Image

ബാങ്ക് മാനേജരുടെ എടിഎം കാര്‍ഡ് അടിച്ചുമാറ്റി പണം പിന്‍വലിച്ചു

Published on 10 November, 2017
ബാങ്ക് മാനേജരുടെ എടിഎം കാര്‍ഡ് അടിച്ചുമാറ്റി പണം പിന്‍വലിച്ചു
 കൊച്ചി: ബാങ്ക് മാനേജരുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ ഹുസൈനെയാണ് പിടികൂടിയത്. 50,000 രൂപയാണ് ഇയാള്‍ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത്. ബാങ്ക് മാനേജര്‍ എടിഎം കാര്‍ഡിന്റെ കവറില്‍ രേഖപ്പെടുത്തിയിരുന്ന പിന്‍നമ്പര്‍ മനസിലാക്കിയാണു പ്രതി പണം പിന്‍വലിച്ചത്. 

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ സ്വദേശിയും ബാങ്ക് ഓഫ് ബറോഡ മാനേജരുമായ വ്യക്തിയുടെ എടിഎം കാര്‍ഡാണ് പ്രതി മോഷ്ടിച്ചത്. കൊച്ചിയില്‍ കോണ്‍ഫറന്‍സിനായി എത്തിയ ബാങ്ക് മാനേജര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ക്ലീനിംഗ് ജീവനക്കാരനായിരുന്നു പ്രതി. കോണ്‍ഫറന്‍സിനായി പുറത്തുപോയ സമയം മുറിയില്‍ ക്ലീനിംഗ് ജോലിക്കായി എത്തിയ ഹുസൈന്‍ ബാങ്ക് മാനേജരുടെ ബാഗില്‍നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ചശേഷം പല തവണയായി അക്കൗണ്ടില്‍നിന്നു 50,000 രൂപ പിന്‍വലിക്കുകയായിരുന്നു. 

പണം പിന്‍വലിച്ചതിന്റെ സന്ദേശം ഫോണില്‍ വന്നതോടെ ബാങ്ക് മാനേജര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക