Image

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്‌ജുവിന്റെ മൊഴി നിര്‍ണായകമാകുമെന്ന്‌ നിയമവിദഗ്‌ധര്‍

Published on 23 November, 2017
  നടി ആക്രമിക്കപ്പെട്ട കേസില്‍  മഞ്‌ജുവിന്റെ മൊഴി നിര്‍ണായകമാകുമെന്ന്‌ നിയമവിദഗ്‌ധര്‍


നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്‌ജുവിന്റെ മൊഴി നിര്‍ണായകമാകുമെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസിന്റെ നിലനില്‍പ്പു തന്നെ മഞ്‌ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ്‌ സൂചനകള്‍.
നടി ആക്രമിക്കപ്പെട്ടതിനു ശേഷം ഫെബ്രുവരി 19ന്‌ എറണാകുളത്ത്‌ സിനിമാതാരങ്ങള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു അക്രമത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോടനയുണ്ടെന്ന്‌ മഞ്‌ജു വെളിപ്പെടുത്തിയത്‌. ഈ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ആദ്യം പറഞ്ഞതും മഞ്‌ജുവാണ്‌. മഞ്‌ജുവിനെ സാക്ഷിയാക്കിയാണ്‌ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.

`` ഞാനടക്കം ഇവിടെയിരിക്കുന്ന പല നടിമാരെയും പല സമയത്തും രാത്രിയിലുമെല്ലാം സുരക്ഷിതമായി വീട്ടിലെത്തിച്ച നിരവധി ഡ്രൈവര്‍മാരുണ്ട്‌. ഇക്കാര്യത്തില്‍ എല്ലാ സഹപ്രവര്‍ത്തകരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇവിടെ നടന്ന സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുകൊണ്ടു വരാനുള്ള പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ്‌ നമുക്കു ചെയ്യാന്‍കഴിയുന്ന കാര്യം.'' ഇതായിരുന്നു അന്ന്‌ മഞ്‌ജു പറഞ്ഞ വാക്കുകള്‍.

`` ഞെട്ടിക്കുന്ന സംഭവമായി പോയി. പോലീസ്‌ സത്യസന്ധമായി കേസ്‌ അന്വേഷിക്കുന്നു. ആക്രമിക്കപ്പെട്ട നടി എന്റെ കൂടെ നിരവദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ്‌. ഇതൊക്കെ നടക്കുന്നത്‌ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍തന്നെയാണല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ അത്ഭുതം തോന്നുന്നത്‌. വാര്‍ത്തകള്‍ വളച്ചൊടിക്കരുത്‌.'' ദിലീപ്‌ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.

കേസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ബലപ്പെടുന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ ആ വഴിക്കു നീങ്ങുന്നതും മഞ്‌ജു ഈ വിധം പ്രസ്‌താവന നടത്തിയതിനു ശേഷമാണ്‌. തുടര്‍ന്നാണ്‌ അവര്‍ മഞ്‌ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ഇത്‌ കുറ്റപത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്‌. മൊഴി രേഖപ്പെടുത്തുന്നവരില്‍ നിന്നും ആവശ്യമായവരെ മാത്രമാണ്‌ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. സാക്ഷി വഴി എന്താണ്‌ തെളിയിക്കപ്പെടേണ്ടതെന്ന്‌ കുറ്റപത്രത്തില്‍ പ്രത്യേക കോളത്തില്‍ വ്യക്തമാക്കും.

ഗൂഢാലോചനയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അതിന്റെ കാരണത്തെ കുറിച്ചും അറിയുന്നതിനാണ്‌ പോലീസ്‌ മഞ്‌ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ആക്രമിക്കപ്പെട്ട നടിയോട്‌ മറ്റാര്‍ക്കെങ്കിലും വിരോധം തോന്നേണ്ട കാര്യമുണ്ടോ എന്നും പോലീസ്‌ ആരാഞ്ഞിരുന്നു. വിരോധത്തിന്റെ കാരണം മഞ്‌ജു വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത്‌ കൃത്യം നടത്താനുള്ള പ്രേരണയെന്ന നിലയില്‍ മഞ്‌ജുവിന്റേത്‌ അടിസ്ഥാന മൊഴിയായി മാറും.
ഫെബ്രുവരി 17നാണ്‌ അത്താണിയില്‍ വച്ച്‌ യുവനടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം അതിക്രമമിച്ചു കയറി അവരെ ശാരീരികമായി ആക്രമിക്കുന്നത്‌. നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം പിന്നീട്‌ രക്ഷപെട്ടു. സംവിദായകന്‍ ലാലിന്റെ വീട്ടില്‍ അഭയം തേടിയ നടി പിന്നീട്‌ പോലീസില്‍ പരാതി നല്‍കി. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അന്നു തന്നെ പോലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ഐ.ജി ദിനേദ്ര കശ്യപിനായിരുന്നു അന്വേഷണ ചുമതല.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക