Image

ആമി (ആമി രൂപ് ഷൈന) കവിത: റോജന്‍

Published on 26 November, 2017
ആമി (ആമി രൂപ് ഷൈന) കവിത: റോജന്‍
അവള്‍
മൂക്കിന് താഴെ
കുഞ്ഞുമറുകുളള
സുന്ദരിക്കുട്ടിയാണ്

പൂക്കളെയും
മഞ്ഞുതുളളികളെയും
സ്വപ്നം കാണുവാന്‍
കൊതിച്ചു.
പക്ഷെ അവളുടെ
സ്വപ്നങ്ങളില്‍
യന്ത്രത്തുമ്പികള്‍ പറന്നു.
മൈന്‍പാടങ്ങള്‍
പൊട്ടിത്തെറിച്ചു.

മാവോ ഞങ്ങള്‍ക്കിന്ന്
രാജ്യദ്രോഹിയാണ്.
ചെഗുവേര പ്രിന്‍റഡ്
ടീഷര്‍ട്ടാണ്.
പോരാളികള്‍
പോത്തിനെ പാകംചെയ്യുന്ന
ഒളിപ്പോരിലാണ്.

അവളുടെ സ്വപ്നങ്ങളുടെ
വാതിലുകള്‍ പലകുറി
ബൂട്ടിട്ട കാലുകള്‍
ചവുട്ടി പൊളിച്ചു.
പൂച്ചക്കുഞ്ഞിനെ പോലെ
അവളുടെയിളയവള്‍
സവേര അവളുടെ
കാല്‍ച്ചുവട്ടില്‍ കിടന്ന്
വിറച്ചു.

ഉറക്കം വരാത്ത രാത്രികളില്‍
കോയമ്പത്തൂര്‍ ജയിലില്‍
അവളുടെ പപ്പയും
അമ്മയും
അവളുടെ പേര്
പിറുപിറുത്ത്
തണുത്തുറഞ്ഞ
കോണ്‍ക്രീറ്റ് തറയില്‍
ഉമ്മ വെക്കാറുണ്ട്.
ജയില്‍മുറ്റത്തെ പുല്‍പ്പൂക്കള്‍
അത് കണ്ട്
കണ്ണീര്‍ പൊഴിക്കാറുണ്ട്.
രാപ്പാടികള്‍ കരയാറുണ്ട്.

ഒരു നാള്‍
ഈ ലോകം മുഴുവനും
നിശബ്ദരായി
നിനക്ക് നേരെ തിരിഞ്ഞ്
പണിയായുധങ്ങള്‍
അകാശത്തിലേക്കുയര്‍ത്തും.

ഞാനും ഈ പേന
ആകാശങ്ങളിലേക്കുയര്‍ത്തുന്നു.
പ്രവാചകര്‍ക്ക് നേരെ
മണ്ണിനെ ചോരയാല്‍ നനച്ച
രക്തസാക്ഷികള്‍ക്ക് നേരെ
നേരെചൊവ്വെ ഒരു സ്വപ്നം പോലും കാണാനാകാതെ
മരിച്ച കുഞ്ഞുങ്ങള്‍ക്ക് നേരെ.
ആമി (ആമി രൂപ് ഷൈന) കവിത: റോജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക