Image

ഒരു പകലിന്റെ നഷ്ടം (കവിത- ജോണ്‍ ആറ്റുമാലില്‍)

ജോണ്‍ ആറ്റുമാലില്‍ Published on 20 November, 2017
ഒരു പകലിന്റെ നഷ്ടം (കവിത- ജോണ്‍ ആറ്റുമാലില്‍)
സുഖമുള്ള മെത്തയില്‍ ഉണര്‍ന്ന് കിടന്ന്,
ജനാലക്കരികിലെത്തി നില്‍ക്കുന്ന പുലരിയെ 
അലസമായി നോക്കിക്കിടക്കുമ്പോള്‍,
പെരുവഴിയോരത്ത് കിടന്നുറങ്ങിയവരെയും
അവിടെ ഉറക്കം വരാതെ കിടന്നവരെയും
വിചാരിച്ചു സങ്കടപ്പെടാന്‍ മനസ്സ് വന്നില്ല.

ആവി പറക്കിന്ന കാപ്പിക്കൊപ്പം, ചൂടുള്ള
പാലും തേനും, പഴവും, അണ്ടിപ്പരിപ്പും
ചേര്‍ത്തിളക്കിയ സീരിയല്‍ കഴിക്കുമ്പോള്‍
അഴുക്കുചാലിന്റെ തടങ്ങളില്‍ ചത്തുവീര്‍ത്ത
എലികളെ കൊത്തിയിരിക്കുന്ന കാക്കകളെ
നോക്കി കുത്തിയിരിക്കുന്ന. ചേരിയിലെ 
വിശക്കുന്ന കുരുന്നുകളെ മറന്നു കഴിഞ്ഞിരുന്നു.

യൂണിഫോറമിട്ടു സ്‌കൂള്‍ ബാഗുകളുമായി
പടിക്കല്‍ ബസ്സുകാത്ത് നില്‍ക്കുന്ന മക്കള്‍ക്ക്
കൂട്ടുനില്‍ക്കുമ്പോള്‍, തങ്ങളേക്കള്‍ വിളറിയ
കുപ്പായം ചുറ്റി, കൂപ്പത്തൊട്ടികളില്‍ മാറിമാറി
മുങ്ങിപ്പൊങ്ങി വിശപ്പടക്കാന്‍ പാടുപെടുന്ന
തെരുവു സന്തതികള്‍ ചത്താലും ചത്തുജീവിച്ചാലും
തനിക്കെന്തെന്ന് അറിയാതെ മനസ്സ് മന്ത്രിച്ചു.

വൈകിട്ട്, തോരാമഴയത്ത്, വീട്ടിലെത്തി
ഗരാജില്‍ കാറ് നിര്‍ത്തിയിറങ്ങി, ലേശവും
മേനി നനയാതെ അകത്തളങ്ങളിലെത്തി
ചൂടുകാപ്പി മുത്തിക്കുടിക്കുമ്പോള്‍, ചളകളില്‍
നനയാത്ത ഇടം തേടി ചുറ്റിത്തിരിഞ്ഞ് കൂനിക്കൂടുന്ന 
മനുഷ്യക്കോലങ്ങളെ മനപ്പൂര്‍വ്വം മറന്നുകളഞ്ഞു..

വയറു നിറഞ്ഞ്, വിശ്രമിച്ച്. ടിവിയില്‍
കാണാവുന്നതും കാണരുതാത്തതും കണ്ട്. 
കേള്‍ക്കാവുന്നതും കേള്‍ക്കരുതാത്തതും കേട്ട്,
ഉറഞ്ഞാന്‍ പോകും മുന്‍പ് കണ്ണാടിയില്‍ നോക്കി:
എനിക്കെന്റെ പഴയ മുഖം നഷ്ടപ്പെട്ടിരിക്കുന്നു!
എനിക്കെന്റെ പഴയ കോലം നഷ്ടപ്പെട്ടിരിക്കുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക