Image

ഒരു കൂടിക്കാഴ്ച (നര്‍മം: ജോണ്‍ ഇളമത)

Published on 24 November, 2017
ഒരു കൂടിക്കാഴ്ച (നര്‍മം: ജോണ്‍ ഇളമത)

പത്രത്തിലെ മാട്രിമോണിയല്‍ കോളത്തില്‍ വെറുതെ ഒന്നു കണ്ണോടിച്ചു ഒരു പരസ്യം! കല്യാണാലോചനങ്ങള്‍ ക്ഷണിക്കുന്നു. ഇന്നസെന്റ് ഡിവോഴ്‌സി, മദ്ധ്യവയസ്ക്ക, സൗന്ദര്യവും പ്രസരിപ്പും വിടാത്തവള്‍, ദൈവഭയവും പാരമ്പര്യവുമുള്ള ക്രിസ്ത്യന്‍ കുടുംബം. വരന് മദ്ധ്യപ്രായം ഉണ്ടായിരിക്കണം. ബാധ്യതകള്‍ പാടില്ല.

ഞാന്‍ പരസ്യം രണ്ടാവര്‍ത്തി വായിച്ചു. തരക്കേടില്ല, എല്ലാം ഒത്തിണങ്ങിയ നാരി. ദൈവഭയമുള്ള ഇന്നസെന്റ് ഡിവോഴ്‌സ്!

വല്ല വെട്ടിലും വീണ് വിവാഹം കഴിച്ചതാവാം. ഭര്‍ത്താവ് കുടിയനോ ദുര്‍മാര്‍ഗ്ഗിയോ ആയിരുന്നിരിക്കണം. മറ്റു പലരെപ്പോലെയും വിവാഹം കഴിച്ച് അമേരിക്കയില്‍ എത്തിയവനാണ് ഞാന്‍. ഒടുവില്‍ ഇതുപോലൊരു ദൗര്‍ഭാഗ്യം വരുമെന്ന് ആരറിഞ്ഞു! അന്നേ വീട്ടുകാരും കൂട്ടുകാരുമൊക്കെ പറഞ്ഞതാണ് പുറത്തുപോയ പെണ്ണിനെ കല്യാണം കഴിക്കുന്നത് സൂക്ഷിച്ചുവേണമെന്ന്.

എന്തിനു നാരികളെ കുറ്റപ്പെടുത്തണം. തടിയുടെ വളവും ആശാരിയുടെ കുഴപ്പവും പോലെ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം. അങ്ങനെ സര്‍ക്കാസ്റ്റിക്കായിട്ടാണ് ഞാനവര്‍ക്കൊക്കെ ഉത്തരം കൊടുത്തത്.

ഞാന്‍ എത്ര അഡ്ജറ്റ് ചെയ്തു. എന്നിട്ടും ഇതു സംഭവിച്ചു.

എന്റെ ഭാര്യ ശോശക്കുട്ടിക്ക് ദൈവഭയം കൂടുതല്‍ ആയിരുന്നു. ഒടുവില്‍ അവളൊരു പ്രാര്‍ത്ഥാനാഗ്രൂപ്പില്‍പ്പെട്ടു.

പ്രാര്‍ത്ഥനക്കാര്‍ എന്റെ വീട്ടിലേക്കൊഴുകി. മിക്ക വീക്കെന്റിലും പാട്ടും പ്രാര്‍ത്ഥനയുമായി എന്റെ ഒഴിവുദിനങ്ങള്‍ മുരടിച്ചു.

ഞാന്‍ ഫാക്ടറി ജോലിക്കാരനാണ്. ഒരു സൂപ്പര്‍വൈസര്‍. എന്നും കാലത്തെണീറ്റു പണിക്കുപോയാല്‍ എരിഞ്ഞടങ്ങുമ്പോഴാണ് തിരികെ വരിക. കരി പുരളാത്ത പണിയാണെങ്കിലും സ്‌ടെസ്സ് ഏറെയുണ്ട്. ജോലിക്കാരുമായി മല്ലടിക്കണം. സ്ഥാപനത്തെ തൃപ്തിപ്പെടുത്തണം.

വീക്കെന്റിലാണ് ഒന്നു സന്തോഷിക്കുക. അരക്കുപ്പി വിസ്ക്കി വാങ്ങി എല്ലാ ശനിയാഴ്ചയും ഒരു വീശുവീശും. തിന്നാന്‍ കോഴി വറുത്തതോ അല്ലെങ്കില്‍ കാളക്കറിയും ചപ്പാത്തിയും ഒക്കെ ഭാര്യ വച്ചുതരും. അതുകഴിഞ്ഞ് രാത്രി പന്ത്രണ്ട് കഴിഞ്ഞാണ് ആടിയാടി കിടക്കാന്‍ പോകുക. അങ്ങനെ എന്റെ സ്‌ട്രെസ്സ് നിവാരണത്തില്‍ ശോശക്കുട്ടി സര്‍വ്വപിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ഇങ്ങനെ ഇരിക്കവെയാണ് ആകസ്മികമായി ശോശക്കുട്ടിക്കുട്ടിക്കു ഭക്തിഭ്രാന്തു പിടിപെട്ടത്. മിക്കപ്പോഴും ശനിയാഴ്ച സന്ധ്യക്കാണ് പ്രാര്‍ത്ഥനാഗ്രൂപ്പ് ഒത്തുചേരുന്നത്. പലവിധ പൊതുജനം എന്റെ വീട്ടിലേക്ക് ഇരച്ചുകയറി. ഉച്ചത്തില്‍ പാട്ടും പ്രാര്‍ത്ഥനയും തുടര്‍ന്നു വിഭവസമൃദ്ധമായ അത്താഴവും ഗോസിപ്പുമായി ഇതു സ്ഥിരം പതിവായി എന്റെ വീട്ടില്‍ തന്നെ നടന്നു. അങ്ങനെ ഞാനും കൂടെ പാടാനും പ്രാര്‍ത്ഥിക്കാനും നിര്‍ബന്ധിതനായി.

ഒരിക്കല്‍ ശോശക്കുട്ടിയുടെ ചെവിയില്‍ ഒരു വിരുതനോതി ശോശമ്മേടെ ഭര്‍ത്താവ് മുക്കുടിയനാ അല്ലേ? അടുത്തു നിന്നാ വായീന്ന് മദ്യത്തിന്റെ കടുത്ത നാറ്റമാ! മദ്യപാനി സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കയില്ലെന്നാ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്?

അന്ന് മുതല്‍ ശോശക്കുട്ടിക്ക് ഉണര്‍വ്വുണ്ടായി. രാത്രി പാട്ടും പ്രാര്‍ത്ഥനയും പിരിഞ്ഞപ്പോള്‍ അവള്‍ എനിക്കൊരു താക്കീതു തന്നു! “ഇന്നുമുതല്‍ നിങ്ങള്‍ മദ്യം കുടിക്കുകയില്ലെന്ന് എന്റെ പാദത്തില്‍ തൊട്ട് സത്യം ചെയ്യണം. നിങ്ങള്‍ മഹാപാപിയാണ്. മദ്യപാനി ദുര്‍ന്നടപ്പുകാരനാകാന്‍ സാധ്യത വളരെക്കൂടുതലാണ്.”

അങ്ങനെ ഇരിക്കെ മറ്റൊന്നുകൂടി സംഭവിച്ചു. ആലീസ് എന്നു പേരുള്ള ഒരു ശ്യംഗാരി ശോശക്കുട്ടിയുടെ ചെവിയില്‍ മറ്റൊന്നുകൂടി കടാക്ഷിച്ചുവെന്ന്! ഇന്നുവരെ ഞാന്‍ പരനാരിയെ ചീത്ത ഉദ്ദേശ്യത്തോടുകൂടി നോക്കിയിട്ടില്ല. അല്ലെങ്കില്‍ തന്നെ എനിക്ക് പതിനഞ്ചു വയസ്സുള്ള ഒരു ടീനേജ് മകളുണ്ട്. അവള്‍ക്കെങ്കിലും ഞാനൊരു മാതൃകയായിരിക്കേണ്ടേ! ഇത്രയൊക്കെ ഞാന്‍ ശോശക്കുട്ടിയെ വിനയപൂര്‍വ്വം ധരിപ്പിച്ചു. എന്നിട്ടും അവള്‍ ഏറുകൊണ്ട പുലിയെപ്പോലെ ചീറ്റി നിന്നു. നിങ്ങള്‍ ആഭാസനാണ്. സംഭവം ഇതാണ്. പ്രാര്‍ത്ഥനയ്ക്കിടയില്‍ അവള്‍ അടുത്തിരുന്ന മറ്റൊരുവളോടു ചോദിക്കുന്നത് അവള്‍ക്കഭിമുഖമായിരുന്ന ഞാന്‍ കേട്ടു.

ഇവിടുത്തെ ടോയ്‌ലെറ്റ് എവിടെയാ? അതെങ്ങനാ മറ്റൊരിടത്തു നിന്നുവന്നവള്‍ക്ക് ഇവിടുത്തെ ടോയ്‌ലറ്റ് നിശ്ചയം! ആ ചോദ്യം കേട്ട ഞാന്‍ സാമാന്യമര്യാദ അനുസരിച്ചു പ്രാര്‍ത്ഥനയ്ക്കു കോട്ടം വരാതെ കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ടോയ്‌ലറ്റ് ഒന്നു കാട്ടി!

പറഞ്ഞുതീരും മുമ്പ് ശോശക്കുട്ടി പൊട്ടിത്തെറിച്ചു. “നിങ്ങള്‍ ആഭാസനാണ്. മദ്യം ഉള്ളില്‍ ചെന്നാല്‍ നിങ്ങള്‍ക്കു ഭാര്യ ഏതാ മകളേതാ പെങ്ങളേതാ എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നു.” അവള്‍, ശോശക്കുട്ടി പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ തീരുമാനം എടുത്തു.

എന്റെ ടീനേജു മകളെയും കൂട്ടി അവള്‍ വേറെ അപ്പാര്‍ട്ട്‌മെന്റ് എടുത്തു താമസം മാറി. ഡിവോഴ്‌സിനു കേസ് ഫയല്‍ ചെയ്തു. ഡിവോഴ്‌സ് പ്രാബല്യത്തില്‍ വന്നു. ഞങ്ങളുടെ വീടു വിറ്റു പകുതി അവള്‍ക്കും പകുതി എനിക്കും! എന്റെ ടീനേജു മകളെ പ്രായപൂര്‍ത്തി എത്തുവരെ ഞാന്‍ പുലര്‍ത്താന്‍ കോടതി ഉത്തരവിട്ടു. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയായി.

ഇങ്ങനെ ഒരവസരത്തിലാണ് ഞാന്‍ മാട്രിമോണിയല്‍ പരസ്യം കണ്ടത്. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. ഒന്ന് സമ്പര്‍ക്കം പുലര്‍ത്തിയാലോ! രണ്ട് കാര്യങ്ങള്‍ അറിയണം. എങ്കിലേ തീരുമാനിക്കാനാകൂ. ദൈവഭയം എവിടെ വരെ! എക്‌സ്ട്രീം ഫനാറ്റിക്കാണെങ്കില്‍ ഫൊര്‍ഗെറ്റിറ്റ്. പ്രായം നാല്പത്തഞ്ചു വരെ ഓക്കെ.

ധൈര്യത്തിന് ഒരു പെഗ് വീശി ഫോണ്‍ എടുത്തു കറക്കി.

“മാട്രിമോണിയല്‍ കണ്ടു വിളിച്ചതാ.” ഞാന്‍ ആവേശത്തില്‍ പറഞ്ഞു.

“അതിനെന്താ നല്ലതു തന്നെ.”

അപ്പുറത്തു നിന്ന് മധുരമനോഹരമായ ശബ്ദം ഒഴുകിവന്നു. “ചോദിക്കുന്നതില്‍ വിരോധമുണ്ടോ. ദൈവഭയം അതിരുകടന്നതായിരിക്കില്ലല്ലോ!”

“ദൈവഭയം എന്റെ ഉള്ളിലാണ്. ഞാന്‍ അത് പുറത്തിറക്കാറില്ല. തന്നെയുമല്ല, അല്‍പം റൊമാന്റിക്കായി കഴിയാനാണ് എനിക്ക് ഇഷ്ടം. വൈകിട്ട് ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വൈന്‍ കുടിക്കും.”

“വയസ്സു ചോദിക്കുന്നതില്‍ വിരോധമുണ്ടോ ?”

“തീര്‍ച്ചയായും ഇല്ല. നാല്‍പ്പത്. പേര് പൊന്നമ്മ.”

“എനിക്ക് നാല്‍പ്പത്തഞ്ച്. അപ്പോള്‍ എല്ലാംകൊണ്ടു ചേരണം!” ഇരുവരും പൊട്ടിച്ചിരിച്ചു.

ഡേറ്റ് ചെയ്തു പൊന്നമ്മയെ കാണാന്‍. ഞാന്‍ പൊന്നമ്മയെപറ്റി മനസ്സില്‍ കോട്ടകെട്ടി. പൊന്നുപോലെയിരിക്കുമായിരിക്കും പൊന്നമ്മ. എങ്കിലും മനസ്സില്‍ ഒരു ചാഞ്ചല്യം. എന്താകാം പൊന്നമ്മയുടെ ഡിവോഴ്‌സിനു ഹേതു! ഒന്നു ചോദിച്ചാലോ അല്ലെങ്കില്‍ വേണ്ട തക്കതായി എന്തോ കാണാം. തന്നെപ്പോലെ തന്നെ.

പറഞ്ഞിരുന്ന തീയതിയില്‍ സമയത്ത്, ത്രീപീസ് സ്യൂട്ടില്‍ കയറി ഉച്ച തിരിഞ്ഞ് ഞാന്‍ പൊന്നമ്മയെ കാണാന്‍ പോയി. കൈയില്‍ ഒരു കെട്ടു പൂക്കളഉം. വിലകൂടിയ ഒരു ഷാംപെയിനും കരുതിയിരുന്നു. പറഞ്ഞവഴി പ്രകാരം ഞാന്‍ പൊന്നമ്മയുടെ വീടിനുമുമ്പില്‍ എത്തി. കോളിംഗ് ബെല്‍ അമര്‍ത്തി. കതകുതുറന്നു ഏതാണ്ട് അറുപതോടടുത്തു തോന്നിക്കുന്ന ചട്ടയും മുണ്ടും കുണുക്കും ധരിച്ച ഒരു ചേട്ടത്തി എന്റെ മുമ്പില്‍ മന്ദസ്മിതം തൂകി നിന്നു.

ഞാന്‍ സംശയത്തോടെ നിന്നു. വീടു തെറ്റിയോ? ഞാന്‍ എന്തെങ്കിലും ചോദിക്കും മുമ്പ് ചേട്ടത്തി പറഞ്ഞുതുടങ്ങി.

“പൊന്നമ്മയെ തിരക്കിയല്ലേ വന്നത്. വീട് ഇതുതന്നെ. അകത്തേക്ക് കയറിയിരിക്ക്.” ചേട്ടത്തി വിനയാന്വിതയായി.

ഞാന്‍ അകത്തേക്ക് പ്രവേശിച്ചു. വിരിച്ചൊരുക്കിയ മനോഹരമായ സ്വീകരണമുറി ലതര്‍ സെറ്റികള്‍. സ്ഫടിക ടീപോയ്. ചെറുതും വലുതുമായി മനോഹരമായ കുറെ ചെടികള്‍. ഈട്ടിയില്‍ കൊത്തിയെടുത്ത നാലടി ഉയരമുള്ള ഒരാന. വലിയ അക്വേറിയം. ഉദ്യാനത്തിലെന്നപോലെ മനോഹരം.

എവിടെ പൊന്നമ്മ?

അവളിപ്പൊ വരും. ഞാന്‍ അമ്മയാണ്. കുറച്ചു ദിവസത്തേക്ക് വിസിറ്റിംഗിനു വന്നതാണ്.

അല്‍പസമയത്തിനുശേഷം പൊന്നമ്മ വന്നു. പൊന്നുപോലെ സുന്ദരി.

ഞാന്‍ അന്തിച്ചുപോയി. ഒരു വീല്‍ചെയറിലായിരുന്നു പൊന്നമ്മയുടെ വരവ്.

ഞാന്‍ മിഴിച്ചു നില്‍ക്കെ പൊന്നമ്മ പറഞ്ഞുതുടങ്ങി.

“താങ്കള്‍ വന്നതിനു നന്ദി. പിന്നെ എന്നെ കല്യാണം കഴിക്കുന്നതു താങ്കളുടെ ഇഷ്ടം. പൊന്നമ്മ ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു. അടുത്തകാലത്ത് ഒരു കാര്‍ ആക്‌സിഡന്റില്‍ എന്റെ അരയ്ക്കു താഴെ തളര്‍ന്നു. എന്റെ ഭര്‍ത്താവ് തികഞ്ഞ ഭക്തനായിരുന്നു. ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ലീഡര്‍, മദ്യപാനമോ, പുകവലിയോ ഉണ്ടായിരുന്നില്ല. പക്ഷേ ഈ സ്ഥിതിയില്‍ അദ്ദേഹം എന്നെ ഉപേക്ഷിച്ചുപോയി. മറ്റൊരു പ്രാര്‍ത്ഥനക്കാരിയുടെ കൂടെ താമസമാണ്” പൊന്നമ്മ ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു.

“എനിക്കൊരു കൂട്ടു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇഷ്ടം പോലെ പണമുണ്ട്. ഇന്‍ഷുറന്‍സ് വകയിലും മറ്റും. ആരെങ്കിലും തയ്യാറായാല്‍...!!” പൊന്നമ്മയുടെ പൊന്നുപോലുള്ള മുഖത്തെ അഴകുള്ള കണ്ണുകളില്‍ നിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.


****

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക