Image

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ വിന്‍ ഗോപാലിന്റെ വിജയം

ബിജു കൊട്ടാരക്കര Published on 10 November, 2017
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ വിന്‍ ഗോപാലിന്റെ വിജയം
ന്യൂജഴ്‌സി: ലോകത്തിന്റെ ഏതു കോണിലും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മലയാളിയുണ്ടാകും, അമേരിക്കന്‍ മലയാളികള്‍ക്ക് ഒന്നടക്കം അഭിമാനിക്കുവാന്‍ മലയാളിയായ വിന്‍ ഗോപാല്‍ ന്യു ജെഴ്സിയിലെ സ്റ്റേറ്റ് ഇലക്ഷനില്‍ സ്റ്റേറ്റ് സെനറ്ററായി വിജയിച്ചിരിക്കുന്നു. ഇത് മലയാളിയുടെ വിജയവും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്‍ മലയാളി സാന്നിധ്യം ഉണ്ടാകേണ്ടതിന്റെ തുടക്കവുമാണ്. പതിനൊന്നു വര്‍ഷമായി സ്റ്റേറ്റ് സെനറ്ററായ റിപ്പബ്ലിക്കന്‍ ജെന്നിഫര്‍ ബെക്കിനെ 28,750 വോട്ട് നേടിയാണു പരാജയപ്പെടുത്തിയത് എന്ന് കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ വിജയം ഒരു ചെറിയ കമ്മ്യൂണിറ്റിയായ മലയാളികള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല.

ഗോപാലിന്റെ പിതാവ് ഡോ. കൃഷ്ണമേനോന്‍ വൈക്കം സ്വദേശിയാണ് ഡോക്ടറായ അമ്മ തമിഴ്‌നാട് സ്വദേശിനിയും. വിന്‍ ഗോപാല്‍ മോണ്‍മത്ത് ക്ണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും തെന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകുകയും ചെയ്ത വ്യക്തിത്വം കൂടിയാണ്. നിരവധി പത്രങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും മറ്റു ബിസിനസ് രംഗത്ത് വിജയം നേടുകയും ചെയ്ത വിന്‍ ഗോപാല്‍ രാഷ്ട്രീയ രംഗത്തെ ഭാവി വാഗ്ദാനം കൂടിയാണ്. അമേരിയ്ക്കയുടെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നവരുടെ നിരയിലേക്ക് മലയാളിയുടെ യുവത്വത്തെ വളര്‍ത്തിയെടുക്കുക, മുഖ്യധാരാ രാഷ്ട്രീയത്തില്‍ യുവാക്കളെ സജീവമാക്കുക, അമേരിയ്ക്കന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക ശക്തി ആകുവാന്‍ യുവ സമൂഹത്തെ പ്രാപ്തമാക്കുവാന്‍ നമുക്ക് കഴിയുന്ന ഒരു സാഹചര്യവും ഇനി ഉണ്ടാകണം.

പലപ്പോഴും നാം മലയാളികള്‍ പങ്കുവയ്ക്കുന്ന ഒരു ആശങ്കയുണ്ട് നമ്മുടെ യുവജനങ്ങളില്‍ വലിയൊരു വിഭാഗം പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വാധീനവലയത്തില്‍ പെട്ട് വഴിമാറി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന്. പാശ്ചാത്യ സംസ്കാരം നമ്മുടെ യുവ തലമുറയെ സ്വാധീനിക്കുന്നിടത്താണ് വിന്‍ ഗോപാല്‍ എന്ന മലയാളിയുടെ അസൂയാവഹമായ വിജയം ഉണ്ടായത് എന്ന് നാം ഓര്‍ക്കണം. ഇവിടെ ഓരോ യുവാവും യുവതിയും സ്വയം കണ്ടെത്താനുളള ശ്രമത്തിലാണ്. അവനവന്‍റേതായ ഒരു പാത അല്ലെങ്കില്‍ അവനവന്‍റേതായ ഒരിടം കണ്ടെത്താന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു കാര്യത്തില്‍ നമുക്കെന്തെങ്കിലും സാരമായി സംഭാവന ചെയ്യുവാന്‍ സാധിക്കുമൊ? എങ്കില്‍ തീര്‍ച്ചയായും ചെയ്തിരിക്കണം.

അവരുടേതായ രീതിയില്‍ അവര്‍ അത് ഉള്‍ക്കൊണ്ടു കൊള്ളും ആ കാര്യത്തില്‍ സംശയം വേണ്ട, ഒരു പക്ഷെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന രീതിയിലായില്ല എന്നു വരാം, അതിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ല. നമ്മുടെ യുവജങ്ങള്‍ പ്രത്യേകിച്ചൊന്നും ആയിത്തീര്‍ട്ടിന്നില്ല, വളര്‍ച്ചയുടെ വഴികളിലൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അവനവന്‍റെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു കഴിഞ്ഞവരുടെ മുന്നില്‍ തെളിഞ്ഞു കാണുന്നതിനേക്കാള്‍ വളരെയേറെ സാദ്ധ്യതകളുണ്ട് അവരെ പിന്‍തുടര്‍ന്ന് വരുന്നവര്‍ക്ക്. കഴിഞ്ഞ തലമുറകള്‍, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്‍, യുവജനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതില്‍ വേണ്ടത്ര നിഷ്കര്‍ഷത പാലിച്ചിട്ടില്ല. നമ്മുടെ തനതായ സാംസ്കാരിക സമ്പത്തിന്‍റെ വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രദ്ധവെച്ചിട്ടില്ല. ഒരു പക്ഷെ അതിനു കാരണം, അതൊന്നും സ്വയം തൊട്ടറിയാന്‍ അവര്‍ക്കും അവസരങ്ങളുണ്ടായില്ല എന്നതാകാം. മഹത്തായ ആ പാരമ്പര്യത്തിന്‍റെ സ്വാധീനം നമ്മുടെ ജീവിതത്തെ എത്രത്തോളം സ്പര്‍ശിച്ചിട്ടുണ്ട്? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ.

നമ്മളും ഏറെക്കുറെ അന്ധമായി പാശ്ചാത്യരെ അനുകരിക്കുകയല്ലേ ചെയ്തത്? നമ്മള്‍ ധരിക്കുന്ന ഷര്‍ട്ടും, പാന്‍റും പാശ്ചാത്യരുടേതല്ലേ? ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മള്‍ പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നു. നമ്മുടെ മക്കള്‍ ആ പരിധിയും കടന്ന് അല്‍പം കൂടി മുമ്പോട്ടുപോയി എന്നു മാത്രം. അതെപ്പോഴും അങ്ങിനെയാണ്. പുതിയ തലമുറ, കടന്നുപോയ തലമുറയേക്കാള്‍ ഏതാനും ചുവടുകള്‍ കൂടി മുമ്പോട്ട് വെക്കാന്‍ ശ്രമിക്കുന്നു. നമുക്കു കയറി പറ്റാന്‍ ധൈര്യമില്ലാതിരുന്ന ഉയരങ്ങളിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ കയറിപ്പറ്റണം. അതല്ലേയതിന്‍റെ ശരി? വിന്‍ ഗോപാലിന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത് നാളെകളില്‍ കൂടുതല്‍ യുവജനങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തു കടന്നുവരട്ടെ. മുക്കിനും മൂലക്കും നാലാലുള്ള മലയാളി സംഘടനകള്‍ ഉണ്ടാക്കി ഇപ്പോള്‍ ഉള്ളവര്‍ക്കും വരും തലമുറക്കും പ്രയോജനമില്ലാതെ ആളു കളിക്കുന്നതിലും അപ്പുറം ഇനിയെന്ക്കിലും. ഒരു പക്ഷെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ ഉന്നതമായ പദവികള്‍ അവരെ തേടി എത്തട്ടെ നമ്മുടെ തലമുറ അവര്‍ക്കായി അതിനുള്ള ഇടമാകുവാന്‍ ശ്രദ്ധിക്കണം അതിനായി ഇനിയുള്ള നമ്മുടെ സമയം മാറ്റിവയ്ക്കാം. 


Join WhatsApp News
critic 2017-11-10 23:34:28
എന്താണ്  ലേഖകന്‍ ഉദ്ധേശിച്ചത്? അത് പറയാന്‍ ഒരു ലേഖനം കൂടി എഴുതുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക