Image

ഒരു കുറുപ്പംപടിക്കുറിപ്പ് (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 25 November, 2017
ഒരു കുറുപ്പംപടിക്കുറിപ്പ് (ഡി.ബാബുപോള്‍)
കുറുപ്പംപടിയില്‍ ഇരുന്നാണ് ഈ കുറിപ്പ് കുറിക്കുന്നത്. നേരത്തെ എഴുതാന്‍ മറന്നുപോയി ഇത്തവണ. യേനകേനപി പ്രകാരേണ ഇന്നുതന്നെ കിട്ടണമെന്ന് പത്രാധിപരുടെ നിര്‍ബന്ധം
ഒന്നോര്‍ത്താല്‍ ഇങ്ങനെയൊക്കെ വന്നതു നന്നായി. കുറുപ്പംപടിയില്‍ ഇരുന്നാണല്ലോ 1949 ല്‍ അറുപത്തിയെട്ട് സംവത്സരങ്ങള്‍ക്കപ്പുറം ആദ്യമായി ഒരു ലേഖനം ഞാന്‍ എഴുതിയത്. ലേഖനം എഴുതാന്‍ ഉദ്ദേശിച്ച് ഇറങ്ങിത്തിരിച്ചതൊന്നും ആയിരുന്നില്ല. സത്സ്വഭാവം എന്ന വിഷയത്തെക്കുറിച്ച് ഒരു കോംപസിഷന്‍. അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അമ്മയാണ് ക്ലാസ് ടീച്ചര്‍. അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടു. താന്‍ വിരിയിച്ചെടുത്ത താറാവിന്റെ കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങി നീന്തുന്നതു കാണുന്ന തള്ളക്കോഴിയുടെ അത്ഭുതം പോലെ ഒരു വികാരമായിരുന്നു അന്ന് അമ്മയ്ക്ക് എന്ന് ഇപ്പോള്‍ തോന്നുന്നു.

അമ്മ റാങ്കുകാരിയായിരുന്നു. കോട്ടയം മിസ് ബേക്കര്‍ സ്‌കൂളില്‍ മദാമ്മമാരുടെ കീഴില്‍ പഠിച്ച് തിരുവിതാംകൂറിന്റെ മട്രിക്കുലേഷന്‍ പരീക്ഷ മദിരാശിയില്‍നിന്നു നടത്തി വന്ന കാലത്ത് തിരുവിതാംകൂര്‍ രാജ്യത്ത് ഒന്നാമതായി ജയിച്ച റാങ്കുകാരി. മദാമ്മമാര്‍ നല്‍കിയ ഗൃഹപാഠത്തിന്റെ തുടര്‍ച്ചയായി നിരവധി സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ സുവിശേഷത്തിലെ പതിനേഴാം അധ്യായവും അതിന് മഹാപുരോഹിതനെടുത്ത പ്രാര്‍ത്ഥനയും-ഹൈ പ്രീസ്റ്റ്‌ലി പ്രയര്‍ എന്നാണ് വിശേഷണം- മറ്റും ഇംഗ്ലീഷില്‍ ഹൃദിസ്ഥമാക്കി ദശാബ്ദങ്ങളോളം ഓര്‍മച്ചെപ്പില്‍ സൂക്ഷിച്ചിരുന്ന മിടുക്കി. ഓര്‍മശക്തി വര്‍ധിപ്പിക്കേണ്ടത് എങ്ങനെയെന്ന് വനംവകുപ്പിന്റെ കോടനാട് ക്യാംപില്‍ വളരുന്ന ആനക്കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണമെങ്കില്‍ അമ്മയെ നിയമിച്ചാല്‍ മതിയെന്ന് അച്ഛന്‍ തമാശ പറഞ്ഞിട്ടുണ്ട്; ഞാന്‍ അക്കാര്യം എവിടെയോ എഴുതിയിട്ടുമുണ്ട്.

അമ്മ എഴുത്തുകാരിയായിരുന്നില്ല. പലചരക്കിന്റെയും പച്ചക്കറിയുടെയും കണക്കല്ലാതെ എന്തെങ്കിലും എഴുതി അമ്മ ആത്മാവിഷ്‌ക്കാരസ്വാതന്ത്ര്യം ഉപയോഗിച്ചതായി എനിക്കറിവില്ല. എന്നാല്‍ അമ്മ നല്ല വായനക്കാരി ആയിരുന്നു. അത് എന്റെ അനിയന്റെ ദൗഹിത്രന്‍ നിഹാലിനു കിട്ടിയിട്ടുണ്ട്. ഷവറിനടിയില്‍ നിന്ന് കുളിക്കുമ്പോഴും സാധ്യമെങ്കില്‍ ഒരു കയ്യില്‍ പുസ്തകം കരുതുന്നവനാണവന്‍ എന്ന് അവന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പോരെങ്കില്‍ അമ്മ നല്ല അധ്യാപികയും ആയിരുന്നുവല്ലോ. അതുകൊണ്ട് എന്റെ കോംപസിഷനില്‍ അമ്മ ഒരു എഴുത്തുകാരനെ കണ്ടു എന്നു തോന്നുന്നു. അങ്ങനെയാണ് അത് അച്ഛന്റെ കയ്യിലെത്തിയത്.
അച്ഛന്‍ റാങ്കൊന്നും നേടിയതായി അറിവില്ല. എന്നാല്‍ തലമുറകള്‍ അറിവിന്റെ തമ്പുരാനെന്നു വാഴ്ത്തിയ പി.ജി. എന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന് സോഷ്യലിസത്തെക്കുറിച്ചു ബര്‍നാഡ് ഷാ എഴുതിയ ഉപന്യാസം വായിക്കാന്‍ കൊടുത്തത് അച്ഛനായിരുന്നു. പി.ജി. അച്ഛനെ വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാനനായകന്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. അതിരിക്കട്ടെ, ഈ കുറിപ്പ് അച്ഛനെക്കുറിച്ചല്ല; ഇന്ന് അച്ഛന്റെ മുപ്പതാം ചരമവാര്‍ഷികം ആണെങ്കിലും.
അച്ഛന്‍ വായിച്ചു. 'സത്സ്വഭാവം' നല്ലതാണെന്ന് അച്ഛനും തോന്നി. അച്ഛനത് സ്‌ക്കൂളിലെ ഇളയത് സാറിനെ കാണിച്ചു. രാമന്‍ ഇളയത് പടം വരയ്ക്കാനാണു പഠിപ്പിച്ചിരുന്നത്. എന്നാല്‍ സംസ്‌കൃതത്തിലും മലയാളത്തിലും നല്ല അറിവുണ്ടായിരുന്നു. അതുകൊണ്ട് ഇളയത് സാറിന് അച്ഛന്‍ മലയാളം ക്ലാസുകളും ഏല്‍പിച്ചുകൊടുത്തിരുന്നു. സാറിനും 'സത്സ്വഭാവം' കൊള്ളാമെന്നു തോന്നി. അങ്ങനെ അത് വെള്ളക്കടലാസില്‍ പകര്‍ത്തിയെഴുതി ബാലമിത്രം എന്ന മാസികയ്ക്ക് അയയ്ക്കാന്‍ തീരുമാനമായി.

ബാലമിത്രമോ സഭാചന്ദ്രികയോ എന്ന് ഇപ്പോള്‍ ഒരു സംശയം. ഏതായാലും അത് അച്ചടിച്ചുവന്നു. ഞാന്‍ പേര് എഴുതിയത് ബാബു, വിദ്യാര്‍ത്ഥി, കുറുപ്പംപടി എന്നായിരുന്നു.
അതോടെ ഞാന്‍ വീട്ടിലും സ്‌ക്കൂളിലുമൊക്കെ ഒരു ഹീറോ ആയിട്ടുണ്ടാവണം അന്ന്. ആയിരുന്നുവെങ്കില്‍ത്തന്നെ അതൊന്നും ഓര്‍മയില്‍ ബാക്കിയില്ല. എന്നാല്‍ അച്ചടിമഷി പുരണ്ട ആദ്യ ലേഖനമെഴുതിയ നാട്ടിലിരുന്ന് ഇന്ന് ഇതു കുറിക്കുമ്പോള്‍ എന്റെ അഭിമാനത്തിന് അതിരില്ല. അമ്മയെയും അച്ഛനെയും ഇളയത് സാറിനെയും നമസ്‌കരിച്ചു കൊള്ളട്ടെ ഞാന്‍.
ഇവിടെ ഇരുന്നു നോക്കിയാല്‍ പത്തിരുപതു ലക്ഷം രൂപാ ചെലവില്‍ അച്ഛന് നാട്ടില്‍ ഉയര്‍ന്നിട്ടുള്ള സ്മാരകം കാണാം.

മുപ്പത്തിരണ്ടു വര്‍ഷം ഹെഡ് മാസ്റ്ററായിരുന്ന് അച്ഛന്‍ വളര്‍ത്തിയെടുത്ത എംജിഎം ഹൈസ്‌ക്കൂളിന്റെ കൂറ്റന്‍ പ്രവേശനകവാടം. പൗലോസ് കോറെപ്പിസ്‌കോപ്പാ ഗേറ്റ് വേ. എന്റെ അച്ഛനെ അറിഞ്ഞിരുന്നതു പോലെ അമ്മയെ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അമ്മയ്ക്ക് ഒരു സ്മാരകമില്ല. അമ്മയും ഒരു സ്മാരകം അര്‍ഹിക്കുന്നുണ്ട്. ഈ നാട്ടിന്‍പുറത്തെ താമസക്കാരില്‍ ഇംഗ്ലീഷ് അറിയുന്ന ഒരേ ഒരു സ്ത്രീ എന്റെ അമ്മ ആയിരുന്നു. 1929 ല്‍ വിംശതി വയസ്‌ക്കയായ നവോഢ ആയി അമ്മ ഈ നാട്ടിന്‍പുറത്തു കാലുകുത്തുമ്പോള്‍. അമ്മ കാല്‍നൂറ്റാണ്ടിലേറെ അധ്യാപികയായിരുന്ന പള്ളിക്കൂടത്തില്‍ എന്തെങ്കിലും ചെയ്യണം. അതിന് അനിയനും ഞാനും മുന്‍കൈ എടുത്തു ചെയ്യണം. അമ്മ ഞങ്ങളുടേതല്ലേ?

ആ പള്ളിക്കൂടത്തെക്കുറിച്ചുകൂടി പറഞ്ഞിട്ടു നിര്‍ത്താം. കുറുപ്പംപടി പള്ളിയും മരങ്ങാട്ട് മാത്തു കത്തനാരും ഉത്സാഹിച്ചിട്ടാണ് സര്‍ക്കാര്‍ ആ മലയാളം സ്‌ക്കൂള്‍ തുടങ്ങിയത്. പള്ളി സര്‍ക്കാരിനു വിട്ടുകൊടുത്ത സ്ഥലത്ത് സര്‍ക്കാര്‍ പണിത വയ്‌ക്കോല്‍ മേഞ്ഞ കെട്ടിടം. മഹാകവി ജി. ശങ്കരക്കുറുപ്പ് അക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ച പള്ളിക്കൂടം. ഇന്ന് അത് എറണാകുളം ജില്ലയിലെ ഡയറ്റ്-DIET-ആണ്. ആ പദവിയും തദനുബന്ധ വികസനവും എന്റെ ദക്ഷിണയാണ്.

ഞാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കാലത്താണ് ഡയറ്റ് എന്ന അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഓരോ ജില്ലയിലും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ട്രെയിനിങ് സ്‌കൂള്‍ ഡയറ്റ് ആയി ഉര്‍ത്തുകയായിരുന്നു വേണ്ടത്. എറണാകുളം ജില്ലയില്‍ 1988 ല്‍ മൂന്നു പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു പരിഗണിക്കാന്‍. ഒന്ന് ഇടപ്പള്ളി. അന്ന് നഗരത്തിനു പുറത്തായിരുന്നെങ്കിലും കൊച്ചിയിലെ തിരക്കുകളില്‍പെടും എന്ന് ദീര്‍ഘവീക്ഷണമുള്ള ആര്‍ക്കും അതുതന്നെ വ്യക്തമായി കാണാമായിരുന്ന ഇടം. മറ്റൊന്ന് ചെറുവട്ടൂര്‍. ധാരാളം സ്ഥലമുണ്ട്. എന്നാല്‍ കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും ഇടയില്‍ ഒരു ഉള്‍നാട്ടില്‍.

കൊച്ചി വിമാനത്താവളം അന്ന് ഐലന്‍ഡില്‍ ആണ്. വിമാനത്തിലോ തീവണ്ടിയിലൊ വരുന്ന വിദഗ്ദ്ധരെ ചെറുവട്ടൂരില്‍ എത്തിക്കാന്‍ എണ്‍പതുകളില്‍ വണ്ടി വേറെ വേണം; ഉറങ്ങാന്‍ കള്ള് വേറെ വേണം എന്ന് പണ്ട് ആരൊ പറഞ്ഞതുപോലെ. കുറുപ്പംപടിയില്‍ അല്‍പം സ്ഥലപരിമിതി ഉണ്ട് എന്നിരുന്നാലും എറാണാകുളത്തോടുള്ള അടുപ്പം തിരഞ്ഞെടുപ്പ് എളുപ്പമാക്കി. ഗുണദോഷങ്ങള്‍ വിവരിച്ച് ഞാന്‍ എഴുതിയ ഹജൂര്‍കുറിപ്പില്‍ ശങ്കരക്കുറുപ്പ് പഠിച്ച കളരിയാണ് എന്നുകൂടെ എഴുതിച്ചേര്‍ത്തപ്പോള്‍ ചീഫ് സെക്രട്ടറി ക്ഷ; മന്ത്രി കെ. ചന്ദ്രശേഖരന്‍ ക്ഷ; മുഖ്യമന്ത്രി നായനാര്‍ ക്ഷ. ഞാനും അവിടെ പഠിച്ചതാണെന്നും നായനാരോട് മുഖദാവില്‍ പറഞ്ഞപ്പോള്‍ സ്‌നേഹധനനായ ആ കാരണവര്‍ കല്‍പിച്ചതും ഓര്‍മയുണ്ട്: അത് ദോഷമായി കരുതണ്ട. ജി പഠിച്ചതല്ലേ? ഇന്ന് ഞാന്‍, നാളെ നീ. എന്താ? പിന്നെ മൂപ്പര്‍ ഒരു ദിനേശ് ബീഡി കത്തിച്ചു.

ഡയറ്റിലെ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ ദാ എത്തി. അമ്മയുടെ സ്മാരകം എന്താവണം? നോക്കാം. ഡയറ്റിനു വികസനം; അമ്മയ്ക്കു സ്മാരകം. അമ്മ തന്നെയാണല്ലോ പണ്ട് ആ പഴഞ്ചൊല്ലിന്റെ പൊരുള്‍ തിരിച്ചു തന്നതും- അങ്കവും കാണാം, താളിയും ഒടിക്കാം.

ഒരു കുറുപ്പംപടിക്കുറിപ്പ് (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക