Image

ലൈംഗിക പീഡനങ്ങള്‍ ഇനിയും വേണോ? (എഴുതാപ്പുറങ്ങള്‍-8: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 13 November, 2017
ലൈംഗിക പീഡനങ്ങള്‍ ഇനിയും വേണോ? (എഴുതാപ്പുറങ്ങള്‍-8: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ജോലിസ്ഥലങ്ങളില്‍ സ്ത്രീ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ 'യൂണിയന്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രന്‍ ഡെവലപ്‌മെന്റ് (WDC) മിനിസ്ട്രി' (Union Women and Children Development) കണ്ണുതുറന്നിരിയ്ക്കുന്നു.

"SHe-BOX', ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ഓണ്‍ലൈനിലൂടെ പരാതിനല്‍കാനുള്ള സംവിധാനം ഗവണ്‍മെന്റ് മേഖലയില്‍ നിന്നും സ്വകാര്യ മേഖലയിലേയ്ക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിനെ നെ എല്ലാവര്ക്കും സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ജോലിസ്ഥലത്തുപോലും സ്ത്രീയില്‍ അടങ്ങിയിരിയ്ക്കുന്ന മാതൃഭാവത്തെ, സഹോദരിഭാവത്തെ. പുത്രീഭാവത്തെ തിരിച്ചറിയാതെ, അവളുടെ സ്വാഭിമാനത്തിനു വിലകല്പിയ്ക്കാതെ, തന്നിലെ കാമദാഹം തീര്‍ക്കാനായി അല്ലെങ്കില്‍ ഒരു തമാശയ്ക്കായി സ്ത്രീയെ ജീവനുള്ള ഒരു മാംസ കഷണമായി മാത്രം കാണുന്ന വികാരജീവികള്‍ക്കെതിരെയുള്ള ഒരു ആയുധമായി ഈ സംരംഭത്തെ അംഗീകരിയ്ക്കാം.
ഇന്ത്യയില്‍ വിദ്യാഭ്യാസപരമായും, തൊഴില്‍ പരമായും സ്ത്രീ സമൂഹം ഒരുപാട് മുന്നോട്ടു വന്നിട്ടുണ്ട് എന്നത് ഈ കാലഘട്ടത്തിന് ഒരു എടുത്തുകാണിയ്‌ക്കേണ്ട പുരോഗമനമാണ്. എങ്കിലും ഇവിടെ സ്ത്രീ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണത കൈവന്നിട്ടുണ്ടെന്നു പറയാന്‍ കഴിയില്ല.
ഇന്ന് നിലനില്‍ക്കുന്ന അണുകുടുംബ സമ്പ്രദായത്തില്‍ ഒരു ഗൃഹനാഥന്റെ മാത്രം വരുമാനത്തില്‍ മുന്നോട്ടുപോകുന്നത് അസാധ്യമായിരിയ്ക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആവശ്യകതകള്‍ കണക്കിലെടുക്കുമ്പോള്‍ ഒരാളുടെ വരുമാനത്തില്‍ മാത്രം ഒരു കുടുംബത്തിന് അനായാസമായി മുന്നോട്ടുപോകാന്‍ വിഷമകരമായ സാഹചര്യത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ ഒരു ഭാഗമായി തീരാന്‍ സ്ത്രീയും നിര്ബന്ധിതയാകുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരുഷനോടൊപ്പം തന്നെ നില്‍ക്കുന്ന സ്ത്രീ സുരക്ഷിതത്വത്തെകുറിച്ചോര്‍ത്ത് തൊഴില്‍ സാധ്യതയില്‍ നിന്നും ഇന്നത്തെ സാഹചര്യത്തില്‍ പിന്‍തിരിയാറില്ല.

ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍ പോലുള്ള സിറ്റികളില്‍ ഒരു വലിയ വിഭാഗം പെണ്‍കുട്ടികള്‍ കോള്‍സെന്ററുകളിലും, ഐ.ടി കമ്പനികളിലും, ഹോസ്പിറ്റലുകളിലും, വിദേശ സഹകരണത്തിനുള്ള കമ്പനികളിലും ജോലികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു. ഇത്തരം സംരംഭങ്ങളിലെല്ലാം സ്ത്രീയ്ക്ക് സമയകാലഭേദമില്ലാതെ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലിചെയ്യേണ്ടി വരുന്നു. ഇവരുടെ ജോലി സമയങ്ങള്‍ വിവിധങ്ങളാണ്. പലപ്പോഴും രാത്രിയിലും ഇവര്‍ക്ക് ജോലിചെയ്യേണ്ടതായി വരുന്നു. ഇവരുടെ ജോലി പലപ്പോഴും സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള പല ലൈംഗിക പീഡനങ്ങളെക്കുറിച്ചും പലപ്പോഴും മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. ഈ സംരംഭം ഇത്തരം ജോലിയില്‍ നിഷ്പ്രയാസം ഏര്‍പ്പെടാന്‍ ഒരു മനോധൈര്യമായി തീരട്ടെ.

പത്തില്‍ കൂടുത്തല്‍ ജീവനക്കാര്‍ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ സ്ത്രീ ജീവനക്കാര്‍ക്കായി ഒരു സെല്‍, ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി (Internal Complaints Committee [ICC]) പ്രവര്‍ത്തിയ്ക്കണമെന്നത് "ദി പ്രിവെന്‍ഷണ്‍ ഓഫ് വര്‍ക്ക് പ്ലേസ് സെക്‌സ്വല്‍ ഹരാസ് മെന്റ് ആക്ട്' (The Preventin of Workplace Sexual Harssment Act) പ്രകാരം നിര്‍ബന്ധമുണ്ട്. കൂടാതെ ഇവര്‍ക്കായി ഒരു ഉപദേശകനും വേണമെന്നുണ്ട്. ഈ സെല്ലില്‍ ആ സ്ഥാപനത്തിലെത്തന്നെ ജീവനക്കാരായ സ്ത്രീകളില്‍ ഉയര്‍ന്ന പദവിയിലിരിയ്ക്കുന്ന ഒരാളും, അവിടെത്തന്നെ മറ്റു മറ്റുജീവനക്കാരായ ചുരുങ്ങിയത് 2 സ്ത്രീകളും അംഗങ്ങളായിയിരിയ്ക്കണമെന്നുണ്ട് ഇത് കൂടാതെ നിയമ സംഹിതകളെക്കുറിച്ച് അറിവുള്ള കമ്പനിയ്ക്ക് പുറമെയുള്ള ഒരു പ്രതിനിധിയും ഉണ്ടായിരിയ്ക്കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ജില്ലാതലത്തില്‍ ഒരു ലോക്കല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയും (Local Complaint Committee [LCC]) നിലവിലുണ്ട് ഇത്തരം സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയായ സ്ത്രീകള്‍ അധികവും പരാതി നല്‍കാന്‍ മുന്നോട്ട് വരുന്നില്ല എന്നതായിരുന്നു കാണപ്പെട്ടത്. അധിക സാഹചര്യത്തിലും സ്ത്രീ ജീവനക്കാര്‍ സഹിയ്‌ക്കേണ്ടി വരുന്ന പീഡനങ്ങള്‍ തന്റെ ഉന്നത ഉദ്ദ്യോഗസ്ഥരില്‍ നിന്നോ, സഹപ്രവര്‍ത്തകരില്‌നിന്നോ തന്നെയാണ്.

സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള തന്റെ സ്വാഭിമാനം മാനിച്ചോ, തന്റെ ജോലിയിലുള്ള ഉറപ്പിനെ മാനിച്ചോ അതോ നേരിടേണ്ടി വരുന്ന മറ്റു സാഹചര്യങ്ങളെ ഭയന്നോ ഏതു സാഹചര്യത്തിലാണെന്നറിയില്ല ലൈംഗിക പീഡനത്തിനിരയായവര്‍ സ്വയം സഹിയ്ക്കുകയെന്നല്ലാതെ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറായിരുന്നില്ല. ഇന്നും അത്തരക്കാര്‍ ഉണ്ടെങ്കിലും വലിയ വിഭാഗം സ്ത്രീകള്‍ സഹിയ്ക്കുക എന്ന സ്വഭാവത്തില്‍ നിന്നും മാറി ചിന്തിയ്ക്കാന്‍ തുടങ്ങി. മതിയായ വിദ്യാഭ്യാസവും, സമൂഹവുമായുള്ള കൂടുതല്‍ ഇടപഴലുകളും ഇവരെ ഈ ഭയത്തില്‍ നിന്നും അതിജീവിച്ച് തന്റെ അനുഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും, പ്രതികരിയ്ക്കാനും, പീഡന കുറ്റത്തില്‍ കാരണകാരനായവന് തക്കതായ ശിക്ഷ വാങ്ങികൊടുക്കാനും തന്റേടിയായിരിയ്ക്കുന്നു എന്ന മാറ്റം അഭിനന്ദനീയം തന്നെ. എന്നാല്‍ പല സാഹചര്യത്തിലും കുറ്റക്കാരനായവന് തക്കതായ ശിക്ഷയ്ക്ക് കാലതാമസം ഉണ്ടാകുന്നു. ചില സാഹചര്യത്തില്‍ കുറ്റക്കാരനില്‍ നിന്നും വിശദീകരണം എഴുതിവാങ്ങുക എന്ന ഒരു നടപടി മാത്രമാണ് പല സ്ഥാപനങ്ങളെയും സുരക്ഷാ സെല്‍ സ്വീകരിയ്ക്കുന്നത്.

ഓണ്‍ ലൈനിലൂടെ പരാതി നല്‍കാനുള്ള സംവിധാനം തികച്ചും വിജയം കൈവരിയിച്ചെക്കാം. കാരണം ഇവിടെ തനിയ്ക്ക് അനുഭവിയ്‌ക്കേണ്ട അനുഭവം സഹപ്രവര്‍ത്തകരുടെ ആരുടെ മൂന്നിനും പച്ചയായി പറയാതെതന്നെ പരാതി സമര്‍പ്പിയ്ക്കാം. ഇതിലൂടെ ജോലിസ്ഥലത്ത് ഈ സംഭവം ഗുപ്തമായി സൂക്ഷിയ്ക്കാനും, അതെ സമയം വേണ്ടുന്ന നടപടിയെടുക്കാനും ഇത് സഹായകമായേക്കാം. മാത്രവുമല്ല നടന്ന സംഭവത്തില്‍ പലരുടെയും ഇടപെടല്‍ ഒരുപക്ഷെ നടന്ന സംഭവത്തിന്റെ മുഖഛായ തന്നെ മാറ്റിയേയ്ക്കാം. ഇവിടെ അനുഭവസ്ഥതന്നെ പരാതിപ്പെടുമ്പോള്‍ ഈ അവസരം അസാധുവാകുന്നു. ഇവിടെ കുറ്റവാളിയ്ക്ക് ഏതെങ്കിലും സ്വാധീനം കൊണ്ടുള്ള രക്ഷപ്പെടല്‍ സാധ്യമാകുന്നില്ല. പല സാഹചര്യത്തിലും സ്ഥാപനങ്ങള്‍തന്നെ സല്‍പ്പേരിന്റെ നിറം മങ്ങിയാലോ എന്നോര്‍ത്ത് ഇത്തരം സംഭവങ്ങളെ സ്ഥാപനത്തിനുള്ളില്‍ ഒതുക്കിയേക്കാം. ഓണ്‍ ലൈനിലൂടെയുള്ള പരാതി നല്‍കാനുള്ള സംവിധാനത്തില്‍ ഈ സാധ്യതയും ഇല്ലാതാകുന്നു.

ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ എല്ലാവരും ഓണ്‍ ലൈനിലൂടെ പരാതി നല്‍കാന്‍ മാത്രം വിദ്യാഭ്യാസമുള്ളവരായിരിയ്ക്കണമെന്നില്ല എന്നത് ഈ സംവിധാനത്തിന്റെ ഒരു പോരായ്മയാണ്. ഇനി വിദ്യാഭ്യാസമുള്ളവരാണെങ്കില്‍ പോലും ഇതേ കുറിച്ച് അറിയാമെങ്കിലും ഇത് എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്ന രൂപരേഖ ഉണ്ടായിരിയ്ക്കണമെന്നില്ല. അതിനാല്‍ ഓരോ സ്വകാര്യ സ്ഥാപനങ്ങളും അവിടുത്തെ സ്ത്രീ ജീവനക്കാര്‍ക്ക് ഈ സംവിധാനത്തെക്കുറിച്ച് മതിയായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ മാത്രമേ ഈ സംരംഭം അതിന്റെ ഉദ്ദേശശുദ്ധിയോടെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയൂ.

ഇതുവരെ പ്രതിബാധിച്ചതെല്ലാം ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരി യ്‌ക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളും, അതിന്റെ തുടര്‍ന്നുള്ള നടപടികളെയും കുറിച്ചാകുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ വന്നതിനുശേഷം നടപടി എടുക്കുന്നതിലും നല്ലത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ നടപടിയെടുക്കുന്നതല്ലേ? ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടുക്കുന്നതിനുള്ള ഉപാധി, പുരുഷന്മാരെ ബോധവത്കരിയ്ക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഓരോ സ്ഥാപനങ്ങളും അവിടെത്തെ പുരുഷന്മാരായ ജീവനക്കാര്‍ക്ക് തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീ ജീവനക്കാരോടുള്ള സമീപനം എങ്ങിനെയായിരിയ്ക്കണമെന്നും, അവരോടു എങ്ങിനെ പെരുമാറണം, അവരെ എങ്ങിനെ ബഹുമാനിയ്ക്കണം എന്നതിനെ കുറിച്ചും ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്. ഇതിനു മതിയായ ബോധവത്കരണ പരിപാടികള്‍ക്ക് ഓരോ സ്ഥാപനവും തുടക്കമിട്ടാല്‍ അത് വളരെ പ്രയോജനപ്പെട്ടേക്കാം.
Join WhatsApp News
സൂര്യനെല്ലി 2017-11-13 12:23:48
ഷീ-ബോക്സിൽ പരാതി ഇടാൻ തുടങ്ങിയപ്പോൾ ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചു. നോക്കിയപ്പോൾ ഒരു മന്ത്രി അതിനകത്തിരിക്കുന്നു. എങ്ങനെ വിശ്വസിച്ചു പരാതി നൽകും? കുറെ മന്ത്രിമാരേം, എംപിമാരേം തന്ത്രിമാരേം, അച്ചന്മാരേം, സന്യസിമാരേം പിടിച്ച് ജയിലിൽ ഇട്ടാൽ സ്ത്രീകൾക്കും കൊച്ചു പെൺകുട്ടികൾക്കും    സമാധാനമായി ജീവിക്കാം.

P. R. Girish Nair 2017-11-13 11:24:03

Sexual Harassment e-box  എന്ന web പോർട്ടലിന്റെ ചുരുക്കെഴുത്താണ്

"ഷീ ബോക്സ്".  ഷീ-ബോക്സിൽ പരാതികൾ സമർപ്പിച്ചാൽ ഉടൻ തന്നെ പരാതികൾ അതാത് ഡിപ്പാർമെന്റുകളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലേക്ക് കൈമാറ്റം ചെയ്യും. പരാതികളുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കാൻ പരാതിക്കാരിക്ക് സാധിക്കും എന്നതാണ് പ്രധാനം. വളരെ പ്രയോജനകരം ആയ ലേഖനം.

കണക്കപ്പിള്ള 2017-11-13 13:54:57
1000 പുരുഷന്മാർക്ക് 1084 സ്ത്രീകളാണ് കേരത്തിലുള്ളത്.  പുരുഷന്മാരുടെ വിചാരം അതികമുള്ള 84 സ്ത്രീകളെ സൗകര്യം കിട്ടുമ്പോൾ ബലാൽസംഘം ചെയ്യാമെന്നാണ്. ഈ മനോഭാവം മാറാതെ നമ്മളുടെ നാട് നന്നാകില്ല. 

വിദ്യാധരൻ 2017-11-14 16:49:29
"എമ്പ്രാൻ ഇത്തിരി കട്ടുഭുജിച്ചാൽ 
അമ്പലവാസികളൊക്കെ കക്കും"

ഇന്നത്തെ കേരളം തുടങ്ങി അമേരിക്കവരെയുള്ള രാജ്യങ്ങളിലെ സ്ത്രീ പീഡനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കുഞ്ചൻനമ്പ്യായരുടെ മേൽപ്പറഞ്ഞ കവിത ശകലത്തിന് വളരെ പ്രസക്തിയുണ്ട്.   കേരളത്തിലെ മന്ത്രിമാരിൽ പലരും അതുപോലെ പല എംപി മാരും   സ്ത്രീപീഡനവുമായി ബന്ധമുള്ളവരാണ് . അതിന്റെ കഥ പറയാൻ പോയാൽ ഐസ്ക്രീം പാർലർ, സൂര്യനെല്ലി, പ്ലെയിൻ. അതുപോലെ ഈ അടുത്ത കാലത്ത് നടന്ന പ്രമാദമായ സിനിമാതാര പീഡന കേസ് തുടങ്ങിയവ പറഞ്ഞെ തീരു; അമേരിക്കൻ പ്രസിഡന്റിന്റെ പേരിൽ പരാതിയുമായി പന്ത്രെണ്ട് സ്ത്രീകളാണ്  വന്നത് . ഹോളിവുഡിലെ പ്രശസ്ത സിനിമാ നിർമാതാവ്, നടന്മാർ, അലബാമയിൽ സെനറ്ററായി മത്സരിക്കുന്ന ജഡ്ജ് വരെ ഈ ലൈംഗിക കുരുക്കിലാണ് .  വർഷങ്ങൾക്ക് മുൻപ് ഇവരാൽ പല സ്ത്രീകളും  പീഡിപ്പിക്കപ്പെട്ടിരുന്നു എങ്കിലും അതെല്ലാം പുറത്ത് വരാൻ തുടങ്ങിയത് ഇന്നാണ് .  സ്ത്രീകളെ അധികാരത്തിലിരിക്കുന്നവർ ലൈംഗികം വസ്തുക്കളായി കാണുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ 'എമ്പ്രാന്മാരെ' കുറെ എണ്ണത്തെ പിടിച്ച് അകത്താക്കിയാൽ മാത്രമേ 'അമ്പലവാസികളും' പടിക്കുകയുള്ളു .  പക്ഷെ പൂച്ചക്ക് ആർ മണികെട്ടും.  ഇന്ന് അമേരിക്കയിൽ പല സ്ത്രീകളും അവരുടെ കഥകളുമായി പുറത്തു വരുന്നത് തികച്ചും മറ്റു സ്ത്രീകൾക്ക് ധൈര്യം പകരുന്ന ഒന്നാണ് . സ്ത്രീകളെ ബഹുമാനിക്കാൻ പുരുഷൻ തയാറാവത്തടത്തോളം കാലം ഇതിന് ഒരു അറുതി ഉണ്ടാവുകയില്ല . സ്വന്തം ഭാര്യയുടെ മേലും മകളുടെമേലും സന്യസിമാരും, തമ്പ്രാക്കന്മാരും, അച്ചന്മാരും, തന്ത്രിമാരും, മന്ത്രിമാരും, എംപിമാരും കൈവയ്ക്കുന്നത് വരെ നോക്കി നില്കാതെ പീഡിപ്പിക്കപ്പെട്ട് വിഷാദരോഗത്തിലും ഏകാന്തതയിലും കഴിയുന്ന സ്ത്രീകളോടൊപ്പം നിന്ന്,  നേതൃത്വ സ്ഥാനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഈ പീഡക കീഡങ്ങളെ പുറത്തു കൊണ്ടുവന്ന് പുകക്കേണ്ടത് അത്യാവശ്യമാണ് .  അതോടൊപ്പം സ്ത്രീകൾ ഇത്തരക്കാരെ നേരിടാൻ കൂടുതൽ ശക്തിയാര്ജിക്കുകയും സത്യം പുറത്ത് പറയാൻ ധൈര്യം കാണിക്കുകയും ചെയ്യേണ്ടതാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക