Image

ആ വീഡിയോ എന്റെയല്ല , പക്ഷേ ആരോടായാലും ഇതു പാടില്ല ; അനു ജോസഫ്

Published on 10 November, 2017
ആ വീഡിയോ എന്റെയല്ല , പക്ഷേ ആരോടായാലും ഇതു പാടില്ല ; അനു ജോസഫ്

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വിശദീകരിച്ച് സിനിമാസീരിയല്‍ താരം അനു ജോസഫ് രംഗത്തെത്തി. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണെന്ന് തന്റേതല്ലെന്നും അനു വ്യക്തമാക്കി.

‘വാട്‌സാപ്പില്‍ എന്റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളിക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ എന്റെ ഫോട്ടോയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

വൈഡ് ഷൂട്ട് ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വീഡിയോയില്‍ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വീഡിയോയിലുള്ളത്. ഗള്‍ഫില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്. പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.’ അനു ജോസഫ് പറയുന്നു.

‘എസ്.പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വീഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീയ്ക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വീഡിയോ റെക്കാര്‍ഡ് ചെയ്യുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത് ഒരു ബന്ധവുമില്ലാത്ത എന്റെ ചിത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാന്‍ വളരെ പബ്ലിക്ക് ആയ ഒരു ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായും എന്നെ മാനസികമായും തൊഴില്‍പരമായും ബാധിക്കും. എനിക്കെന്നല്ല ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാന്‍ തന്നെ രംഗത്തു വരുന്നത്.’ അനു കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക