Image

ബാപ്പയുടെ ഓര്‍മ്മയില്‍ മകനുമൊത്ത്

എ.എം.ഹസ്സന്‍ Published on 26 November, 2017
ബാപ്പയുടെ ഓര്‍മ്മയില്‍ മകനുമൊത്ത്
കാലങ്ങള്‍ക്ക് ശേഷമാണ് യു.എ.നസീറിനെ കണ്ടത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട് ചന്ദ്രികയില്‍ വരുമായിരുന്നു അന്ന് ഹരിത രാഷ്ട്രീയത്തിന്റെ ഭാഗമായ യു.എ.നസീര്‍. അതിലുപരി യു.എ.ബീരാന്‍ സാഹിബ് എന്ന ധിഷണാശാലിയായ നേതാവിന്റെയും പഴയകാല പത്രപ്രവര്‍ത്തകന്റെയും മകന്‍ എന്നതും നസീറിനെ ചന്ദ്രികക്കാരുമായി അടുപ്പിക്കുന്നതിനുള്ള പ്രേരകമായിരിക്കണം. 

യൂത്ത് ലീഗിന്റെയും എസ്ടിയുവിന്റെയും നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് നസീര്‍. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനോടുള്ള ഇഷ്ടം ബീരാന്‍ സാഹിബിനെ പൊലെ നസീറിനെയും ഐഎന്‍എല്ലിന്റെ ഭാഗമാക്കി.

ബീരാന്‍ സാഹിബിന്റെ അവസാന നാളുകള്‍ ലീഗിനോട് അടുപ്പം കാണിച്ച കാലമായാണ് വിലയിരുത്തപ്പെടുന്നത്. യു.എ.നസീര്‍ ആകട്ടെ രാഷ്ട്രീയപ്രവര്‍ത്തനമെല്ലാം ഉപേക്ഷിച്ച് യു.എസിലേക്കും പോയി.

യു.എ.നസീറുമായുള്ള സൌഹൃദം പുതുക്കാന്‍ തുണച്ചത് മുഖപുസ്തകമാണ്. കുടുംബസമേതം യു.എസിലുള്ള നസീര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവവും. അങ്ങകലെയാണെങ്കിലും കേരളത്തിന്റെ സ്പന്ദങ്ങള്‍ക്കൊപ്പമാണ് നസീറിന്റെ മനസ് ചലിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്ന ഫെയ്‌സ് ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ചിത്രങ്ങളും. മലയാളത്തനിമ നിലനിര്‍ത്താന്‍ വെമ്പുന്ന മനസിനുടമയായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നസീറുമായി ഏറെക്കാലമായി സംവാദം നടത്തുന്നതും പതിവായി. 

പഴയകാല രാഷ്ട്രീയം മധുരതരമായി ഓര്‍മ്മിപ്പിക്കും പലപ്പോഴും നസീര്‍. പോയി മറഞ്ഞ പലരെക്കുറിച്ചും വേദനയോടെ ഓര്‍ക്കും അദ്ദേഹം. റഹീം മേച്ചേരിയെയും കെ.കെ.മൊയ്തിവിനെയുമൊക്കെ ഓര്‍ത്തിട്ടുണ്ട് നസീര്‍. കോഴിക്കോട് എംഇഎസ് ഹോസ്റ്റല്‍ താവളമാക്കിയിരുന്ന റഹ്മാന്‍ തായലങ്ങാടി, പി.എ.റഷീദ് തുടങ്ങിയവരുമൊത്തുള്ള ഇടപെടലുകളെക്കുറിച്ചാകും ചിലപ്പോള്‍ വര്‍ത്തമാനം. മുസ്ലിം ലീഗിന്റെ തലപ്പത്ത് ആദര്‍ശപ്രതിബദ്ധതയും ഒപ്പം ബൌദ്ധിക തൃഷ്ണയും കൊണ്ട് തലയുയര്‍ത്തിനിന്ന ബീരാന്‍ സാഹിബിന്റെ മകന്‍ അക്കാലത്തെ ഉന്നത നേതാക്കളെക്കുറിച്ചും വാചാലനാകാറുണ്ട്.

യു.എസില്‍ വച്ച് രോഗബാധിതനായി സ്വദേശമായ കോട്ടക്കലില്‍ ചികിത്സയിലാണ് നസീര്‍. കോട്ടക്കല്‍ വരെ പോകേണ്ടിവന്നപ്പോള്‍ നസീറിനെയും കാണണമെന്ന് തീരുമാനിക്കുകയായിരുന്നു.
ചികിത്സ തുടങ്ങിയ അവസ്ഥയെക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. ജനുവരിയില്‍ യു.എസിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലും.

കുറഞ്ഞ നേരം മാത്രം നീണ്ട സൌഹൃദം പുതുക്കല്‍ പഴയ കാലത്തിലേക്കുള്ള നിഴലാട്ടം പോലെ അനുഭവപ്പെട്ടു. സംസാരത്തില്‍ കടന്നുവന്നത് ബീരാന്‍ സാഹിബിന്റെ വ്യക്തിപ്രഭാവവും.
നസീറിനെ സംബന്ധിച്ചെടുത്തോളം നേതാവ് എന്നതിലുപരി വന്ദ്യനായ പിതാവ് കൂടിയാണ് ബീരാന്‍ സാഹിബ്. എന്റെ തലമുറയില്‍പ്പെട്ടവര്‍ ആദരപൂര്‍വം നോക്കിക്കണ്ട രാഷ്ട്രീയ നേതാവും പത്രപ്രവര്‍ത്തകനും കൂടിയാണ് ബീരാന്‍ സാഹിബ്.
മുംബൈയില്‍ ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന ബീരാന്‍ സാഹിബിനെ കണ്ടെത്തി കേരള രാഷ്ട്രീയത്തിലും ചന്ദ്രിക പത്രത്തിലും എത്തിച്ചത് സി.എച്ച്.മുഹമ്മദ് കോയാ സാഹിബ് ആണ്.

 ഗ്രന്ഥകാരന്‍ കൂടിയായ ബീരാന്‍ സാഹിബ് ചന്ദ്രികയില്‍ ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
ഞാനറിയുന്ന ബീരാന്‍ സാഹിബ് രാഷ്ട്രീയ നേതാവും ഭരണാധികാരിയുമൊക്കെയാണ്. ബീരാന്‍ സാഹിബ് ഏറ്റവുമൊടുവില്‍ എംഎല്‍എ ആയിരുന്ന കാലത്ത് നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ഉണ്ടായിട്ടുണ്ട്.

നിയമസഭയിലെ പ്രസംഗങ്ങള്‍ക്ക് പല രൂപങ്ങളുണ്ട്. എ ടു സെഡ് എഴുതിക്കൊണ്ടുവന്ന് വള്ളിപുള്ളിവിസര്‍ഗം വിടാതെ വായിക്കുന്നവര്‍, അത്യാവശ്യം പോയിന്റുകള്‍ കുറിച്ചുവച്ച് ആവശ്യത്തിന് മറിച്ചുനോക്കുന്നവര്‍ തുടങ്ങി വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നവിധം മൈതാനപ്രസംഗ സമാനം വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ വരെ.
ബീരാന്‍ സാഹിബിന്റെ അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. കുറിപ്പുകളുടെ സഹായമില്ലാതെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍. അതാകട്ടെ സറ്റ്ഡി ക്ലാസിന്റെ ഭാവത്തോടെയും. അത്യപൂര്‍വം ആളുകള്‍ക്ക് മാത്രം ലഭ്യമായ സിദ്ധിയായിരുന്നു അതെന്ന് അന്നൊക്കെ തോന്നിയിട്ടുമുണ്ട്.
കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ബീരാന്‍ സാഹിബ്. ഇന്നലെ കോട്ടക്കല്‍ ടൌണിലെത്തിയപ്പോള്‍ വീട്ടിലേക്കുള്ള വഴിയന്വേഷിച്ച് യു.എ.നസീറിനെ വിളിക്കേണ്ടിവന്നു. നസീര്‍ കരുതുന്ന വേഗതയ്ക്കനുസരിച്ച് വാഹനം ചലിക്കുന്നില്ല. അത്രമാത്രം തിരക്കായിരുന്നു നഗരത്തില്‍. 

കോട്ടക്കല്‍ പട്ടണത്തിന്റെ വളര്‍ച്ചയാണ് ഗതാഗതക്കുരുക്കിന്റെയും കാരണം. നസീറിന്റെ വാക്കുകളില്‍ കോട്ടക്കലിന്റെ വളര്‍ച്ചയും വിഷയമായി. `ഠ` വട്ടത്തിലുണ്ടായിരുന്ന കോട്ടക്കലിന്റെ വളര്‍ച്ച സ്വപ്നം കണ്ടിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീരാന്‍ സാഹിബ്. നിലവിലുണ്ടായിരുന്ന ബസ്സ്റ്റാന്‍ഡ് അല്‍പം അകലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ ബീരാന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് തീരുമാഹ്നിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചുവത്രെ. 2020 ആകുമ്പോഴേക്കും കോട്ടക്കല്‍ മഹാനഗരമാകുമെന്നും അന്നത്തെ നഗരം ലക്ഷ്യമിട്ടാണ് നടപടിയെന്നുമായിരുന്നുവത്രെ വിമര്‍ശകര്‍ക്ക് ബീരാന്‍ സാഹിബിന്റെ മറുപടി. ബീരാന്‍ സാഹിബ് ലക്ഷ്യമിട്ട ആണ്ടിലെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ അവശേഷിക്കുന്നു. പക്ഷെ, കോട്ടക്കല്‍ വളര്‍ന്നിരിക്കുന്നു. ബീരാന്‍ സാഹിബ് എന്ന ഭരണാധികാരി സ്വപ്നം കണ്ടതിനുമപ്പുറത്തേക്ക്. 

അത് പറയുമ്പോള്‍ നസീര്‍ എന്ന മകന്റെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം പോലെ.
ആരോഗ്യം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യു.എ. നസീര്‍. സര്‍വശക്തന്‍ അതിന് തുണയേകട്ടെയെന്ന പ്രാര്‍ഥനയോടെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക