വിട്ടാലും അവന്‍ എന്റെ വീട്ടിലോ ഞാന്‍ അവന്റെ വീട്ടിലോ ആയിരുന്നു കുട്ടിക്കാലത്ത്. ഒരിക്കല്‍ രജനീഷ് ക്ലാസില്‍ ചൂണ്ട കൊണ്ടുവന്നു. ഞങ്ങള്‍ ഒരുമിച്ച് ചൂണ്ടയിട്ട് മീന്‍പിടിച്ചു. അവന്‍ പക്ഷെ ആ ചൂണ്ട എടുത്തുമാറ്റിവയ്ക്കാന്‍ മറന്നു. പിള്ളേര്‍ക്കൊക്കെ പേടിസ്വപ്നമായ വേട്ടവടി എന്നുഞങ്ങള്‍ വിളിക്കുന്ന സാറിന്റെ പിരീഡ് ആയിരുന്നു അത്. സാറിനെ കണ്ടാല്‍ വീരപ്പന്റെ ലൂക്കാണ്. അദ്ദേഹത്തിന്റെ ചൂരല്‍പ്രയോഗം കാരണം ഒരു ചെറുക്കന്‍ ആശുപത്രിയിലായെന്നും മരിച്ചുപോയെന്നുമൊക്കെ പലകഥകള്‍ കേട്ടിട്ടുണ്ട്. കഷ്ടകാലത്തിന് രജനീഷിന്റെ ചൂണ്ട സാറിന്റെ കണ്ണില്‍പ്പെട്ടു. കഌസ്സിനെ മൊത്തത്തില്‍ വിറപ്പിക്കുന്ന ശബ്ദത്തില്‍ ഒറ്റ ചോദ്യമാണ്: സത്യം പറഞ്ഞോ...ഇതാരുടെ ചൂണ്ടയാ? രജനീഷ് ഒരു കൂസലുമില്ലാതെ ചാടി എണീറ്റതും എന്റെ മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങി. മേശയുടെ അടിയില്‍ തലകയറ്റി വച്ചുള്ള ചൂരല്‍പ്രയോഗം നേരില്‍ കണ്ട ആരും കാണിക്കാത്ത ധൈര്യമാണ് രജനീഷ് കാണിച്ചത്. കുരുത്തക്കേടിനൊപ്പം തന്നെ സത്യസന്ധതയും അവനില്‍ ദൈവം നിറച്ചിരുന്നു. എന്തിനാടാ ചൂണ്ട എന്ന ചോദ്യത്തിന് തര്‍ക്കുത്തരം പോലെ "ചൂണ്ട എന്തിനാ സാറേ,മീന്‍ പിടിക്കാന്‍" എന്നുകൂടി പറഞ്ഞതും വേട്ടവടിയ്ക്ക് കലിയിളകി. നിനക്കൊരു സമ്മാനം ചൂണ്ടകൊണ്ടു തന്നെ തരാമെന്നുപറഞ്ഞ് സാര്‍ ശിക്ഷാനടപടിയിലേക്ക് കടന്നു. കൂട്ടാളി എന്ന നിലയ്ക്ക് എന്റെ പേരുകൂടി ഒറ്റുകൊടുക്കുമോ എന്നായിരുന്നു എന്റെ ടെന്‍ഷന്‍. പ്രതീക്ഷിച്ചതുപോലെ അവനൊരു യൂദാസ് അല്ലെന്നറിഞ്ഞപ്പോള്‍ അവനോടുള്ള സ്‌നേഹം കൂടി എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. എങ്കിലും അവന്റെ ഉള്ളിലെ അത്രയും നന്മ ഇല്ലാതിരുന്ന ഞാന്‍ ശിക്ഷയുടെ പങ്ക് ചോദിച്ചു വാങ്ങിയില്ല. പക്ഷെ,ആ സംഭവം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.

ആ സൗഹൃദം വളര്‍ന്നെങ്കിലും ഒരു മുപ്പത് വര്‍ഷക്കാലം അവനെന്ന അദ്ധ്യായം ജീവിതത്തില്‍ നിന്ന് എങ്ങനെയോ അകന്നു. കഴിഞ്ഞവര്‍ഷം എന്റെ ഫോണിലേക്ക് അപ്രതീക്ഷിതമായി അവന്റെയൊരു വാട്‌സാപ്പ് മെസേജ് വന്നു. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ ബ്രൂണയിലാണ് വര്‍ഷങ്ങളായി രജനീഷ് ജോലിചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ അവിടെ വന്നൊരു പ്രോഗ്രാം അവതരിപ്പിച്ചാലോ എന്ന് സംസാരിച്ചകൂട്ടത്തില്‍ വെറുതെ പറഞ്ഞു. 700 മലയാളികള്‍ മാത്രമുള്ള ആ രാജ്യത്ത് ടിനിയ്ക്ക് സാധാരണ നല്‍കുന്ന തുക നല്‍കാന്‍ കഴിയുമോ എന്നറിയില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ എന്റെ പഴയ കൂട്ടുകാരനെ കാണാന്‍ കിട്ടുന്ന അവസരമായേ ഇതിനെ കാണുന്നുള്ളൂ, നീയൊരു ടിക്കറ്റ് മാത്രം ഇട്ടുതന്നാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്.

കലാകാരന്മാര്‍ക്ക് വിസ നല്‍കുന്ന പതിവൊന്നും ബ്രൂണയിലില്ല. മിമിക്രി അവതരിപ്പിക്കാനും സിനിമാനടനെന്ന നിലയിലും ആദ്യമായി അവിടെ കാലുകുത്തിയ ആള്‍ ഞാനായിരിക്കും. രാജാവിന്റെ മെഡിക്കല്‍ ഗ്രൂപ്പിലുള്ള ആള്‍ രജനീഷിന്റെ അടുത്ത സുഹൃത്തായതിന്റെ പേരിലാണ് എനിക്കുള്ള വിസ തരപ്പെടുത്തിയത്.

കാശ് കൂടിപ്പോയിട്ട് എന്തുചെയ്യണമെന്നറിയാത്തതൊരു രാജ്യത്ത് ചെന്നുപെടുന്നത് ആദ്യമാണ്. ശത്രുക്കള്‍ ആക്രമിക്കുമോ എന്ന ഭയംകാരണമാണ് രാജാവ് മറ്റുരാജ്യങ്ങള്‍ക്ക് വിസ അനുവദിക്കാത്തതുപോലും. അത്രമാത്രം സമ്പന്നതയുടെ നടുവിലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു. രാജാവിന്റെ കാര്‍ മുഴുവന്‍സ്വര്‍ണംകൊണ്ട് ഉണ്ടാക്കിയതാണെന്ന് കേട്ട് ഞെട്ടിനിന്ന എന്നോട് അദ്ദേഹത്തിന്റെ ക്ലോസെറ്റും സ്വര്‍ണമാണെന്നു പറഞ്ഞപ്പോള്‍ ഞെട്ടലിനും അപ്പുറമായി എന്തോ വികാരമാണ് തോന്നിയത്.

സമ്പന്നരായ മാതാപിതാക്കള്‍ മക്കളെ വഷളാക്കുന്നതുപോലെയാണ് അവിടുത്തെ രജനീഷ് എന്ന പേര് ഓഷോ എന്ന ആള്‍ദൈവത്തെ ഓര്‍മപ്പെടുത്തുന്നതുകൊണ്ട് ബ്രൂണയില്‍ അവന്‍ രാജു എന്നാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി അവിടെ ചെന്നതുകൊണ്ട് പ്രവാസികളാണ് ഏറ്റവും നന്നായി ഓണം ആഘോഷിക്കുന്നതെന്ന പതിവ് ഡയലോഗില്‍ ഞാന്‍ സദസ്സിനെ കയ്യിലെടുത്തു. 'കഥ പറയുമ്പോല്‍ സിനിമയില്‍ മമ്മൂക്ക പ്രസംഗിക്കുന്നത് കേട്ടിരുന്ന് കരഞ്ഞ ശ്രീനിയേട്ടന്റെ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായാണ് രജനീഷ് മുന്‍ സീറ്റില്‍ ഇരിക്കുന്നതെന്നെനിക്ക് തോന്നി. അവന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് ഞാന്‍ സംസാരിച്ചത്. മിമിക്രി ,അഭിനയം എന്നൊക്കെ പറഞ്ഞ് തെക്കുവടക്ക് തെണ്ടിത്തിരിഞ്ഞ നേരത്ത് എന്റെ കൂട്ടുകാരന്‍ സമ്പന്നതയുടെ പര്യായമായ രാജ്യത്ത് ധനാഢ്യനായി കഴിയുന്നു എന്ന എന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയായിരുന്നു.

ഓരോ ആള്‍ക്കൂട്ടത്തിലും ഞാന്‍ തേടുന്ന മറ്റൊരു സുഹൃത്തിനെക്കുറിച്ച് പറഞ്ഞല്ലോ. നദീമിനെ വീണ്ടും കാണുക എന്നതും എന്റെ വല്യമോഹമാണ്. ഗെറ്റ് ടുഗെതര്‍ നടത്തുമ്പോള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയും അവന്റെ കാര്യങ്ങള്‍ പറഞ്ഞ് വാചാലനാകുകയും ചെയ്തപ്പോള്‍ കേട്ടിരുന്ന മറ്റുകൂട്ടുകാര്‍ ഒരുപാട് ചിരിച്ച ഒരുകാര്യം പറയാം. സ്കൂളില്‍ പഠിക്കുമ്പോള്‍ പട്ടിക്കുട്ടിയെ തരാമെന്നു പറഞ്ഞും ട്രാന്‌സിസ്റ്റര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും നദീമെന്നെ വട്ടം കറക്കിയിട്ടുണ്ട്. അവസാനമായി ഞാന്‍ അവനെ കണ്ടത് അവനുവേണ്ടി മൂന്നുലക്ഷം രൂപ ആള്‍ജാമ്യം നിന്നപ്പോഴാണ്. ആ കടമൊക്കെ ഞാന്‍ വീട്ടി. ഇപ്പോള്‍ അവനെ കാണാന്‍ ആഗ്രഹിക്കുന്നതും ആ കണക്കുകളുടെ പേരിലല്ല. നൊമ്പരങ്ങള്‍ നല്‍കിയാണ് കടന്നുപോകുന്നതെങ്കിലും സുഹൃത്തെന്ന മനസ്സില്‍ കോറിയിടുന്ന ചില ആളുകള്‍ എന്തുചെയ്താലും അവരോടുള്ള ഇഷ്ടം കുറയില്ല.

ഈ രണ്ട് സുഹൃത്തുക്കളും ജീവിതത്തിലെന്നെ രണ്ടുതരം പാഠങ്ങള്‍ പഠിപ്പിച്ചവരാണ്. കുഞ്ഞിലേ ഉള്ള സ്വഭാവത്തിന്റെ അംശം ഇപ്പോഴും നമ്മളില്‍ കാണുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സത്യസന്ധതയായാലും കള്ളത്തരമായാലും ശീലങ്ങള്‍ നമ്മളെ വിട്ടുപോകില്ല.
കടപ്പാട്: മംഗളം 
ഏറ്റവും വലിയ സ്‌നേഹം - ടിനി ടോംഏറ്റവും വലിയ സ്‌നേഹം - ടിനി ടോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക