Image

ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)

Published on 25 November, 2017
ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)
മലയാള സിനിമാ അഭ്രപാളികളില്‍ അത്യന്തം സാഹസികമായ സൈനീക നീക്കങ്ങളുടെയും , കമാന്‍ഡോ ഓപ്പറേഷനുകളുടെയും ത്രസിപ്പിക്കുന്ന ദൃശ്യാനുഭവങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിയ മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ഡയറക്ടര്‍ ആണ് മേജര്‍ രവി . അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി മേജര്‍ രവിയുമായി ജിനേഷ് തമ്പി നടത്തിയ പ്രത്യേക അഭിമുഖം

1) മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ ആയ മേജര്‍ രവിക്ക് ആര്‍മി മേജര്‍ എന്ന നിലയിലാണോ അതോ ഒരു പ്രശസ്ത സിനിമാ സംവിധായകന്‍ എന്ന നിലയിലാണോ അറിയപ്പെടാന്‍ കൂടുതല്‍ താല്പര്യം ?

ഒരു സംശയവും ഇല്ല, ആര്‍മി മേജര്‍ എന്ന നിലയില്‍ അറിയപ്പെടാനാണ്കൂടുതല്‍ താല്പര്യം . ഞാന്‍ ആദ്യ സിനിമ ചെയ്തപ്പോള്‍ ആ സിനിമയുടെ വിതരണക്കാരന്‍ വന്നു പ്രൊഡ്യൂസറോട് ചോദിച്ചിരുന്നു 'ഈ മേജര്‍ രവി എന്നൊക്കെ സിനിമയുടെ ടൈറ്റിലില്‍ വെക്കണോ, രവീന്ദ്രന്‍ പട്ടാമ്പി എന്നോ മറ്റോ വെച്ചാ പോരെ ' എന്ന് . അന്ന് ഞാന്‍ അവരോടു പറഞ്ഞു 'സിനിമയുടെ ടൈറ്റിലില്‍ മേജര്‍ രവി എന്ന് തന്നെ വെക്കണം , കാരണം മേജര്‍ എന്ന ആ പദവി ഞാന്‍ കഷ്ടപ്പെട്ട് നേടി എടുത്തതാണ്, അത് എവിടെ നിന്നും മേടിച്ചതല്ല . മേജര്‍ എന്ന പദവി മരണം വരെ എന്റ്‌റെ കൂടെ ഉണ്ടാവും .

ആര്‍മി മേജര്‍ ഒരു പാട് ഉത്തരവാദിത്വങ്ങള്‍ അടങ്ങി ഇരിക്കുന്ന പോസ്റ്റ് ആയതു കൊണ്ട് ജീവിതത്തില്‍ തെറ്റു ചെയ്യാതിരിക്കാന്‍ പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്. കാരണം നമ്മള്‍ ചെയുന്ന ഓരോ തെറ്റും അത് ആര്‍മിക്കു ചീത്തപ്പേരായി മാറും . മനുഷ്യസഹജമായ തെറ്റുകള്‍ എല്ലാവരും ചെയ്‌തെന്നു വരും .,അപ്പോഴൊക്കെ ഞാന്‍ ക്ഷമ ചോദിക്കാറുമുണ്ട്

സിനിമാ ലോകവും, ആര്‍മി ജീവിതവും വളരെ അടുത്ത് കണ്ട വ്യക്തി എന്ന നിലയില്‍ ഈ രണ്ടു മേഖലയിലും ഒരു പാട് വ്യത്യാസങ്ങള്‍ കാണാറുണ്ട് . ആര്‍മിയില്‍ നമ്മള്‍ നല്ല ഒരു കാര്യം ചെയ്താല്‍ അഭിനന്ദിക്കാന്‍ ഒരു പാട് പേര് കാണും, സിനിമ മേഖല പക്ഷെ അങ്ങനെ അല്ല . ഞാന്‍ എന്റ്‌റെ ആദ്യ സിനിമ കീര്‍ത്തി ചക്ര ചെയ്തപ്പോള്‍ എനിക്ക് തോന്നുന്നത് ആ സിനിമാ അത്ര നന്നാവും എന്ന് ആരും പ്രതീക്ഷിച്ചില്ല എന്നാണ്. രണ്ടാമത്തെ ചിത്രം മുതല്‍ എന്നെ സംഘം ചേര്‍ന്ന് കടന്നു ആക്രമിക്കാനുള്ള പ്രവണത കണ്ടു തുടങ്ങി .പ്രൊഫഷണല്‍ ആയി എന്നെ തകര്‍ക്കാനുള്ള ശ്രമം . അത് ഞാന്‍ ഇപ്പോള്‍ കാര്യമാക്കാറില്ല . സിനിമയിലൂടെ നമുക്ക് നല്ലതു എന്ന് തോന്നുന്ന കാര്യങ്ങള്‍ സമൂഹത്തിനു കൈമാറാനാണ് ശ്രമിക്കാറുള്ളത് .വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൗണ്‍സിലിങ് ഒക്കെ ചെയ്യാറുണ്ട് . ഇത് പൈസക്ക് വേണ്ടി ചെയ്യുന്നതല്ല , നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ പുതിയ തലമുറക്കായി ചെയ്യുന്നു എന്ന് മാത്രം

2)പ്രമാദമായ രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട കമാന്‍ഡോ ഓപ്പറേഷന്‍ ടീമിനെ മേജര്‍ രവിയാണല്ലോ നയിച്ചത് . ആ അനുഭവം എങ്ങനെയായിരുന്നു

എന്റ്‌റെ ജീവിതത്തിലെ ഏറ്റവും നിരാശ സമ്മാനിച്ച കമാന്‍ഡോ ഓപ്പറേഷന്‍ എന്ന് പറയും. കാരണം സാധാരണ നമ്മള്‍ ഒരു ഓപ്പറേഷന് പോകുമ്പോള്‍ കിട്ടുന്ന നിര്‍ദേശം ജീവനോടെയോ അല്ലാതെയോ ഭീകരരെ പിടിക്കണം എന്നാണ്. പക്ഷെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ , മുഖ്യ പ്രതി ശിവരസാനുള്‍പ്പെടെ അവരെ കഴിയുന്നതും ജീവനോടെ പിടിക്കാനായിരുന്നു മുകളില്‍ നിന്നും കിട്ടിയ നിര്‍ദേശം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ഏതു സമയവും കഴുത്തില്‍ സയനൈഡ് ചുറ്റി ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നടന്നിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി. LTTE ഭീകരര്‍ കഴുത്തില്‍ ചുറ്റികെട്ടിയിരുന്ന സയനൈഡ് അവര്‍ വായിലേക്ക് അടുപ്പിക്കുന്നതിനു മുന്‍പേ അവരെ പിടി കൂടുകയായിരുന്നു ലക്ഷ്യം. പക്ഷെ ശിവരസനെ ജീവനോടെ പിടികൂടാന്‍ സാധിച്ചില്ല. ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം SIT ടീം നയിച്ചിരുന്ന ശ്രീ.കാര്‍ത്തികേയന്‍ സ്‌പോട്ടില്‍ എത്താതെ ശിവരസനെ പിടികൂടാന്‍ ഭീകരുടെ ഒളിത്താവളത്തിലേക്കു കമാന്‍ഡോകള്‍ പ്രവേശിക്കരുത് എന്നായിരുന്നു. ശിവരാസന്‍ ഒളിച്ചു താമസിച്ചിരുന്ന താവളം ഞങ്ങള്‍ വളഞ്ഞു എങ്കിലും കാര്‍ത്തികേയന്‍ വരുന്നതിനു വേണ്ടി കാത്തിരുന്നത് ഒട്ടേറെ വിലയേറിയ സമയം കളഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത് . കമാന്‍ഡോ ഓപ്പറേഷനില്‍ സമയത്തിന്റെ പ്രാധാന്യം വലുതാണല്ലോ . അത് പാഴാക്കിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. എന്റ്‌റെ മേലുദ്യോഗസ്ത്യന്‍ DIG രാജുവിനോട് ഞാന്‍ ചോദിച്ചിരുന്നു കാര്‍ത്തികേയന്‍ വരുന്നതിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ എന്ന്. പക്ഷെ അതാണ് ഓര്‍ഡര്‍ എന്നായിരുന്നു നിര്‍ദേശം

3)രാജ്യം ഉറ്റുനോക്കിയിരുന്ന കൊടും LTTE ഭീകരന്‍ ശിവരസന്‍ താമസിച്ചിരുന്ന ഒളിത്താവത്തിലേക്കു കമാന്‍ഡോകള്‍ ആക്രമിച്ചു കയറിയപ്പോള്‍ കണ്ട രംഗം എന്തായിരുന്നു ?

LTTE ഭീകരരെ വളഞ്ഞു , അവരെ പിടിക്കും എന്ന് ഉറപ്പായാല്‍ LTTE ഭീകരര്‍ സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്യുന്നത് അവരുടെ ഒരു രീതിയായിരുന്നു. പോലീസിന്റെ പിടിയില്‍ അകപ്പെട്ടാല്‍ കൊടിയ ഉപദ്രവത്തിനു വിധേയമായേക്കും എന്ന് പേടിച്ചായിരുന്നു ആത്മഹത്യ. ശിവരസന്‍ താമസിച്ചിരുന്ന ഒളിത്താവത്തിലേക്കു വെടി ഉതിര്‍ത്തു , വാതില്‍ തല്ലി പൊളിച്ചു അകത്തു പ്രവേശിച്ചപ്പോള്‍ മുറിക്കുള്ളില്‍ ശിവരസന്‍ ഉള്‍പ്പെടെ അഞ്ചു ഭീകരര്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്ന രംഗമാണ് കണ്ടത്. ശിവരസന്‍ സയനൈഡ് കഴിച്ചു വായില്‍ നിന്നും നുരയും പാതയും വരുന്നുണ്ടായിരുന്നു. തലയില്‍ വെടിയുണ്ട തറച്ച പാടുമുണ്ടായിരുന്നു. 5 ഭീകരരും ഒരുമിച്ചു കൈ പിടിച്ച രീതിയിലായിരുന്നു ജഡങ്ങള്‍ കിടന്നിരുന്നത്. മുറിയില്‍ മൊത്തം രക്തം തളം കെട്ടി നിന്നിരുന്നു. മുന്‍പ് ഇവരുടെ കൂട്ടാളികളെ പിടി കൂടിയപ്പോള്‍ അവര്‍ പറഞ്ഞിരുന്നു കമാന്‍ഡോകള്‍ വളഞ്ഞാല്‍ ശിവരസന്‍ ആത്മഹത്യ ചെയ്യുമെന്ന്

4)ആര്‍മി മേജര്‍ സ്ഥാനത്തു നിന്നും സിനിമയില്‍ വന്നപ്പോള്‍ , സൂപ്പര്‍ സ്റ്റാറുകള്‍ ഒക്കെ വെച്ച് സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായോ ?

ഇല്ല, അങ്ങനെ ഒന്നും ഉണ്ടായില്ല .എവിടെയും ആളുകളെ മാനേജ് ചെയ്യുന്നതാണല്ലോ കാര്യം . സിനിമയില്‍ ആദ്യം കുറച്ചു ബുദ്ധിമുട്ടൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് നേരാണ് . സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കാന്‍ എന്തിനാണ് തിരക്ക് കൂട്ടുന്നത് എന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സിനിമയില്‍ കാര്യങ്ങള്‍ സമയത്തിന് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ സിനിമ ബഡ്ജറ്റില്‍ തീര്‍ക്കാന്‍ പറ്റാതെ വരും. അത് നിര്‍മാതാവിന് നഷ്ടം വരുത്തും. അത് കൊണ്ടാണ് സമയബന്ധിതമായി സിനിമ ചെയ്യാന്‍ ശ്രമിക്കാറ്. ആര്‍മിയില്‍ അങ്ങനെയല്ലല്ലോ ആര്‍മിയില്‍ അച്ചടക്കതിനോടൊപ്പം ആളുകളെ മനഃശാസ്ത്രപരമായി നന്നായി മനസിലാക്കേണ്ടത് പ്രധാനമാണ് . ടീമിലെ ഒരാളുടെ നിസഹകരണമോ, ഉദാസീനതയോ മുഴുവന്‍ യൂണിറ്റിന്റെയും കാര്യക്ഷമതയെ ബാധിച്ചെന്ന് വരും . ഭാഗ്യം കൊണ്ട് ഞാന്‍ നയിച്ച അനേകം കമാന്‍ഡോ ഓപ്പറേഷനില്‍ എന്റ്‌റെ ടീമില്‍ നിന്നും ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. അത് പോലെ എനിക്ക് വളരെ അഭിമാനം ഉള്ള കാര്യം ആണ്, ആര്‍മി മേജര്‍ ആയ സമയത്തു ടീമിലെ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല എന്നത്
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശിവരസനെ തേടിയുള്ള ഓപ്പറേഷനില്‍ ടീമിലെ ഒരാള്‍ക്ക് ഗുരുതര പരുക്ക് പറ്റിയിരുന്നു.പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പരുക്ക് ഭേദം ആയി ആ സൈനികനും ജീവിതത്തിലേക്ക് തിരിച്ചു വന്നു

5)മനസ്സില്‍ കൂടുതല്‍ സംതൃപ്തി നല്‍കിയിട്ടുള്ളത് രാജ്യത്തിനായി അനേകം കമാന്‍ഡോ ഓപ്പറേഷന് നേതൃത്വം കൊടുത്ത ആര്‍മി മേജര്‍ രവിയെയാണോ , അതോ സിനിമയില്‍ ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത സൂപ്പര്‍ ഡയറക്ടര്‍ എന്ന റോളിലാണോ ?

ആര്‍മി മേജര്‍ എന്ന നിലയിലാണ് കൂടുതല്‍ സംതൃപ്തി കിട്ടിയിട്ടുള്ളത് എന്ന് നിസംശയം പറയാം. സിനിമയില്‍ നിന്നും സംതൃപ്തി കിട്ടും, പക്ഷെ അത് വേറെ തരത്തിലാണ്. സിനിമയില്‍ നമ്മള്‍ ചെയ്യുന്നത് , മനസ്സില്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍, നന്നായി ഷൂട്ട് ചെയ്തു ആ രംഗങ്ങള്‍ അഭ്രപാളികള്‍ പ്രദര്‍ശിപ്പിച്ചു , പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ്. അത് വലിയ ഭാഗ്യവും, സംതൃപ്തിയും തന്നെയാണ് . പക്ഷെ ആര്‍മിയില്‍ നമ്മള്‍ പോരാടുന്നത് ജീവന്‍ മരണ പോരാട്ടമാണ്. കമാന്‍ഡോ ഓപ്പറേഷനുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് സര്‍വ സാധാരണയാണ്. ഒരു നിമിഷത്തെ അശ്രദ്ധക്കോ, തെറ്റിനോ നമ്മുടെ ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വരും. അത് കൊണ്ട് ഒരു വിജയകരമായ കമാന്‍ഡോ ഓപ്പറേഷന് ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്

6)മേജര്‍ രവി ആര്‍മിയില്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യം ഏതായിരുന്നു?

കീര്‍ത്തിചക്ര സിനിമയിലൂടെ പ്രേക്ഷകരെ കാണിച്ചു കൊടുത്ത കമാന്‍ഡോ ഓപ്പറേഷന്‍ ആണ് ആര്‍മി ജീവിതത്തില്‍ ഞാന്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യം.സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം ജീവിതത്തില്‍ ഞാന്‍ നയിച്ച കമാന്‍ഡോ ഓപ്പറേഷന്‍ന്റെ കഥയാണ് പറഞ്ഞത്. എന്റ്‌റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതാണ് ഈ ഓപ്പറേഷന്‍ രാത്രിയില്‍ നടത്തിയാല്‍ മതിയെന്ന് . കാരണം രാത്രിയില്‍ കമാണ്ടോകള്‍ക്കു നൈറ്റ് വിഷന്‍ കാമറ ഉള്ളത് കൊണ്ട് ഭീകരരേക്കാള്‍ പോരാട്ടത്തില്‍ സാധാരണ മുന്‍തൂക്കം ലഭിക്കും. പക്ഷെ ചെറുപ്പത്തിന്റെ ധൈര്യം കൊണ്ടോ, അത് മൂലമുള്ള ആത്മവിശ്വാസം കൊണ്ടോ ഞാന്‍ എന്റ്‌റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു , രാത്രി ആകാന്‍ കാത്തിരിക്കേണ്ട പകല്‍ തന്നെ പോരാടാമെന്നു. കീര്‍ത്തിചക്രക്കു പ്രസിഡന്റ് അവാര്‍ഡ് കിട്ടിയത് വളരെ അഭിമാനകരമായിരുന്നു

7)പ്രശസ്ത ടെലിവിഷന്‍ അവതാരിക സിന്ധു സൂര്യകുമാറിനെ കാര്‍കിച്ചു തുപ്പണം എന്ന് പറഞ്ഞതും , നടന്‍ ഉണ്ണി മുകുന്ദനുമായി നടന്നു എന്ന് പറയപ്പെടുന്ന കയ്യാങ്കളിയും വലിയ വിവാദമായല്ലോ ?

സിന്ധു സൂര്യകുമാറിനെ പറ്റി വ്യക്തിപരമായി ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഭാരതീയ സംസ്‌കാരത്തിന്റെ പറ്റി പ്രസംഗിച്ച ഒരു വേദിയിലാണ് ഞാന്‍ പറഞ്ഞത് , പണ്ടൊക്കെ അച്ഛന്‍ അപ്പൂപ്പന്മാര്‍ മക്കളെ നല്ല രീതിയിലും , സംസ്‌കാരത്തിലുമാണ് വളര്‍ത്തിക്കൊണ്ടു വന്നിരുന്നത് , ഇപ്പോള്‍ ദുര്‍ഗ ദേവിയെ പറ്റി വരെ വേശ്യ എന്ന് പറയാന്‍ അനുവദിക്കുന്ന സംസ്‌കാരശൂന്യക്കു നേരെ ഞാന്‍ കാര്‍ക്കിച്ചു തുപ്പുന്നു എന്നാണ് പറഞ്ഞത്.
ജോണ്‍ ബ്രിട്ടാസ് ഈ വിഷയത്തെ ആസ്പദമാക്കി നടത്തിയ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഒരു പ്രേക്ഷകന്‍ എന്നോട് 'കാര്‍ക്കിച്ചു തുപ്പുക' എന്ന വാക്ക് ഉപയോഗിച്ചത് ശെരിയായില്ല എന്ന് പറഞ്ഞു. അന്നേരം തന്നെ ഈ വാക്ക് ഉപയോഗിച്ചതിന് ഞാന്‍ ക്ഷമയും പറഞ്ഞിരുന്നു

നടന്‍ ഉണ്ണി മുകുന്ദനുമായി എന്താണ് നടന്നത് എന്ന് ആ സിനിമ സെറ്റില്‍ ഉണ്ടായിരുന്ന സുരേഷ് ഗോപിക്കും മറ്റുള്ളവര്‍ക്കും അറിയാം. മേജര്‍ രവിയെ തല്ലി എന്ന് പറഞ്ഞു ഉണ്ണി മുകുന്ദന് ഊറ്റം കൊള്ളണമെങ്കില്‍ ആയിക്കോട്ടെ. പക്ഷെ ശെരിക്കും എന്താണ് നടന്നത് എന്ന് അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് അറിയാം. അതെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല


8)പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായിട്ടാണല്ലോ താങ്കള്‍ പരക്കെ അറിയപ്പെടുന്നത് . മറ്റു പ്രധാനമന്ത്രിമാരില്‍ നിന്നും മോദിയെ എന്താണ് വ്യത്യസ്തനാക്കുന്നത് ?

ഞാന്‍ മോദിയുടെ ആരാധകനാണെന്നത് സത്യമാണ് . ലോകനേതാക്കളുടെ ഇടയില്‍ വലിയ മതിപ്പു നേടിയ നേതാവാണ് മോഡി. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്തു മോഡി ചെയ്ത വികസനപ്രവര്‍ത്തനങ്ങളെ പറ്റി വ്യക്തിപരമായി നന്നായി അറിയാം .
മന്‍മോഹന്‍ സിംഗ് പോലെ മൗനി ആയ പ്രധാനമന്ത്രി അല്ല മോഡി. കാര്യങ്ങളെ പറ്റി
വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി

9)നരേന്ദ്ര മോഡിയെ നിയന്ത്രിക്കുന്നതു RSS ആണെന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ ? ന്യൂന്യപക്ഷങ്ങള്‍ക്കു നേരെ പല തവണ ബിജെപി, RSS നേതാക്കളുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ മോഡി മൗനം പാലിക്കുകയായിരുന്നല്ലോ ? ഇത് ശരിയായ പ്രവണതയാണോ?

RSS എന്ന സംഘടനയെ പറ്റി അറിയാത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. സാക്ഷി മഹാരാജിനെ പോലെയുള്ള ബിജെപി നേതാക്കള്‍ പലപ്പോളും അസുഖപരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ് . പക്ഷെ പ്രകോപനമായ പ്രസ്താവനകള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും ഉണ്ടാവാറുണ്ടല്ലോ. ഉദാഹരണം ഒവൈസിയെ പോലെയുള്ള നേതാക്കള്‍. എല്ലാവരും മിതത്വം പാലിക്കേണ്ടത് പൊതു നന്മക്കു ആവശ്യമാണ്

10)മേജര്‍ രവിക്ക് ആര്‍മിയില്‍ ചേരാനുള്ള പ്രചോദനം എന്തായിരുന്നു ? ഒന്‍പതാം ക്ലാസ്സില്‍ തോറ്റ രവീന്ദ്രന്‍ എന്ന കുട്ടിക്കു ആര്‍മി മേജര്‍ വരെ വളരാന്‍ സാധിച്ചതെങ്ങനെയാണ്

വീട്ടില്‍ സൈന്യത്തില്‍ പോയ ഒരു പാട് പേരുണ്ടായിരുന്നു. അച്ഛന്‍ സൈനീകനായിരുന്നു. അച്ഛന്‍ ധരിച്ചിരുന്ന യൂണിഫോം ഒക്കെ ചെറുപ്പത്തില്‍ വലിയ അഭിമാനത്തോടെയായിരുന്നു നോക്കി കണ്ടിരുന്നത്. വീടിനെ പറ്റി പറയുകയാണെങ്കില്‍ നായര്‍ കുടുംബത്തില്‍ ജനിച്ച എനിക്ക് കളിക്കൂട്ടുകാര്‍ മിക്കവാറും അന്യമതസ്ഥര്‍ ആയിരുന്നു .ഒട്ടേറെ മുസ്ലിം അയല്‍വാസികള്‍ ഉണ്ടായിരുന്നു. എല്ലാവരും വലിയ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ തോറ്റിരുന്നു എന്നത് സത്യമാണ് (ചിരിക്കുന്നു). കഠിനാധ്വാനം ഉണ്ടെങ്കില്‍ എന്തും സാധിക്കും എന്നതിന്റെ ഉദാഹരണമാണ് മേജര്‍ ഒക്കെ ആവാനുള്ള കാരണം. പിന്നെ ഈശ്വരാനുഗ്രഹം. ആര്‍മിയില്‍ നിന്നിരുന്നെങ്കില്‍ ഇപ്പൊ ബ്രിഗേഡിയര്‍ ഒക്കെ ആയേനെ

11)യുവാക്കളുടെ ഇടയില്‍ മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷയായി ആരെയാണ് കാണുന്നത് ?

പ്രിത്വി രാജ് എന്ന് പറയും. ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല, സിനിമയെ പറ്റി സമഗ്രമായി പഠിക്കാന്‍ വലിയ വ്യഗ്രതയും, കഠിന പ്രയത്‌നവും അത് പോലെ ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുന്ന എണ്ണം പറഞ്ഞ കലാകാരന്‍ ആണ് രാജു (പ്രിത്വി രാജ്).

12)മേജര്‍ രവി എന്ന ഫിലിം മേക്കര്‍ക്കു സിനിമ ലോകം അര്‍ഹിച്ച പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ

ഞാന്‍ ചെയ്ത മിഷന്‍ 90 എന്ന മമ്മൂട്ടി ചിത്രം ടെക്നിക്കലായി മികച്ച മിലവാരം പുലര്‍ത്തിയ സിനിമയാണ് എന്നാണ് കരുതുന്നത്. ആ സിനിമയ്ക്കു അര്‍ഹിച്ച പരിഗണന ലഭിച്ചില്ല എന്ന അഭിപ്രായവുമുണ്ട്. ഈ സിനിമയെ പറ്റി BBC വരെ ഇന്റര്‍വ്യൂ ഒക്കെ ചെയ്തിരുന്നു. പക്ഷെ എന്തോ സിനിമയുടെ നിര്‍മാതാവിന് രാജ്യാന്തരസിനിമമേളയ്ക്ക് സിനിമ അയക്കാന്‍ താല്പര്യം ഇല്ലായിരുന്നു. ഇത് ഏറെ സങ്കടകരമായിരുന്നു.

13 )ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ടല്ലോ ? എങ്ങനയുണ്ട് സംവിധായകനില്‍ നിന്നും ഒരു നടനിലേക്കുള്ള മാറ്റം ..

(പൊട്ടി ചിരിക്കുന്നു) ആദ്യം സിനിമയില്‍ വന്നത് നടന്‍ ആകാനാണ് .സ്വയം വിചാരിച്ചിരുന്നത് വലിയ സുന്ദരന്‍ ആണെന്നൊക്കെയായിരുന്നു. പിന്നെ മനസിലായി നടന്‍ ആയി പച്ച പിടിക്കാന്‍ പോകുന്നില്ല എന്ന്. സംവിധാന കുപ്പായം അണിഞ്ഞു കുറെ കാലം കഴിഞ്ഞാണല്ലോ 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തില്‍ പോലീസ് കമ്മീഷണര്‍ ആയി അഭിനയിക്കുന്നത്. എബ്രിഡ് ഷൈന്‍ എനിക്ക് പൂര്‍ണ സ്വാതന്ത്രം തന്നിരുന്നു. സന്ദര്‍ഭം എന്നോട് വിശദീകരിച്ചിട്ടു , ഡയലോഗ് ചേട്ടന്‍ തന്നെ എഴുതിക്കോളാന്‍ ആണ് പറഞ്ഞത്. വളരെ നല്ല അനുഭവം ആയിരുന്നു നിവിന്‍ പോളിയുടെ കൂടെ 'ആക്ഷന്‍ ഹീറോ ബിജു'ഇല്‍ അഭിനയിക്കുന്നത്. അഭിനയം തുടരാന്‍ തന്നെയാണ് ആഗ്രഹം

14)അമേരിക്കന്‍ മലയാളിക്കായി മേജര്‍ രവി നല്‍കുന്ന സന്ദേശം

അമേരിക്കയില്‍ വരാനും, അമേരിക്കന്‍ മലയാളികളുമായി അടുത്ത് ഇടപെടാന്‍ എനിക്ക് ഒട്ടേറെ തവണ അവസരം ലഭിച്ചിട്ടുണ്ട്. വളരെ നന്നായി ജോലി ചെയതു, കഠിന പ്രയത്‌നം നടത്തി, ജീവിത മണ്ഡലങ്ങളില്‍ വിജയക്കൊടി നാട്ടിയവരാണ് അമേരിക്കന്‍ മലയാളികള്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ആശിച്ചു പോകാറുണ്ട് , അമേരിക്കയില്‍ ഉള്ളത് പോലെ നിയമങ്ങള്‍ പാലിച്ചു , നിയമം അനുശാസിക്കുന്ന പോലെ ജീവിതം ക്രമപ്പെടുത്തിയാല്‍ നമ്മുടെ നാട്ടിലും കാര്യങ്ങള്‍ എത്രയോ മെച്ചപ്പെട്ടേനെ എന്ന് .....

മലയാള സിനിമയ്ക്കു ആര്‍മി ലോകത്തിലെ സാഹസികതയുടെ വ്യത്യസ്ത ദൃശ്യാനുഭവവിസ്മയങ്ങള്‍ തനതായ ശൈലിയില്‍ മലയാള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച മലയാളത്തിന്റെ ഹിറ്റ് ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു നിര്‍ത്തി................... .

ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)ആര്‍മി മേജര്‍ ആയി അറിയപ്പെടാനാണ് എന്നും താല്‍പര്യം - മേജര്‍ രവി (അഭിമുഖം - ജിനേഷ് തമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക