Image

ജര്‍മന്‍ ഭരണ പ്രതിസന്ധി: അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ പ്രസിഡന്റിന്റെ അവസാനവട്ട ശ്രമം

Published on 23 November, 2017
ജര്‍മന്‍ ഭരണ പ്രതിസന്ധി: അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ പ്രസിഡന്റിന്റെ അവസാനവട്ട ശ്രമം

ബെര്‍ലിന്‍: ജര്‍മനിയില്‍ ഭരണ പ്രതിസന്ധി തുടരുന്‌പോള്‍ എല്ലാ കണ്ണുകളും പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മെയറിലേക്ക്. സാധാരണഗതിയില്‍ ആലങ്കാരിക പദവി മാത്രമായ പ്രസിഡന്റ് സ്ഥാനത്തിരുന്ന് നിര്‍ണായകമായ വിവേചനാധികാരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അത്യപൂര്‍വ അവസരങ്ങളിലൊന്നാണിത്. സ്‌റ്റൈന്‍മെയര്‍ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നത് ജര്‍മനിയുടെ മാത്രമല്ല യൂറോപ്പിന്റെ ആകമാനം ആകാംക്ഷയാണ്.

ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ മുന്നില്‍ കാണുന്ന സാഹചര്യം യുദ്ധാനന്തര ജര്‍മനിയില്‍ ആദ്യമാണ്. ജര്‍മന്‍ രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള പരിചയവും നയതന്ത്ര ചാതുരിയും അറുപത്തൊന്നുകാരനെ ഈ സാഹചര്യം നേരിടാന്‍ സഹായിക്കുമെന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജര്‍മനിയിലെ ഏറ്റവും ജനപ്രിയനും വിശ്വസ്തനുമായ നേതാക്കളിലൊരാളാണ് സ്‌റ്റൈന്‍മെയര്‍.

ജെറാര്‍ഡ് ഷ്രോയ്ഡറുടെയും ആംഗല മെര്‍ക്കലിന്റെയും മന്ത്രിസഭകളില്‍ വിദേശകാര്യ മന്ത്രിയായും ചീഫ് ഓഫ് സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ മാര്‍ച്ചിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയാണെങ്കിലും മെര്‍ക്കലുമായി നല്ല ബന്ധം തന്നെയാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്തെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു നയിക്കണോ മന്ത്രിസഭാ രൂപീകരണത്തിനു മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രമുഖ പാര്‍ട്ടികളെ നിര്‍ബന്ധിക്കണോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.

എന്നാല്‍ ജര്‍മനിയിലെ രാഷ്ട്രീയപാര്‍ട്ടികളോട് വിട്ടുവീഴ്ചയുടെ സ്വരത്തില്‍ സമവായത്തിലൂടെ ഒരുറച്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെര്‍ക്കലിനെ സഹായിക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. അതിനായി സമയവും നല്‍കിക്കഴിഞ്ഞു. ഇതേ ആവശ്യം സ്വന്തം പാര്‍ട്ടിയായ എസ്പിഡിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സിഡിയുവും എഫ്ഡിപിയും ഗ്രീന്‍ പാര്‍ട്ടിയും തമ്മില്‍ നടന്ന മുന്നണി ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് ഭരണ പ്രതിസന്ധിക്കു കാരണം. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന സാധ്യത മുന്നിലുണ്ടെങ്കിലും അതിലും ഭേദം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് മെര്‍ക്കലിന്റെ പക്ഷം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക