Image

പ്രണയവും കോമഡിയും കൈകോര്‍ത്തു കൊണ്ടൊരു യാത്ര

Published on 14 November, 2017
പ്രണയവും കോമഡിയും കൈകോര്‍ത്തു കൊണ്ടൊരു യാത്ര


ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ്‌ പാര്‍വതി. പാര്‍വതിയുടെ ആദ്യ ബോളിവുഡ്‌ ചിത്രമാണ്‌ ഗരീബ്‌ ഗരീബ്‌ സിംഗിള്‍. ബോളിവുഡിലെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നു മാറി അതിമാനുഷിക കഥാപാത്രങ്ങളോ ആക്ഷനോ വിദേശ ലൊക്കേഷനകളോ ഒന്നുമില്ലാതെ വേരിട്ടു നില്‍ക്കുന്ന ഒരു നല്ല ചിത്രം എന്ന്‌ ഇതിനെ വിശേഷിപ്പിക്കാം.

ഇന്‍ഷുറന്‍സ്‌ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്‌ ജയ ശശിധരന്‍(പാര്‍വതി). മുപ്പതുകള്‍ പിന്നിട്ട ഒരു യുവതി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ലീവു പോലും എടുക്കാതെ ജയ സ്ഥിരമായി ഓഫീസില്‍ പോകുന്നു. തിരികെയെത്തിയാല്‍ വേറൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. ചിലപ്പോഴെങ്കിലും ഉറക്കഗുളികയുടെ സഹായത്തോടെയാണ്‌ ജയയുടെ ഉറക്കം പോലും.

യോഗി എന്ന കവിയായിട്ടാണ്‌ ഇര്‍ഫാന്‍ ചിത്രത്തില്‍ എത്തുന്നത്‌. ഒരു തരം ജിപ്‌സികളുടെ ജീവിതം.എന്‍ജിനീയരായ അയാള്‍ക്ക്‌ ഒന്നിനോടും സ്ഥിരമായ ബന്ധമില്ല. ഒഴുകി നടക്കുന്ന സ്വഭാവം. ഇവര്‍ രണ്ടു പേരും ഡേറ്റിങ്ങ്‌ സൈറ്റിലൂടെ അവിചാരിതമായി പരിചയപ്പടുന്നു. തുടര്‍ന്ന്‌ ഇരുവരും ഒരുമിച്ച്‌ ഒരു യാത്ര നടത്തുന്നു. ഈ യാത്രയ്‌ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്‌. 

ജയശശിധരന്‍ എന്ന മലയാളിയായി തന്നെയാണ്‌ പാര്‍വതി ഇതില്‍ അഭിനയിക്കുന്നത്‌. ജയയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. എല്ലാ കാര്യങ്ങളിലും അലസതയും വ്യക്തമായ ധാരണകളും ഇല്ലാത്തതുപോലെയാണ്‌ യോഗിയുടെ കാര്യങ്ങള്‍. ജയയാകട്ടെ, തന്റെ ഒരു കാര്യവും മററുളളവരുമായി പങ്കുവയ്‌ക്കാന്‍ അത്രയൊന്നും ഇഷ്‌ടപ്പെടാത്ത ആളും. 

ജയയുടെയും യോഗിയുടെയും കഥാപാത്രങ്ങളുടെ സ്വഭാവവും ജീവിതരീതിയും അവരുടെ പ്രത്യേകതകളും അവര്‍ പരസ്‌പരം ഏറ്റുമുട്ടുന്ന രീതികളുമെല്ലാം വളരെ സൂക്ഷ്‌മമായി തന്നെ അവതരിപ്പിക്കാന്‍ സംവിധായിക തനൂജ ചന്ദ്രന്‌ സാധിച്ചു. ആദ്യപകുതി ഇങ്ങനെ വളരെ രസകരമായി പോകുന്നുണ്ട്‌.
രണ്ടാം പകുതിയില്‍ പക്ഷേ ഇടവേളയ്‌ക്കു മുമ്പുള്ള ഒരു രസം അത്രയ്‌ക്കങ്ങ്‌ അനുഭവിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. അല്‍പ്പം ദൈര്‍ഘ്യമേറി പോയോ എന്നു പോലും സംശയിക്കും. സംവിധായികയുടെ കൈയ്യില്‍ നിന്നും കഥയുടെ സഞ്ചാരത്തിന്റെ കടിഞ്ഞാണ്‍ ചില സമയങ്ങളില്‍ നഷ്‌ടപ്പെട്ടു പോയതുപോലെ ഒരു തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുണ്ട്‌.എങ്കിലും ക്‌ളൈമാക്‌സ്‌ മനോഹരമാക്കാന്‍ തനൂജ ചന്‌ദ്രയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 
 
ചിത്രത്തില്‍ ഇര്‍ഫാനുമായിട്ടുള്ള പല രംഗങ്ങളിലും ജയ മലയാളം പറയുന്നുണ്ട്‌. മലയാള പ്രേക്ഷകര്‍ക്ക്‌ ഇതു വളരെ ഇഷ്‌ടപ്പെടും. ബോളിവുഡ്‌ നായികമാരുടെ ശരീരഭാഷയും കോസ്‌ററ്യൂംസും പാടേ മാറ്റിക്കൊണ്ടു തന്നെയാണ്‌ പാര്‍വതി ജയശശിധരനെ ഭദ്രമായി അവതരിപ്പിച്ചത്‌. തികച്ചും സ്വാഭാവികമായ അഭിനയത്തിലൂടെ അവര്‍ തന്റെ ബോളിവുഡ്‌ അരങ്ങേറ്റം ഭംഗിയാക്കിയിട്ടുണ്ട്‌.

പാര്‍വതിയോടൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു ഇര്‍ഫാന്റേതും. വെളളമൊവുകുന്നതു പോലെയുള്ള ജീവിതവും അകാരണമായ വാശിയും മറ്റും പ്രകടിപ്പിക്കുന്ന യോഗിയെ ഇര്‍ഫാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കി. റൊമാന്‍സും കോമഡിയും തുല്യ അളവില്‍ ചേര്‍ത്തു പാകപ്പെടുത്തിയ സിനിമയാണ്‌ ഗരീബ്‌ ഗരീബ്‌ സിംഗിള്‍. വേണമെങ്കില്‍ ഒരു റോഡ്‌ മുവീയെന്നും വിശേഷിപ്പിക്കാം. ഏതായാലും സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ കാണാന്‍ കഴിയുന്ന രസകരമായ ചിത്രമാണിത്‌. ധൈര്യമായി ടിക്കറ്റെടുക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക