Image

ദയാവധ സംഘടനയുടെ സ്ഥാപകന്‍ നൂറാം വയസില്‍ അന്തരിച്ചു

Published on 12 November, 2017
ദയാവധ സംഘടനയുടെ സ്ഥാപകന്‍ നൂറാം വയസില്‍ അന്തരിച്ചു

ജനീവ: ദയാവധം പ്രോത്സാഹിപ്പിക്കുന്ന എക്‌സിറ്റ് എന്ന സംഘടനയുടെ സ്ഥാപകന്‍ റോല്‍ഫ് സിഗ് നൂറാം വയസില്‍ അന്തരിച്ചു. പാസ്റ്ററും മനഃശാസ്ത്ര വിദഗ്ധനുമായിരുന്ന അദ്ദേഹം സെപ്റ്റംബര്‍ പകുതിയോടെ തന്നെ മരിച്ചെങ്കിലും ഇപ്പോള്‍ മാത്രമാണ് കുടുംബം ഈ വാര്‍ത്ത പുറത്തുവിടുന്നത്.

1982ലാണ് മറ്റ് 68 പേര്‍ക്കൊപ്പം എക്‌സിറ്റ് എന്ന സംഘടനയ്ക്ക് സിഗ് തുടക്കം കുറിക്കുന്നത്. ഇതിന്റെ സ്വിസ്  ജര്‍മന്‍ വിഭാഗത്തിന്റെ ഡയറക്ടറായാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ 105,000 അംഗങ്ങളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു മാത്രം ഈ സംഘടനയിലുള്ളത്. ഭേദമാകില്ലെന്ന് ഉറപ്പുള്ള മാരക രോഗം ബാധിച്ചവര്‍ക്കും ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പു കല്‍പ്പിച്ചവര്‍ക്കുമെല്ലാം വേദനരഹിതമായ മരണം ഉറപ്പു വരുത്താന്‍ സഹായിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇതിനകം അഞ്ഞൂറോളം പേരാണ് ഇത്തരത്തില്‍ സംഘടനയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാരണം മരണത്തിന്റെ മാലാഖ എന്നാണ് സിഗ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇതിലെ ധാര്‍മിക സമസ്യകള്‍ ഉന്നയിച്ച് 1986ല്‍ പാസ്റ്റര്‍ പദവി റദ്ദാക്കപ്പെട്ടിരുന്നു. അതേസമയം, 2012ല്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക