Image

സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതില്‍ സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

Published on 17 November, 2017
സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതില്‍ സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. ലിജോ ജോസ് പല്ലിശ്ശേരി, രാജീവ് രവി, ആഷിഖ് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമാ കല്ലിങ്ങല്‍, വികെ ശ്രീരാമന്‍, സൗബിന്‍ ഷാഹിര്‍, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, വിധു വിന്‍സെന്റ്, മധു നീലകണ്ഠന്‍, ബിജിബാല്‍, ഷഹബാസ് അമന്‍, അജിത്കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വിഎസ്, കമല്‍ കെ, സൗമ്യ സനാതനന്‍, ആഷ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസ്താവന താഴെ വായിക്കാം.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാഷിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഇതുമൂലം 48ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഒഴിവാക്കപ്പെടുകയാണ്.

സുജോയ്‌ഘോഷിനെ പോലെ ദേശീയഅന്തര്‍ദ്ദേശീയ രംഗത്ത് പ്രശസ്തനായ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അധ്യക്ഷനായ ജൂറിയാണ് സെക്‌സി ദുര്‍ഗയും ന്യൂഡും പനോരമ ചിത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്തത്, അതുവഴി, 48ാം അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യമായും. ആ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനോടുള്ള പ്രതിഷേധമായി ജൂറി അധ്യക്ഷന്‍ ആ പദവി രാജിവയ്ക്കുക വരെ ചെയ്തു. അഥവാ 2017 ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ ജൂറി അപമാനിതരായി ഇറങ്ങിപ്പോയിരിക്കുന്നു.

അന്തരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട, ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് അഭിമാനമാകേണ്ട രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനപ്പുറത്തേയ്ക്ക്, ചലച്ചിത്രമേളയിലേയ്ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയമിക്കപ്പെടുന്ന സ്വതന്ത്ര ജൂറിയുടെ, തിരഞ്ഞെടുപ്പിനേയും നിലപാടുകളേയും തീരുമാനങ്ങളേയും ചോദ്യം ചെയ്യുന്ന തികച്ചും ഏകാധിപത്യപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഞങ്ങള്‍ ആ നിലപാടിനെ അപലപിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക