Image

ജര്‍മനിയില്‍ മഞ്ഞുകാലം എത്തി; മരണം മൂന്നായി

Published on 12 November, 2017
ജര്‍മനിയില്‍ മഞ്ഞുകാലം എത്തി; മരണം മൂന്നായി

ബെര്‍ലിന്‍: ജര്‍മനിയില്‍ മഞ്ഞുകാലത്തിന്റെ ആദ്യത്തെ വ്യക്തമായ സൂചനകള്‍ ലഭ്യമായി. വടക്കന്‍ പ്രദേശങ്ങളില്‍ ആരംഭിച്ച തണുപ്പേറിയ കാലാവസ്ഥ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ മഴയില്‍ സാര്‍ലാന്റ് സംസ്ഥാനത്തിലെ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 25 നും 30 നും ഇടയില്‍ പ്രായമുള്ള രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. 

ജര്‍മനിയുടെ വടക്കു ഭാഗത്തുകൂടിയെത്തിയ തണുത്ത ധ്രുവക്കാറ്റ് തെക്കോട്ട് നീങ്ങുകയാണ്. ഇതാണ് മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണം. രാജ്യത്തെ പരമാവധി താപനില അഞ്ച് ഡിഗ്രിക്കും 11 ഡിഗ്രിക്കുമിടയിലായിരിക്കും. പടിഞ്ഞാറുനിന്നു കൂടി കാറ്റ് വീശിത്തുടങ്ങുന്നതോടെ ഇത് പൂജ്യത്തിനു താഴെയെത്തും. 

ശനിയാഴ്ചയോടെ കാറ്റും മഴയും കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ചയോടെ മഴയ്ക്ക് ശക്തി കുറയുമെങ്കിലും മഞ്ഞു വീഴ്ചക്ക് കരുത്തേറുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക