Image

ആത്മഹത്യ ചെയ്യാന്‍ പോലും ചിന്തിച്ചിരുന്നുവെന്ന് ഇല്യാന

Published on 08 November, 2017
ആത്മഹത്യ ചെയ്യാന്‍ പോലും ചിന്തിച്ചിരുന്നുവെന്ന് ഇല്യാന

ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചിരുന്നുവെന്ന് തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തിയ സുന്ദരി ഇല്യാന ഡിക്രൂസ്. ഡല്‍ഹിയില്‍ നടന്ന 21 മത് ലോക മാനസിക ആരോഗ്യ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഇല്യാന മനസു തുറന്നത്. ശരീരത്തെ ഓര്‍ത്ത് വിലപിച്ച് ഒരുകാലത്ത് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചെന്നാണ് താരം പറഞ്ഞത്.

ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് അടിമയായിരുന്നു താന്‍ എന്നാണ് ഇല്യാനയുടെ വെളിപ്പെടുത്തല്‍. താന്‍ വളരെ സെല്‍ഫ് കോണ്‍ഷ്യസ് ആയിരുന്നുവെന്നും എല്ലാവരാലും അംഗീകരിക്കപ്പെടണമെന്നും ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു. ‘എനിക്കെപ്പോഴും വിഷമമായിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ ആണെനിക്ക് എന്നു മനസിലായത്.’ഇല്യാന പറയുന്നു.

താരങ്ങളായ തങ്ങളെ എല്ലാവരും സുന്ദരികളെന്ന് പറയുമ്പോള്‍ രണ്ട് മണിക്കൂറോളം ഒരുങ്ങിയിട്ടാണ് തയ്യാറാകുന്നതെന്ന് ഓര്‍ക്കണമെന്നും ഇല്യാന പറഞ്ഞു. സ്വയം ഇഷ്ടപ്പെടണമെന്നും ഉള്ളില്‍ നിന്നും സന്തുഷ്ടരാണെങ്കില്‍ പിന്നെ നിങ്ങളുടെ ചിരിയേക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ലെന്നും താരം അഭിപ്രായപ്പെട്ടു. ‘ഒരിടയ്ക്ക് ഞാന്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചിരുന്നു. എന്നാല്‍ സ്വയം അംഗീകരിച്ചതോടെ എല്ലാം മാറി. വിഷാദ രോഗത്തിനെതിരെയുള്ള എന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ അംഗീകരിക്കല്‍.’ ഇലിയാന കൂട്ടിച്ചേര്‍ക്കുന്നു.

വിഷാദ രോഗം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനാല്‍ എല്ലാം ശരിയാകുമെന്ന് കരുതി വെറുതെ ഇരിക്കരുതെന്നും വേണ്ട സഹായം തേടണമെന്നും താരം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക