Image

എല്ലാ മതങ്ങളിലെയും മാനവിക മൂല്യങ്ങള്‍ തിരിച്ചറിയണം: കര്‍ദിനാള്‍

Published on 10 March, 2012
എല്ലാ മതങ്ങളിലെയും മാനവിക മൂല്യങ്ങള്‍ തിരിച്ചറിയണം: കര്‍ദിനാള്‍
എല്ലാ മതങ്ങളിലെയും മാനവികമൂല്യങ്ങള്‍ തിരിച്ചറിയണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കര്‍ദിനാള്‍പദവി ലഭിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പിന് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമോ വര്‍ഗീയമോ ആയ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തില്‍ മുന്നേറണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

എല്ലാ മതങ്ങളിലെയും സനാതന മൂല്യങ്ങളെ അംഗീകരിച്ച് മതാന്തര സംവാദത്തിലൂടെ സത്യദര്‍ശനം സാധ്യമാക്കണം.
പീഡിപ്പിക്കപ്പെടുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നാം പ്രവര്‍ത്തിക്കണം. മതവൈവിധ്യങ്ങളുടെ നാടാണ് നമ്മുടേത് . ഈ വൈവിധ്യങ്ങളുടെ നടുവില്‍ ഐക്യം കണ്ടെത്തണം. ഇതിലൂടെ മാനവിക മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

സാംസ്‌കാരികമായും ഭാഷാപരമായും ഒട്ടേറെ വൈവിധ്യങ്ങളുള്ള ഭാരതത്തില്‍ സാര്‍വ്വത്രിക സ്‌നേഹത്തിന്റെ സന്ദേശം നല്‍കാന്‍ സഭയ്ക്കും പുതിയ കര്‍ദ്ദിനാളിനും സാധിക്കട്ടെയെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോരെ പിനാക്കിയോ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. സമൂഹ ദിവ്യബലിക്കു ശേഷമായിരുന്നു സ്വീകരണം. സീറോ, മലങ്കര, ലത്തീന്‍ സഭകളില്‍ നിന്നായി നാല്‍പതോളം മെത്രാന്‍മാര്‍ ദിവ്യബലിയില്‍ പങ്കെടുത്തു. തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് കൂറിലോസ് വചനസന്ദേശം നല്‍കി.

വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. വി. തോമസ്, മന്ത്രി കെ. ബാബു, എം. എല്‍. എ.മാരായ സാജു പോള്‍, ജോസ് തെറ്റയില്‍, ജസ്റ്റിസ് സിറിയക് ജോസഫ്, മേയര്‍ ടോണി ചമ്മണി എന്നിവരും കര്‍ദിനാളിന്ആശംസ അര്‍പ്പിക്കാനെത്തിയിരുന്നു.
എല്ലാ മതങ്ങളിലെയും മാനവിക മൂല്യങ്ങള്‍ തിരിച്ചറിയണം: കര്‍ദിനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക