Image

കാര്‍ഷിക സംസ്‌കൃതിയുടെ പുനര്‍ജനിയായി വിളവെടുപ്പുത്സവം ആഘോഷിച്ചു

Published on 20 November, 2017
കാര്‍ഷിക സംസ്‌കൃതിയുടെ പുനര്‍ജനിയായി വിളവെടുപ്പുത്സവം ആഘോഷിച്ചു

അബുദാബി : ആദ്യഫലങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന പഴയകാല കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മാര്‍ത്തോമാ ദേവാലയത്തിലെ വിളവെടുപ്പുത്സവം ആഘോഷിച്ചു. രാവിലെ എട്ടിനു നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ വിശ്വാസികള്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിച്ചു .

വൈകിട്ട് നടന്ന വര്‍ണ്ണാഭമായ വിളംബരയാത്രയോടെയാണു വിളവെടുപ്പുത്സവത്തിനു ആരംഭം കുറിച്ചത്. 
വിളംബര യാത്രയില്‍ യുഎഇ 2017 ദാന വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടതിനെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോട്ട് , വിവിധ നിശ്ചദൃശ്യങ്ങള്‍ , മഹാത്മാഗാന്ധിയും , മദര്‍ തെരേസയും ഉള്‍പ്പെടെ ഭാരതത്തിലെ ആദരണീയരായ വ്യക്തിത്വങ്ങളുടെ വേഷധാരികള്‍ , കലാപ്രകടനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ . ബാബു പി കുലത്താക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി റവ. ബിജു .സി.പി, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് തോമസ്, ട്രസ്റ്റിമാരായ അജിത് നൈനാന്‍ ,വര്‍ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ് , എന്‍എംസി മീഡിയ മാനേജര്‍ ഉല്ലാസ് ആര്‍ കോയ ,അബുദാബി കൊമേര്‍ഷ്യല്‍ ഏജന്‍സി സിഇഒ ജോസഫ് ഹന്നാ, എമിരേറ്റ്‌സ് ടെക്‌നോളജി ഫിനാന്‍സ് ഡയറക്ടര്‍ ജോയ് പി സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ തയാറാക്കിയ ഉത്സവനഗരിയില്‍ നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകളടക്കം അന്‍പതോളം വില്‍പ്പനശാലകളാണ് തുറന്നത് . തത്സമയീ പാചകം ചെയ്തു ചൂടോടെ ഭക്ഷണം വിളന്പിയ കൗണ്ടറുകളില്‍ നല്ല തിരക്കായിരുന്നു. വിവിധ വ്യാപാരസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍,അലങ്കാരച്ചെടികള്‍ എന്നിവയുടെ കൗണ്ടറുകള്‍ , ക്രിസ്മസ് വിപണി, വിനോദമത്സരങ്ങള്‍ , വിവിധ കലാമത്സരങ്ങള്‍ 20 സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നല്‍കിയ ഭാഗ്യനറുക്കെടുപ്പുകളും ,അമേരിക്കന്‍ ലേലവും, എന്നിവയും ശ്രദ്ധേയമായി. അബുദാബി ഒസിവൈഎം ബൈബിള്‍ നാടകം അവതരിപ്പിച്ചു .

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഇടവകയുടെ നേതൃത്വത്തില്‍ ഒഡീഷയിലെ ഉത്ക്കല്‍, കേരളത്തിലെ ഉപ്പുകുഴി എന്നീ ഗ്രാമങ്ങള്‍ ദത്തെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കും .കുന്പനാട് ഫെല്ലോഷിപ് ആശുപത്രിയില്‍ നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതി, അര്‍ബുദ രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതി ,സേവ് എ ലിറ്റില്‍ ലൈഫ് എന്നിവയാണ് മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക