Image

നേതാക്കള്‍ നമ്മെ അസംതൃപ്തരാക്കുന്നുവോ? (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)

Published on 12 November, 2017
നേതാക്കള്‍ നമ്മെ അസംതൃപ്തരാക്കുന്നുവോ? (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)
സമൂഹത്തിലും രാഷ്ട്രീയത്തിലും മതത്തിലും നല്ല നിരവധി നേതാക്കളുണ്ട്. സദുദ്ദേശത്തോടെ സേവനം ചെയ്യുന്ന ബഹുമാന്യരായ നേതാക്കളെ ജനങ്ങള്‍ ആദരിക്കുന്നു. അവരുടെ ജീവിതവും പ്രവര്‍ത്തന ശൈലിയും മാതൃകാപരവും ഉത്തേജനം നല്‍കുന്നതുമാണ്. അറിവും ആവേശവും അനുയായികളിലേക്കും പൊതുജനങ്ങളിലേക്കും പകരുവാന്‍ അവര്‍ക്കു കഴിയുന്നു.
പുരോഗമനപരമായ സാമൂഹ്യദര്‍ശനം അവര്‍ക്കുണ്ട്. പ്രതിഫലത്തേക്കാള്‍ ആദ്മസംതൃപ്തിയാണ് അവര്‍ ആഗ്രഹിക്കുന്നത്. നല്ല നേതാക്കള്‍ അവര്‍ക്കുള്ള സ്വാധീനശക്തി മറ്റുള്ളവര്‍ക് പ്രയോജനമുണ്ടാകുവാന്‍ ഉപയോഗിക്കുന്നു.

അതേസമയം ആദര്‍ശങ്ങളും ആത്മാര്‍ഥയും നഷ്ടപ്പെട്ട പല നേതാക്കളും സ്വാര്‍ത്ഥലാഭവും കാര്യസാധ്യവും മുന്‍നിര്‍ത്തി കാട്ടികൂട്ടുന്ന വിക്രിയകളും പ്രസ്താവനകളും ജനങ്ങളെ തികഞ്ഞ അസംതൃപ്തിയിലേക്കു തള്ളിനീക്കുന്നു.

പൊതുജനങ്ങളുടെ സാധാരണ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ഈ അസംതൃപ്തിയും അതുളവാക്കിയ മനോവേദനയും പ്രകടമാകുന്നു. നേതാക്കളുടെ ചതികളും ചൂഷങ്ങളും ചടുലമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

തികഞ്ഞ ആദര്‍ശശുദ്ധിയുള്ള നേതാക്കളുടെ കാലം കഴിഞ്ഞുപോയോ എന്ന് ജനം സംശയിക്കുന്നു.
ധനം സ്ഥാനം പ്രസിദ്ധി എന്നിവയ്ക്കുവേണ്ടി പല നേതാക്കളും ആദര്‍ശങ്ങള്‍ ബലികഴിക്കുന്നു.
ശരീരംകൊണ്ടും മനസ്സുകൊണ്ടും അദ്ധ്വാനിച്ചു കുടുംബം പുലര്‍ത്തേണ്ട മത രാഷ്ട്രീയ നേതാക്കള്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നതില്‍ യാതൊരു കുറ്റബോധവുമില്ലാത്തവരാണ്.
കൂട്ടായ ഒരു പുനര്‍വിചിന്തനം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ ജനങ്ങളുടെ അസംതുപ്തിക്കു പരിഹാരം കാണാന്‍ കഴിയു.

ജനങ്ങളുടെ സംതൃപ്തിയായിരിക്കണം നേതാക്കളുടെ സംത്യപ്തി. കേഴ്വിക്കാരുടെ സംതൃപ്തിയായിരിക്കണം പ്രസംഗകരുടെ സംതൃപ്തി. വിദ്യാര്‍ഥികളുടെ സംതൃപ്തിയാണ് അദ്ധ്യാപകരുടെ സംതൃപ്തി.

രോഗികളുടെ സംതൃപ്തിയാണ് ആരോഗ്യപരിപാലകരുടെ സംതൃപ്തി. കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയിലാണല്ലോ നല്ല കച്ചവടക്കാര്‍ സംതൃപ്തി കണ്ടെത്തുന്നത്?
കുടുംബങ്ങളുടെ സംതൃപ്തിയാണല്ലോ കുടുംബനാഥന്റെ ജീവിതസാഫല്യം! വായനക്കാരുടെ സംതൃപ്തിയില്‍ എഴുത്തുകാരനും പ്രസാധകനും നിര്‍വൃതി കണ്ടെത്തുന്നു.

എന്തുകൊണ്ടാണ് ഈ തത്വം മനസ്സിലാക്കാതെ നമ്മുടെ നേതാക്കള്‍ നമ്മെ അസംതൃപ്തരാക്കിക്കൊണ്ടിരിക്കുന്നത്? മൂല്യബോധം നഷ്ടപെട്ടവരാണ് ഇത്തരം നേതാക്കള്‍.
നേതാക്കളില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണ്?

പുരോഗമന ദര്‍ശനങ്ങളും പ്രവര്‍ത്തന ശൈലികളും നിറഞ്ഞ ലളിതജീവിതം, നിസ്വാര്‍ത്ഥസേവനം, സ്ഥിരപരിശ്രമശീലം, കര്‍മ്മകുശലത, സന്മാര്‍ഗ്ഗനിഷ്ഠ, നേരായ ചിന്ത, ആത്മാര്‍ഥ സ്‌നേഹം, ഉദാരമതിത്വം, വിനയം, സത്യസന്ധത, ത്യാഗപൂര്‍ണമായ സേവനരീതി, മുന്നേറുവാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഹൃദയവിശാലത, ആധ്യാത്മിക സമ്പത്ത്, ദ്രവ്യാഗ്രഹ രാഹിത്യം, കൗശലമില്ലായ്മ, നിഷ്കളങ്കത, വിശ്വസ്തത, വാത്സല്യം, വിഷയവിരക്തി, വിധേയത്തം, വിട്ടുവീഴ്ച, കാരുണ്യം, തീരുമാനശേഷി, വാക്കു പാലിക്കുന്ന പ്രകൃതം, സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ശേഷി, പ്രതിസന്ധികളില്‍ പരിഹാരം കണ്ടെത്താനുള്ള കഴിവ്, ആശയസമ്പത്ത്, പ്രസംഗപാടവം, പൊതുവിഞ്ജാനം, സാമാന്യബുദ്ധി, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുവാനുള്ള കഴിവ്, പ്രീതിപക്ഷ ബഹുമാനം എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

എങ്ങനെയും തന്‍കാര്യം നോക്കി ജീവിച്ചാല്‍ മതി എന്നൊരു മിഥ്യാധാരണ നമ്മുടെയിടയില്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞു പരിഹരിച്ചില്ലെങ്കില്‍ നാം സംസ്കാരസൂന്യരായിത്തീരും.
നാം ഉണരേണ്ടിയിരിക്കുന്നു!

നേതാക്കളും നമ്മളും സ്‌നേഹമാര്‍ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കു മടങ്ങിവരേണ്ടിയിരിക്കുന്നു. അപ്പോള്‍ ത്യാഗത്തിലാണ് സ്‌നേഹത്തിന്റെ മികവ് പ്രകടമാവുന്നതെന്നു നാം തിരിച്ചറിയും.
ആദര്‍ശശീലരുടെ മുന്നില്‍ പുരോഗെതിയിലേക്കുള്ള എല്ലാ വഴികളും തുറക്കപ്പെടും. ലാളിത്യത്തിന്റെ സംതൃപ്തിസാധ്യത, സേവനത്തിന്റെ സൗഹൃദ സാധ്യത, വാക്കുകളുടെ അര്‍ത്ഥസാധ്യത, പ്രയത്‌നത്തിന്റെ മുന്നേറ്റസാധ്യത, ആശയങ്ങളുടെ വികസനസാധ്യത, വിജ്!ഞാനതിന്റെ വളര്‍ച്ചാസാധ്യത, സ്‌നേഹത്തിന്റെ സ്വാധീനസാധ്യത, പഠനത്തിന്റെ പുരോഗമന സാധ്യത, ഐക്യത്തിന്റെ ശക്തിസാധ്യത എന്നിവയെല്ലാം നമുക്കു ദൃശ്യമായിത്തീരും.

ജനലക്ഷങ്ങളെ നന്മയിലേക്കും പുരോഗതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഐശ്വര്യത്തിലേക്കും സ്‌നേഹസമ്പൂര്ണവും സംതൃപ്തവുമായ ജീവിതത്തിലേക്കും കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച നേതാക്കളുടെ ജീവിതം അവലോകനം ചെയ്യുക. അവര്‍ ശ്രദ്ധ വെച്ചത് എന്തില്‍, എന്തുകൊണ്ട്? പഠിച്ചതെന്ത്, എന്തുകൊണ്ട്? അവരെടുത്ത തീരുമാനങ്ങള്‍ എന്തൊക്കെ, എന്തുകൊണ്ട്? അവര്‍ പ്രവര്‍ത്തിച്ചതെന്ത്, എന്തുകൊണ്ട്? പഠിപ്പിച്ചതെന്ത്, എന്തുകൊണ്ട്? അവര്‍ പ്രശ്‌നങ്ങളോട് പ്രതികരിച്ചതെങ്ങനെ, എന്തുകൊണ്ട്? ജീവിച്ചതെങ്ങനെ, എന്തുകൊണ്ട്? വരും തലമുറകള്‍ക്കുവേണ്ടി പാഠങ്ങള്‍ ബാക്കിവെച്ച് അവര്‍ കടന്നുപോയത് എങ്ങനെ, എന്തുകൊണ്ട്? അവശേധിപ്പിച്ച മൂല്യങ്ങളെന്ത്, എന്തുകൊണ്ട്?

ഇവ മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഇന്നത്തെ നേതാക്കളുടെ ജീവിതരീതി മാറും. നേതാക്കള്‍ ഉദ്ധേശശുദ്ധിയോടെ ജീവിക്കയും പ്രവര്‍ത്തിക്കയും ചെയ്യുമ്പോള്‍ ജനം സംതൃപ്തരായിരിക്കും.
ചിന്തിച്ചു തുടങ്ങുക, ചിന്തിച്ചു വളരുക, ചിന്തിച്ചു പ്രയത്‌നിക്കുക!

കോപ്പിറൈറ്: ഈശോ ജേക്കബ്, ഹൂസ്റ്റണ്‍
നേതാക്കള്‍ നമ്മെ അസംതൃപ്തരാക്കുന്നുവോ? (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)
Join WhatsApp News
andrew 2017-11-13 07:11:24
Humans lost the fundamental values of civilization
Is our evolving brain enslaved to repeated hallucination?
The human body is an assembly of parts from different animals.
the stem of the brain is reptilian,
hands are of chimpanzees, 
appetite is of bears and dogs.
The tongue & mouth from?

വിദ്യാധരൻ 2017-11-13 10:39:56

ഒരു കാലഘട്ടത്ത് മനുഷ്യനെ മൃഗതുല്യരായി നാം കണ്ടിരുന്നു. 'അവൻ ഒരു മൃഗമാണ്, 'മനുഷ്യൻ ഒരിക്കലും മൃഗത്തെപ്പോലെ ആകരുത്" എന്നൊക്കെ നാം പറഞ്ഞുകൊണ്ടിരുന്നു. ഇന്ന് എനിക്കതിൽ വളരെ ദുഃഖം തോന്നുന്നു. മനുഷ്യസംസ്കാരത്തിന്റെ കാവൽക്കാർ എന്ന് ഊറ്റം കൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും മത നേതൃത്വങ്ങളും അവരുടെ നിലനിൽപ്പിനു വേണ്ടി കാട്ടിക്കൂട്ടുന്ന നികൃഷ്ടത കാണുമ്പോൾ ഞാൻ വെറുതെ ആശിച്ചു പോകുന്നു ഒരു മൃഗമായി ജനിച്ചിരുന്നെങ്കിൽ എന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം എന്ന് അഭിമാനിക്കുന്ന  അമേരിക്ക ഇന്ത്യ കൂടാതെ സേഛ്‌ഛാധിപത്യത്തിന്റെ ഈറ്റില്ലമായ  റഷ്യ, ഫിലിപ്പീൻസ്, നോർത്ത് കൊറിയ, സിറിയ, ടർക്കി, ആഫ്രിക്കൻ രാജ്യങ്ങളിലെ മതരാഷ്ട്രീയ നേതൃത്വങ്ങളിൽ ലേഖകൻ ശ്രദ്ധക്ഷണിക്കുന്ന മനുഷ്യത്വത്തിന്റെ ഒരു കണികപോലും കാണാൻ ഇല്ലെന്നുള്ളത് ഏറ്റവും വിഷണ്ണതയോടു കൂടി മാത്രമേ ചിന്തിക്കാൻ കഴിയു.  കറുത്തവർഗ്ഗക്കാരും യഹൂദന്മാരും, വെളുത്തവരല്ലാത്തവരും അമേരിക്ക വിട്ടുപോകണം എന്നുപറയുന്ന തീവ്രാദികളെ ന്യായീകരിക്കുന്ന അമേരിക്ക, ഭാരതത്തിൽ നിന്ന് ഹിന്ദുക്കൾ അല്ലാത്തവരെ തുടച്ചുമാറ്റി ഗോമാതാവിനെ ദൈവമാക്കി (ഞാനൊരു പശുവായി ജനിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു)    ഹിന്ദുരാജ്യം സൃഷിടിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ നേതൃത്വവും, മനുഷ്യന്റെ തലവെട്ടി ദൈവത്തെ പ്രീതിപെടുത്താൻ ശ്രമിക്കുന്ന മഹമ്മദീയ നേതൃത്വങ്ങളും, മനുഷ്യന് സർവ്വ അവകാശങ്ങളും നിഷേധിച്ച് അടിമത്വത്തിൽ അധികാരം കാത്തുസൂക്ഷിക്കുന്ന നോർത്ത് കൊറിയയും, അനേകയിരങ്ങളെ കൊന്നൊടുക്കിയും പലായനം ചെയ്യിച്ചും അധികാരം കാത്തുസൂക്ഷിക്കുന്ന സിറിയൻ നേതൃത്വവും, ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചും. പത്രസ്വാതന്ത്ര്യത്തെ ധ്വംസിച്ചും  രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിച്ചും അമേരിക്കൻ വ്യവസഹായങ്ങളിൽ മുടക്കി പണം സമ്പാദിച്ചും അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്ന റഷ്യൻ നേതൃത്വവുമെല്ലാം ഇന്ന് എന്നെ ഒരു മൃഗമായി ജനിക്കാതിരുന്നതിൽ ദുഖിതനാക്കുന്നു. ചങ്ങമ്പുഴയുടെ പാടുന്ന പിശാചിലെ ചില ഭാഗങ്ങൾ മാന്യവായനക്കാരുടെ ശ്രദ്ധക്കായി അവതരിപ്പിക്കുന്നു. വായിച്ചാൽ ആർക്കും മനസിലാകുന്നു ഭാഷയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഇന്നത്തെ കവികളുടെ ഉടക്ക് ഭാഷയൊന്നും നമ്മക്ക് കാണാൻ കഴിയില്ല. നല്ല ഒരു വിഷയം അവതരിപ്പിച്ച ലേഖകന് അഭിനന്ദനം


"സത്യസ്ഥിതിയൽപം ചിന്തിച്ചുനോക്കിയാൽ
മർത്ത്യൻ മൃഗത്തിലും കഷ്ടമല്ലേ?
വീട്ടിൽ വളർത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിൻ കഥയെടുക്കാം.
എന്താണവയ്ക്കുള്ളദോഷം?-അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.
എന്തിനു?-ജീവിക്കാൻ, കാളും വയറ്റിലെ-
ച്ചെന്തീ കെടുത്തുവാനായിമാത്രം!
ആവശ്യമാണതു, ജീവിക്കണമെങ്കി-
ലാവശ്യമാണതു, തർക്കമില്ല!
തിന്നുവാൻ കൊന്നിടും, കൊന്നാകിൽത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ
കൊല്ലുമാറില്ല സാധാരണയാ,യതി-
നില്ലാ പഠിപ്പു, മാസ്സംസ്കാരവും.
എന്നാ,ലിതല്ലാതൊ,രൊറ്റദോഷം വേറെ-
യിന്നേതു ജന്തുവിനുണ്ടുലകിൽ?
പോകുന്നതില്ലവ തെങ്ങുകേറിക്കുവാൻ
പോകുന്നതില്ല കൊയ്യിക്കുവാനും.
പാട്ടം പലിശകൾ കിട്ടുവാനി,ല്ലില്ല
തോട്ടങ്ങൾ, മില്ലുടമസ്ഥരല്ല.
ജീവിക്കുവാനാത്മചോദനാധീനമാ-
മാ വേട്ടയാടലവയ്ക്കു വേണം!
മർത്ത്യനോ?-മർത്ത്യനു വേട്ടയാടീട്ടു വേ-
ണ്ടുത്തമഭോജ്യങ്ങളാഹരിപ്പാൻ.
സസ്യസമൃദ്ധപ്രകൃതിയാത്താദരം
സൽക്കരിക്കുന്നുണ്ടവനെയെന്നും!
എന്നിട്ടും പോ,രവനന്യജന്തുക്കളെ-
ക്കൊന്നേ കഴിയൂ സുഖം സ്വദിക്കാൻ!
ജീവികളെത്തിന്നവസാനം,വേണെങ്കി-
ലാവാമവന്നു ഫലങ്ങളൽപം.
ആകട്ടതുകൊണ്ടു തൃപ്തിവന്നോ?-പോര
ലോകം കൊലക്കളമാക്കിടേണം.
അന്യജന്തുക്കൾ മടുത്തു മനുഷ്യനു
തിന്നണം മർത്ത്യനെത്തന്നെയിപ്പോൾ.
എട്ടുപത്തിന്നു രസമി,ല്ലടിഞ്ഞൊരു
പൊട്ടലിലായിരം വീണിടേണം.
ചോലകൾപോലിരച്ചോളമടിച്ചാർത്തു
ചോരപ്രളയങ്ങൾതന്നെ വേണം!
മുക്തശീർഷങ്ങൾ, കബന്ധങ്ങ,ളങ്ങനെ
നൃത്തമാടേണമവന്നുമുമ്പിൽ!-
എന്തിനു?-ശക്തി കാണിക്കാൻ, വിനോദിക്കാൻ,
മന്ദഹസിക്കാ നഹങ്കരിക്കാൻ!
കാട്ടുമൃഗങ്ങളേ, നിങ്ങൾക്കു കാറില്ല,
കോട്ടില്ല, ഷർട്ടില്ല, സഞ്ചിയില്ല.
നിങ്ങൾ തിയേറ്ററിൽ പോകുന്നി, ല്ലെന്നല്ല
നിങ്ങൾക്കുദ്യാനവിരുന്നുമില്ല.
നിങ്ങൾ 'താങ്ക്സെ','ക്സ്ക്യൂസ്','പ്ലീസ്','നൊമെൻഷ'നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.
കണ്ടിടാറില്ലാ ചുരുട്ടോ സിഗററ്റോ
ചുണ്ടിൽ, മുഖം വടിക്കില്ല നിങ്ങൾ
നിങ്ങൽക്കു ക്ലബ്ബില്ല,നുമോദനമില്ല,
മംഗളപത്രങ്ങൾ കിട്ടാറില്ല,
ഭാഗ്യക്കുറികൾ നടത്തില്ലഹോ നിങ്ങൾ
യോഗ്യരല്ല പണം തട്ടുകില്ല.
റാവുസാഹേബ്ബല്ല, ഖാൻബഹദൂറല്ല,
സേവാനിരതരുമല്ല നിങ്ങൾ.
നിങ്ങൾതൻ പേരു പത്രത്തിൽ വരാറില്ല,
നിങ്ങൾതൻ ചിത്രമെടുക്കാറില്ല.
നിങ്ങൾ രക്ഷാധികാരം ചുമക്കാറില്ല,
നിങ്ങളധ്യക്ഷം വഹിക്കാറില്ല.
പച്ചച്ചിരികൾ ചിരിക്കില്ല, മാറുമ്പോൾ
പച്ഛിക്കയില്ല നികൃഷ്ടർ നിങ്ങൾ.
"ഇൻക്വിലാബ് സിന്ദാബാദൊ"ന്നും വിളിക്കുകി-
ല്ലിംഗ്ലീഷബദ്ധമായ്ക്കാച്ചുകില്ല.
ഇല്ലാസമാജങ്ങ,ളില്ലാ പ്രമേയങ്ങ-
ളില്ലാ കവുൺസിലസംബ്ലികൾ .
ഇല്ലാ നഗരസഭകൾ പഞ്ചായത്തു-
മി,ല്ലില്ല നിങ്ങൽക്കു കോടതികൾ.
നിങ്ങൽക്കു പത്രമി,ല്ലില്ല പത്രാധിപർ,
നിങ്ങളിലില്ലാ മഹാകവികൾ.
വക്കാണക്കോമരവക്കീലന്മാരില്ല
കൊക്കിനെപ്പോൽ മേവും ജഡ്ജിയില്ല.
രണ്ടു ചെവിയാൽക്കുഴൽവഴി രോഗങ്ങൾ
കണ്ടറിഞ്ഞീടുന്ന ഡോക്ടരില്ല.
നിസ്സാരന്മാർ നിങ്ങൾ, മോശക്കാർ, നിന്ദ്യന്മാർ,
നിർദ്ദയന്മാർ, വെറുംപ്രാകൃതന്മാർ!
എങ്കിലും, ഹാ, നിങ്ങൾ നിങ്ങളെത്തിന്നില്ല,
വങ്കത്തം കാട്ടി നടക്കുകില്ല.
ഏഷണികൂട്ടാൻ വശമില്ല നിങ്ങൾക്കു,
ദോഷൈകദൃക്കുകളല്ല നിങ്ങൾ.....
സത്യവിരോധം കരുതി, ല്ലുറക്കത്തിൽ-
ക്കത്തിവെയ്ക്കും പതിവൊട്ടുമില്ല.

കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ-
മില്ല നിങ്ങൾക്കു കഴിഞ്ഞുകൂടാൻ.
നിങ്ങൾതൻ ലോകത്തു തേവിടിശ്ശിത്തെരു-
വെങ്ങുമില്ലില്ലൊരു വൈകൃതവും.
പ്രേമലേഖനങ്ങളെഴുതില്ല, വാങ്ങുകി-
"ല്ലോമനേ" യെന്നു വിളിക്കുകില്ല.
ഹാ,ഗുഹ്യരോഗം പിടിക്കില്ല നിങ്ങൾക്കു,
ഭോഗഭ്രമവുമധികമില്ല.
കാതിൽഗ്ഗുളോപ്പിട്ടിടതുഭാഗം തല-
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,
മുട്ടോളം കൈകളിലൊന്നിൽ വളയെടു-
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,
പൂവണിസ്സാരിയി,ലുർവ്വശിമാരെന്ന
ഭാവത്തിൽക്കണ്ണെറിഞ്ഞും, കുഴഞ്ഞും,
നിങ്ങൾതൻപെണ്ണൂങ്ങൾ സ്ലിപ്പറിൽകേറിനി-
ന്നെങ്ങും നടന്നിടാറില്ല, പക്ഷേ
നിന്ദ്യഗർഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങൾക്കശേഷമറിഞ്ഞുകൂട.
മിസ്മേയോ, മാർഗററ്റ്, ഡാംഗറിവരാരും
വിഭ്രമം നിങ്ങൾക്കു തന്നിട്ടില്ല.
ഗർഭനിയന്ത്രണത്തിന്നു നിങ്ങൾക്കാർക്കും
റബ്ബറിൻസൂത്രമറിഞ്ഞുകൂട.
ദുർവ്വാരമല്ല നിങ്ങൾക്കു രോഗങ്ങൾക്കു
സൾഫണമൈഡുമാപ്പെൻസുലിനും!
ഇല്ലാ ഡീയെമ്മായ് നടക്കുവോർ നിങ്ങളി-
ലില്ല സ്വവർഗ്ഗഭോഗപ്രിയന്മാർ.
നാലുകാശിന്നായി നിങ്ങളൊരിക്കലും
നാണവും മാനവും വിൽക്കുകില്ല.
നിങ്ങൾക്കു ഫാറത്തിലിട്ടീടുമൊപ്പിന്മേൽ
തങ്ങിനിൽക്കുന്ന ദാമ്പത്യമില്ല.
ഉദ്യോഗത്തണ്ടില്ല, കൈക്കൂലിഭ്രാന്തില്ല,
മദ്യസൽക്കാരങ്ങൾ നിങ്ങൾക്കില്ല.
കാരാഗൃഹമില്ല, നിങ്ങൾക്കു കീർത്തിതൻ-
സ്മാരകമില്ല, സമാജമില്ല.
എണ്ണച്ചായത്തിൽപ്പടമെഴുതിച്ചാരും
ചെന്നനാച്ഛാദനം ചെയ്യാറില്ല!-
നിങ്ങൾക്കു മർത്യനോടൊപ്പമെത്താൻ പിന്നെ-
യെങ്ങനെയൊക്കും?-നികൃഷ്ടർ നിങ്ങൾ!
ഇല്ലാ പരിഷ്കാര,മില്ലൊട്ടും വിപ്ലവ-
മില്ലാ കലാശാലാവിദ്യാഭ്യാസം!

ഇല്ലാബിരുതം,വിശേഷബുദ്ധ്യംശമ-
തി,ല്ലില്ല തെല്ലും പുരോഗമനം!
മുൻചൊന്ന നേട്ടങ്ങളിന്നുമുതൽക്കിനി
സഞ്ചയിക്കാൻ നിങ്ങളുദ്യമിക്കിൻ!
ശങ്കവേ,ണ്ടായത്തമാക്കാം ശ്രമിച്ചവ-
യെങ്കിൽ, നിങ്ങൾക്കും മനുഷ്യരാകാം!
 അമ്പലം, പള്ളി, പുരോഹിതർ, നേർച്ചകൾ,
കുമ്പസാരങ്ങ,ളാക്കുർബ്ബാനകൾ,
ഏകാദശി, ഷഷ്ഠി, പൂജ, പാൽക്കാവടി,
ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി-
എന്നിവയൊക്കെയുണ്ടെങ്കിലേ സർവ്വേശൻ
തന്നിടൂ നിങ്ങൾക്കാ നേട്ടമെല്ലാം!
 ഇത്രയും പോ,രിനി നിങ്ങളിലാരാനും
മർത്ത്യനായ്പ്പെട്ടെന്നു മാറുന്നെങ്കിൽ
കർമ്മം ചിലതു,ണ്ടതുകൂടിയാകിലേ
സമ്മതനാകൂ, യശ്വസ്വയാകൂ.
വീട്ടിൽ വരുത്തിക്കുടിച്ചിടാം ചാരായം,
റോട്ടിൽ ഖദറിട്ടുതന്നെ പോണം.
അൽപം പ്രമാണിത്തം വേണമെങ്കിൽ ഗാന്ധി-
ത്തൊപ്പികൂടുണ്ടെങ്കിലേറ്റം നന്നായ്!
വീട്ടിൽ വരുന്ന പിച്ചക്കാരെയൊക്കെയു-
മാട്ടിയോടിക്കാം വിരോധമില്ല.
എന്നാൽപ്പണക്കാർക്കിടയ്ക്കിടയ്ക്കേകണം
നന്നായ് വിരുന്നുക, ളാ വിരുന്നിൽ
പത്രറിപ്പോർട്ടരെയാദ്യം ക്ഷണിക്കണം,
സൽക്കരിച്ചീടണം ഭംഗിയായി
ആരുമറിയരു,തല്ലിൽ ഗൃഹവേല-
ക്കാരിയെ-ത്തെല്ലും വിരോധമില്ല.
വീറോടെതിർക്കണം നാലുപേർ കൂടുകിൽ
വീതശങ്കം സദാചാരഭംഗം.
  'ഏതിസ'ക്കാരനാകേണമെന്നുള്ളതു
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും.
കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം,
ചുമ്മാ പറഞ്ഞു നടന്നാൽ മതി.
നാലഞ്ചു വാക്കുകൾ കാണുവോരോടൊക്കെ
നാലുദിവസം പറയാമെങ്കിൽ,
അത്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു
നിദ്രവിട്ടേറ്റാൽ സഖാവുതന്നെ!
റഷ്യ, ബൂർഷ്വാ, രക്തസേന, തൊഴിലാളി,
കർഷകൻ,ചൂഷണം, ജീവരക്തം,

ദേശാഭിമാനി, പീപ്പിൾ വാർ, ലെനിൻ,സ്റ്റാലി-
നീ ശബ്ദവേരുകളാകമാനം,
നാരും മൊരിയും കളയാതെടുത്തൊരു
നാഴിയാവേശത്തിലിട്ടിളക്കി,
ശുണ്ഠിയിൽ നന്നായ്ത്തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,
കാറൽമാർക്സ് മേമ്പൊടി ചേർത്തങ്ങരത്തുടം
കാലത്തും വൈകിട്ടും നാലുനേരം,
കൃത്ത്യമായ്സ്സേവിച്ചാൽ പിന്തിരിപ്പൻചൊറി
സത്യമാ,ണയ്യോ, പറപറക്കും.
മുൻകുതിപ്പൻതൊലിവന്നുചേരും-വേണ്ട
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.
  അൽപമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ്
എപ്പൊഴുമങ്ങിങ്ങലഞ്ഞിടേണം.
ചക്കാത്തിൽ ചായകുടിക്കാം ധാരാളമാ-
യൊക്കുമെങ്കിൽ സിഗററ്റുമാകാം.
വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാൻ
പാടി,ല്ലിടയ്ക്കു ചുമ വരണം.
പട്ടിണിയെന്നു പുറമേ നടിക്കണം,
ഷർട്ടിലും മുണ്ടിലും ചേറു വേണം.
പുച്ഛഭാവത്തിലെതിർക്കണം ഗാന്ധിതൻ-
തത്ത്വസിദ്ധാന്തങ്ങളാത്തഗർവ്വം.
ചേതസ്സിൽ, ചുമ്മാതെയല്ല, താനിന്നൊരു
നേതാവാ,ണെന്നുള്ളതോന്നൽ വന്നാൽ,
'യൂജീ'ക്കാലത്തെക്കഥകളാൽ മർത്ത്യരെ-
ത്തേജോവധം ചെയ്യണം യഥേച്ഛം.
ഇല്ലെങ്കിലു, മൽപം വിക്കു തോന്നിപ്പിച്ചാൽ
നല്ലതാ,ണാവേശമൂറിക്കൊള്ളും!
എപ്പൊഴും റഷ്യാത്മകമാമൊരാരക്ത-
വിപ്ലവപുസ്തകം കയ്യിൽ വേണം.
ആക്രമിക്കേണമെഴുത്തച്ഛനെ,ക്കാമ
പ്പേക്കൂത്തെന്നോതണം ശാകുന്തളം.
അന്നമ്മതൻകണ്ണു വെട്ടിക്കൽ, പിന്നുല-
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,
കാമുകസമ്പന്നയായ് വാണൊടുവിലാ-
ക്കോമാളിപ്പെണ്ണിന്റെ രക്തസ്രാവം,
മറ്റുമീമട്ടിൽ യഥാതഥരീതിയിൽ
തട്ടിമൂളിക്കാം പുരോഗമനം!
മറ്റുള്ളതൊക്കെ തണുത്തുപോയ്, സാഹിത്യ-
മൊട്ടുമുക്കാലും വളിച്ചുപോയി!

മുന്നിലിലവെച്ചു ചൂടുള്ളതിന്നായി
മുഞ്ഞിയുംവീർപ്പിച്ചിരിപ്പു ലോകം!
ചട്ടി കരിയും, ചുടുവിൻ, ചുടുവി,നാ-
ച്ചട്ടുകമെങ്ങു, മറിച്ചിടുവിൻ!
ഇങ്ങു വിളമ്പിത്തരുവിൻ, സഖാക്കളെ
നിങ്ങളേ ഞങ്ങൾക്കു താങ്ങലുള്ളു,
ആവിപറക്കുന്നു, വേഗമാട്ടെ, ചൂട-
താറരുതല്ലൊ തരികവേഗം
 നാവുപൊള്ളുന്നു, ഹാ, സാരമില്ലെല്ലാമൊ-
രാവേശമാണയ്യോ, നൽക വീണ്ടും!!...
 കാട്ടുമൃഗങ്ങളേ, കാലം കളയാതെ
നാട്ടിലേയ്ക്കെത്തൂ പടയിളക്കൂ!
എത്രയോകാലമായ് സാധുക്കൾ നിങ്ങളെ
മർത്ത്യൻ കുതിരകയറുന്നു.
ഓക്കുകില്ലിന്നിയിച്ചൂഷണമെന്നണ-
ഞ്ഞൊത്തുചേർന്നോതുവിൻ, പല്ലിളിക്കിൻ!
ദംഷ്ട്രകൾ കാട്ടിബ്ഭയപ്പെടുത്തീടുവി-
നട്ടഹസിക്കുവിൻ ഘോരമായി!
വജ്രനഖങ്ങളാൽ മാന്തിപ്പൊളിക്കുവിൻ,
മർത്ത്യന്റെ മാംസളസ്കന്ധപിണ്ഡം
ഈ വിശ്വരംഗമിതൊന്നുപോൽ,ഹാ, സർവ്വ-
ജീവജാലങ്ങൾക്കുമുള്ളതല്ലേ?
അശ്വങ്ങളേ, നിങ്ങൾ വണ്ടി വലിച്ചിടേ-
ണ്ടൊത്താചരിപ്പിൻ പണിമുടക്കം.
നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ
നിങ്ങളെ മേലിൽച്ചുമക്കട്ടവൻ!
കാലികളേ, നിങ്ങൾ പെറ്റ പൈതങ്ങൾക്കു
ചേലിൽക്കുടിക്കേണ്ട പാലഖിലം
ചൂഷണം ചെയ്യുന്നു മർത്ത്യ,നുണരുവിൻ,
ചൂടോടെ ഹാലിളകിക്കുതിപ്പിൻ!
കാളകളേ, നിങ്ങൾതന്റെ മേലാളികൾ
തോളിൽനുകം പൂട്ടുവാൻ വരുമ്പോൾ
മുക്കുറയിട്ടു തലകുലുക്കിക്കുതി-
ച്ചക്ഷണം കുത്തി മറിച്ചിടുവിൻ!
 സാരമേയങ്ങളേ, വീടു കാത്തുംകൊണ്ടു
ചാരത്തിൽ നിങ്ങൾ കിടന്നിടുമ്പോൾ,
ഒന്നോർത്തുനോക്കിൻ, യജമാനന്മാരവർ
വെണ്മലർമെത്തയിൽ നിദ്രചെയ്വൂ.
മാർജ്ജാരവൃന്ദമേ, കണ്ണുതുറക്കുവിൻ,
മാത്രനേരം നാം കളഞ്ഞുകൂടാ.

നിങ്ങൾ സേവിക്കുന്ന വീട്ടുകാർ ഭോജ്യങ്ങൾ
ഭംഗ്യാഭുജിച്ചു കഴിഞ്ഞശേഷം
എല്ലുമാ മുള്ളും മുളകുഞെട്ടും മാത്ര-
മല്ലേതരുന്നുള്ളു നിങ്ങൾക്കെന്നും!
ക്ഷുത്തടങ്ങാതിരുട്ടത്തെലിയെത്തേടി-
യെത്ര വിഷമിച്ചിടുന്നു നിങ്ങൾ?
സമ്മതിക്കാൻ മേലീച്ചൂഷണം-ഹാ, നിങ്ങ-
ളുൺമയിലെത്തിയണിനിരക്കിൻ!
ഓടിൻ മദം പൊട്ടിയാനകളേ, നിങ്ങൾ
ചാടിവരുവിൻ കടുവകളേ!
ഒത്തുചേർന്നീടുവിൻ ചീറ്റപ്പുലികളേ!
ഗർജ്ജിച്ചണവിൻ കരടികളേ!
ഒത്തൊരുമിച്ചു ചീറ്റിപ്പുളഞ്ഞുഗമാം
പത്തിവിടർത്തുവിൻ പാമ്പുകളേ!
ജംബുകവൃന്ദമേ, പോരുവിൻ പോരുവിൻ
പൊൻപുലർകാലമടുത്തുപോയി!
വിപ്ലവം,വിപ്ലവം, സർവ്വത്ര വിപ്ലവം
വിശ്രമിച്ചീടാനിതല്ല നേരം.
വിപ്ലവം, വിപ്ലവം, മർത്ത്യന്റെ നേർക്കുള്ള
വിപ്ലവം, നീണാൾ ജയിച്ചിടട്ടെ!..."  (പാടുന്ന പിശാച്‌ -ചങ്ങമ്പുഴ കൃഷ്ണപിള്ള)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക