Image

ചിരിയുടെ പുതിയ സംരംഭവുമായി പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌

Published on 24 November, 2017
ചിരിയുടെ പുതിയ സംരംഭവുമായി പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌

തന്റെ എല്ലാ ചിത്രങ്ങളിലും സമകാലീന സംഭവങ്ങളുടെ ഒരു തുറന്നെഴുത്ത്‌ കാണിക്കാന്‍ ധൈര്യപ്പെട്ടിട്ടുള്ള സംവിധായകനാണ്‌ രഞ്‌ജിത്‌ ശങ്കര്‍. ജയസൂര്യയെ നായകനാക്കി അദ്ദേഹം 2013ല്‍ സംവിധാനം ചെയ്‌ത പുണ്യാളന്‍ അഗര്‍ബത്തീസ്‌ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ്‌ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ചിത്രവും വരുന്നത്‌.

നൂതന ആശയങ്ങളുമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പുറപ്പെടുന്ന ചെറുപ്പക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്‌ട്രീയ ലോബികളും ചേര്‍ന്ന്‌ കുത്തുപാളയെടുപ്പിക്കുന്ന കഥകള്‍ പല ചിത്രങ്ങളിലായി നം കണ്ടിട്ടുണ്ട്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത വരവേല്‍പ്പ്‌, പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത വെള്ളാനകളുടെ നാട്‌ എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌.

ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി ഉണ്ടാക്കുന്ന സംരംഭവുമായിട്ടാണ്‌ ജോയ്‌ താക്കോല്‍ക്കാരന്‍ പുണ്യാളന്‍ അഗര്‍ബത്തീസ്‌ എന്ന ചിത്രത്തില്‍ വന്നത്‌. കടം കയറി സംരംഭം പൂട്ടി വീടും ജപ്‌തി ചെയ്‌ത്‌ ഒന്നുമില്ലാതതെ നട്ടം തിരിയുന്ന ജോയ്‌ താക്കോല്‍ക്കാരനില്‍ നിന്നാണ്‌ പുണ്യാളന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ചിത്രം ആരംഭിക്കുന്നത്‌. സാമ്പത്തിക ഞെരുക്കവും പ്രാരാബ്‌ധങ്ങളും നെട്ടോട്ടവുമാണ്‌ കഥാനായകനെങ്കിലും നര്‍മ്മതില്‍ പൊതിഞ്ഞാണ്‌ കഥ മുന്നോട്ടു നീങ്ങുന്നത്‌. ഇതില്‍ ആനമൂത്രത്തില്‍ നിന്നും പുണ്യാളന്‍ വെള്ളം എന്ന പേരില്‍ മിനറല്‍ വാട്ടര്‍ ഉണ്ടാക്കുന്ന സംരംഭം തുടങ്ങാനാണ്‌ അയാള്‍ ശ്രമിക്കുന്നത്‌. പതിവു പോലെ തന്നെ അയാള്‍ക്ക്‌ എതിരേ നിരവധി പ്രതിബന്ധങ്ങലും പ്രതിയോഗികളും കടന്നു വരുന്നു. ഇത്തവണ പക്ഷേ കുറച്ചു കൂടി ശക്തരായ പ്രതിയോഗികളെയാണ്‌ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌.

കെ.എസ്‌.ആര്‍.ടി.സി.യും കോര്‍പ്പറേഷനും അയാളുടെ പദ്ധതികള്‍ക്ക്‌ പാര വയ്‌ക്കുന്നു. തുടര്‍ന്ന്‌ കൂടെ നിന്ന്‌ വഞ്ചിക്കുന്ന അവസരവാദികളായ രാഷ്‌ട്രീയക്കാരും കോടതിയും കേസും ചേര്‍ന്ന്‌ അയാളുടെ സംരംഭം വീണ്ടും പൂട്ടിക്കുന്നു. അതോടെ അയാള്‍ താന്‍ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങളുമായി നെട്ടോട്ടം തുടങ്ങുകയാണ്‌. തന്റെ ജീവിതം ഇരുളിലാക്കുന്ന രാഷ്‌ട്രീയ പൊള്ളത്തരങ്ങള്‍ക്കു നേരെ പലപ്പോഴും ജോയ്‌താക്കോല്‍ക്കാരനു ശബ്‌ദിക്കേണ്ടി വരുന്നതും ഒരു പരിധി വരെ സംവിധായകന്‌ സമൂഹത്തോട്‌ വിളിച്ചു പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ്‌.

പ്രമേയപരമായ പുതുമകള്‍ കൊണ്ടു വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ലെങ്കിലും കഥ പറയുന്ന രീതി പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പടുന്ന രീതിയില്‍ തന്നെ ഒരുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജയസൂര്യയും അദ്ദേഹത്തിന്റെ കൂടെയുള്ള സഹകഥാപാത്രങ്ങളും മികച്ചു നിന്നു. ആദ്യഭാഗം മുഴുവന്‍ കോമഡിയാണ്‌. സാന്ദര്‍ഭിക നര്‍മ്മത്തിന്റെ കൈയ്യടക്കവും ഭംഗിയും അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാവുന്ന തരത്തിലാണ്‌. വക്കീലായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഡ്രൈവര്‍ അഭയകുമാറായി ശ്രീജിത്‌ രവി, ജഡ്‌ജായി സുനില്‍ സുഖദയും പ്രേക്ഷകനെ ആവോളം ചിരിപ്പിക്കും.
രണ്ടാംപകുതിയില്‍ നിയമക്കുരുക്കുകളെ നേരിടുന്ന നായകനെയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക. സമകാലീന രാഷ്‌ട്രീയ സംഭവങ്ങള്‍, തിയേറ്ററിലെ ദേശീയ ഗാനം, നടി ആക്രമിക്കപ്പെട്ട സംഭവം, ജി.എസ്‌.ടി , സ്‌ത്രീ സുരക്ഷ, ബീഫ്‌ നിരോധനം തുടങ്ങി നിരവധി പ്രശ്‌നങ്ങളെ കുറിച്ച്‌ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. വാര്‍ത്താരൂപീകരണത്തില്‍ സോഷ്യല്‍ മീഡിയായുടെ പങ്കും ചിത്രം വ്യക്തമാക്കുന്നു.

ജപ്‌തിയും കടവുമായി വലയുമ്പോഴും പ്രചോദനം നല്‍കുന്ന സംഭാഷണങ്ങളും ചിന്തകളും കൊണ്ട്‌ സമ്പന്നമാണ്‌ ചിത്രം. ജോയ്‌ താക്കോല്‍ക്കാരനായി ജയസൂര്യ മിന്നിത്തിളങ്ങി. അജു വര്‍ഗീസ്‌, പൊന്നമ്മ ബാബു, ഗിന്നസ്‌ പക്രു, വിനോദ്‌ കോവൂര്‍, ആര്യ തുടങ്ങിയവരും മികച്ച അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌. ഏതായാലും ഈ ചിത്രം ആരെയും ബോറടിപ്പിക്കില്ല.































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക