Image

രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്‌ പരീക്ഷ മാറ്റിവെക്കാന്‍;11-ാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി സിബിഐ

Published on 08 November, 2017
  രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ  കൊലപ്പെടുത്തിയത്‌ പരീക്ഷ മാറ്റിവെക്കാന്‍;11-ാം ക്ലാസ്‌ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി സിബിഐ


ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയത്‌ സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന്‌ സിബിഐ. റയാന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ്‌ ഇക്കാര്യം വ്യക്തമായത്‌.

 പരീക്ഷ മാറ്റിവെയ്‌ക്കുന്നതിനാണ്‌ വിദ്യാര്‍ത്ഥി പ്രഥ്യുമനെ കൊലപ്പെടുത്തിയതെന്നാണ്‌ സിബിഐ വ്യക്തമാക്കുന്നത്‌. വിദ്യാര്‍ത്ഥിയെ ഇന്ന്‌ ജുവനൈല്‍ ജസ്റ്റീസ്‌ ബോര്‍ഡിന്‌ മുന്‍പാകെ ഹാജരാക്കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥിയെ സിബിഐ ചോദ്യം ചെയ്‌തു വരികയായിരുന്നു. കുട്ടിക്ക്‌ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിച്ചു. 

സ്‌കൂളില്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോട്ടാണെന്ന്‌ വ്യക്തമായി. കൊല്ലപ്പെട്ട ദിവസം പ്രഥ്യുമനൊപ്പം ശൗചാലയത്തില്‍ ഉണ്ടായിരുന്ന അഞ്ച്‌ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പതിനൊന്നാം ക്ലാസുകാരനാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.ഇടയ്‌ക്ക്‌ വിദ്യാര്‍ത്ഥി കൈയില്‍ കത്തി കരുതിയിരുന്ന കാര്യം സഹപാഠികളും അധ്യാപികയും സിബിഐക്ക്‌ മുന്‍പാകെ മൊഴി നല്‍കുകയും ചെയ്‌തു.

അതേസമയം, സിബിഐ നടപടിയെ എതിര്‍ത്ത്‌ ആരോപണവിധേയനായ വിദ്യാര്‍ത്ഥിയുടെ പിതാവ്‌ രംഗത്തെത്തി. തന്റെ മകന്‍ തെറ്റു ചെയ്യില്ലെന്ന്‌ കുട്ടിയുടെ പിതാവ്‌ പറഞ്ഞു. പൊലീസുമായി തങ്ങള്‍ സഹകരിച്ചു. നാല്‌ തവണയാണ്‌ മകനെ ചോദ്യം ചെയ്‌തത്‌. മനപൂര്‍വം കുടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ്‌ പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്‌തംബര്‍ എട്ടിനായിരുന്നു ഏഴുവയസുകാരന്‍ പ്രഥ്യുമനെ സ്‌കൂളിലെ ശൗചാലയത്തില്‍ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഇതിന്‌ പിന്നാലെ സ്‌കൂളിലെ ബസ്‌ ജീവനക്കാരന്‍ അശോക്‌ കുമാറിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. 

ലൈംഗികാതിക്രമം ചെറുത്തതിനെത്തുടര്‍ന്ന്‌ അശോക്‌ കുമാര്‍ കുട്ടിയെ കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നുവെന്നായിരുന്നു പൊലീസ്‌ ഭാഷ്യം. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചെന്നുമായിരുന്നു പൊലീസ്‌ വ്യക്തമാക്കിയിരുന്നു.

ഇതിന്‌ പിന്നാലെ പൊലീസ്‌ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പ്രഥ്യുമന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. സംഭവം നടന്ന്‌ രണ്ട്‌ മാസത്തിന്‌ ശേഷമാണ്‌ കേസില്‍ വഴിത്തിരിവുണ്ടാകുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക