Image

സോപാനത്ത് സാന്ധ്യശോഭയില്‍ പുഷ്പഗന്ധവും

അനില്‍ കെ പെണ്ണുക്കര Published on 23 November, 2017
സോപാനത്ത് സാന്ധ്യശോഭയില്‍ പുഷ്പഗന്ധവും
കലിയുഗവരദനും കാനനവാസനും ഭക്തവത്സലനുമായ ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്പാഭിഷേകം. അഭീഷ്ടസിദ്ദിക്കും ഐശ്വര്യ സമൃദ്ധിക്കും വേണ്ടി ഭക്തര്‍ നടത്തുന്ന വഴിപാട് ആണിത്. താമര, ചെത്തി, അരളി, തുളസി എന്നിവയാണ് പുഷ്പാഭിഷേകത്തിനായി എടുക്കുന്ന പ്രധാന പുഷ്പങ്ങള്‍.

വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന് ശബരിമലയിലെ പ്രധാന വഴിപാടാണ് പുഷ്പാഭിഷേകം. ദിവസം ശരാശരി 30 പുഷ്പാഭിഷേകങ്ങള്‍ വരെ നടക്കാറുണ്ട്. തിരക്കേറുമ്പോള്‍ ഇത് 50 ലേറെ ആയി ഉയരും. ഏഴിനം പൂക്കള്‍കൊണ്ടാണ് അഭിഷേകം. എല്ലാ പൂവുകളും പുഷ്പാഭിഷേകത്തിന് ഉപയോഗിക്കില്ല. തെച്ചി, റോസ്, മുല്ല, അരളി, കൂവളം, താമര, ജമന്തി എന്നിവയാണ് ഉപയോഗിക്കുന്നത്. ആറ് കൂട പൂവുകളാണ് ഒരു അഭിഷേകത്തിന് ഉപയോഗിക്കുന്നത്. 10,000 രൂപയാണ് നിരക്ക്. അയ്യപ്പന് ചാര്‍ത്താന്‍ പൂമാല, ഏലയ്ക്കാമാല, കിരീടം, വിശറി, രാമച്ചമാല എന്നിവയും ലഭ്യമാണ്. വഴിപാടുകള്‍ നേരിട്ടും ഓണ്‍ലൈനായും ബുക്ക് ചെയ്യാം..

സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി

മണ്ഡലകാലത്തെ സുരക്ഷയുടെയും, ക്രമസമാധാനപാലനത്തിന്റെയും ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങി സന്നിധാനത്ത് ഡ്യൂട്ടിയിലുളള വിവിധ സുര്കഷാവിഭാഗങ്ങളില്‍ നിന്നുളള ഇരുന്നൂറോളം സേനാംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സന്നിധാനം പോലീസ് കണ്‍ട്രോളര്‍ പി.കെ.മധുവിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച നടപ്പന്തല്‍, മരക്കൂട്ടം,ശരംകുത്തി, പാണ്ടിതാവളം,അന്നദാന മണ്ഡപം, ഭസ്മകുളം വഴി സന്നിധാനത്ത് തിരിച്ചെത്തി.

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : ഡ്യൂട്ടി മജിസ്‌ട്രേറ്റ്

വസ്തുക്കള്‍ക്കും ഭക്ഷണത്തിനും അയ്യപ്പഭക്തന്മാരില്‍ നിന്ന് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് ബി.ശശികുമാര്‍ പറഞ്ഞു. സ്വാമിമാരെ ഇക്കാര്യത്തില്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതേവരെ 9 സ്ഥാപനങ്ങള്‍ക്ക് എതിരെ കേസ് എടുക്കുകയും 42,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അമിതവില, അളവിലും തൂക്കത്തിലും കുറവ്, കുറഞ്ഞ ഗുണനിലവാരം, രേഖകളില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയേ#ാഗിക്കുക, മതിയായ ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ലൈസന്‍സ് ഇല്ലാതെ ചെരുപ്പ് വില്‍ക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം പൂട്ടിക്കുകയും സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോട്ടറി വില്‍പ്പനയും തടഞ്ഞു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എസ്.എല്‍.സജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റവന്യു, സിവില്‍ സപ്ലൈസ്, ഹെല്‍ത്ത്, അളവ് തൂക്ക വകുപ്പ് എന്നിവയില്‍ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സ്ക്വാഡാണ് പരിശോധനയ്ക്ക നേതൃത്വം നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ 9 സൂപ്പര്‍വൈസറും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഭക്തര്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍ 1800 4251 606

ശബരിമല : ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും അമിതവില ഈടാക്കുന്നതും അളവിലും തൂക്കത്തിലും കുറച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ അയ്യപ്പന്മാര്‍ക്ക് ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് പരാതിപ്പെടാം. നമ്പര്‍ 1800 4251 606. ഇതു സംബന്ധിച്ച എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമുള്ള നോട്ടീസ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിന്റെയും ക്രമനമ്പരും ഈ നോട്ടീസില്‍ ഉണ്ട്. പരാതിപ്പെടുമ്പോള്‍ ഈ നമ്പരും പറയുക.

സന്നിധാനത്തെ വൃത്തിയാക്കാന്‍ 300 പേര്‍

ശബരിമല സന്നിധാനത്തെ വിശുദ്ധികാക്കാന്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 300 പേരാണ് നിത്യേന പ്രവര്‍ത്തിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ അറുമണിമുതല്‍ വൈകിട്ട്് ആറുവരെയും വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയും 24 മണിക്കൂറും ഇവര്‍ വൃത്തിയാക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നു. ആറു ട്രാക്റ്ററില്‍ മാലിന്യങ്ങള്‍ ശേഖരിച്ച ഇന്‍സിനേറ്ററില്‍ എത്തിക്കുകയും നിലം തുടച്ചുവൃത്തായക്കുകയും അണുനാശിനി തളിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവ വൃത്തിയാക്കാന്‍ പരിസരത്ത് ഇവര്‍ സദാസമയവും ഉണ്ടാകും.
സോപാനത്ത് സാന്ധ്യശോഭയില്‍ പുഷ്പഗന്ധവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക