Image

ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ... (ലൗഡ് സ്പീക്കര്‍ 12: ജോര്‍ജ് തുമ്പയില്‍)

Published on 25 November, 2017
ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ... (ലൗഡ് സ്പീക്കര്‍ 12: ജോര്‍ജ് തുമ്പയില്‍)
മൂത്രത്തില്‍ യൂറിയയുടെ അംശമുണ്ട്. അങ്ങനെയെങ്കില്‍ യൂറിയ ഉത്പാദിപ്പിക്കാന്‍ ഇങ്ങനെ ശ്രമിച്ചുകൂടേയെന്ന് സ്കൂളുകളില്‍ പഠിക്കുമ്പോള്‍ തമാശയ്ക്ക് തോന്നിയിട്ടുണ്ട്. അന്ന് അത് ചിരിച്ചു തള്ളി. എന്നാല്‍ ഇന്നത് സത്യമാകാന്‍ പോകുന്നു. പ്രാദേശികമായി യൂറിയ നിര്‍മ്മിക്കാന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പറഞ്ഞിരിക്കുന്നത്. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകും. മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇതു ശേഖരിച്ചാല്‍ പ്രാദേശിക തലത്തില്‍ തന്നെ യൂറിയ നിര്‍മ്മിക്കുക എളുപ്പമാകുമെന്നും അദ്ദേഹം പറയുന്നു. ഉട്ടോപ്യന്‍ ഐഡിയയാണെന്നു ചിരിച്ചു തള്ളണ്ട. സത്യമാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ ഓരോ താലൂക്കുകളിലും മൂത്രബാങ്കുകള്‍ സ്ഥാപിക്കാന്‍ പച്ചക്കൊടി കാട്ടി കഴിഞ്ഞു. നാഗ്പൂരിനടുത്തുള്ള ദബേവാഡ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് ആരംഭിക്കാന്‍ പോകുന്നു. കര്‍ഷകര്‍ ഈ കേന്ദ്രങ്ങളിലേക്കു മൂത്രം ശേഖരിച്ച് എത്തിക്കും. തുടര്‍ന്ന് മൂത്രം സംസ്കരിച്ച് യൂറിയ ഉല്‍പാദിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. പദ്ധതി വിജയകരമായാല്‍ യൂറിയ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എങ്ങനെയുണ്ട് ഐഡിയ? ശ്രീനിവസാന്‍ മോഹന്‍ലാലിനോടു പറഞ്ഞതു പോലെ, എന്തേ വിജയാ, ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത്.

*** *** ***
ബുള്ളറ്റ് പ്രൂഫുകളുമായി കമാന്‍ഡോ ഓപ്പറേഷനു പോകുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അതും ധരിച്ച് സ്കൂളില്‍ പോകുന്ന കുട്ടികളെക്കുറിച്ചാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. മയാമിയിലെ ഫ്‌ളോറിഡ ക്രിസ്ത്യന്‍ സ്കൂളിന്റെ വെബ്‌സൈറ്റില്‍ ചില ഓര്‍ഡര്‍ ഫോമുകള്‍ നല്‍കി കൂട്ടത്തിലാണ് ബുള്ളറ്റ് പ്രൂഫ് ബാക്ക്പാക്കുകളെക്കുറിച്ചും സൂചിപ്പിക്കുന്നത്. സ്കൂളിന്റെ സുരക്ഷ മേധാവി ജോര്‍ജ് ഗുല പറയുന്നത്, സ്കൂളുകളില്‍ വെടിവെയ്പ്പു നടക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടതാരിക്കാന്‍ ഇതു കുട്ടികളെ സഹായിക്കുമെന്നാണ്. പുസ്തകവും ബാഗും മാത്രമല്ല, ബുള്ളറ്റ് പ്രൂഫ് ബാക്ക്പായ്ക്കുമായി സ്കൂളില്‍ പോകുന്ന കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു ആശങ്ക. ഇത് മയാമിയില്‍ മാത്രമല്ല, യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് ഈസ്റ്റേണ്‍ ഷോറില്‍ നൂറുകണക്കിനു ബുള്ളറ്റ്പ്രൂഫ് വൈറ്റ് ബോര്‍ഡുകളാണ് ക്ലാസ്മുറികളിലേക്ക് വാങ്ങിക്കൂട്ടിയത്. ഇതൊക്കെയും കഴിഞ്ഞ കുറേക്കാലമായി സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്നുള്ള മുന്‍കരുതലുകളാണ്.

*** *** ***
ഭാര്യയെ പേടി എന്നതിന്റെ ചുരുക്കെഴുത്താണ് ബിപി എന്നു തമാശയ്ക്കു പറയാറുണ്ട്. എന്നാല്‍ ഇതാ ബ്ലഡ് പ്രഷര്‍ ഇല്ലാത്തവര്‍ക്കും ബിപിയ്ക്ക് അരങ്ങൊരുങ്ങുന്നതായി സൂചനകള്‍. അമേരിക്കയിലെ യുവത്വത്തില്‍ ബഹുഭൂരിപക്ഷവും ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവരാണെന്നും അതവരെ ഹൃദ്രോഗാവസ്ഥയിലേക്ക് നയിച്ചേക്കുമെന്നാം അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുന്നു. ബിപിയുടെ സാധാരണ തോത് 140-90 ആയിരുന്നത് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. 130-80 റേഞ്ചില്‍ ബ്ലഡ് പ്രഷര്‍ കാണിച്ചാല്‍ മാത്രമാണ് നോര്‍മലായി പരിഗണിക്കുന്നത്. അല്ലാത്തവര്‍ ബിപി രോഗികളായി മാറുമെന്നു സാരം. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ബിപി രോഗികളുടെ കാര്യത്തില്‍ മാറി ചിന്തിക്കാന്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി വിദഗ്ധരെ പ്രേരിപ്പിച്ചത്. ഇതോടെ പുതിയായി 46 ശതമാനത്തോളം പേര്‍ ബിപി രോഗികളായി മാറും. എന്തായാലും നിങ്ങള്‍ ഉടന്‍ തന്നെ ബിപി ഒന്നു ചെക്ക് ചെയ്‌തോളൂ. അമേരിക്കന്‍ ജനസംഖ്യയില്‍ നേരത്തെ 32 ശതമാനം പേര്‍ക്കാണ് ബിപി ഉണ്ടായിരുന്നത്. ഇനിയത്, എത്ര ശതമാനമായി വര്‍ദ്ധിക്കുമെന്നു വൈകാതെ കണ്ടറിയാം...

*** *** ***
പലതരം മോഷണ വാര്‍ത്തകളും കേട്ടിട്ടുണ്ട്. എന്നാല്‍ ന്യുയോര്‍ക്കിലെ ഈ വാര്‍ത്ത അല്‍പ്പം ഞെട്ടിക്കുന്നതാണ്. ബാല്യകാല സുഹൃത്തായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഉദരത്തില്‍ വളര്‍ന്നിരുന്ന കുഞ്ഞിനെ പുറത്തെടുത്തു സംരക്ഷിക്കാന്‍ ശ്രമിച്ചു. നവംബര്‍ 2015 ലായിരുന്ന സംഭവം. ആഷ്‌ലി വേഡ് (24) എന്ന യുവതിയാണ് കക്ഷി. എട്ടുമാസം ഗര്‍ഭിണിയായ ഏജലിക്കാ എന്ന യുവതിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തി ഉദരത്തില്‍ വളര്‍ന്നിരുന്ന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിയെ പിന്നീട് അടിയന്തിര ശൂശ്രൂഷകള്‍ നല്‍കി രക്ഷിച്ചു. ഇപ്പോള്‍ മോഷ്ടാവിനെ 40 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുക എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ വയറ്റിനുള്ളില്‍ ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയെ തട്ടിയെടുക്കുക എന്നതൊക്കേ കേട്ടുകേള്‍വി പോലുമില്ല. കലികാലമെന്നല്ലാതെ എന്തു പറയാന്‍.

*** *** ***
അമേരിക്കയില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും റിട്ടയര്‍മെന്റ് പ്രായത്തിലെത്തി നില്‍ക്കുന്നവര്‍ക്കും ഇന്ത്യയില്‍ നിന്നും വന്നവര്‍ക്കുള്ള അര്‍ഹമായ ആനുകൂല്യങ്ങളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയൊന്നുമില്ല. നിരവധി സൗജന്യങ്ങളും വ്യത്യസ്ത സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇതര രാജ്യങ്ങളില്‍ നിന്നും കുടിയേറി പാര്‍ക്കുന്നവര്‍ക്ക് കിട്ടുന്നുണ്ട്. എന്നാല്‍, പലരും അതൊന്നും അറിയുന്നതേയില്ല. അത്തരക്കാര്‍ക്ക് വേണ്ടി പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തിലും നഴ്‌സസ് സംഘടനയായ പിയാനോയും ഫിലഡല്‍ഫിയ കോര്‍പറേഷന്‍ ഫോര്‍ ഏജിങും ചേര്‍ന്നു നടത്തിയ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ വിജ്ഞാനപ്രദമായതായി വാര്‍ത്തകള്‍ കണ്ടു. ഇത്തരം അറിവുകള്‍ പങ്കു വയ്ക്കുന്ന ഫലപ്രദമായി പരിപാടികള്‍ക്ക് വേണം അസോസിയേഷനുകള്‍ ശ്രമിക്കേണ്ടതെന്നു ഓര്‍മ്മിപ്പിക്കട്ടെ. ഇതിനായി മുന്‍ കൈയെടുത്ത ബെന്നി കൊട്ടാരത്തിലിന് (പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) ആശംസകള്‍.
Join WhatsApp News
vincent emmanuel 2017-11-27 09:10:33
referring to the last segment.. We like to think we malayalees know everything. Even if the advise is free, they don't  like to hear it. Then they mistakes. They hide that too. Malayalees have two ways of thinking. "what is in it for me"? or". what is in it for him" If it is not in it for me, I am sure the guy who is doing this event is making money somehow. Or he is shining too much. Kottayam assn and Piano has done tremendous innovative things. Benny kottarathil(Kottayam assn) and George Nadavayal (Piano ) deserves  compliments. Some how we are worried about next year's Onam.Many of our first generation has crossed or crossing retirement , and no specific plans in place by any of the local organisations including fokana or fomaa. Leaders, Here is a need. Please fill it.
vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക