Image

തീരന്‍- മനോഹരമായ വീരേതിഹാസം

Published on 18 November, 2017
   തീരന്‍- മനോഹരമായ വീരേതിഹാസം
മണിരത്‌നം സംവിധാനം ചെയ്‌ത കാട്ര്‌ വിളയിടൈ എന്ന ചിത്രം ബോക്‌സോഫീസില്‍ കൂപ്പു കുത്തിയതിനു ശേഷം കാര്‍ത്തി നായകനായി വീണ്ടും എത്തുകയാണ്‌ തീരന്‍-അധികാരം ഒന്‍ട്‌ര്‌.-യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌കാരം എന്ന ടാഗ്‌ലൈനില്‍ എത്തിയിരിക്കുന്ന ചിത്രത്തിലൂടെ. അനീതിക്കും അഴിമതിക്കുമെതിരേ പടവെട്ടുന്ന സത്യസന്ധരും 

നീതിമാന്‍മാരുമായ സൂപ്പര്‍ പോലീസ്‌ ഓഫീസര്‍മാരുടെ കഥ പറയുന്ന ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും ഇഷ്‌ടം പോലെ കണ്ടിട്ടുണ്ട്‌. കാര്‍ത്തി എന്ന നടന്റെ ചുറുചുറുക്കും പൗരുഷവും പരമാവധി ഉപയോഗിച്ചു ചിത്രീകരിച്ച സിനിമയാണിതെന്ന്‌ നിസംശയം പറയാം.

സതുരംഗവൈട്ടൈ എന്ന ആദ്യ ചിത്രം കൊണ്ട്‌ തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ്‌ എച്ച്‌. വിനോദ്‌. ഒരു ആക്ഷന്‍ ക്രൈം ത്രില്ലറില്‍ പെടുത്താവുന്ന ചിത്രമാണിത്‌. 1995 മുതല്‍ 2005 വരെ ഇന്ത്യയിലെങ്ങും നടന്ന മുഖംമൂടി ആക്രമണ പരമ്പരയെ കുറിച്ചുള്ള സംഭവങ്ങളുടെ ആവിഷ്‌കാരമാണ്‌ ചിത്രത്തിന്റെ കഥ. 

യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി മികച്ച ഒരു ചിത്രമൊരുക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നു കാണാം. യുവ ഐ.പി.എസ്‌ ഓഫീസറായ തീരന്‍ തിരുമകന്‍ ഈ ചിത്രത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്നു. തുടര്‍ന്ന്‌ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തീരന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങളും അതിനിടയില്‍ അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുമാണ്‌ ചിത്രം പറയുന്നത്‌.

മാസ്‌ ചിത്രം എന്നവകാശപ്പെടാവുന്ന തീരനില്‍ പക്ഷേ ഇടയ്‌ക്കു കല്ലുകടിയായി ഗാനരംഗങ്ങള്‍ കടന്നു വരുന്നുണ്ട്‌. കൂടാതെ ഇത്തരം സിനിമകളില്‍ സ്ഥിരം കാണുന്നവരാണ്‌ അഴിമതിക്കു കൂട്ടു നില്‍ക്കുകയും കുറ്റവളികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഈ ചിത്രത്തിലും അത്‌ നിലനിര്‍ത്തിയിട്ടുണ്ട്‌. 

അവര്‍ക്കെതിരേ സിംഹഗര്‍ജ്ജനെ നടത്തുന്ന നായകനെ നമ്മള്‍ മലയാളത്തില്‍ കണ്ടിട്ടുണ്ട്‌. സുരേഷ്‌ ഗോപി നായകനായ കമ്മീഷണറില്‍. നീതിബോധത്തെ കുറിച്ചു തട്ടിവിടുന്ന ഇത്തരം നെടുങ്കന്‍ ഡയലോഗുകളും മറ്റും ത്രില്ലിങ്ങ്‌ മൂഡ്‌ കളയാന്‍ മാത്രമേ ഉപകരിക്കൂ. 

പക്ഷേ യഥാര്‍ത്ഥ സംഭവത്തിലെ കുറ്റവാളികളുടെ ജീവചരിത്രം മുഴുവന്‍ കണ്ടെടുത്ത്‌ ചിത്രത്തില്‍ അവതരിപ്പിച്ചത്‌ നന്നായിട്ടുണ്ട്‌. പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ജിബ്രാനും ഈ രംഗങ്ങള്‍ മികച്ചതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌.

രാഹുല്‍ പ്രീത്‌ അവതരിപ്പിച്ച കാര്‍ത്തിയുടെ ഭാര്യാ വേഷം തനി ടിപ്പിക്കല്‍ ആയിപ്പോയി എന്നു പറയാതെ വയ്യ. പ്രണയരംഗങ്ങള്‍ക്കു വേണ്ടി മാത്രം സൃഷ്‌ടിക്കപ്പെട്ട കഥാപാത്രമായിരുന്നു അവരുടേത്‌. തീരന്‍ എന്ന പോലീസ്‌ ഓഫീസറായി കാര്‍ത്തി തിളങ്ങിയിട്ടുണ്ട്‌. 

അതിമാനുഷികത്വമില്ലാതെ ഭൂമിയില്‍കാല്‍ ചവിട്ടി നില്‍ക്കുന്ന കഥാപാത്രമായി തന്നെയാണ്‌ തീരന്‍ മുന്നേറുന്നത്‌. നായകന്റെ ഒപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു വില്ലനായി എത്തിയ അഭിമന്യു സിങ്ങിന്റെ അഭിനയം. ഒപ്പത്തിനൊപ്പം എന്ന നിലയ്‌ക്ക്‌ തന്നെ ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 

 രാജസ്ഥാനിലെയും ഹരിയാനയിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വരണ്ടുണങ്ങിയ ഗ്രാമങ്ങള്‍ യഥാര്‍ത്ഥമെന്നു തോന്നിക്കുന്ന വിധം സത്യന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌.രാജസ്ഥാനില്‍ നടക്കുന്ന സ്റ്റണ്ട്‌ സീനുകള്‍ അതിമനോഹരമായി തന്നെ ദിലീപ്‌ സുബ്ബരായന്‍ ഒരുക്കിയിട്ടുണ്ട്‌. ഒരു കാര്യം ഉറപ്പിച്ചു പറയാം. രണ്ടു മണിക്കൂര്‍ ആസ്വദിച്ചു കാണാന്‍ തഴിയുന്ന ചിത്രമാണ്‌ തീരന്‍-അധികാരം ഒന്‍ട്‌ര്‌. പ്രേക്ഷകനെ ബോറടിപ്പിക്കില്ല.



















































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക