സിനിമാലോകത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന് നടി രാധിക ആപ്തെ. ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാരങ്ങളെ എനിക്കറിയാം. ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്-ഒരു അഭിമുഖത്തില്‍ രാധിക പറഞ്ഞു.

അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. അത് യാഥാര്‍ഥ്യമല്ല. അതൊരു ജോലിസ്ഥലം മാത്രമാണ്. ഇവിടെയും എല്ലാ തലത്തിലും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ആളുകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ. നമ്മള്‍ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്‍ക്കും. മറുഭാഗത്തുള്ളയാള്‍ക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയര്‍ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

സ്വന്തം അധികാരം ഉപയോഗിച്ച്‌ മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം. അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായ ചിലരുമുണ്ട്. നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും കാലം സ്വന്തം കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും. വീട്ടില്‍ നിന്ന് ഓടിവരുന്നവരുണ്ട്. അവര്‍ക്ക് ആശ്രയിക്കാന്‍ മറ്റൊന്നുമില്ല. മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയുമെല്ലാം ഈ രംഗത്ത് ആവശ്യമുണ്ട്-രാധിക പറഞ്ഞു.